28.8 C
Kollam
Thursday 8th October, 2026 | 06:46:28 PM
Home News Breaking News ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ആറുമാസം വരെ വിലക്ക് ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ആറുമാസം വരെ വിലക്ക് ?

ലിസ്ബണ്‍: പരിശീലകന്‍ ഹോര്‍ഹെ ജിസ്യൂസുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ദേശീയ ടീം ക്യാംപ് വിട്ട പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷന്റെ (എഫ്പിഎഫ്) ചട്ടപ്രകാരം ഒരു മാസം മുതല്‍ ആറുമാസം വരെ വിലക്കും പിഴയും ലഭിക്കാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
നേഷന്‍സ് ലീഗില്‍ ഒരു മത്സരത്തില്‍ മാത്രം കളിച്ച റൊണാള്‍ഡോ, കോപ്പന്‍ഹേഗനില്‍ ഡെന്മാര്‍ക്കിനെതിരായ മത്സരത്തില്‍ ആദ്യ ഇലവനില്‍ ഇടം ലഭിക്കില്ലെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് ക്യാംപ് വിട്ടതെന്നാണ് വിവരം. സംഭവത്തില്‍ റൊണാള്‍ഡോ പിന്നീട് വിശദീകരണം നല്‍കുകയും ആരാധകരോടും സഹതാരങ്ങളോടും ക്ഷമ ചോദിക്കുകയും പിഴ ചുമത്തണമെന്നും ആവശ്യപ്പെടുകയും ചെയ്തു.
എഫ്പിഎഫിന്റെ അച്ചടക്ക ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 160 പ്രകാരം മതിയായ കാരണമില്ലാതെ ദേശീയ ടീമിന്റെ പരിശീലനത്തിലോ മത്സരത്തിലോ മറ്റ് ഔദ്യോഗിക പ്രവര്‍ത്തനങ്ങളിലോ നിന്ന് വിട്ടുനില്‍ക്കുന്ന താരത്തിന് സസ്‌പെന്‍ഷനും പിഴയും ലഭിക്കാം.
പോര്‍ച്ചുഗീസ് മാധ്യമമായ ‘എ ബോള’യുടെ നിയമവിദഗ്ധന്‍ ഗോണ്‍സാലോ അല്‍മേഡയുടെ അഭിപ്രായത്തില്‍, ക്യാംപ് വിട്ടതോടെ റൊണാള്‍ഡോയ്ക്കെതിരായ സസ്‌പെന്‍ഷന്‍ നടപടിക്ക് തുടക്കമായിട്ടുണ്ട്. എന്നാല്‍ താരം സമൂഹമാധ്യമത്തിലൂടെ തെറ്റ് അംഗീകരിച്ച് വിശദീകരണം നല്‍കിയിരിക്കുന്നത് ശിക്ഷ കുറയ്ക്കാന്‍ സഹായിച്ചേക്കാം.
എഫ്പിഎഫ് ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 244 പ്രകാരം കുറ്റം പൂര്‍ണമായും ഉപാധികളില്ലാതെയും സമ്മതിച്ചാല്‍ ശിക്ഷാ കാലാവധി പകുതിയായി കുറയ്ക്കാന്‍ അച്ചടക്ക സമിതിക്ക് സാധിക്കും. അന്തിമ തീരുമാനം ഫെഡറേഷന്റെ അച്ചടക്ക സമിതിയുടേതായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here