ന്യൂഡൽഹി: തൊഴിലാളികളുടെ മാനസികാരോഗ്യം കണക്കിലെടുത്ത് കമ്പനിയിലുടനീളം 11 ദിവസത്തെ ഇടവേള പ്രഖ്യാപിച്ച്‌ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ആയ മീഷോ.

തുടർച്ചയായ രണ്ടാം തവണയാണ് കമ്പനി ജീവനക്കാർക്ക് ഗുണകരമായ രീതിയിലുള്ള തീരുമാനമെടുക്കുന്നത്.

തിരക്കേറിയ ഉൽസവ സീസണുകളിൽ കഠിനാധ്വാനം ചെയ്ത ജീവനക്കാരുടെ മാനസികാരോഗ്യം കണക്കിലെടുത്ത് 11ദിവസത്തെ ബ്രേക്കാണ് മീഷോ പ്രഖ്യാപിച്ചത്. മീഷോ സ്ഥാപകനും സി.ടി.ഒയുമായ സഞ്ജീവ് ബൺവാൽ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കമ്പനിക്ക് തൊഴിലാളികളുടെ മാനസികാരോഗ്യവും പ്രധാനമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

”തുടർച്ചയായ രണ്ടാം തവണയും കമ്പനി തൊഴിലാളികൾക്ക് 11 ദിവസത്തെ ബ്രേക്ക് നൽകുന്നു. അടുത്ത ഉൽസവ സീസണിൽ കൂടുതൽ സന്തോഷത്തോടെ ജോലി ചെയ്യാനുള്ള ഊർജം കൈവരിക്കൂ. ഒക്ടോബർ 22മുതൽ നവംബർ ഒന്നു വരെയാണ് കമ്പനി ബ്രേക്ക് എടുക്കുന്നത്.”എന്നായിരുന്നു ട്വീറ്റ്. നേരത്തേ അനിശ്ചിത കാലത്തേക്കുള്ള സൗഖ്യ ലീവും 30 ദിവസത്തെ ജെൻഡർ ന്യൂട്രൽ പാരന്റൽ ലീവും 30 ദിവസത്തെ ജെൻഡർ റീ അസൈൻമെന്റ് ലീവും നൽകി കമ്പനി മാതൃകയായിരുന്നു.