26.1 C
Kollam
Saturday 15th August, 2026 | 10:27:39 PM
Home News Breaking News ചിക്കൻ ചില്ലിക്കൊപ്പം നൽകിയ നാരങ്ങയ്ക്ക് നീര് കുറഞ്ഞതിനെ ചൊല്ലി സംഘർഷം… ക്രിക്കറ്റ്‌ ബാറ്റ് ഉപയോഗിച്ച് അതിക്രമം…...

ചിക്കൻ ചില്ലിക്കൊപ്പം നൽകിയ നാരങ്ങയ്ക്ക് നീര് കുറഞ്ഞതിനെ ചൊല്ലി സംഘർഷം… ക്രിക്കറ്റ്‌ ബാറ്റ് ഉപയോഗിച്ച് അതിക്രമം… ഉടമയുടെ മൂന്ന് പല്ലുകൾ നഷ്ടമായി

തൃശൂർ: വടക്കാഞ്ചേരിയിൽ ചിക്കൻ ചില്ലിക്കൊപ്പം നൽകിയ നാരങ്ങയ്ക്ക് നീര് കുറഞ്ഞതിനെ ചൊല്ലി സംഘർഷം. വടക്കാഞ്ചേരി മിണാലൂർ സെലക്ട് ഹോട്ടലിൽ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. സംഘർഷത്തിൽ ഹോട്ടലുടമയ്ക്കും ജീവനക്കാർക്കും ഭക്ഷണം കഴിക്കാനെത്തിയവർക്കും ചോദ്യം ചെയ്യാനെത്തിയവർക്കും പരിക്കേറ്റു.

വൈകിട്ട് അഞ്ചോടെ ഹോട്ടലിലെത്തിയ രണ്ട് യുവാക്കൾ ചിക്കൻ ചില്ലിക്കൊപ്പം കൊടുത്ത നാരങ്ങയിൽ ആവശ്യമായ നീരില്ലെന്ന് പറഞ്ഞാണ് ബഹളത്തിന് തുടക്കമിട്ടത്. തർക്കം പരിഹരിക്കാനെത്തിയ ഉടമയുടെ ഇടപെടലിന് പിന്നാലെ താൽക്കാലികമായി ഇവിടെ നിന്നും മടങ്ങിയ യുവാക്കൾ പിന്നീട് ഏഴംഗ സംഘവുമായി തിരിച്ചെത്തി മർദിക്കുകയായിരുന്നെന്ന് ഹോട്ടലുടമ പരാതിപ്പെട്ടു.

ക്രിക്കറ്റ് ബാറ്റ്, മരക്കഷ്ണങ്ങൾ ഉൾപ്പെടെയുള്ളവയുമായെത്തിയ യുവാക്കൾ കടുത്ത ആക്രമണം അഴിച്ചുവിടുകയായിരുന്നെന്ന് ഹോട്ടൽ ജീവനക്കാർ അറിയിച്ചു. ആക്രമണത്തിനിടെ ഹോട്ടൽ ഉടമ മുജീബിന്‍റെ മൂന്ന് പല്ലുകൾ നഷ്ടമായി. പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് വടക്കാഞ്ചേരി പൊലീസ് പറഞ്ഞു.