മഴക്കെടുതി: സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 12 ആയി
മഴക്കെടുതിയില്‍ നാലു പേര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 12 ആയി. കണ്ണൂര്‍ കൂത്തുപറമ്പില്‍ തോട്ടിന്‍കരയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൈതേരി ഇടത്തില്‍ രാരിഷ്, കാപ്പാട് വെള്ളക്കെട്ടില്‍ വീണ് ചികിത്സയിലിരിക്കെ മരിച്ച രണ്ടു വയസ്സുകാരന്‍ മാസിന്‍, തിരുവനന്തപുരത്തുനിന്നു കാണാതായി മൃതദേഹം കണ്ടെത്തിയ മത്സ്യത്തൊഴിലാളികളായ ഫ്രീമോന്‍, ആന്റണി എന്നിവരാണ് ഇന്നലെ മരിച്ചത്. കൊല്ലം, കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ കടലില്‍ കാണാതായ ആറു പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. മഴമൂലം 27 വീടുകള്‍ പൂര്‍ണ്ണമായും 196 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5792 പേരെ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.
11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
കനത്ത മഴമൂലം 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെയും ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍, കുട്ടനാട് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമാണ്.
ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; വിവിധയിടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. പത്തനംതിട്ട ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം. മലയോര മേഖലയില്‍ ജാഗ്രത അനൗണ്‍സ്മെന്റ് നടത്തി. കക്കട്ടാറിന്റെയും പമ്പയാറിന്റെയും തീരത്തു മിന്നല്‍ പ്രളയ മുന്നറിയിപ്പ് നല്‍കി. നിറപുത്തരിക്കായി ശബരിമല നട തുറന്നെങ്കിലും ശബരിമല തീര്‍ത്ഥാടകരെ പമ്പയിലേക്ക് കടത്തിവിടുന്നില്ല. കോഴിക്കോട്ട് കക്കയം ഡാമിന്റെ ഷട്ടര്‍ തുറന്നു. മണ്ണിടിച്ചിലിനു സാധ്യതയുള്ള ദേശീയപാത 85-ല്‍ നേര്യമംഗലം മുതല്‍ അടിമാലി വരെ ഗതാഗതം നിരോധിച്ചു.
മഴ മുന്നറിയിപ്പുകള്‍ നല്‍കുന്നതില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി
മഴ മുന്നറിയിപ്പുകള്‍ നല്‍കുന്നതില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ്. ആദ്യം ഓറഞ്ച് അലേര്‍ട്ട് നല്‍കുന്നതും പിന്നീട് അതില്‍ മാറ്റം വരുത്തുന്നതുമെല്ലാം സ്വാഭാവികമാണ്. റഡാറിലെ ഡാറ്റ മാറുന്നതിന് അനുസരിച്ചാണ് മാറ്റങ്ങള്‍ വരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
വീണ വിജയനെതിരായ അന്വേഷണം തടസപ്പെടുത്താനാണ് ആക്രമണമെന്ന് എന്‍ഫോഴ്സ്മെന്റ്
വീണ വിജയനെതിരായ അന്വേഷണം തടസപ്പെടുത്താനാണ് തങ്ങള്‍ക്കെതിരേ ആക്രമണം നടത്തിയതെന്ന് എന്‍ഫോഴ്സ്മെന്റ് ഹൈക്കോടതിയില്‍. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതു ഭയപ്പെടുത്തി പിന്തിരിപ്പിക്കാനായിരുന്നെന്ന് പ്രതികളുടെ ജാമ്യ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് എന്‍ഫോഴ്സ്മെന്റ് വാദിച്ചു.
ഉച്ചഭക്ഷണ പദ്ധതിക്ക് 649 കോടി രൂപ അനുവദിച്ചു
സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലെ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ വിഹിതത്തിന് 2026-27 സാമ്പത്തിക വര്‍ഷം 649 കോടി രൂപ അനുവദിച്ചു. പി എം പോഷന്‍ പദ്ധതിയുടെ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതത്തിനാണ് ഭരണാനുമതി.
