27.7 C
Kollam
Sunday 13th September, 2026 | 08:40:17 PM
Home News Breaking News ന്യൂയോർക്ക് മേയറായി ചരിത്രം കുറിച്ച് ഇന്ത്യൻ വംശജനായ സൊഹ്റാൻ മംദാനി

ന്യൂയോർക്ക് മേയറായി ചരിത്രം കുറിച്ച് ഇന്ത്യൻ വംശജനായ സൊഹ്റാൻ മംദാനി

ന്യൂയോർക്ക് മേയറായി ചരിത്രം കുറിച്ച് ഇന്ത്യൻ വംശജനായ സൊഹ്റാൻ മംദാനി. സ്വതന്ത്ര സ്ഥാനാർഥി ആൻഡ്രൂ കുമോയെ പരാജയപ്പെടുത്തിയാണ് ഡെമോക്രാറ്റിക് സ്ഥാനാർഥി മംദാനി വിജയിച്ചത്. 51.5 ശതമാനം വോട്ടുകൾ നേടി. കുമോക്ക് 39.7 ശതമാനം വോട്ടുകളാണ് ലഭിച്ചത്.

ന്യൂയോർക്ക് മേയറാകുന്ന ആദ്യ ഇന്ത്യൻ വംശജനും ഏറ്റവും പ്രായം കുറഞ്ഞയാളുമാണ് 35കാരനായ മംദാനി. റിപ്പബ്ലിക്കൻ സ്ഥാനാർഥി കർട്ടിസ് സ്ലീവക്ക് എട്ടു ശതമാനം വോട്ടുകൾ മാത്രമാണ് നേടാനായത്. അമേരിക്കയിലെ ഏറ്റവും ജനസാന്ദ്രതയേറിയ നഗരമായ ന്യൂയോർക്കിന്റെ മേയറെ തെരഞ്ഞെടുക്കുന്ന വോട്ടെടുപ്പിൽ 85 ലക്ഷത്തോളം നഗരവാസികളാണ് വോട്ട് ചെയ്തത്. ബ്രൂക്‍ലിൻ, ക്വീൻസ്, മാൻഹാട്ടൻ, ദി ബ്രോൺക്സ്, സ്റ്റേറ്റൺ ഐലൻഡ് എന്നീ അഞ്ചു നഗരങ്ങൾ ചേർന്നാണ് ന്യൂയോർക്ക് സിറ്റി. ഡെമോക്രാറ്റിക് സ്ഥാനാർത്ഥി സൊഹ്റാൻ മംദാനി ന്യൂയോർക്ക് മേയറാകുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.

പുതിയ മേയർ 2026 ജനുവരി ഒന്നിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇന്ത്യൻ വംശജയായ ചലച്ചിത്ര സംവിധായക മീര നയാറുടെയും ഉഗാണ്ടൻ അകാദമിക് വിദഗ്ധൻ മഹ്മൂദ് മംദാനിയുടെയും മകനാണ് മംദാനി. മംദാനിയുടെ മേയർ തെരഞ്ഞെടുപ്പ് വിജയം അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനും കനത്ത തിരിച്ചടിയായി. മംദാനിയുടെ സ്ഥാനാർഥിത്വത്തിനെതിരെ ട്രംപ് പരസ്യമായി രംഗത്തുവന്നിരുന്നു.