സിപിഎം വിശാല സംസ്ഥാന സമിതിയില്‍ വിമർശനം
നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം സംസ്ഥാന സെക്രട്ടേറിയറ്റ് അണികളിലും പ്രാദേശിക നേതൃത്വത്തിലും ചാരുകയാണെന്നു കോഴിക്കോട്ട് സിപിഎം വിശാല സംസ്ഥാന സമിതിയില്‍ വിമര്‍ശനം. പയ്യന്നൂര്‍ തോല്‍വിയെക്കുറിച്ച് പറഞ്ഞ റിപ്പോര്‍ട്ടില്‍, തളിപ്പറമ്പ് സ്ഥാനാര്‍ത്ഥിത്വ വിവാദം പരാമർശിക്കാത്തതിനെതിരേ വിമര്‍ശനമുയര്‍ന്നു. കണ്ണൂർ ജില്ലാ കമ്മിറ്റി അംഗങ്ങളാണ് രൂക്ഷവിമർശനം ഉന്നയിച്ചത്. വ്യക്തിപരമായ കടുത്ത വിമര്‍ശനം വിലക്കിയിരുന്നു. സമ്മേളനം നാളെ വൈകുന്നേരം കോഴിക്കോട് ബീച്ചിലേക്കുള്ള റാലിയോടെ സമാപിക്കും.
ഇന്തോനേഷ്യ ജാവ കടലില്‍ കപ്പല്‍ കാണാതായി
ഇന്തോനേഷ്യ ജാവ കടലില്‍ 243 യാത്രക്കാരുമായി പോയ കപ്പല്‍ കാണാതായി. വിര്‍ഗോ ട്രാന്‍സ്പോര്‍ട്ട് 8 എന്ന കപ്പലിന് എന്തു സംഭവിച്ചെന്ന് വ്യക്തമല്ല. അതേസമയം കപ്പലിലുണ്ടായിരുന്ന 115 പേരെ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. തെരച്ചില്‍ തുടരുകയാണ്.
ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ
എന്‍.ഡി.എ. ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും 2029-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പായി ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. മുംബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം.
വിനായക ചതുര്‍ത്ഥി
ഇന്നു വിനായക ചതുര്‍ത്ഥി. ഗണപതി ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജ.
ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551.50 കോടി രൂപ അനുവദിച്ചു
ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് സര്‍ക്കാര്‍ 551.50 കോടി രൂപ അനുവദിച്ചു. ശബരിമല അവലോകന യോഗത്തിനു ശേഷം പൊതുമരാമത്ത് മന്ത്രി നല്‍കിയ ധനാഭ്യര്‍ത്ഥനയ്ക്ക് മുഖ്യമന്ത്രി ഉടന്‍ അനുമതി നല്‍കുകയായിരുന്നു.
മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ നിര്‍ദ്ദേശം
ആറുവരി ദേശീയപാതയിലൂടെ സ്റ്റേജ് കാര്യേജ് ബസുകള്‍ സര്‍വീസ് നടത്തരുതെന്നും സര്‍വീസ് റോഡിലൂടെ മാത്രമേ സഞ്ചരിക്കാവൂവെന്നും മോട്ടോര്‍ വാഹന വകുപ്പ്. ആറുവരിപ്പാതയില്‍ യാതൊരു കാരണവശാലും വാഹനം നിര്‍ത്താന്‍ പാടില്ല. ആറുവരിപ്പാത വഴി സഞ്ചരിച്ച് യാത്രക്കാരെ ഹൈവേയില്‍ തന്നെ ഇറക്കിവിടുന്ന ബസുകള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് എംവിഡി അറിയിച്ചു.
അമല നാഷണല്‍ ബുക്ക് ഫെസ്റ്റിവല്‍ (നാലാം എഡിഷന്‍)
അമല നാഷണല്‍ ബുക്ക് ഫെസ്റ്റിവല്‍ (നാലാം എഡിഷന്‍) സെപ്റ്റംബര്‍ 24 മുതല്‍ 26 വരെ തൃശൂര്‍ അമല മെഡിക്കല്‍ കോളേജ് കാമ്പസില്‍. സെപ്റ്റംബര്‍ 24: രാവിലെ 11 മണിക്ക് സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ വെച്ച് മികച്ച സ്‌കൂള്‍ ലൈബ്രറിക്കും മികച്ച കൈയെഴുത്ത് മാഗസിനും അവാര്‍ഡ് നല്‍കും. കോളേജ് മാഗസിന്‍-അവസാന പതിപ്പ്, ഡിജിറ്റല്‍ മാഗസിന്‍ 4.O ചടങ്ങില്‍ പ്രകാശനം ചെയ്യും. ചടങ്ങില്‍ ഇന്ത്യ ഫുട്‌ബോള്‍ ഇതിഹാസം ഐ.എം. വിജയന്‍ വിശിഷ്ടാതിഥിയാകും. തുടര്‍ന്ന് നടി ശ്രുതി ജയന്റെ ആവിഷ്‌കാര പ്രകടനവും സംവേദനാത്മക സെഷനുമുണ്ടാകും. സെപ്റ്റംബര്‍ 25: രാവിലെ 10ന് വായനയും ആരോഗ്യവും വിഷയത്തില്‍ പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനവും പ്രശസ്ത എഴുത്തുകാരന്‍ ഡോ. മനോജ് വെള്ളനാടും പങ്കെടുക്കുന്ന ടോക്ക് ഷോ. 11.15 ന് ദര്‍ശന ക്ലബ്ബിലെ പ്രതിഭാധനരായ കലാകാരന്മാരുടെ പ്രത്യേക പ്രകടനം. 12.30 ന് വെള്ളിത്തിരയിലെ അപ്പോത്തിക്കരി എന്ന വിഷയത്തില്‍ പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് മാര്‍ട്ടിന്‍ ജോസഫും പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ കവിപ്രസാദ് ഗോപിനാഥും സംസാരിക്കുന്നു. ഉച്ചക്ക് 2.30 ന് മെന്റലിസ്റ്റ് മൃദുലിന്റെ ലൈവ് മെന്റലിസം ഷോ. 