മൗണ്ട് മൗംഗനൂയി: മഴയുടെ ആശങ്കകൾക്ക് താത്കാലിക വിരാമം. ഇന്ത്യയും ന്യൂസിലൻഡും ഏകദിന പരമ്പരയിലെ നാലാം മത്സരത്തിനായി ഇന്ന് വീണ്ടും കളത്തിലിറങ്ങും. ആദ്യ മൂന്ന് മത്സരങ്ങളെയും മഴ ബാധിച്ചിരുന്നു. മൂന്നാം ഏകദിനം പൂർണമായും ഉപേക്ഷിക്കേണ്ടിവന്നു. പരമ്പരയിൽ 2–0ന് മുന്നിലുള്ള ഇന്ത്യയ്ക്ക് ഇന്നത്തെ ജയം പരമ്പര സ്വന്തമാക്കാൻ വഴിയൊരുക്കും. ഇന്ത്യൻ സമയം രാവിലെ 7.30നാണ് മത്സരം.
മറുവശത്ത്, സ്വന്തം തട്ടകത്തിൽ അവസാനമായി ഏകദിന പരമ്പര തോറ്റത് ഏഴ് വർഷം മുമ്പാണെന്ന ആത്മവിശ്വാസത്തിലാണ് കിവികൾ. ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിച്ചാൽ മാത്രമേ ന്യൂസിലൻഡിന് ഇന്ത്യക്കൊപ്പമെത്താനാകൂ.
ഇരുടീമുകളും മാറ്റങ്ങളുമായാണ് ഇന്നിറങ്ങുന്നത്. ടെസ്റ്റ് പരമ്പരയ്ക്കുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലും അവസാന രണ്ട് ഏകദിനങ്ങളിൽനിന്ന് പിന്മാറി. ശ്രേയസ് അയ്യരുടെ നേതൃത്വത്തിലാകും ഇന്ത്യ ഇറങ്ങുക. ഏകദിന ക്യാപ്റ്റനെന്ന നിലയിൽ ശ്രേയസിന്റെ അരങ്ങേറ്റ മത്സരം കൂടിയാണിത്. ഗില്ലിന്റെ അഭാവത്തിൽ ഇഷാൻ കിഷൻ ഓപ്പണറാകും. ഋതുരാജ് ഗെയ്‌ക്‌വാദും പ്ലേയിങ് ഇലവനിലെത്തും. നാലാം നമ്പറിലാകും താരം ബാറ്റിങ്ങിനിറങ്ങുക.
ബാറ്റിങ്ങിൽ വിരാട് കോഹ്‌ലിയും രോഹിത് ശർമയും തന്നെയാകും ഇന്ത്യയുടെ പ്രധാന പ്രതീക്ഷകൾ. പേസർ അൻഷുൽ കാംബോജിന് പകരം മുഹമ്മദ് സിറാജിന് അവസരം ലഭിച്ചേക്കും.
മഴ മാറിനിൽക്കും; പരമ്പര സ്വന്തമാക്കാൻ ഇന്ത്യ, നാലാം ഏകദിനം ഇന്ന്
Advertisement






























