27.8 C
Kollam
Tuesday 6th October, 2026 | 08:37:35 AM
Home News Breaking News പത്രം മലയാള ദിനപത്രങ്ങളിലൂടെ 2026 ഒക്ടോബർ 6, ചൊവ്വ | 1202 കന്നി 20 |

പത്രം മലയാള ദിനപത്രങ്ങളിലൂടെ 2026 ഒക്ടോബർ 6, ചൊവ്വ | 1202 കന്നി 20 |

മെസി വരവ് തട്ടിപ്പ്: അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് ഉപദേശം

അർജന്റീന ടീമിനെയും നായകന് ലയണൽ മെസിയേയും കൊണ്ടുവരുമെന്നു പ്രചരിപ്പിച്ചു നടത്തിയ തട്ടിപ്പിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ്. പ്രത്യേക അന്വേഷണ സംഘം എൻഫോഴ്സ്മെന്റിൽനിന്ന് ശേഖരിച്ച വിവരങ്ങളുടേയും മുഖ്യപ്രതികളായ ആന്റോ അഗസ്റ്റിന്റേയും, റിപ്പോർട്ടർ ടിവിയുടേയും കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ ശേഖരിച്ച വിവരങ്ങളുടേയും ജിഎസ് ടി വെട്ടിപ്പു രേഖകളുടേയും അടിസ്ഥാനത്തിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് സർക്കാർ നിയമോപദേശം തേടിയത്. മുൻ കായിക മന്ത്രി വി അബ്ദുറഹ്മാൻ ഉൾപ്പെടെയുള്ളവർ പ്രതിപട്ടികയിലെത്തുമെന്നാണ് വിവരം.

എ കെ ജി സെന്ററിലെ ഭൂമി ഇന്ന് അളന്ന് പരിശോധിക്കും

സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ തിരുവനന്തപുരത്തെ എ കെ ജി സെന്ററിലെ ഭൂമി ഇന്ന് അളന്ന് പരിശോധിക്കും. കേരള സർവകലാശാല എകെജി പഠന ഗവേഷണ കേന്ദ്രത്തിന് അനുവദിച്ച ഭൂമിയിൽ പാർട്ടി ഓഫീസ് പണിതെന്ന സിൻഡിക്കേറ്റ് അംഗം ആർ എസ് ശശികുമാറിന്റെ പരാതിയിൽ ഹൈക്കോടതി ഉത്തരവനുസരിച്ചാണു ഭൂമി അളക്കുന്നത്. സർവകലാശാലയുടെ ഭൂമി ആദ്യം അളക്കുമെന്ന് തിരുവനന്തപുരം തഹസിൽദാർ അനീഷ് പറഞ്ഞു. ഭൂമി അളക്കാൻ സി പി എം സംസ്ഥാന സെക്രട്ടറിയോടും കേരള സർവകലാശാലയോടും പ്രതിനിധികളെ അയക്കാൻ തഹസിൽദാർ ആവശ്യപ്പെട്ടു. 1977 ൽ എ കെ ആന്റണി സർക്കാരാണ് എ കെ ജി പഠന ഗവേഷണകേന്ദ്രത്തിന് കേരള സർവകലാശാലയുടെ ഭൂമി അനുവദിച്ചത്.

വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു

പ്രകാശം ഉപയോഗിച്ച് തലച്ചോറിലെ നാഡീകോശങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്ന ഒപ്റ്റോജെനെറ്റിക്സിൽ ഗവേഷണ നേട്ടമുണ്ടാക്കിയ മൂന്നു ശാസ്ത്രജ്ഞർക്ക് വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം. അമേരിക്കൻ, ജർമ്മൻ ഗവേഷകരായ കാൾ ഡൈയ്സറോത്ത്, പീറ്റർ ഹെഗ്മാൻ, ഗയോർക് നഗേൽ എന്നിവർക്കാണ് പുരസ്കാരം.