3.30 ന് പറയാന്‍ മറന്ന പാട്ടുകള്‍ എന്ന വിഷയത്തില്‍ ഗാനരചയിതാവും കവിയുമായ റഫീഖ് അഹമ്മദ്. വൈകീട്ട് 4.45 ന് നിഴല്‍ ബാന്‍ഡിന്റെ തത്സമയ സംഗീത പ്രകടനം. സെപ്റ്റംബര്‍ 26: രാവിലെ 10 ന് ജെന്‍സിയും എഴുത്തും എന്ന വിഷയത്തില്‍ അവതാരകനും ഏഷ്യാനെറ്റ് ന്യൂസിന്റെ അസിസ്റ്റന്റ് ന്യൂസ് എഡിറ്ററുമായ നിശാന്ത് എം.വിയും നടനും ഗ്രാഫിക് ഡിസൈനറുമായ അനീഷ് ഗോപാലും സഞ്ചാരിയും എഴുത്തുകാരനുമായ എഡ്വിന്‍ ഹിച്ച്ഹിക്കറുമായി ഒരു സംവേദനാത്മക സെഷന്‍. രാവിലെ 11.45 ന് വന്ധ്യതയും സമൂഹവും എന്ന വിഷയത്തില്‍ പ്രശസ്ത ചെറുകഥാകൃത്തും നോവലിസ്റ്റും തിരക്കഥാകൃത്തുമായ കെ.വി.മണികണ്ഠന്‍ സംസാരിക്കുന്നു. ഉച്ചക്ക് 1.45 ന് ഉട്ടോപ്യന്‍ അജിത്തിന്റെയും ദീപ്തിയുടെയും പ്രചോദനാത്മകമായ സെഷന്‍. വൈകീട്ട് 3 ന് മാറുന്ന തലമുറയിലെ മായുന്ന വായന എന്ന വിഷയത്തിലുള്ള ചര്‍ച്ചയില്‍ ഇതിഹാസ മലയാള ചലച്ചിത്രകാരന്‍മാരായ സിബി മലയില്‍, കമല്‍, ബ്ലെസി, സുന്ദര്‍ ദാസ് എന്നിവര്‍ പങ്കെടുക്കുന്നു. പ്രവേശനം സൗജന്യം.
കെഎസ്ഇബി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ സഹായം തേടി
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ കൂടുതല്‍ വില കൊടുത്തും അധിക വൈദ്യുതി വാങ്ങാന്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി ഇന്നു ചര്‍ച്ച നടത്തും.
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാ ശ്രമവും നടത്തുന്നുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാ ശ്രമവും നടത്തുന്നുണ്ടെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി ക്ഷാമം എല്ലാ സംസ്ഥാനത്തുമുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആയിരം മെഗാവാട്ടിന്റെ ഉപയോഗമാണ് ഈ വര്‍ഷം വര്‍ധിച്ചത്. അതിനനുസരിച്ച് ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാകുന്നില്ല. മഴ കുറഞ്ഞതും കല്‍ക്കരിക്ഷാമവുമാണു കാരണം. വൈദ്യുതി കൂടുതല്‍ വില കൊടുത്ത് വാങ്ങുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
കമ്യൂണിസ്റ്റ് പാര്‍ട്ടി തകര്‍ന്നാല്‍ ജനങ്ങള്‍ക്കു പിന്നെ ആരാണ് അഭയമെന്ന് എം.എ. ബേബി
കമ്യൂണിസ്റ്റ് പാര്‍ട്ടി തകര്‍ന്നാല്‍ ജനങ്ങള്‍ക്കു പിന്നെ ആരാണ് അഭയമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. കോഴിക്കോട് സിപിഎം വിശാല സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഎം നേതാക്കള്‍ സ്വയം വിമര്‍ശനം നടത്തണം. കമ്യുണിസ്റ്റ് പാര്‍ട്ടി തകര്‍ന്നെന്നോ തകരുമെന്നോ ആരും വ്യാമോഹിക്കേണ്ട. കള്ളപ്രചാരണങ്ങളിലൂടെ സിപിഎമ്മിനെ തകര്‍ക്കാനുളള ശ്രമം എന്നുമുണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സിപിഎമ്മിനെതിരെ വ്യാജ നിര്‍മിതി ഉണ്ടായി. ബേബി പറഞ്ഞു.
സംഘടനയിലുണ്ടായ പോരായ്മ തിരുത്തുമെന്ന് എം.വി. ഗോവിന്ദൻ
സംഘടനയിലുണ്ടായ പോരായ്മ തിരുത്തുന്നതിനും പ്രാദേശിക പ്രശ്നങ്ങള്‍ പരിഹരിക്കാനും ശ്രമിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നേതാക്കളുടെ പെരുമാറ്റം, പൊതുവായ പ്രവര്‍ത്തനരീതി, സംസാരം എന്നിവ തിരുത്തും. പിണറായിക്കെതിരായ ഇഡി അന്വേഷണം പാര്‍ട്ടിക്കെതിരായ കടന്നാക്രമണമെന്ന് ബോധ്യമുണ്ടെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പില്‍ വീഴ്ച സംഭവിച്ചത് പാര്‍ട്ടിക്ക്: തോമസ് ഐസക്ക്
തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കല്ല വീഴ്ച സംഭവിച്ചതെന്നും ജനങ്ങളെ ഒപ്പം കൊണ്ടുവരാന്‍ പാര്‍ട്ടി വിജയിച്ചില്ലെന്നും മുതിര്‍ന്ന സിപിഎം നേതാവ് തോമസ് ഐസക്ക്.
വണ്ടര്‍ വാട്ടര്‍ഫാള്‍സ് എക്സിബിഷന്‍ തൃശൂരില്‍
ജലവിസ്മയങ്ങളും കുടുംബ വിനോദങ്ങളും ഒരുമിക്കുന്ന മെഗാ എക്സിബിഷന്‍ – വണ്ടര്‍ വാട്ടര്‍ഫാള്‍സ് എക്സിബിഷന്‍ തൃശൂരില്‍. ഡി ജെ അമ്യൂസ്മെന്റ്സ് ഒരുക്കുന്ന കുടുംബാംഗങ്ങള്‍ക്കെല്ലാം ഒരുപോലെ ആസ്വദിക്കാവുന്ന വൈവിധ്യമാര്‍ന്ന വിനോദങ്ങളും ദൃശ്യവിസ്മയങ്ങളും ഉള്‍ക്കൊള്ളുന്ന വണ്ടര്‍ വാട്ടര്‍ഫാള്‍സ് എക്സിബിഷന്‍ തൃശ്ശൂര്‍ ശക്തന്‍ തമ്പുരാന്‍ നഗറില്‍. എല്ലാ ദിവസവും വൈകിട്ട് 3 മണി മുതല്‍ രാത്രി 9.30 വരെയാണ് എക്സിബിഷന്‍.