കേന്ദ്ര സര്‍ക്കാര്‍ എസ്ഡിആര്‍ഫ് ഫണ്ട് അനുവദിച്ചു; കേരളം പട്ടികയിലില്ല
പ്രളയ ബാധിത സംസ്ഥാനങ്ങള്‍ക്ക് 2117.85 കോടി രൂപ എസ്ഡിആര്‍ഫ് ഫണ്ട് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രളയ, മണ്ണിടിച്ചില്‍ ബാധിത സംസ്ഥാനങ്ങള്‍ക്കാണ് തുക അനുവദിച്ചത്. എന്നാല്‍, പട്ടികയില്‍ കേരളം ഇല്ല.
കനത്ത മഴ: കര്‍ണാടകത്തിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടു
കനത്ത മഴയെത്തുടര്‍ന്ന് റെയില്‍ പാളത്തിലേക്കു മണ്ണിടിഞ്ഞുവീണതിനാല്‍ കര്‍ണാടകത്തിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടു. കര്‍ണാടക സക്ലേശ്പുരിലാണു റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞത്. കോഴിക്കോട്-ബെംഗളൂരു എക്സ്പ്രസ് പാതിവഴിയില്‍ സര്‍വീസ് നിര്‍ത്തി. മംഗളൂരു-യശ്വന്ത്പുര റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.
അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സര്‍ക്കാരും വകുപ്പും സജ്ജമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ്
അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സര്‍ക്കാരും വകുപ്പും സജ്ജമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ്. നടപടികള്‍ ഏകോപിക്കുന്നതിന് ജില്ല ജോയിന്റ് ഡയറക്ടര്‍മാരുടെ യോഗം ചേര്‍ന്നു. ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകാര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു.
കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന് 11 കോടിയിലധികം രൂപയുടെ സ്വര്‍ണം പിടികൂടി
കേരളത്തിലെ വിമാനത്താവളങ്ങളില്‍നിന്ന് കഴിഞ്ഞ രണ്ടാഴ്ച പതിനാല് കേസുകളിലായി 11 കോടിയിലധികം രൂപ വിലയുള്ള എട്ടു കിലോ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു. ആറ് മലയാളികളും മൂന്ന് തമിഴ്നാട്ടുകാരും ഉള്‍പ്പടെ ഒമ്പതു പേരെ കസ്റ്റംസ് അറസ്റ്റു ചെയ്തു.
റവന്യൂ വകുപ്പിന്റെ എച്ച്ആര്‍എംഎസ് പോര്‍ട്ടലില്‍ അപേക്ഷക അറിയാതെ തിരിമറി
സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ എച്ച്ആര്‍എംഎസ് പോര്‍ട്ടലില്‍ അപേക്ഷക അറിയാതെ തിരിമറി. ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റിലെ ഭരണാനുകൂല സംഘടനാ നേതാവാണ് അപേക്ഷയുടെ മുന്‍ഗണനാ ക്രമത്തില്‍ അനധികൃതമായ തിരുത്തലുകള്‍ നടത്തിയത്.
പുനര്‍ഗേഹം പദ്ധതി തുക 20 ലക്ഷമായി ഉയര്‍ത്തണമെന്ന് ആവശ്യം
പുനര്‍ഗേഹം പദ്ധതി തുക 20 ലക്ഷമായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍ എംപി മുഖ്യമന്ത്രി വി ഡി സതീശന് കത്തു നല്‍കി. കടലാക്രമണ ഭീഷണി നേരിടുന്ന തീരദേശവാസികളെ പുനരധിവസിപ്പിക്കനാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചത്. വീടും സ്ഥലവും വാങ്ങാനും പുതിയ വീട് നിര്‍മ്മിക്കുന്നതിനുമായി 10 ലക്ഷം രൂപയാണ് പദ്ധതിക്ക് വകയിരുത്തിയത്.
മുഖ്യമന്ത്രി ഭക്ഷണവിരുന്നില്‍ പങ്കെടുത്തതിനെച്ചൊല്ലി വിവാദം
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായിരിക്കെ മുഖ്യമന്ത്രി വി ഡി സതീശന്‍ ഭക്ഷണവിരുന്നില്‍ പങ്കെടുത്തതിനെച്ചൊല്ലി വിവാദം. മലപ്പുറം പൊന്നാനിയില്‍ യൂത്ത് ലീഗ് നേതാവിന്റെ വീട്ടില്‍ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവച്ചാണ് സിപിഎം നേതാക്കളുടെ വിമര്‍ശനം.
