29.3 C
Kollam
Wednesday 14th October, 2026 | 06:09:09 PM
Home News Breaking News ഗുരുവായൂരിൽ ഇന്ന് 356 വിവാഹങ്ങൾ; പുലർച്ചെ 4 മുതൽ താലികെട്ട്

ഗുരുവായൂരിൽ ഇന്ന് 356 വിവാഹങ്ങൾ; പുലർച്ചെ 4 മുതൽ താലികെട്ട്

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് വിവാഹത്തിരക്ക്. 356 വിവാഹങ്ങളാണ് ശീട്ടാക്കിയിരിക്കുന്നത്. ഭക്തർക്ക് തടസ്സമില്ലാതെ ദർശനം നടത്താനും വിവാഹച്ചടങ്ങുകൾ സുഗമമായി പൂർത്തിയാക്കാനും ഗുരുവായൂർ ദേവസ്വം വിപുലമായ ക്രമീകരണങ്ങൾ ഒരുക്കി.
വിവാഹങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി പുലർച്ചെ നാലുമുതൽ താലികെട്ട് ചടങ്ങുകൾ ആരംഭിച്ചു. ഇതിനായി ആറ് വിവാഹ മണ്ഡപങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. താലികെട്ട് ചടങ്ങുകൾ നിർവഹിക്കുന്നതിനായി ക്ഷേത്രം കോയ്മമാരെയും അധികമായി നിയോഗിച്ചു.
തിരക്ക് കണക്കിലെടുത്ത് ക്ഷേത്രത്തിനകത്തും പുറത്തും ക്ഷേത്രനഗരിയിലും കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ക്ഷേത്ര ദർശനത്തിനും വിവാഹച്ചടങ്ങുകൾക്കും തടസ്സമുണ്ടാകാതിരിക്കാൻ പൊലീസിന്റെ സഹകരണത്തോടെയാണ് ക്രമീകരണങ്ങൾ നടപ്പാക്കുന്നത്.
ക്ഷേത്രത്തിന്റെ കിഴക്കേ നട പൂർണമായും വൺവേ ആക്കി. ഒരു ദിശയിലേക്ക് മാത്രം ഭക്തരെ കടത്തിവിട്ടാണ് തിരക്ക് നിയന്ത്രിക്കുന്നത്.
വരനും വധുവുമടങ്ങുന്ന വിവാഹസംഘം നേരത്തെയെത്തി മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിന് തെക്ക് ഭാഗത്തെ പുതിയ നടപ്പന്തലിലെ കൗണ്ടറിൽനിന്ന് ടോക്കൺ വാങ്ങണം. ഇവിടെ വിശ്രമിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. താലികെട്ട് സമയമാകുമ്പോൾ വിവാഹസംഘത്തെ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിലേക്ക് പ്രവേശിപ്പിക്കുന്ന രീതിയിലാണ് ക്രമീകരണം.