തെരഞ്ഞെടുപ്പ് പരാജയത്തില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന് ടി.പി. രാമകൃഷ്ണന്‍
തെരഞ്ഞെടുപ്പ് പരാജയത്തില്‍ ഏതെങ്കിലും വ്യക്തികള്‍ക്കല്ല ഉത്തരവാദിത്വമെന്നും വീഴ്ചയില്‍ പാര്‍ട്ടിയിലെ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. പാര്‍ട്ടിയേയും വര്‍ഗ ബഹുജനമുന്നണിയേയും ശക്തിപ്പെടുത്തുകയാണ് വിശാല സംസ്ഥാന സമിതിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കെ.കെ. രമയുടെ വിമർശനം
നേതൃത്വം ചെയ്തുകൂട്ടിയ രാഷ്ട്രീയ, സംഘടനാപരമായ തെറ്റുകള്‍ തിരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ സിപിഎം ടി.പി. ചന്ദ്രശേഖരനെ വെട്ടിനുറുക്കി കൊലപ്പെടുത്തിയ തെറ്റ് പൊതുസമൂഹത്തോട് ഏറ്റുപറയണമെന്ന് കെ.കെ. രമ. കോഴിക്കോട്ടെ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ പശ്ചാത്തലത്തിലാണ് കെ.കെ. രമയുടെ വിമര്‍ശനം.
ജി. സുധാകരന്റെ വെളിപ്പെടുത്തൽ
സി.പി.എം നേതാക്കളുടെ ഭാര്യമാര്‍ക്ക് താന്‍ ജോലി നല്‍കിയിട്ടുണ്ടെന്ന് ജി. സുധാകരന്‍ എംഎല്‍എ. എച്ച്. സലാമിന്റെയും പി.പി. ചിത്തരഞ്ജന്റെയും ഭാര്യമാര്‍ക്ക് സഹകരണ വകുപ്പിനു കീഴില്‍ ജോലി നല്‍കി. എന്നാല്‍ തന്റെ കുടുംബത്തിലെ ആര്‍ക്കും ജോലി നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മാസപ്പടിക്കേസില്‍ ചോദ്യം ചെയ്യല്‍ ഇന്നു മുതല്‍
മാസപ്പടിക്കേസില്‍ ആദ്യഘട്ട കുറ്റപത്രത്തിന് മുന്നോടിയായുള്ള അന്തിമഘട്ട ചോദ്യം ചെയ്യല്‍ ഇന്നു മുതല്‍. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ഇന്നു വീണ്ടും ചോദ്യം ചെയ്യും. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെ ഇനി ചോദ്യം ചെയ്യുന്നതില്‍ കൂടിയാലോചനകള്‍ക്ക് ശേഷമായിരിക്കും തീരുമാനം.
കെ. സുധാകരന്റെ ചോദ്യം
എന്തുകൊണ്ടാണ് പിണറായി വിജയനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മാത്രം ഇത്രയും അന്വേഷണങ്ങളെന്നും സംഘപരിവാറിനെതിരേ നിരന്തരം വിമര്‍ശിക്കുന്ന മറ്റ് ഇടതുനേതാക്കള്‍ക്കെതിരേ അന്വേഷണങ്ങള്‍ ഉണ്ടാകാത്തത് എന്തുകൊണ്ടെന്നും കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ എംപി. മടിയില്‍ കനമില്ലെങ്കില്‍ അന്വേഷണം നേരിടാന്‍ ഭയപ്പെടുന്നത് എന്തിനാണെന്നും സുധാകരന്‍ ചോദിച്ചു.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മര്‍ക്കസ് ആസ്ഥാനത്ത്
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മര്‍ക്കസ് ആസ്ഥാനത്ത്. പി കെ കുഞ്ഞാലിക്കുട്ടിക്കൊപ്പമാണ് സാദിഖലി തങ്ങള്‍ എ പി വിഭാഗത്തിന്റെ ആസ്ഥാനമായ മര്‍ക്കസിലെ പരിപാടിയില്‍ പങ്കെടുത്തത്. മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിന്റെ സന്ദര്‍ശനത്തിനിടെയാണ് ലീഗ് നേതാക്കള്‍ കാന്തപുരത്തെ കണ്ടത്. സമസ്ത പിളര്‍പ്പിന് ശേഷം ആദ്യമായാണ് ലീഗ് അധ്യക്ഷന്‍ എപി വിഭാഗത്തിന്റെ ആസ്ഥാനത്ത് എത്തുന്നത്.
ഇസ്ലാമിക നിയമങ്ങള്‍ തിരുത്തേണ്ടതല്ലെന്ന് കാന്തപുരം
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ വ്യക്തികള്‍ക്കോ വേണ്ടി തിരുത്തേണ്ടതല്ല ഇസ്ലാമിക നിയമങ്ങളെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍. ആരുടെയും അഭിപ്രായപ്രകാരമോ ഇഷ്ടമനുസരിച്ചോ അല്ല പണ്ഡിതന്‍മാര്‍ മതവിധികള്‍ പറയുന്നത്. അതുകൊണ്ട് തന്നെ ഒരിക്കല്‍ പറഞ്ഞ കാര്യം പിന്നീട് തിരുത്തി പറയേണ്ടതില്ലെന്നും കാന്തപുരം വ്യക്തമാക്കി.
ഗുരുവായൂരില്‍ റെക്കോഡ് കല്യാണം
ഗുരുവായൂരില്‍ റെക്കോഡ് കല്യാണം. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായിരുന്ന ഇന്നലെ 420 കല്യാണങ്ങളാണ് നടന്നത്.
