ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ മൈൻ പൊട്ടിത്തെറിച്ച് രണ്ട് എണ്ണക്കപ്പലുകൾക്ക് തീപിടിച്ചു. ഞായറാഴ്ചയാണ് ഇറാന്റെ റെവല്യൂഷണറി ഗാർഡ് നാവികസേന ഇക്കാര്യം അറിയിച്ചത്. ഇതിനിടെ ഖത്തറിന്റെ പ്രകൃതിവാതകക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ ഗൾഫ് രാജ്യങ്ങൾ അപലപിച്ചു. ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ആവർത്തിക്കുന്നതിൽ ഗൾഫ് രാജ്യങ്ങൾ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ്. സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും ആക്രമണങ്ങൾ തുടരുന്നത് മേഖലയിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
ഇറാന്റെ അനുമതിയില്ലാത്ത കടൽപാതയിലൂടെ സഞ്ചരിച്ച കപ്പലുകളാണ് മൈനിൽ തട്ടിയതെന്നാണ് റെവല്യൂഷണറി ഗാർഡിന്റെ വിശദീകരണം. കപ്പലുകൾക്ക് തീപിടിച്ചതായും അവയിലൊന്ന് കൂറ്റൻ എണ്ണക്കപ്പലാണെന്നും ഇറാൻ അറിയിച്ചു. എന്നാൽ കപ്പലുകളുടെ പേരുകളോ ഏത് രാജ്യങ്ങളുടേതാണെന്നോ ജീവനക്കാരുടെ സ്ഥിതിയോ പുറത്തുവിട്ടിട്ടില്ല. ഇറാന്റെ അവകാശവാദത്തിന് സ്വതന്ത്ര സ്ഥിരീകരണവും ലഭിച്ചിട്ടില്ല.
ഹോർമുസിലെ കപ്പൽ ഗതാഗതത്തിന് ഇറാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് തർക്കത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. നിയന്ത്രണങ്ങൾ ലംഘിക്കുന്ന കപ്പലുകൾക്കെതിരെ ഇറാൻ നടപടി തുടരുകയാണ്. അതേസമയം, രാജ്യാന്തര കപ്പൽപാതകളിലെ മൈനുകൾ നീക്കം ചെയ്തെന്നാണ് അമേരിക്കൻ സൈന്യത്തിന്റെ നിലപാട്. കപ്പലുകൾ മൈനിൽ തട്ടിയെന്ന ഇറാന്റെ ചില മുൻ അവകാശവാദങ്ങളെയും അമേരിക്ക നിഷേധിച്ചിരുന്നു.





























