26.3 C
Kollam
Wednesday 11th November, 2026 | 09:19:01 AM
Home News Breaking News നികുതി വെട്ടിപ്പ് കേസ്: വനിതാ ഉദ്യോഗസ്ഥയ്ക്ക് 32 വർഷം തടവ്; വ്യാപാരിക്കും ഏജന്റിനും ശിക്ഷ

നികുതി വെട്ടിപ്പ് കേസ്: വനിതാ ഉദ്യോഗസ്ഥയ്ക്ക് 32 വർഷം തടവ്; വ്യാപാരിക്കും ഏജന്റിനും ശിക്ഷ

Advertisement

തിരുവനന്തപുരം: നികുതി വെട്ടിപ്പിന് കൂട്ടുനിന്ന കേസിൽ വനിതാ വാണിജ്യ നികുതി വകുപ്പ് ഉദ്യോഗസ്ഥ ഉൾപ്പെടെ മൂന്നുപേർക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ച് വിജിലൻസ് കോടതി. നെയ്യാറ്റിൻകര വാണിജ്യ നികുതി ഓഫീസിലെ മുൻ ജൂനിയർ സൂപ്രണ്ട് മലയിൻകീഴ് സ്വദേശി പുഷ്പറാണി എൽ., വ്യാപാരി കന്യാകുമാരി സ്വദേശി ഫ്രാൻസിസ് കെ., വ്യാപാരികളുടെ ഏജന്റായി പ്രവർത്തിച്ച പാറശാല സ്വദേശി സതീഷ് കുമാർ എന്നിവരെയാണ് തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷിച്ചത്.
പുഷ്പറാണിക്കും സതീഷ് കുമാറിനും 32 വർഷം വീതം കഠിനതടവും 11,36,193 രൂപ വീതം പിഴയും വിധിച്ചു. ഫ്രാൻസിസ് കെ.യ്ക്ക് എട്ടു വർഷം കഠിനതടവും 6,11,560 രൂപ പിഴയുമാണ് ശിക്ഷ. കേസിൽ സർക്കാരിന് 26,58,595 രൂപയുടെ നികുതി നഷ്ടമുണ്ടായെന്നാണ് കണ്ടെത്തൽ.

2007-08 കാലയളവിൽ അന്തർസംസ്ഥാന വ്യാപാരവുമായി ബന്ധപ്പെട്ട് വ്യാപാരികൾ ട്രഷറിയിൽ അടച്ച മുൻകൂർ നികുതിത്തുകയിൽ കൃത്രിമം നടത്തിയാണ് തട്ടിപ്പ് നടത്തിയത്. യഥാർഥത്തിൽ അടച്ച തുകയേക്കാൾ ഉയർന്ന തുക രേഖപ്പെടുത്തിയ വ്യാജ ചെല്ലാനുകളുടെ ഡ്യൂപ്ലിക്കേറ്റ്, ട്രിപ്ലിക്കേറ്റ് പകർപ്പുകൾ ഉപയോഗിച്ച് നാല് വ്യാപാര സ്ഥാപനങ്ങൾക്ക് നികുതി വെട്ടിപ്പ് നടത്താൻ സഹായിക്കുകയായിരുന്നു.
ട്രഷറിയിൽ അടച്ച നികുതിത്തുക പരിശോധിച്ച് ഉറപ്പുവരുത്തേണ്ട ചുമതലയുണ്ടായിരുന്ന പുഷ്പറാണി ക്രമക്കേടുകൾക്ക് കൂട്ടുനിന്നു. വ്യാപാരികളുടെയും ഉദ്യോഗസ്ഥയുടെയും ഇടനിലക്കാരനായി സതീഷ് കുമാർ പ്രവർത്തിച്ചു. ഇതുവഴി സർക്കാരിന് 26,58,595 രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിജിലൻസ് കേസ്.
തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജി മനോജ് എ. ആണ് വിധി പ്രസ്താവിച്ചത്. വിജിലൻസിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വീണാ സതീശൻ ഹാജരായി. തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-കയിലെ മുൻ ഡിവൈഎസ്പിമാരായ കെ. പ്രസന്നകുമാർ, എം.എച്ച്. ലത്തീഫ്, ബി. ഉദയകുമാർ, കെ. പ്രശാന്ത് എന്നിവർ കേസന്വേഷിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here