ഹജ്ജ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തീയതി നീട്ടിനല്‍കണമെന്ന് ആവശ്യം
ഹജ്ജ് തീര്‍ത്ഥാടനത്തിന് തിരഞ്ഞെടുക്കപ്പെട്ട ഹാജിമാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള തീയതി നീട്ടിനല്‍കണമെന്ന് സംസ്ഥാന ഹജ്ജ് വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്‍ കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരണ്‍ റിജിജുവിന് കത്തയച്ചു. കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരില്‍ നല്ലൊരു പങ്കും വിദേശത്ത് ജോലി ചെയ്യുന്നവരാണ്.
ബേബി ജോണ്‍ അന്തരിച്ചു
തൃശൂരിലെ മുതിര്‍ന്ന സിപിഎം നേതാവും ട്രേഡ് യൂൂണിയന്‍ നേതാവുമായ ബേബി ജോണ്‍ അന്തരിച്ചു. 74 വയസായിരുന്നു. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
തൃത്താലയില്‍ എംഡിഎംഎ പിടികൂടി
തൃത്താല കുമരനല്ലൂരില്‍ 10 ലക്ഷത്തിലേറെ വിലവരുന്ന എംഡിഎംഎ പിടികൂടി. കെട്ടിടത്തിന്റെ അഴുക്കുചാലിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. കുമരനല്ലൂര്‍ വെള്ളാളൂര്‍ സ്വദേശി മുഹമ്മദ് റാഫി, പൊന്നാനി സ്വദേശികളായ മുഹമ്മദ് ഷഫീഖ്, അന്‍സാര്‍ എന്നിവര്‍ പൊലീസ് പിടിയിലായി.
പന്തീരാങ്കാവ് എംഡിഎംഎ കേസ്: രണ്ടുപേര്‍ കൂടി അറസ്റ്റില്‍
കോഴിക്കോട് പന്തീരാങ്കാവില്‍ രണ്ട് കിലോ എംഡിഎംഎ പിടികൂടിയ കേസില്‍ രണ്ടുപ്രതികള്‍ കൂടി അറസ്റ്റില്‍. നിലമ്പൂര്‍ ചോക്കാട് സ്വദേശി അജ്മല്‍, നഴ്സിങ് വിദ്യാര്‍ഥിനിയായ മലയിന്‍കീഴ് സ്വദേശി സൂര്യ എന്നിവരെയാണ് കോഴിക്കോട് പൊലീസ് നോയിഡയിലെ ഫ്ളാറ്റില്‍നിന്ന് പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം ആറായി.
വിജീഷ് മണിയുടെ ജീപ്പ് കത്തിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
ചലച്ചിത്ര സംവിധായകന്‍ വിജീഷ് മണിയുടെ ജീപ്പ് കത്തിച്ച കേസില്‍ രണ്ടുപേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂര്‍ പടിഞ്ഞാറെ നട മല്ലിശ്ശേരിപറമ്പ് സ്വദേശി ആദര്‍ശ് (22), ഗുരുവായൂര്‍ സ്വദേശി അസ്ലം(21) എന്നിവരെയാണ് ചാവക്കാട് എസ്എച്ച്ഒ പ്രീത ബാബുവിന്റെ നേതൃത്വത്തില്‍ പോലീസ് പിടികൂടിയത്.
മോട്ടോര്‍ മോഷ്ടിച്ചയാള്‍ പിടിയില്‍
കൃഷി ആവശ്യത്തിനായി പറമ്പില്‍ സ്ഥാപിച്ചിരുന്ന മോട്ടോര്‍ മോഷ്ടിച്ചയാള്‍ പിടിയില്‍. പത്തനംതിട്ട മുണ്ടുകോട്ടക്കല്‍ സ്വദേശി മുതുപാലക്കല്‍ വീട്ടില്‍ ശ്രീജിത്ത് ശിവരാജന്‍ (30) ആണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്. മോഷ്ടിച്ച മോട്ടോര്‍ ആക്രിക്കടയില്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മോഷ്ടാവ് പിടിയിലായത്.
സ്വര്‍ണാഭരണങ്ങളുമായി മുങ്ങിയ കേസ്
കോഴിക്കോട് കമ്മത്ത് ലെയ്നില്‍ സ്വര്‍ണവ്യാപാരികളെ കബളിപ്പിച്ച് 1.39 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളുമായി മുങ്ങിയ കേസില്‍ പ്രതി സഫര്‍നാസ് പിടിയിലായെങ്കിലും മോഷണം പോയ സ്വര്‍ണാഭരണങ്ങള്‍ ഇതുവരെ കണ്ടെത്താനായില്ല.
വാണിയംപാറയില്‍ കാര്‍ ഇടിച്ചു തെറിപ്പിച്ച് ഒരാള്‍ മരിച്ചു
വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാത വാണിയംപാറയില്‍ ബസ് കാത്തുനിന്ന നാലു പേരെ കാര്‍ ഇടിച്ചു തെറിപ്പിച്ചു. അപകടത്തില്‍ ഒരാള്‍ മരിച്ചു. വാണിയംപാറ പൊട്ടിമട സ്വദേശി അബ്ദുല്‍ റസാക്ക് ആണ് മരിച്ചത്. റസാക്കിന്റെ ഭാര്യ ഷക്കീല വാണിയംപാറ സ്വദേശികളായ പ്രദീപ്, മണികണ്ഠന്‍, എന്നിവര്‍ക്കു പരിക്കേറ്റു. കാറും ഡ്രൈവറെയും വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു.
തൃശൂരില്‍ ലഹരിമരുന്ന് വില്‍പ്പന നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍
തൃശൂരില്‍ ജിംനേഷ്യത്തിന്റേയും ബ്യൂട്ടിപാര്‍ലറിന്റേയും മറവില്‍ ലഹരിമരുന്ന് വില്‍പ്പന നടത്തിയ കേസില്‍ രണ്ടുപേരെ കൂടി വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. പഴുവില്‍ കുറുമ്പിലാവ് വില്ലേജ് കോട്ടം സ്വദേശി കളരിക്കല്‍ വീട്ടില്‍ ശരത് കുമാര്‍ (33) ഇരിങ്ങാലക്കുട മാപ്രാണം മാടായിക്കോണം സ്വദേശി അമ്പാട്ട് വീട്ടില്‍ വൈശാഖ് (32) എന്നിവരാണ് അറസ്റ്റിലായത്.
