ലണ്ടൻ: വീടിന്റെ മുറ്റത്ത് ഒരു വിമാനം കുഴിച്ചിട്ടാലോ? കേൾക്കുമ്പോൾ കൗതുകവും അത്ഭുതവും തോന്നുമെങ്കിലും ബ്രിട്ടീഷുകാരനായ ഡേവ് ബില്ലിങ്‌സിന് ഇതൊരു സ്വപ്നപദ്ധതിയാണ്. ഫേസ്ബുക്ക് മാർക്കറ്റ്‌പ്ലേസിലൂടെ വാങ്ങിയ ബോയിങ് 737 വിമാനത്തിന്റെ പ്രധാനഭാഗം വീടിന്റെ മുറ്റത്ത് 14 അടി താഴ്ചയിൽ കുഴിച്ചിട്ട് ഭൂഗർഭ പാർട്ടി കേന്ദ്രവും യുദ്ധകാല സുരക്ഷാ ബങ്കറും ഒരുക്കുകയാണ് എൻജിനിയറായ ഡേവ്. ഇംഗ്ലണ്ടിലെ ഡെർബിഷയറിലെ ഹിൽട്ടണിലുള്ള സ്വന്തം വീടിനടിയിലാണ് ഈ വിചിത്ര നിർമാണം.
ഏകദേശം അഞ്ചുലക്ഷം രൂപ (4,000 പൗണ്ട്) ചെലവഴിച്ചാണ് ഉപയോഗശൂന്യമായ ബോയിങ് 737-500 വിമാനത്തിന്റെ പ്രധാനഭാഗം സ്വന്തമാക്കിയത്. മൂന്ന് ടൺ ഭാരമുള്ള വിമാനഭാഗം ക്രെയിൻ ഉപയോഗിച്ചാണ് ഭൂമിക്കടിയിൽ സ്ഥാപിച്ചത്. വർഷങ്ങളായി വീടിനടിയിൽ ഭൂഗർഭ ബങ്കർ നിർമിച്ചുവരികയാണ് ഡേവ്. ഇതുമായി വിമാനഭാഗത്തെ ബന്ധിപ്പിക്കാനാണ് പദ്ധതി. രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പുറത്തിറങ്ങിയ ‘ദ ഗ്രേറ്റ് എസ്‌കേപ്പ്’ സിനിമയാണ് ആശയത്തിന് പ്രചോദനമായതെന്ന് ഡേവ് പറയുന്നു. തുരങ്കങ്ങൾ, രഹസ്യമുറികൾ, ഒളിപ്പിച്ച പ്രവേശനകവാടങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമാണ്. ഇതിനകം 62 ലക്ഷത്തിലധികം രൂപ (50,000 പൗണ്ട്) ചെലവഴിച്ചുകഴിഞ്ഞു. വിമാനങ്ങളോട് ഏറെ താൽപ്പര്യമുള്ള എട്ടുവയസ്സുകാരനായ മകൻ ഒലിവറാണ് വിമാനം വാങ്ങാനുള്ള പ്രേരണയായതെന്ന് ഡേവ് പറയുന്നു. 2025 ഡിസംബറിൽ സുഹൃത്തുക്കൾക്കൊപ്പമാണ് വിമാനഭാഗം സ്വന്തമാക്കിയത്. ഭൂഗർഭ വിമാനത്തിലേക്ക് പ്രവേശിക്കാൻ പഴയ ബ്രിട്ടീഷ് മാതൃകയിലുള്ള ലിഫ്റ്റ് നിർമിക്കും. വൈദ്യുതി, വെള്ളം, സൗരോർജ സംവിധാനം, പ്രത്യേക വായുസഞ്ചാര സംവിധാനം എന്നിവയും ഒരുക്കും. വിമാനത്തിലെ ശുചിമുറി വീടിന്റെ സെപ്റ്റിക് ടാങ്കുമായി ബന്ധിപ്പിച്ച് പ്രവർത്തനക്ഷമമാക്കും. വിമാനഭാഗം പൂർണമായി സുരക്ഷിതമാക്കാൻ കോൺക്രീറ്റ് കവചവും ഒരുക്കും.
കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒത്തുചേരാനും പാർട്ടികൾ നടത്താനുമുള്ള ഇടമായാണ് പ്രധാനമായും ഇത് വിഭാവനം ചെയ്തിരിക്കുന്നത്. അതേസമയം, യുദ്ധമോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ സുരക്ഷിത അഭയകേന്ദ്രമായും ഉപയോഗിക്കാമെന്നാണ് ഡേവിന്റെ കണക്കുകൂട്ടൽ. ആവശ്യത്തിന് ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും സംഭരിച്ചാൽ മൂന്നുമുതൽ ആറുമാസംവരെ പുറംലോകവുമായി ബന്ധമില്ലാതെ ഇവിടെ കഴിയാനാകുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.
നിർമാണത്തിന്റെ ഓരോ ഘട്ടത്തിലെയും ദൃശ്യങ്ങൾ ‘ടൊർണാഡോ ഡേവ്’ എന്ന യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുന്നുണ്ട്. 2027 ഫെബ്രുവരിയോടെ ഭൂഗർഭ വിമാനത്തിന്റെ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
വീടിന്റെ മുറ്റത്ത് 14 അടി താഴ്ചയിൽ ബോയിങ് വിമാനം! ഭൂഗർഭ പാർട്ടി കേന്ദ്രമൊരുക്കി ബ്രിട്ടീഷുകാരൻ…യുദ്ധമുണ്ടായാലും പേടിക്കേണ്ട; ആറുമാസം കഴിയാൻ സൗകര്യം, ചെലവ് 62 ലക്ഷം രൂപ
Advertisement



