വോട്ടർ പട്ടികയിലെ ഫോം 6 മാറ്റം: സുപ്രീം കോടതി വിശദീകരണം തേടി

കോടിക്കണക്കിന് സമ്മതിദായകരെ വോട്ടർ പട്ടികയിൽനിന്ന് പുറത്താക്കിയ ഫോം നമ്പർ 6 ലെ മാറ്റങ്ങൾ സുപ്രീംകോടതി അംഗീകരിച്ചിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് ഇന്നലെ വ്യക്തമാക്കിയതോടെ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ നില പരുങ്ങലിലായി. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം തുടരുന്നതിനിടെയാണ് സുപ്രീം കോടതി തെരഞ്ഞെടുപ്പു കമ്മീഷനോടു വിശദീകരണം തേടിയത്. മാതാപിതാക്കളുടെ വോട്ടർ ഐഡി നമ്പരും വിശദാംശങ്ങളും രേഖപ്പെടുത്താത്തവരെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയതാണ് ചോദ്യം ചെയ്യപ്പെടുന്നത്.

പി എം ശ്രീ പദ്ധതി: തീരുമാനം ആയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

പി എം ശ്രീ പദ്ധതി നടപ്പാക്കുമോയെന്നു തീരുമാനിച്ചില്ലെന്നു വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം പലതവണ കത്തയച്ചെന്ന് അദ്ദേഹം പറഞ്ഞു. മുൻ സർക്കാർ ഒപ്പിട്ട പദ്ധതി നടപ്പാക്കുമോയെന്ന് സർക്കാർ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരായ പരാതി ഖാർഗെയ്ക്ക് നൽകിയെന്ന് അടൂർ പ്രകാശ്

മുഖ്യമന്ത്രിക്കെതിരെയുള്ള പരാതികൾ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് നൽകിയെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി. പരാതി കൊടുക്കേണ്ട സ്ഥലത്ത് കൊടുത്തിട്ടുണ്ട്. നേതൃത്വം ഇടപെടുമോയെന്ന് ഒന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പരസ്യ പ്രതികരണം പാടില്ലെന്ന് ഹൈക്കമാൻഡ് തന്നോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കന്റോൺമെന്റ് എസ്എച്ച്ഒ തിരികെ ജോലിയിൽ പ്രവേശിച്ചു

എസ് എഫ് ഐയുമായുള്ള തലസ്ഥാനത്തെ സംഘർഷങ്ങൾക്കും പോർവിളിക്കും പിറകേ അവധിയിൽ പോയ കന്റോൺമെന്റ് എസ് എച്ച് ഒയെ ആഭ്യന്തരവകുപ്പ് തിരികെ വിളിപ്പിച്ചു. സി ഐ സതീഷ് കുമാർ അവധി റദ്ദാക്കി ജോലിയിൽ പ്രവേശിച്ചു. ഇതോടെ താത്കാലിക ചുമതല നൽകിയ ഇൻസ്പെക്ടർ മടങ്ങി. എസ് എച്ച് ഒ അവധിയിൽ പോയതും എസ് ഐ ഗോകുൽ ഗോപനെ പരിശീലനത്തിന് വിട്ടതിലും കോൺഗ്രസ് സൈബറിടങ്ങളിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.

പോലീസ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്

ചട്ടവിരുദ്ധമായി പ്രവർത്തിച്ചെന്ന് ആരോപിച്ച് കന്റോൺമെന്റ് സി ഐ സതീഷ് കുമാറിനും എസ്ഐ ജി ഗോകുലിനും കാരണം കാണിക്കൽ നോട്ടീസ് നൽകി. നാല് ദിവസത്തിനകം മറുപടി നൽകണമെന്നാണ് സിറ്റി പോലീസ് കമ്മീഷണർ നൽകിയ കാണിക്കൽ നോട്ടീസിൽ നിർദ്ദേശിച്ചിരിക്കുന്നത്. അക്രമക്കേസിലെ പ്രതിയായ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെ ഫോണിൽ വിളിച്ചും ഫേസ്ബുക്കിലൂടെയും വെല്ലുവിളിച്ചതു വിവാദമായിരുന്നു.