കുറ്റിക്കാട്ടൂരില്‍ അതിഥി തൊഴിലാളികള്‍ക്ക് നേരെ ആക്രമണം
കുറ്റിക്കാട്ടൂരില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന മുറികളില്‍ കയറി നാലംഗ സംഘത്തിന്റെ ആക്രമണം. കത്തികാണിച്ച് ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണും പണവും കവരാന്‍ ശ്രമിച്ചെന്നാണ് അതിഥി തൊഴിലാളികളുടെ പരാതി.
ബ്രിക്സ് ഉച്ചകോടി സമാപിച്ചു
ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ രണ്ടു ദിവസമായി നടന്ന ബ്രിക്സ് ഉച്ചകോടി സമാപിച്ചു. അധ്യക്ഷത വഹിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത രാഷ്ട്രത്തലവന്മാര്‍ക്ക് നന്ദി അറിയിച്ചു. ബ്രിക്സ് കേവലം രാജ്യങ്ങളുടെ കൂട്ടായ്മയല്ലെന്നും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്ന സംവിധാനം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. സമാപനത്തില്‍ ഇറാന്‍ പ്രസിഡന്റിനെ മോദി ആലിംഗനം ചെയ്തതും ശ്രദ്ധേയമായി.
ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് അത്താഴവിരുന്നില്‍ നിന്ന് വിട്ടുനിന്നു
പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നില്‍ നിന്ന് വിട്ടുനിന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തിരുന്നു. കേന്ദ്രമന്ത്രിമാരും വിവിധ മുഖ്യമന്ത്രിമാരും മോദി സംഘടിപ്പിച്ച അത്താഴവിരുന്നില്‍ പങ്കെടുത്തു. പച്ചക്കറി വിഭവങ്ങളാണ് വിരുന്നില്‍ വിളമ്പിയിരുന്നത്.
ബ്രിക്സ് ഉച്ചകോടിയിലെ സസ്യഭക്ഷണത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി
ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കള്‍ക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യക്കാരില്‍ 80 ശതമാനം ആളുകളും നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവരാണെന്നും ഇന്ത്യന്‍ നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണം എന്റെ സഹോദരി ഉണ്ടാക്കുന്ന ചോലെ ബട്ടൂരെ പോലെ തന്നെ വളരെ രുചികരമാണെന്നും രാഹുല്‍.
ബംഗാളില്‍ അംഗീകാരമില്ലാത്ത മദ്രസകള്‍ അടച്ചുപൂട്ടിച്ചു
ബംഗാളില്‍ അംഗീകാരമില്ലാത്ത 252 മദ്രസകള്‍ അടച്ചുപൂട്ടിച്ചു. നൂറോളം മദ്രസകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും അയച്ചിട്ടുണ്ട്. അംഗീകാരമില്ലാത്ത മദ്രസകളെ കണ്ടെത്താന്‍ നടത്തിയ സംസ്ഥാനതല സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.
ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍നായരുടെ പ്രതികരണം
ഇന്ത്യന്‍ ബഹിരാകാശ വിപണിക്ക് 800 കോടിയിലേറെ ഡോളറിന്റെ മൂല്യമുണ്ടെന്ന കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗിന്റെ പാര്‍ലമെന്റിലെ അവകാശവാദം ഊതിപ്പെരുപ്പിച്ചതാണെന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍നായര്‍. 10 വര്‍ഷം കൊണ്ട് 4000 കോടി ഡോളിലെത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഇന്റര്‍ നാഷണല്‍ സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ 200 കോടി ഡോളറിന്റെ മൂല്യമെന്നാണു കണക്കാക്കിയിരിക്കുന്നത്. എന്‍സില്‍ മേധാവി നിയമനം വൈകുന്നതിന് പിന്നില്‍ അനാവശ്യ ഇടപെടലുകളാണെന്നും ജി മാധവന്‍ നായര്‍ പറഞ്ഞു.
ഡല്‍ഹിയിലെ ചേരിപ്രദേശങ്ങള്‍ മറച്ച നടപടി പരിഹാസ്യമെന്ന് കോണ്‍ഗ്രസ്
ബ്രിക്സ് ഉച്ചകോടി നടക്കുന്നതിനാല്‍ ഡല്‍ഹിയിലെ ചേരിപ്രദേശങ്ങള്‍ മറച്ച നടപടി പരിഹാസ്യമെന്ന് കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാജയങ്ങളാണ് മറച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ആരോപിച്ചു.
ഗോവയില്‍ പുതിയ സഖ്യം പ്രഖ്യാപിച്ച് ആംആദ്മി പാര്‍ട്ടി
ഗോവയില്‍ പുതിയ സഖ്യം പ്രഖ്യാപിച്ച് ആംആദ്മി പാര്‍ട്ടി. ഫെബ്രുവരിയില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുമായി ചേര്‍ന്ന് ഗോവ ഫസ്റ്റ് എന്ന പേരിലാണ് പുതിയ സഖ്യം. ഗോവയിലെത്തി പ്രഖ്യാപനം നടത്തിയ കെജരിവാള്‍, സഖ്യം കോണ്‍ഗ്രസിനും , ബിജെപിക്കും വെല്ലുവിളിയാകുമെന്ന് അവകാശപ്പെട്ടു.
തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികള്‍ തനിച്ചു മത്സരിക്കാന്‍ തീരുമാനം
തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികള്‍ തനിച്ചു മത്സരിക്കാന്‍ തീരുമാനിച്ചു. ഇതോടെ വിജയ്യുടെ ടിവികെക്ക് അപ്രതീക്ഷിത വെല്ലുവിളി ഉയര്‍ന്നു. പ്രധാന മുന്നണികളിലൊന്നും ഉള്‍പ്പെടാതെ തനിച്ചു മത്സരിക്കുന്ന സിപിഎം മധുരാന്തകത്തും സിപിഐ ധരാപുരത്തും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും.
