ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കില്ല, അഞ്ചു വയസ്സിൽ തന്നെ ഒന്നാം ക്ലാസ് പ്രവേശനം നടത്തുമെന്ന് ആവർത്തിച്ച് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം . സംസ്ഥാനത്ത് അഞ്ചു വയസ്സിൽ തന്നെ ഒന്നാം ക്ലാസ് പ്രവേശനം നടത്തുമെന്ന് ആവർത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പ്രായപരിധി മാറ്റണം എന്നുള്ള ഒരു നിർദ്ദേശവും കേന്ദ്രത്തിൽനിന്ന് ലഭിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. 5 വയസ്സ് എന്നത് സംസ്ഥാന സർക്കാരിൻറെ നിലപാടാണെന്നും മന്ത്രി.

അടുത്ത അധ്യയന വർഷത്തിൽ ഒന്നാം ക്ലാസിലേക്കുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി ആറു വയസ്സ് ആക്കണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം സംസ്ഥാനങ്ങൾക്ക് കത്ത് അയച്ചിരുന്നു. പല സംസ്ഥാനങ്ങളും കഴിഞ്ഞ വർഷങ്ങളിൽ നിർദ്ദേശം പാലിക്കാത്തതിന് തുടർന്നാണ് കത്തയച്ചത്. എന്നാൽ കേരളത്തിൽ ഇത് നടപ്പിലാക്കില്ലെന്ന് നേരത്തെ തന്നെ സർക്കാർ വ്യക്തമാക്കിയിരുന്നു. പ്രായപരിധിയിൽ സംസ്ഥാനത്തിന് തീരുമാനമെടുക്കാനുള്ള അധികാരം ഉണ്ടെന്നും അഞ്ചുവയസ്സ് എന്നത് തന്നെയാണ് സർക്കാർ നിലപാടെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദ്ദേശങ്ങൾ പാലിക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. എന്നാൽ നടപ്പിലാക്കില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സംസ്ഥാന സർക്കാർ. അതേസമയം സംസ്ഥാനത്തെ എസ്എസ്എൽസി ഹയർസെക്കൻഡറി പരീക്ഷകൾക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന മന്ത്രി അറിയിച്ചു. 2971 കേന്ദ്രങ്ങളിലായി 4,27,105 വിദ്യാർഥികൾ ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതും. 4,14,151 വിദ്യാർത്ഥികൾ പ്ലസ് വണ്ണിലും 4,41,213 പ്ലസ്ടുവിലും പരീക്ഷ എഴുതും.

Advertisement