സാനു മാസ്റ്ററുടെ ചരമവാര്‍ഷിക അനുസ്മരണം: പിണറായി വിജയന്റെ പ്രസംഗം
തുടര്‍ ഭരണം അപകടമാണെന്നു തോന്നി ഇടതുപക്ഷത്തെ കരിവാരിത്തേച്ച് സ്വന്തം യശസ്സ് ഉയര്‍ത്താന്‍ എം.കെ. സാനു മാഷ് ശ്രമിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സാനു മാസ്റ്ററുടെ ചരമവാര്‍ഷിക അനുസ്മരണത്തില്‍ എഴുത്തുകാരി എം ലീലാവതി ടീച്ചര്‍ക്ക് സാനു മാസ്റ്റര്‍ സ്മാരക പുരക്സ്‌കാരം സമ്മാനിച്ചു സംസാരിക്കുകയായിരുന്നു പിണറായി. ഇടത് സഹയാത്രികനായ കവി കെ സച്ചിദാനന്ദനെതിരെയാണു പരോക്ഷ വിമര്‍ശനം. ലീലാവതി ടീച്ചറുടെ വീട്ടിലെത്തിയാണ് ഒരു ലക്ഷം രൂപയും ശില്പവും കീര്‍ത്തി പത്രവും അടങ്ങുന്ന പുരസ്‌കാരം സമ്മാനിച്ചത്.
കേരളത്തിലെ മഴക്കെടുതിയില്‍ ദുഃഖം രേഖപ്പെടുത്തി രാഹുല്‍ ഗാന്ധി
കേരളത്തിലെ മഴക്കെടുതിയില്‍ കനത്ത നാശനഷ്ടങ്ങളും ജീവഹാനിയും സംഭവിച്ചതില്‍ ദുഃഖം രേഖപ്പെടുത്തി ലോക്സഭ പ്രതിപക്ഷ നേതാവും വയനാട് മുന്‍ എംപിയുമായ രാഹുല്‍ ഗാന്ധി. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി അദ്ദേഹം പറഞ്ഞു.
പി.സി.ജോര്‍ജിന്റെ വീട്ടിലും വെള്ളം കയറി
ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.സി.ജോര്‍ജിന്റെ പൂഞ്ഞാറിലെ വീട്ടിലും വെള്ളം കയറി. വീട്ടിലും പൂഞ്ഞാറില്‍ ഭാര്യ നടത്തിയിരുന്ന കടയിലുമായി ഏതാണ്ട് 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് പിസി ജോര്‍ജ്ജ്.
തൃശൂര്‍ വടക്കേക്കാട് ജ്വല്ലറി മോഷണശ്രമം: രണ്ട് പ്രതികള്‍ പിടിയില്‍
തൃശൂര്‍ വടക്കേക്കാട് നായരങ്ങാടിയില്‍ ജ്വല്ലറിയുടെ ചുവര്‍ തുരന്ന് മോഷണം നടത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പ്രതികള്‍ പിടിയില്‍. ഒട്ടനവധി ക്രിമിനല്‍ കേസുകളില്‍ പ്രതി ഓട്ടോ സുഹൈല്‍ എന്ന് വിളിക്കുന്ന സുഹൈല്‍, പാലപ്പെട്ടി സ്വദേശി നൗഷാദ് എന്നിവരെയാണ് പിടികൂടിയത്.
പത്തനംതിട്ടയിലെ വ്യാപാരികള്‍ക്ക് കോടികളുടെ പ്രളയനഷ്ടം
പ്രളയത്തില്‍ പത്തനംതിട്ടയിലെ വ്യാപാരികള്‍ക്ക് കോടികളുടെ നഷ്ടം. ഓണ വിപണി മുന്നില്‍കണ്ട് എടുത്ത സ്റ്റോക്ക് ഒറ്റരാത്രികൊണ്ട് നശിച്ചു. റാന്നി നഗരത്തില്‍ വെള്ളമൊഴിഞ്ഞതിന് പിന്നാലെ റോഡും കടകളും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ വൃത്തിയാക്കി.
കൊച്ചിയില്‍ കണ്ടെയ്നര്‍ കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു
കൊച്ചിയില്‍ കണ്ടെയ്നര്‍ കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഇന്നലെ രാത്രി എത്തിയ എസ്എസ്എല്‍ മുംബൈ എന്ന കപ്പല്‍ തീരത്തേക്കടുത്തു. അതിവേഗം പാഞ്ഞെത്തിയ ടഗ്ഗ് ബോട്ടുകളാണ് കപ്പലിനെ നിയന്ത്രണ വിധേയമാക്കിയത്.