നാഗാലാന്‍ഡില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു
നാഗാലാന്‍ഡിലെ ടുഎന്‍സാങ് ജില്ലയില്‍ വിഷമദ്യം കഴിച്ചതിനെ തുടര്‍ന്ന് 9 പേര്‍ മരിച്ച സംഭവത്തില്‍ സംസ്ഥാനത്തുടനീളം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ടുഎന്‍സാങ്ങിലെ സിവില്‍ ആശുപത്രിയിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഒമാന്‍ തീരത്ത് കപ്പലിന് നേരേ ആക്രമണം
ഒമാന്‍ തീരത്ത് ഇന്ത്യന്‍ നാവികരുമായി സഞ്ചരിച്ച കപ്പലിന് നേരേ ആക്രമണം. പനാമ പതാകയുള്ള എംടി എല്‍ ഗയ എന്ന കപ്പലില്‍ ഉണ്ടായിരുന്ന 14 ഇന്ത്യന്‍ ജീവനക്കാരില്‍ 13 പേരെ രക്ഷിച്ചു. ഒരാളെ കാണാതായി.
ഉസാമ ബിന്‍ ലാദന്റെ ലക്ഷ്യങ്ങളില്‍ ഇന്ത്യയും
അല്‍ ഖ്വയ്ദ മുന്‍ തലവന്‍ ഉസാമ ബിന്‍ ലാദന്‍ ആക്രമിക്കാന്‍ ലക്ഷ്യമിട്ടിരുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ പുറത്തുവിട്ട അതീവ രഹസ്യ രേഖയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ലോകത്തെ നടുക്കിയ സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് ബിന്‍ ലാദനുമായി ബന്ധപ്പെട്ട എഴുപതിലധികം ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ സിഐഎ പരസ്യമാക്കി.
കാനഡയില്‍ വാടകക്കാരനെ ഉപദ്രവിച്ചെന്ന വാര്‍ത്ത തെറ്റെന്ന് രാജ് തിവാന
കാനഡയില്‍ വാടകക്കാരനെ ഉപദ്രവിച്ചതിനു പോലീസ് കസ്റ്റഡിയിലെടുത്ത തന്നെ ഉടനേ വിട്ടയച്ചെന്നും വീഡിയോക്കൊപ്പം പ്രചരിക്കുന്നതു തെറ്റായ വിവരങ്ങളാണെന്നും ഇന്ത്യന്‍ വംശജയായ വീട്ടുടമ രാജ് തിവാന. ബീഫ് പാചകം ചെയ്തതിനല്ല, വീട്ടുവാടക തരാത്തതിനും വീടു മോശമാക്കിയതിനുമാണ് വീടൊഴിഞ്ഞു പോകണമെന്ന് ഞാന്‍ ആവശ്യപ്പെട്ടത്. ടെനന്‍സി ബോര്‍ഡില്‍ പരാതി നല്‍കിയിരുന്നു. ബോര്‍ഡിന്റെ ഉത്തരവനുസരിച്ച് ഒഴിഞ്ഞുപോയ വാടകക്കാരന്‍ ഒരാഴ്ചയ്ക്കു ശേഷമാണ് പഴയ വീഡിയോ പ്രചരിപ്പിച്ചതെന്നും രാജ് തിവാന.
യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം അലക്സാണ്ടര്‍ സ്വരേവിന്
യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവിന്. അമേരിക്കയുടെ ബെന്‍ ഷെല്‍ട്ടണെ ഒന്നിനെതിരേ മൂന്ന് സെറ്റുകള്‍ക്ക് കീഴടക്കിയാണ് സ്വരേവ് തന്റെ ആദ്യ യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്.
യുഎസ് ഓപ്പണ്‍ വനിതാ വിഭാഗത്തില്‍ എലേന റൈബക്കിന ചാമ്പ്യന്‍
യുഎസ് ഓപ്പണ്‍ വനിതാ വിഭാഗത്തില്‍ കസാഖിസ്ഥാന്‍കാരി എലേന റൈബക്കിന ചാമ്പ്യന്‍. നിലവിലെ ചാമ്പ്യന്‍ ബെലാറസിന്റെ ആര്യന സബലെങ്കയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് കീഴടക്കിയാണ് റൈബക്കിന ജേതാവായത്. പരാജയപ്പെട്ട സബലേങ്ക റാക്കറ്റ് എറിഞ്ഞുടച്ചും തന്റെ വീഡിയോ പകര്‍ത്തിയ ക്യാമറപേഴ്‌സണോട് ദേഷ്യപ്പെട്ടുമാണ് കളിക്കളം വിട്ടത്.
വനിതാ ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യയ്ക്ക്
വനിതാ ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യയ്ക്ക്. ഫൈനലില്‍ ശ്രീലങ്കന്‍ വനിതകളെ 72 റണ്‍സിനാണ് ഇന്ത്യന്‍ വനിതകള്‍ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 68 റണ്‍സെടുത്ത ഷെഫാലി വര്‍മയുടേയും 59 റണ്‍സെടുത്ത സ്മൃതി മന്ദാനയുടേയും കരുത്തില്‍ നിശ്ചിത 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് നേടി. 184 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 19.6 ഓവറില്‍ 111 റണ്‍സിന് ഓള്‍ഔട്ടായി.
അഫ്ഗാനിസ്ഥാനെതിരെ ആദ്യ ടി20യില്‍ ഇന്ത്യക്ക് ജയം
അഫ്ഗാനിസ്ഥാനെതിരെ ആദ്യ ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ 157 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 13.4 ഓവറില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. 32 പന്തില്‍ 82 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
ജോ റൂട്ടിന് ലോക റെക്കോര്‍ഡ്
സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മറ്റൊരു ലോക റെക്കോര്‍ഡ് കൂടി മറികടന്ന് ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ജോ റൂട്ട്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറികള്‍ നേടുന്ന താരമെന്ന നേട്ടമാണ് മുപ്പത്തഞ്ചുകാരനായ റൂട്ട് സ്വന്തമാക്കിയത്. പാകിസ്ഥാനതിരായ മൂന്നാം ടെസ്റ്റില്‍ പുറത്താകാതെ 62 റണ്‍സ് നേടിയാണ് റൂട്ട് സച്ചിനെ മറികടന്നത്.
ടാറ്റ സണ്‍സിന് തിരിച്ചടി
ടാറ്റ ഗ്രൂപ്പിന്റെ പ്രധാന ഹോള്‍ഡിങ് കമ്പനിയായ ടാറ്റ സണ്‍സിന് കനത്ത തിരിച്ചടി. നോണ്‍-ബാങ്കിംഗ് ഫിനാന്‍സ് കമ്പനി ലൈസന്‍സ് സ്വമേധയാ തിരികെ നല്‍കാനുള്ള അപേക്ഷ റിസര്‍വ് ബാങ്ക് തള്ളി. ലൈസന്‍സ് റദ്ദാക്കിക്കൊണ്ട് സ്വകാര്യ കമ്പനിയായി തുടരാനുള്ള കമ്പനിയുടെ നീക്കമാണ് ഇതിലൂടെ പരാജയപ്പെട്ടത്. അപേക്ഷ അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കേന്ദ്ര ബാങ്ക്, കമ്പനിയോട് അടിയന്തരമായി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനുള്ള നടപടികളുമായി മുന്നോട്ടുപോകാന്‍ ആവശ്യപ്പെട്ടു. സെബി നിയമപ്രകാരം അപ്പര്‍-ലെയര്‍ എന്‍ബിഎഫ്സി വിഭാഗത്തില്‍പ്പെടുന്ന ടാറ്റ സണ്‍സ് നിശ്ചിത സമയപരിധിക്കുള്ളില്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യേണ്ടതുണ്ട്. 66 ശതമാനം ഓഹരികളും ചാരിറ്റബിള്‍ ട്രസ്റ്റുകളുടെ കൈവശമായതിനാല്‍ ലിസ്റ്റിങ്ങിനോട് ടാറ്റ ട്രസ്റ്റിന് താല്‍പര്യമില്ലായിരുന്നു. എന്നാല്‍ കമ്പനിയില്‍ 18 ശതമാനം ഓഹരിയുള്ള ഷാപ്പൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ് ലിസ്റ്റിങ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇന്‍സ്റ്റഗ്രാമിന്റെ പുതിയ ഫീച്ചര്‍
സ്വന്തം പ്രൊഫൈലില്‍ പ്രദര്‍ശിപ്പിക്കുന്ന ഉള്ളടക്കത്തിന്മേല്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണം നല്‍കുന്ന ഒരു പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. ഇനി മുതല്‍ മറ്റുള്ളവര്‍ ടാഗ് ചെയ്യുന്ന പോസ്റ്റുകള്‍ സ്വന്തം പ്രൊഫൈല്‍ ഗ്രിഡിലേക്ക് നേരിട്ട് ചേര്‍ക്കാന്‍ ഈ പുതിയ ഫീച്ചറിലൂടെ സാധിക്കും. ഇതിനായി ഉപയോക്താക്കള്‍ ചിത്രങ്ങളോ വീഡിയോകളോ വീണ്ടും അപ്ലോഡ് ചെയ്യുകയോ റീപോസ്റ്റ് ചെയ്യുകയോ ചെയ്യണ്ട. യാത്രകള്‍, പാര്‍ട്ടികള്‍, കണ്‍സര്‍ട്ടുകള്‍ തുടങ്ങിയ ഗ്രൂപ്പ് ഒത്തുചേരലുകളില്‍ സുഹൃത്തുക്കള്‍ എടുക്കുന്ന ചിത്രങ്ങളില്‍ നമ്മളെ ടാഗ് ചെയ്യുമ്പോള്‍, ടാഗ് ചെയ്ത യഥാര്‍ത്ഥ പോസ്റ്റ് തന്നെ ഉപയോക്താക്കള്‍ക്ക് അവരുടെ ഗ്രിഡില്‍ ഉള്‍പ്പെടുത്താം. ഇന്‍സ്റ്റഗ്രാമിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ടാഗ് ചെയ്യപ്പെട്ട പോസ്റ്റുകള്‍ പ്രൊഫൈലിലേക്ക് ചേര്‍ക്കാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. പിന്നീട് ഈ പോസ്റ്റുകള്‍ പ്രധാന ഗ്രിഡില്‍നിന്ന് ഒഴിവാക്കിയാലും യഥാര്‍ത്ഥ അപ്ലോഡ് ഡിലീറ്റ് ചെയ്യപ്പെടില്ല.
‘ബെത്ലഹേം കുടുംബ യൂണിറ്റ്’ 300 കോടി ക്ലബ്ബില്‍
300 കോടി ക്ലബ്ബില്‍ ഇടംപിടിച്ച് ‘ബെത്ലഹേം കുടുംബ യൂണിറ്റ്’. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ 300 കോടി ക്ലബ്ബ് ചിത്രമായിരിക്കുകയാണ് ഇതോടെ ബെത്ലഹേം. കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ലോക: ചാപ്റ്റര്‍ 1 ചന്ദ്രയാണ് ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയ മലയാള ചിത്രം. എന്നാല്‍ ലോകയെ അപേക്ഷിച്ച് അതിവേഗമായിരുന്നു ബെത്ലഹേമിന്റെ ബോക്സ് ഓഫീസ് കുതിപ്പ്. ലോകയുടെ ലൈഫ് ടൈം കളക്ഷന്‍ 302- 304 കോടി റേഞ്ചില്‍ ആയിരുന്നുവെങ്കില്‍ ബെത്ലഹേം 300 കോടി ക്ലബ്ബില്‍ എത്തിയിരിക്കുന്നത് വെറും 23 ദിവസം കൊണ്ടാണ്. അതിനാല്‍ത്തന്നെ ചിത്രത്തിന്റെ ഫൈനല്‍ ഗ്രോസ് നിലവില്‍ പ്രെഡിക്റ്റ് ചെയ്യാന്‍ സാധിക്കില്ല. ചിത്രം 300 കോടി ക്ലബ്ബില്‍ എത്തിയതായി ട്രാക്കര്‍മാര്‍ അറിയിക്കുന്ന സമയത്തും ബുക്ക് മൈ ഷോയില്‍ നിലവില്‍ മണിക്കൂറില്‍ 8600 ല്‍ അധികം ടിക്കറ്റുകളാണ് ചിത്രം വിറ്റുകൊണ്ടിരിക്കുന്നത്.
