കോട്ടയം: പോക്‌സോ കേസിൽ അറസ്റ്റിലായ ആദിത്യന്റെ ‘ഐപിഎസ് അഭ്യാസം’ പൊലീസിന് മുന്നിലും. ഐപിഎസ് ഉദ്യോഗസ്ഥനാണെന്ന് ധരിപ്പിച്ച് ഇയാൾ വിവിധ പൊലീസ് സ്റ്റേഷനുകളിലെത്തുകയും ചില കേസുകളിൽ ഇടപെടുകയും ചെയ്തതായി പൊലീസ്. ചിലയിടങ്ങളിൽ പൊലീസ് ജീപ്പ് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. പീഡനത്തിനിരയായ പെൺകുട്ടിയോടടക്കം എല്ലാവരോടും താൻ ഐപിഎസ് ഉദ്യോഗസ്ഥനാണെന്നാണ് ആദിത്യൻ പറഞ്ഞിരുന്നത്.
ഇൻസ്റ്റഗ്രാം വഴിയാണ് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പെൺകുട്ടിയെ ആദിത്യൻ പരിചയപ്പെട്ടത്. ഇതിനിടെയാണ് വിവിധ തട്ടിപ്പുകളിലും ഇയാൾ ഇടപെട്ടത്.
ചേർത്തല സ്വദേശികളായ ദമ്പതികൾ ഇസ്രയേൽ വിസയ്ക്കായി എറണാകുളത്തെ ഒരു ഏജൻസിക്ക് നാല് ലക്ഷം രൂപ നൽകിയിരുന്നു. എന്നാൽ വിസ ലഭിക്കാതിരുന്നതിനെ തുടർന്ന് പണവും പാസ്‌പോർട്ടും തിരികെ ആവശ്യപ്പെട്ടെങ്കിലും ഏജൻസി നൽകാൻ തയ്യാറായില്ല. ഈ സമയത്താണ് ആദിത്യൻ ദമ്പതികളെ സമീപിച്ചത്. താൻ ഐപിഎസ് ഉദ്യോഗസ്ഥനാണെന്നും താൻ പറഞ്ഞാൽ ഏജൻസി അധികൃതർ പണം തിരികെ നൽകുമെന്നും പറഞ്ഞ് 20,000 രൂപയും വാങ്ങി.
തുടർന്ന് ദമ്പതികളെയും കൂട്ടി ആദിത്യൻ ഏജൻസിയിലെത്തി. തുടർന്ന് ഏജൻസി ഉടമ ഒരു ലക്ഷം രൂപ തിരികെ നൽകി. ബാക്കി തുക നൽകാൻ സമയം ആവശ്യപ്പെട്ടു. എന്നാൽ ഏജൻസി ഉടമയുടെ കാർ ബലമായി പിടിച്ചെടുത്താണ് ആദിത്യൻ മടങ്ങിയത്. ബാക്കി മൂന്ന് ലക്ഷം രൂപ നൽകുമ്പോൾ കാർ തിരികെ നൽകാമെന്നായിരുന്നു ഇയാളുടെ വാക്ക്.
ഏകദേശം ഒരുമാസത്തോളം ആദിത്യൻ ഈ കാറിലാണ് സഞ്ചരിച്ചത്. പെൺകുട്ടിയെയും കൂട്ടി കുമരകം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പോയതും ഇതേ കാറിലായിരുന്നു.
പിന്നീട് ആദിത്യനെക്കുറിച്ച് വിവരമൊന്നും ലഭിക്കാതായതോടെ ദമ്പതികൾക്ക് സംശയം തോന്നി. താൻ കോട്ടയം എഎസ്‌പിയാണെന്നാണ് ആദിത്യൻ ഇവരോട് പറഞ്ഞിരുന്നത്. കോട്ടയത്ത് അന്വേഷിച്ചപ്പോഴാണ് ഇത്തരമൊരു ഉദ്യോഗസ്ഥൻ ഇല്ലെന്ന് മനസിലായത്. തുടർന്ന് കോട്ടയം ഡിവൈഎസ്‌പിയുടെ നിർദേശപ്രകാരം അന്വേഷണം ആരംഭിച്ചു.
പൊലീസുകാർ ഉപയോഗിക്കുന്ന തവിട്ട് നിറത്തിലുള്ള ഷൂസും ഇയാളുടെ വീട്ടിൽനിന്ന് കണ്ടെത്തിയതായി പൊലീസ് പറയുന്നു. പൊലീസ് വാഹനങ്ങൾക്ക് മുന്നിൽനിന്ന് എടുത്ത ഫോട്ടോകൾ കാണിച്ചാണ് ആദിത്യൻ മറ്റുള്ളവരെ താൻ ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ചിരുന്നത്.
പ്രതി നടത്തിയ കൂടുതൽ തട്ടിപ്പുകളെക്കുറിച്ച് അന്വേഷണം തുടരുകയാണെന്ന് കോട്ടയം വെസ്റ്റ് എസ്‌എച്ച്‌ഒ അനൂപ് ജോസ് പറഞ്ഞു.
Home News Breaking News ഐപിഎസ് ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് ‘അഭ്യാസം’; പോക്‌സോ കേസിലെ പ്രതിയുടെ തട്ടിപ്പുകൾ പുറത്ത്




