കെഎസ്ഇബി മീറ്റർ റീഡർമാരുടെ സമരം തുടരുന്നു

കെഎസ്ഇബി മീറ്റർ റീഡർമാർ സമരവുമായി മുന്നോട്ട്. അധിക ജോലിക്ക് വേതന വർധന ആവശ്യപ്പെട്ട കേരള മീറ്റർ റീഡർമാരുടെ സമരംമൂലം 400 ലധികം സെക്ഷനുകളിൽ കെഎസ്ഇബി ബിൽ വിതരണം മുടങ്ങി. വേതനം കൂട്ടാനാവില്ലെന്നാണ് കെഎസ്ഇബി ഡയറക്ടർമാരുടെ നിലപാട്. കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന 1800 മീറ്റർ റീഡർമാരാണ് ഈ മാസം ഒന്നിനു സമരം തുടങ്ങിയത്. ഓരോ ഉപഭോക്താവിന്റെയും പരമാവധി വൈദ്യുതി ആവശ്യകത രേഖപ്പെടുത്തുക എന്ന അധിക ജോലിക്ക് ഒരു രൂപ അറുപതു പൈസയാണ് കെഎസ്ഇബി വാഗ്ദാനം. 20 രൂപയാണ് മീറ്റർ റീഡർമാർ ആവശ്യപ്പെട്ടത്.

മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റിൽ വിജിലൻസ് പരിശോധന

മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റിൽ വിജിലൻസ് പരിശോധന. പൊതുമരാമത്ത് വകുപ്പ് എൻജിനീയർമാർ ഉൾപ്പെടെയുള്ള സംഘമാണ് പരിശോധന നടത്തിയത്. വിവിധ വകുപ്പുകളിൽനിന്ന് ഫ്ലാറ്റിന്റെ നിജസ്ഥിതി റിപ്പോർട്ട് ലഭിച്ച ശേഷമാകും തുടർനടപടി. ജിസിഡിഎ, കോർപ്പറേഷൻ, കരാറുകാരായ ടിഡിഎൽസി എന്നിവരിൽനിന്നും വിജിലൻസ് സംഘം രേഖകൾ ശേഖരിക്കും.

വേണാട് എക്സ്പ്രസിലെ തിരക്കിന് പരിഹാരം: പുതിയ ട്രെയിൻ സർവീസ് ഉടൻ

വേണാട് എക്സ്പ്രസിലെ തിരക്കിന് പരിഹാരമായി പുതിയ ട്രെയിനിന് തത്വത്തിൽ അംഗീകാരം ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി. എറണാകുളം- കോട്ടയം-ചെങ്ങന്നൂർ- കൊല്ലം റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുമെന്നും പത്തുദിവസത്തിനകം പുതിയ ട്രെയിനിന്റെ ആദ്യ സർവീസ് ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

തൃശൂരിലെ സ്കൂൾ ഗെയിംസ് അപകടസ്ഥലം കായിക മന്ത്രി സന്ദർശിച്ചു

സംസ്ഥാന സ്കൂൾ ഗെയിംസിനിടെ റൂഫിംഗ് തകർന്നുണ്ടായ തൃശൂരിലെ അപകടസ്ഥലം സന്ദർശിച്ച് കായിക മന്ത്രി ഒ ജെ ജനീഷ്. അപകടം നടന്ന് അഞ്ചാം ദിവസമാണ് മന്ത്രി സ്ഥലത്തെത്തിയത്. സ്കൂൾ ഗെയിംസിന്റെ ചുമതല വിദ്യാഭ്യാസ വകുപ്പിനാണെന്ന് അദ്ദേഹം ആവർത്തിച്ചു.

തിരുവനന്തപുരം ഡിസിസി ഓഫീസിലേക്ക് കല്ലേറ്: രണ്ടു ബിജെപി പ്രവർത്തകർ പിടിയിൽ

തിരുവനന്തപുരം ഡിസിസി ഓഫീസിലേക്കു കല്ലേറ് നടത്തിയ രണ്ടു ബിജെപി പ്രവർത്തകർ അറസ്റ്റിലായി. പ്രദീപ്, ശ്രീലാൽ എന്നിവരാണു പിടിയിലായത്.

