ദുബായിൽനിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തിൽ കോക്പിറ്റിനുള്ളിൽ ഉണ്ടായ അടിയന്തര സാഹചര്യത്തിൽ, വൻ വിമാനദുരന്തം ഒഴിവാക്കിയത് ഇന്ത്യൻ ക്യാപ്റ്റൻ. ഫ്ലൈ ദുബായ് വിമാനത്തിൽ ബുധനാഴ്ചയുണ്ടായ സംഭവത്തിനിടയിൽ കുത്തേറ്റത് ഇന്ത്യൻ പൗരനായ സ്മിത് മച്ചാറിനാണെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. സ്മിത് മച്ചാറെയും സഹപൈലറ്റിനെയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
മരണത്തിന്റെ ഭീകരത കൺമുന്നിൽ കണ്ട മുപ്പത് സെക്കൻഡുകൾ ആണ് വിമാനത്തിൽ നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ട് പതിനായിരക്കണക്കിന് അടി താഴേക്ക് കൂപ്പുകുത്തിയ വിമാനം. തലയിലും കൈകളിലും ആഴത്തിലുള്ള പരിക്കുകൾ, രക്തത്തിൽ കുളിച്ചുകിടന്നപ്പോഴും ആ മനുഷ്യൻ തന്റെ ജീവനെക്കുറിച്ച് ചിന്തിച്ചില്ല; പകരം ആകാശത്ത് മരണത്തെ മുഖാമുഖം കണ്ട 174 മനുഷ്യരുടെ ജീവനാണ് അദ്ദേഹം വലുതായി കണ്ടത്. ദുബായിൽ നിന്ന് ഇസ്രായേലിലെ ടെൽ അവിവിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് FZ 1073 വിമാനത്തിൽ വച്ച് കോ-പൈലറ്റ് നടത്തിയ ആക്രമണശ്രമത്തെ സ്വന്തം ജീവൻ പണയംവച്ച് ചെറുത്തുതോൽപ്പിച്ച മുംബൈ ഘാട്‌കോപ്പർ (Ghatkopar) സ്വദേശിയായ ക്യാപ്റ്റൻ സ്മിത് മച്ചാർ ഇന്ന് ലോകത്തിന് മുഴുവൻ പ്രതീക്ഷയുടെയും ധീരതയുടെയും പ്രതീകമാണ്.
ആരാണ് സ്മിത് മച്ചാർ
ലിങ്ക്ഡ്ഇൻ പ്രൊഫൈൽ പ്രകാരം 2022 ജൂൺ മുതൽ ഫ്ലൈ ദുബായിയുടെ ബോയിങ് 737 വിഭാഗത്തിൽ ക്യാപ്റ്റനായി സേവനമനുഷ്ഠിച്ചു വരികയാണ് സ്മിത് മച്ചാർ. അതിനുമുമ്പ് മുംബൈയിലെ സ്പൈസ് ജെറ്റിൽ 11 വർഷം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അവിടെ സീനിയർ കമാൻഡറായും 2020 നവംബർ മുതൽ മറ്റ് പൈലറ്റുമാരുടെ പരിശീലകനായും ലൈൻ ട്രെയിനിങ് ക്യാപ്റ്റനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ബോയിങ് 737-800, 737 മാക്സ് 8, 9 എന്നീ വിമാനങ്ങളിൽ 9,750 മണിക്കൂർ പറന്നതിന്റെ അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്.































