27.5 C
Kollam
Saturday 3rd October, 2026 | 10:24:30 PM
Home News Breaking News കൊല്ലത്ത് ഭർത്താവിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ കോടതി കുറ്റവിമുക്തയാക്കിയ ഭാര്യയെ മരിച്ചനിലയിൽ കണ്ടെത്തി

കൊല്ലത്ത് ഭർത്താവിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ കോടതി കുറ്റവിമുക്തയാക്കിയ ഭാര്യയെ മരിച്ചനിലയിൽ കണ്ടെത്തി

കൊല്ലം: ഭർത്താവിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ കോടതി കുറ്റവിമുക്തയാക്കിയ ഭാര്യയെ മരിച്ചനിലയിൽ കണ്ടെത്തി. കുന്നിക്കോട് തലവൂർ രണ്ടാലുംമൂട് സ്വദേശിയായ വസന്തമ്മാളിനെ (60) ആണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവരുടെ ഭർത്താവ് സുന്ദരനാചാരി (62) കൊല്ലപ്പെട്ട കേസിലാണ് പുനലൂർ അഡിഷണൽ സെഷൻസ് ജഡ്‌ജ് എ.വി ടെല്ലസ് കഴിഞ്ഞ ദിവസം ഇവരെ വെറുതെ വിട്ടത്. 2017 ഏപ്രിൽ 29-നാണ് സുന്ദരനാചാരിയെ തലവൂർ ചുണ്ടമലയിലുള്ള വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കുന്നിക്കോട് പോലീസ് കേസന്വേഷിച്ചാണ് വസന്തമ്മാളിനെ അറസ്റ്റ് ചെയ്തത്. കുടുംബവഴക്കിനെ തുടർന്ന് വസന്താമ്മാൾ ഭർത്താവിനെ തലയണ കൊണ്ട് വായും മൂക്കും അമർത്തിപ്പിടിച്ച് ബോധം കെടുത്തിയെന്നും, അതിനുശേഷം മരണം ഉറപ്പാക്കാൻ ഇലക്ട്രിക് വയർ ഉപയോഗിച്ച് കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി എന്നതുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. സുന്ദരനാചാരിയുടേത് കൊലപാതകമല്ലെന്നും അദ്ദേഹം ആത്മഹത്യ ചെയ്തതാണെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. കേസിന്റെ വിചാരണ വേളയിൽ പ്രതിഭാഗം ഉയർത്തിയ വാദങ്ങളും തെളിവുകളും ശരിവെച്ച കോടതി, വസന്തമ്മാളിനെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് നിരീക്ഷിച്ച് അവരെ വെറുതെ വിടുകയായിരുന്നു. കേസിന്റെ വിചാരണ ഘട്ടത്തിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 20 സാക്ഷികളെ വിസ്തരിക്കുകയും 43 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു.