28.4 C
Kollam
Thursday 19th November, 2026 | 07:55:30 PM
Home News Breaking News അരിയിൽ ഷുക്കൂർ വധക്കേസ്: പി. ജയരാജനും ടി.വി. രാജേഷിനും കുറ്റവിമുക്തി; 13 പ്രതികൾ കുറ്റക്കാർ

അരിയിൽ ഷുക്കൂർ വധക്കേസ്: പി. ജയരാജനും ടി.വി. രാജേഷിനും കുറ്റവിമുക്തി; 13 പ്രതികൾ കുറ്റക്കാർ

Advertisement

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാക്കളായ പി. ജയരാജനെയും ടി.വി. രാജേഷിനെയും കോടതി വെറുതെ വിട്ടു. ഇരുവർക്കുമെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ലെന്ന് എറണാകുളത്തെ പ്രത്യേക സിബിഐ കോടതി കണ്ടെത്തി. കേസിൽ ആകെ 18 പ്രതികളെ വെറുതെ വിട്ട കോടതി, ഒന്നാം പ്രതി കെ.വി. സുമേഷ് ഉൾപ്പെടെ 13 പേരെ കുറ്റക്കാരായി കണ്ടെത്തി. 14 വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് കേസിൽ വിധി വന്നത്.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ് പി. ജയരാജൻ. സംസ്ഥാന സമിതി അംഗമാണ് ടി.വി. രാജേഷ്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്തും കുറ്റവിമുക്തരാക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.

കേസിൽ ഒന്നാം പ്രതി കെ.വി. സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒൻപതാം പ്രതി പി.വി. മനോഹരൻ, പത്താം പ്രതി എം.പി. ദിനേശൻ, പന്ത്രണ്ടാം പ്രതി ബിജുമോൻ, പതിനാലാം പ്രതി ഇ.പി. രാധാകൃഷ്ണൻ, പതിനഞ്ചാം പ്രതി ഷിജിൻ മോഹൻ, പതിനാറാം പ്രതി കെ.വി. സജിത്, 25-ാം പ്രതി വി.വി. മോഹനൻ, 26-ാം പ്രതി എം.വി. പുരുഷോത്തമൻ, 27-ാം പ്രതി പി.കെ. അജിത് കുമാർ, 28-ാം പ്രതി പി.പി. സുരേശൻ എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്.

വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പ്രധാന സാക്ഷികൾ കോടതിയിൽ എത്താൻ ഭയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധിയുടെ പകർപ്പ് ലഭിച്ചശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെതിരെ ആക്രമണമുണ്ടായതിന്റെ പ്രതികാരമായാണ് അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്നായിരുന്നു സിബിഐ കേസ്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315-ാം നമ്പർ മുറിയിൽവെച്ച് പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെയുള്ളവർ ഗൂഢാലോചന നടത്തി കൊലപാതകം ആസൂത്രണം ചെയ്തെന്നായിരുന്നു പ്രധാന ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവർക്കുമെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തിയത്.

കേസിൽ ആകെ 82 സാക്ഷികളാണുണ്ടായിരുന്നത്. എന്നാൽ, പൊലീസിന് മൊഴി നൽകിയ പ്രധാന സാക്ഷികൾ ഉൾപ്പെടെയുള്ളവർ കോടതിയിൽ മൊഴി നൽകാൻ എത്തിയിരുന്നില്ല. 2012 ഫെബ്രുവരി 20നാണ് തളിപ്പറമ്പിലെ ചുള്ളിയോട് വയലിൽവെച്ച് യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടത്. ഷുക്കൂറിന്റെ മാതാവ് പി.സി. ആത്തിക്ക നൽകിയ ഹർജിയെത്തുടർന്നാണ് ഹൈക്കോടതി കേസ് സിബിഐക്ക് വിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here