വിദേശത്ത് പോകാൻ അനുമതി തേടി റാപ്പർ വേടൻ ഹൈക്കോടതിയിൽ

വിദേശത്ത് പോകാൻ അനുമതി തേടി ക്രിമിനൽ കേസുകളിൽ പ്രതിയായ റാപ്പർ വേടൻ ഹൈക്കോടതിയെ സമീപിച്ചു. പ്രത്യേകമായി തയ്യാറാക്കിയ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകണം എന്നാണ് വേടന്റെ ആവശ്യം. പ്രത്യേകമായി തയ്യാറാക്കിയ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ റീജിയണൽ പാസ്പോർട്ട് ഓഫീസർക്ക് കോടതി നിർദേശം നൽകി.

വന്ദേമാതരം തടഞ്ഞാൽ കർശന നടപടി: സർവകലാശാല മുന്നറിയിപ്പ്

കാസർകോട് കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം സെമിനാറിനെതിരേ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി സർവകലാശാല. വന്ദേമാതരാ ആലാപനം തടഞ്ഞാൽ കർശന നടപടിയെടുക്കുമെന്നും മൂന്ന് വർഷം തടവും പിഴയും ശിക്ഷ ലഭിക്കാമെന്നുമാണു നിയമമെന്നും ചൂണ്ടിക്കാട്ടി സർവകലാശാല സർക്കുലർ പുറത്തിറക്കി.

ചിറയിൻകീഴിൽ പോലീസ് മർദനമേറ്റ യുവാവ് മരിച്ചു

തിരുവനന്തപുരം ചിറയിൻകീഴിൽ പോലീസ് മർദനമേറ്റ യുവാവ് കൊല്ലപ്പെട്ടു. പെരുങ്കുഴി സ്വദേശി സജിയാണ് മരിച്ചത്. അനധികൃതമായി മദ്യം സൂക്ഷിച്ചതിന് അയൽവാസി വിഘ്നേശ്വരനെ ചിറയിൻകീഴ് സിഐയുടെ നേതൃത്വത്തിൽ മഫ്തിയിലെത്തിയ പോലീസ് മർദിക്കുന്നത് തടഞ്ഞപ്പോൾ സജിയെ വളഞ്ഞിട്ട് തല്ലിയെന്നാണ് ആരോപണം. വിഘ്നേശ്വരന്റെ വീട്ടിൽ നിന്ന് നാല് ലിറ്റർ വിദേശ മദ്യമാണു പോലീസ് പിടികൂടിയത്.

ഹാജർ രജിസ്റ്ററിലെ കൃത്രിമ ആരോപണം തള്ളി മേയർ വി വി രാജേഷ്

കൗൺസിലർ ആർ സുഗതന്റെ ഹാജർ രജിസ്റ്ററിൽ കൃത്രിമം കാട്ടിയെന്ന എൽഡിഎഫ് ആരോപണം തിരുവനന്തപുരം മേയർ വി വി രാജേഷ് തള്ളി. ആരോപണങ്ങൾ തെളിയിക്കാൻ ഫോറൻസിക് പരിശോധനയ്ക്കും സിസിടിവി പരിശോധനയ്ക്കും തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.

തുമ്പമണ്ണിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ 4 പേർ പിടിയിൽ

പത്തനംതിട്ട തുമ്പമണ്ണിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച് ശരീരത്തിൽ വെള്ളം നിറച്ച സിറിഞ്ചുകൾ കുത്തിയിറക്കിയ കേസിലെ നാല് പ്രതികൾ പിടിയിൽ. ക്രിമിനൽ സംഘത്തിലെ ഒരാളുടെ ഭാര്യയോട് മോശമായി സംസാരിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. മുഖ്യപ്രതി ഇലവുംതിട്ട സ്വദേശി ദീപക് ജോയ്, പ്രക്കാനം സ്വദേശി സജു, ഇലവുംതിട്ട സ്വദേശി അഭിജിത്ത്, ജോമോൻ മാത്യു എന്നിവരെയാണു പിടികൂടിയത്.