‘ഹനുമാന്‍ അന്‍ഷ്’ 200 കോടി ക്ലബ്ബില്‍
ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ അപൂര്‍വ്വമായ നേട്ടം കൈവരിച്ച് വിശാല്‍ ചതുര്‍വേദി രചനയും സംവിധാനവും നിര്‍വഹിച്ച ‘ഹനുമാന്‍ അന്‍ഷ്’. ചിത്രം ബോക്സ് ഓഫീസില്‍ 200 കോടി രൂപ കളക്ഷന്‍ പിന്നിട്ടു. ആത്മീയ ഗുരുവായ നീം കരോലി ബാബയുടെ ജീവിതത്തെ അടിസ്ഥാനമാക്കി നിര്‍മിച്ച ഈ ചിത്രം കേവലം 2 കോടി രൂപ ബജറ്റിലാണ് ഒരുക്കിയത്. കുറഞ്ഞ ബജറ്റില്‍ നിര്‍മിച്ച് 200 കോടി ക്ലബ്ബില്‍ ഇടംനേടുന്ന ഇന്ത്യന്‍ ചിത്രമെന്ന ഖ്യാതിയും ഇതോടെ ഈ ചിത്രത്തിന് സ്വന്തമായി. അമ്മയുടെ വേര്‍പാടിന് ശേഷം ദൈവത്തെയും ജീവിത തത്ത്വങ്ങളെയും തേടി ഉത്തരേന്ത്യയിലുടനീളം യാത്ര ചെയ്യുകയും പിന്നീട് നീം കരോലി ബാബയായി മാറുകയും ചെയ്യുന്ന ലക്ഷ്മീനാരായണന്‍ എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. ശോഭിനവ് സത്യ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ വിഹാന്‍ ഷെഡ്ഗെ, ചന്ദന്‍ കെ. ആനന്ദ്, പൂര്‍ണിമ തിവാരി, അനില്‍ രാസ്തോഗി, ഗുല്‍ഷന്‍ പാണ്ഡെ, ഭഗവാന്‍ദാസ് പട്ടേല്‍ എന്നിവരുമുണ്ട്.
ബിഎംഡബ്ല്യു ഐ7-ന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് ഇന്ത്യന്‍ വിപണിയില്‍
ആഡംബര ഇലക്ട്രിക് സെഡാന്‍ ശ്രേണിയില്‍ പുതിയ പരിഷ്‌കരണങ്ങളുമായി ബിഎംഡബ്ല്യു. കമ്പനിയുടെ ജനപ്രിയ ഇലക്ട്രിക് സെഡാനായ ഐ7-ന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഡിസൈന്‍, ബാറ്ററി, സാങ്കേതികവിദ്യ, പെര്‍ഫോമന്‍സ് എന്നിവയില്‍ നിരവധി അപ്‌ഡേറ്റുകളാണ് പുതിയ മോഡലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ ഐ7 ഇഡ്രൈവ്50-ന് 1.95 കോടി മുതലാണ് എക്‌സ്‌ഷോറൂം വില. കൂടുതല്‍ കരുത്തുറ്റ ഐ7 എം70 എക്‌സ്‌ഡ്രൈവിന് 2.65 കോടി എക്‌സ്‌ഷോറൂം വില വരും. പുതിയ ഐ7-യിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം ബാറ്ററി പാക്കിലാണ്. മുന്‍ മോഡലിലുണ്ടായിരുന്ന 101.7 കിലോവാട്ട് ബാറ്ററിക്ക് പകരം 112.5 കിലോവാട്ട് ബാറ്ററിയാണ് പുതിയ മോഡലില്‍ നല്‍കിയിരിക്കുന്നത്. മുന്‍ മോഡലിനെ അപേക്ഷിച്ച് ഏകദേശം 125 കിലോമീറ്ററിന്റെ അധിക റേഞ്ചാണിതിന്. എം70 എക്‌സ്‌ഡ്രൈവിന് 686 കിലോമീറ്റര്‍ വരെ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്.
വേനല്‍ക്കാലത്തെ ആരോഗ്യപ്രശ്നങ്ങളും പ്രതിവിധികളും
അമിതമായ ചൂടും നിര്‍ജലീകരണവും മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ കൂടിവരികയാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനും അകം തണുപ്പിക്കുന്നതിനും ഡയറ്റില്‍ ചില മാറ്റങ്ങള്‍ വരുത്താം. ഏതാണ്ട് 95 ശതമാനവും ജലാംശം അടങ്ങിയ വെള്ളരിക്ക, കക്കരിക്ക പോലുള്ളവ വേനല്‍ക്കാലത്ത് ധാരാളം കഴിക്കുന്നത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും നിര്‍ജ്ജലീകരണം ഒഴിവാക്കാനും സഹായിക്കും. മാത്രമല്ല, ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കാനും സഹായിക്കും. പ്രകൃതിദത്തമായ ഇലക്ട്രോലൈറ്റുകളുടെ കലവറയാണ് കരിക്കിന്‍ വെള്ളം. കഠിനമായ ചൂടില്‍ ശരീരത്തില്‍ നിന്ന് നഷ്ടമാകുന്ന പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കള്‍ വീണ്ടെടുക്കാന്‍ കരിക്കിന്‍ വെള്ളം കുടിക്കുന്നത് സഹായിക്കും. ശരീരത്തില്‍ ക്ഷീണം അകറ്റി, ശരീരത്തിന് ഊര്‍ജ്ജം പകരാനും ജലാംശം നിലനിര്‍ത്താനും ഇത് സഹായിക്കും. ഭക്ഷണത്തിന് രുചിയും മണവും നല്‍കാന്‍ മാത്രമല്ല, ശരീരത്തെ തണുപ്പിക്കാനും പുതിനയിലയ്ക്ക് പ്രത്യേക കഴിവുണ്ട്. പുതിനയില ചേര്‍ത്ത വെള്ളമോ ചായയോ കുടിക്കുന്നത് ഉന്മേഷം നല്‍കും. ഇതിലെ മെന്തോള്‍ ഘടകങ്ങള്‍ ശരീരത്തിലെ ചൂട് നിയന്ത്രിക്കാന്‍ സഹായിക്കുന്നവയാണ്. തണ്ണിമത്തനിലെ ഉയര്‍ന്ന ജലാംശവും ലൈക്കോപീന്‍ പോലുള്ള ആന്റിഓക്‌സിഡന്റുകളും സൂര്യതാപം മൂലമുള്ള ചര്‍മ്മപ്രശ്നങ്ങളെ തടയാന്‍ സഹായിക്കുന്നു. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും തണ്ണിമത്തന്‍ മികച്ചതാണ്.





























