Advertisement
കോഴിക്കോട്: നഗരത്തിലെ മാളുകളിൽ കറങ്ങിനടന്ന് മോഷണം നടത്തിയെന്ന കേസിൽ ഡിജിറ്റൽ മാർക്കറ്റിങ് വിദ്യാർഥികൾ അറസ്റ്റിൽ. പെരിന്തൽമണ്ണ പുളിക്കത്തൊടി സ്വദേശി മുഹമ്മദ് ഷമീർ, തോട്ടേക്കാട് ആലിക്കപറമ്പിൽ സബിത എന്നിവരെയാണ് പന്തീരങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർഥികളാണ് ഇരുവരും.
ബൈപ്പാസിലെ പ്രമുഖ മാളിലെ സൂപ്പർമാർക്കറ്റിൽ വിൽപ്പനയ്ക്ക് വച്ച സൗന്ദര്യവർധക വസ്തുക്കളാണ് ഇരുവരും മോഷ്ടിച്ചത്. ഏകദേശം 8,000 രൂപ വിലവരുന്ന സാധനങ്ങൾ സെയിൽസ് എക്സിക്യൂട്ടീവിന്റെ കണ്ണുവെട്ടിച്ച് കൈക്കലാക്കുകയായിരുന്നു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ സഹിതം മാൾ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.




