ഓൺലൈൻ മാധ്യമ ജീവനക്കാരൻ ലൈംഗിക അധിക്ഷേപ കേസിൽ അറസ്റ്റിൽ

ഓൺലൈൻ മാധ്യമത്തിൽ ഒപ്പം ജോലി ചെയ്തിരുന്ന യുവതിയോട് അശ്ലീല ചുവയോടെ സംസാരിക്കുകയും ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിക്കുകയും ചെയ്തെന്ന പരാതിയിൽ ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ. കലൂർ ഫ്രീഡം റോഡിലെ ജെ എം അപ്പാർട്ട്മെന്റിൽ താമസിക്കുന്ന രഞ്ജി വർഗീസ് (54) ആണ് അറസ്റ്റിലായത്.

വെള്ളിമണിലെ മരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ

കുണ്ടറയ്ക്കു സമീപം വെള്ളിമണിൽ കുഴഞ്ഞുവീണ് മരിച്ചെന്ന് കരുതിയ ഗൃഹനാഥനെ കൊലപ്പെടുത്തിയതെന്ന് പോലീസ്. സംഭവത്തിൽ ഭാര്യയുടെ സുഹൃത്തിനും പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നു. വ്ളാവേത്ത് രാജു മന്ദിരത്തിൽ രാജു (56) ആണ് മരിച്ചത്. ഭാര്യ ലേഖാ മേരി (48) യെയാണ് കുണ്ടറ പോലീസ് അറസ്റ്റുചെയ്തത്.

ഫോം 6 മാറ്റത്തിൽ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി ഫോം സിക്സ് മാറ്റിയെന്ന് തെളിഞ്ഞതായുള്ള രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. രാഹുലിന്റെ ട്വീറ്റിന് ഫാക്ട്ചെക്ക് എന്ന പേരിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചത്. 2025 ജൂൺ 24ന് എസ്ഐആറിനായി കമ്മീഷൻ ഇറക്കിയ ഉത്തരവ് ഏകകണ്ഠമായിരുന്നെന്നാണ് വിശദീകരണം. സുപ്രീംകോടതി അംഗീകരിച്ചെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ അവകാശപ്പെടുന്നുണ്ട്.

സിഇസി ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാരുടെ മാർച്ച് ഇന്ന്

മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ എംപിമാരുടെ മാർച്ച് ഇന്ന്. തെരഞ്ഞെടുപ്പു കമ്മീഷൻ ഓഫീസിലേക്കാണ് ഇന്ത്യ മുന്നണിയിലെ കക്ഷികളിൽപെട്ട 250 എംപിമാരുടെ മാർച്ച്.

ഉത്തർപ്രദേശിൽ എട്ടു രാജ്യസഭാ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി

ഉത്തർപ്രദേശിൽ എട്ടു രാജ്യസഭാ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി. ധരംപാൽ സിങ്, രാധാകാന്ത് ഓജ, പ്രകാശ് പാൽ, വിദ്യാസാഗർ സൊങ്കാർ, ഗോപി കൃഷ്ണ പാണ്ഡെ, പ്രിയങ്ക സിങ് റാവത്ത്, റാം പ്രതാപ് സിങ് ചൗഹാൻ, ശ്രുതി ഗംഗ്വാർ എന്നിവരാണ് ബിജെപി സ്ഥാനാർഥികൾ.

മഹാരാഷ്ട്രയിൽ 82 വിദ്യാർത്ഥികളുടെ തല പാതി മുണ്ഡനം ചെയ്തു

മഹാരാഷ്ട്രയിലെ സർക്കാർ ട്രൈബൽ സ്കൂളിൽ കൂട്ടത്തോടെ വിദ്യാർഥികളുടെ തല പാതി മുണ്ഡനംചെയ്തു. ചന്ദ്രാപ്പൂർ ജില്ലയിലെ ജംബുൽഘട്ടിലെ സർക്കാർ ട്രൈബൽ റസിഡൻഷ്യൽ സ്കൂളിലാണ് സംഭവം. ശിക്ഷാനടപടിയുടെ ഭാഗമായാണ് ഏകദേശം 82-ഓളം കുട്ടികളുടെ തല പാതി മുണ്ഡനംചെയ്തതെന്നാണ് പരാതി.

ഗാന്ധിജിയെ അധിക്ഷേപിച്ച് റീൽസ്: ഗുജറാത്തിൽ യുവതി അറസ്റ്റിൽ

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ അധിക്ഷേപിച്ച് ഇൻസ്റ്റഗ്രാം റീൽ പോസ്റ്റ് ചെയ്ത യുവതി അറസ്റ്റിൽ. ഗുജറാത്തിലെ കണ്ടന്റ് ക്രിയേറ്ററായ സൂറത്ത് സ്വദേശി സിമ്രാൻ പട്ടേലി(47)നെയാണ് സൂറത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

പഞ്ചാബ് മുഖ്യമന്ത്രിയുടെ ഓഫീസിലെ അഴിമതി: സിബിഐ അന്വേഷണത്തിന് ഉത്തരവ്

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ ഓഫീസുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ സിബിഐ അന്വേഷണത്തിന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവ്. മുഖ്യമന്ത്രിയുടെ ഒഎസ്ഡി രാജ്ബീർ സിംഗ് ഗുമാനെതിരായ ആരോപണങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ കത്തുകളുടെ അടിസ്ഥാനത്തിലാണ് നടപടി.

വിവാഹം ശരിയാകുന്നില്ല: കർണാടക മുഖ്യമന്ത്രിക്ക് പരാതിയുമായി കർഷകൻ

ഗ്രാമങ്ങളിലെ യുവാക്കൾക്ക് വിവാഹം ശരിയാകുന്നില്ലെന്നും ഇതിൽ പരിഹാരം വേണമെന്നും ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രിക്ക് പരാതി. പെരിയപട്ടണയിൽ നടന്ന പ്രജാസേവ പരിപാടിക്കിടെയാണ് ഒരു കർഷകൻ വ്യത്യസ്തമായ പരാതിയുമായി മുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ സമീപിച്ചത്.

എയർ ഇന്ത്യ എക്സ്പ്രസ് ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു

എയർ ഇന്ത്യ എക്സ്പ്രസ് കൂടുതൽ വിമാന സർവീസുകളുമായി ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഒക്ടോബർ 25 മുതൽ കൊച്ചി-ബാങ്കോക്ക് ഉൾപ്പെടെ 40-ലധികം പുതിയ റൂട്ടുകളിൽ സർവീസ് ആരംഭിക്കും. പ്രതിദിനം 585 വിമാന സർവീസുകളാണ് പുതിയ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇമ്രാൻ ഖാന്റെ മോചനമാവശ്യപ്പെട്ട് ഇസ്ലാമാബാദിലേക്ക് വൻ പ്രതിഷേധ മാർച്ച്

തടങ്കലിൽ കഴിയുന്ന മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മോചനം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ പാർട്ടിയായ പാകിസ്താൻ തെഹ്രീകെ ഇൻസാഫ് അനുയായികൾ ഇസ്ലാമാബാദിലേക്ക് വൻ പ്രതിഷേധ മാർച്ച് നടത്തി. സർക്കാരും പി.ടി.ഐ പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് പ്രതിഷേധക്കാർ ട്രക്കുകളും ബസുകളും കാറുകളുമായി തെരുവിലിറങ്ങിയത്.

ഹൂതികൾക്ക് നേരെ സൗദിയുടെ ശക്തമായ ആക്രമണം

യെമനിലെ ഇറാന്റെ പിന്തുണയുള്ള മുസ്ലിം തീവ്രവാദികളായ ഹൂതികൾക്ക് നേരെ സൗദിയുടെ ആക്രമണം. 324 കേന്ദ്രങ്ങൾ ആക്രമിച്ചു. 100 പോർ വിമാനങ്ങൾ ആക്രമണത്തിൽ പങ്കെടുത്തു.

ഇന്ത്യ – ഉറുഗ്വേ സൗഹൃദ ഫുട്ബോൾ മത്സരം ഇന്ന്

ഇന്ത്യ – ഉറുഗ്വേ സൗഹൃദ ഫുട്ബോൾ മത്സരം ഇന്ന് കൊൽക്കത്തയിൽ. സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ വൈകുന്നേരം ഏഴരയ്ക്കാണു മത്സരം.

