27.1 C
Kollam
Monday 14th September, 2026 | 07:46:11 AM
Home News Breaking News ഓടിക്കൊണ്ടിരുന്ന ടോറസിന്റെ ടയർ വീട്ടിലേക്ക് പാഞ്ഞുകയറി; ഉറങ്ങിക്കിടന്ന കുഞ്ഞിന് പരിക്ക്

ഓടിക്കൊണ്ടിരുന്ന ടോറസിന്റെ ടയർ വീട്ടിലേക്ക് പാഞ്ഞുകയറി; ഉറങ്ങിക്കിടന്ന കുഞ്ഞിന് പരിക്ക്

അഞ്ചൽ: ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിയുടെ ടയർ ഊരിത്തെറിച്ച് വീട്ടിലേക്ക് പാഞ്ഞുകയറി ഉറങ്ങിക്കിടന്ന കുഞ്ഞിന് പരിക്കേറ്റു. തിരുവനന്തപുരം–ചെങ്കോട്ട അന്തർസംസ്ഥാന പാതയിൽ കുളത്തൂപ്പുഴ മൈലമൂട് ക്ഷേത്രത്തിന് സമീപം ചൊവ്വാഴ്ച രാത്രി 11.30ഓടെയായിരുന്നു അപകടം.
തമിഴ്നാട്ടിൽ നിന്ന് നിർമാണ സാമഗ്രികൾ ശേഖരിക്കാൻ പോയ ടോറസ് ലോറിയുടെ പിൻവശത്തെ ടയറുകളിലൊന്നാണ് യാത്രയ്ക്കിടെ ഇളകിത്തെറിച്ചത്. നിയന്ത്രണം വിട്ട ടയർ പാതയോരത്തെ നസീം മൻസിലിൽ അബ്ദുൽ സലാമിന്റെ വീട്ടിലേക്ക് ഉരുണ്ടുകയറുകയായിരുന്നു.
അബ്ദുൽ സലാമിന്റെ ഭാര്യയും മകന്റെ കുഞ്ഞും ഉറങ്ങിക്കിടന്നിരുന്ന കിടപ്പുമുറിയുടെ ജനലിൽ ടയർ ശക്തമായി ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ജനൽച്ചില്ലുകൾ തകർന്നുവീണ് കുഞ്ഞിന്റെ ദേഹത്ത് പതിച്ചതോടെയാണ് പരിക്കേറ്റത്.
പരിക്കേറ്റ കുഞ്ഞിനെ ഉടൻ കുളത്തൂപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അതേസമയം, ടയർ നഷ്ടപ്പെട്ട ലോറി 100 മീറ്ററിലധികം മുന്നോട്ട് നീങ്ങിയ ശേഷമാണ് ഡ്രൈവർ നിയന്ത്രണവിധേയമാക്കി നിർത്തിയത്. വിവരമറിഞ്ഞെത്തിയ കുളത്തൂപ്പുഴ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. തുടർന്ന് നഷ്ടപരിഹാരം നൽകി വിഷയം ഒത്തുതീർപ്പാക്കിയതായി പൊലീസ് അറിയിച്ചു.