27.5 C
Kollam
Monday 5th October, 2026 | 10:53:07 PM
Home News Breaking News വേണാട് ദുരിതത്തിന് വിരാമമാകുമോ? പുതിയ ട്രെയിനിന് തത്വത്തിൽ അംഗീകാരം

വേണാട് ദുരിതത്തിന് വിരാമമാകുമോ? പുതിയ ട്രെയിനിന് തത്വത്തിൽ അംഗീകാരം

കൊല്ലം: വേണാട് എക്സ്പ്രസിലെ രൂക്ഷമായ യാത്രാദുരിതത്തിന് പരിഹാരമായി എറണാകുളം–കോട്ടയം–ചെങ്ങന്നൂർ–കൊല്ലം റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് ആരംഭിക്കാൻ തത്വത്തിൽ അംഗീകാരം ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി. ആദ്യ സർവീസ് പത്തുദിവസത്തിനകം ആരംഭിക്കുമെന്നും റെയിൽവേ മന്ത്രാലയത്തിൽനിന്ന് ഇതിനുള്ള അനുമതി ലഭിച്ചതായും എംപി ഫെയ്സ്ബുക്ക് കുറിപ്പിൽ അറിയിച്ചു.
റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിൽ കണ്ട് വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന്റെ ചിത്രങ്ങളും വിഡിയോകളും ഉൾപ്പെടെ കാണിച്ച് വിഷയം ബോധ്യപ്പെടുത്തിയിരുന്നതായി കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. സ്ത്രീകളും കുട്ടികളും മുതിർന്ന പൗരന്മാരും ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാർക്ക് ഇരിക്കാനോ ആവശ്യത്തിന് നിൽക്കാനോ പോലും കഴിയാത്ത സാഹചര്യത്തിൽ മണിക്കൂറുകളോളം യാത്ര ചെയ്യേണ്ടിവരുന്ന സ്ഥിതിയാണുള്ളത്.
ഓഫിസ് സമയം കഴിഞ്ഞ് എറണാകുളത്തുനിന്ന് കോട്ടയം, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ശാസ്താംകോട്ട, കൊല്ലം തുടങ്ങിയ മേഖലകളിലേക്ക് മടങ്ങുന്ന ആയിരക്കണക്കിന് സ്ഥിരം യാത്രക്കാരെയാണ് ഈ ദുരിതം ബാധിക്കുന്നത്. ഇതിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് മന്ത്രിയെ സമീപിച്ചതെന്നും എംപി വ്യക്തമാക്കി.
വേണാട് എക്സ്പ്രസ് എറണാകുളത്തുനിന്ന് പുറപ്പെടുന്നതിന് മുമ്പായി മറ്റൊരു ട്രെയിൻ സർവീസ് ആരംഭിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. ഇതിന്റെ തുടർനടപടിയായി മന്ത്രിയുടെ ഓഫിസിൽനിന്ന് നിർദേശം റെയിൽവേ ബോർഡിന് കൈമാറി. റെയിൽവേ ബോർഡ് സതേൺ റെയിൽവേ ചീഫ് പാസഞ്ചർ ട്രാൻസ്പോർട്ടേഷൻ മാനേജർക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയതായും കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here