ഇന്ത്യ – വിൻഡീസ് ട്വന്റി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഇന്ത്യ -വിൻഡീസ് ട്വന്റി 20 പരമ്പര ഇന്നാരംഭിക്കും. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം ലഖ്നൗവിൽ. വൈകീട്ട് 7 മണിക്കാണ് മത്സരം ആരംഭിക്കുക.

ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ചു

വിമാന ഇന്ധന വില കൂട്ടിയതിന് പിന്നാലെ വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് പ്രമുഖ വിമാന കമ്പനിയായ ഇൻഡിഗോ. ആഭ്യന്തര, രാജ്യാന്തര സർവീസുകൾക്കുള്ള, വർധിപ്പിച്ച ഇന്ധന സർചാർജ് ഒക്ടോബർ ആറുമുതൽ നിലവിൽ വരും. റൂട്ടും ദൂരവും അനുസരിച്ച് 425 രൂപ മുതൽ 10,000 രൂപ വരെയാണ് സർചാർജ്.

ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രതാ നിർദേശവുമായി പോലീസ്

ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്റർനെറ്റും ഡിജിറ്റൽ സേവനങ്ങളും ഉപയോഗിക്കുമ്പോൾ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ്. സംശയാസ്പദ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്, ബാങ്ക് വിവരങ്ങളോ ഒടിപിയോ പങ്കുവെക്കരുത്. തട്ടിപ്പിനിരയായാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന വെബ്സൈറ്റിലോ പരാതി രജിസ്റ്റർ ചെയ്യാം.

‘ജയിലർ 2’ ഒക്ടോബർ 15ന് റിലീസ് ചെയ്യും

നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോളതലത്തിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. രജനികാന്ത് വീണ്ടും മുത്തുവേൽ പാണ്ഡ്യനായി എത്തുമ്പോൾ അനിരുദ്ധ് രവിചന്ദർ സംഗീതം നിർവഹിക്കുന്നു.

സിദ്ധാർത്ഥ് ഭരതൻ കേന്ദ്രകഥാപാത്രമാകുന്ന ‘പാലപ്പൂ’ ചിത്രീകരണം ആരംഭിച്ചു

സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘പാലപ്പൂ’ എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു. സി സി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് വിഷ്ണു അച്യുതനാണ്.

ആംപിയർ നെക്സസ് ഇഎക്സ്+ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ

പ്രമുഖ വാഹന നിർമ്മാതാക്കളായ ആംപിയർ അവരുടെ പുതിയ നെക്സസ് ഇഎക്സ്+ ഇലക്ട്രിക് സ്കൂട്ടർ ഇന്ത്യയിൽ അവതരിപ്പിച്ചു. 1.3 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.

ആർ. രാജശ്രീയുടെ പുതിയ നോവൽ ‘ആത്രേയകം’ പുറത്തിറങ്ങി

ഇതിഹാസങ്ങളിലൊരിടത്തും സ്ഥാനപ്പെട്ടിട്ടില്ലാത്ത ആത്രേയകം എന്ന അജ്ഞാതദേശത്തിന്റെ പശ്ചാത്തലത്തിൽ ആർ. രാജശ്രീ രചിച്ച പുതിയ നോവൽ ‘ആത്രേയകം’ മാതൃഭൂമി ബുക്സ് പുറത്തിറക്കി. വില 427 രൂപ.

ആപ്പിൾ ജ്യൂസ് കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആപ്പിൾ ജ്യൂസ് നേരിട്ട് കുടിക്കുന്നത് പല്ലിന്റെ ഇനാമലിന് കേടുപാടുകൾ വരുത്താൻ സാധ്യതയുണ്ട്. ഇതിലുള്ള മാലിക് ആസിഡും സ്വാഭാവിക പഞ്ചസാരയുമാണ് വില്ലനാകുന്നത്. ജ്യൂസ് കുടിക്കുമ്പോൾ സ്ട്രോ ഉപയോഗിക്കുക, വെള്ളം ചേർത്ത് നേർപ്പിച്ചു കുടിക്കുക, കുടിച്ച ഉടൻ വായ കഴുകുക എന്നിവ ശീലമാക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here