പൂനെയില്‍ മൂന്നംഗ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി
പൂനെയില്‍ മൂന്നംഗ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. പൂനെ പിംപ്രിയില്‍ താമസിക്കുന്ന തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി വിനോദ് പി എസ് (47), ഭാര്യ സില്‍ജ പിളള (44) മകള്‍ പൂര്‍ണിമ (20) എന്നിവരാണ് മരിച്ചത്.
ഈരാറ്റുപേട്ടയിലും പരിസര പ്രദേശങ്ങളിലും ദുരിതം തുടരുന്നു
മഴമാറി വെള്ളം ഇറങ്ങി തുടങ്ങിയെങ്കിലും ഈരാറ്റുപേട്ട കാരയ്ക്കാട് പ്രദേശത്തെ ജനജീവിതം സ്തംഭിച്ച നിലയിലാണ്. പാലയിലും കാഞ്ഞിരപ്പള്ളിയിലും കൂട്ടിക്കലൂം ചെളിനിറഞ്ഞതോടെ വീടുകള്‍ താമസയോഗ്യമല്ലാതായി.
പത്തനംതിട്ട ജില്ലയില്‍ കനത്ത ജാഗ്രത തുടരണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്
പത്തനംതിട്ട ജില്ലയില്‍ കനത്ത ജാഗ്രത തുടരണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. മിന്നല്‍ പ്രളയ സാധ്യതയുണ്ടെന്നും പ്രളയ സ്ഥലങ്ങളില്‍ ജാഗ്രത വേണമെന്നും മന്ത്രി.
മുഖ്യമന്ത്രിയുടെ നിലപാട് നിസ്സംഗത നിറഞ്ഞതെന്ന് സി പി എം
സംസ്ഥാനത്ത് കനത്ത മഴയും കടലാക്രമണവും ഉരുള്‍പൊട്ടലും മൂലമുള്ള പ്രതിസന്ധിയില്‍ ദുരിതബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ തയ്യാറാകണമെന്ന് സി പി എം. മുഖ്യമന്ത്രിയുടെ നിലപാട് നിസ്സംഗത നിറഞ്ഞതാണെന്നും സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് വിമര്‍ശിച്ചു.
പൂഞ്ഞാര്‍ ഉരുള്‍പൊട്ടല്‍ ദുരന്തം: പൊലിഞ്ഞത് അമ്മയും മകനും
പൂഞ്ഞാര്‍ പയ്യാനിത്തോട്ടത്ത് ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായ റെജീന ജോണിക്കും മകന്‍ ജോസഫൈന്‍ ജോണി (27) ക്കും നാടിന്റെ വിട. കുടുംബത്തിന്റെ വീടടക്കം സര്‍വവും ഉരുളെടുത്തതോടെ മൃതദേഹങ്ങള്‍ പയ്യാനിത്തോട്ടം ഹോളിസ്പിരിറ്റ് പബ്ലിക്ക് സ്‌കൂളിലാണ് പൊതുദര്‍ശത്തിനു വച്ചത്.
കണ്ണൂര്‍ പയ്യന്നൂരില്‍ കൊലക്കേസ് പ്രതിക്ക് ബാലസംഘം ചുമതല
കണ്ണൂര്‍ പയ്യന്നൂരില്‍ കൊലക്കേസ് പ്രതിയെ ബാലസംഘം കണ്‍വീനറായി തെരഞ്ഞെടുത്തു. ബി എം എസ് നേതാവിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ടി സി വി നന്ദകുമാറിനാണ് ബാലസംഘത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്. പൊലീസിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 20 വര്‍ഷത്തേക്കു ശിക്ഷിക്കപ്പെട്ട നന്ദകുമാര്‍ ജയിലിലാണ്.
ഡി കെ പൃഥിരാജിന്റെ സ്ഥലമാറ്റ ആവശ്യം സര്‍ക്കാര്‍ തള്ളി
വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ വയനാട്ടിലേക്കുള്ള സ്ഥലമാറ്റം റദ്ദാക്കണമെന്ന സീനിയര്‍ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാവ് ഡി കെ പൃഥിരാജിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി.
ആലത്തൂരില്‍ ആറുവയസ്സുകാരനെ ലോറിയിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഡ്രൈവര്‍ പിടിയില്‍
ആലത്തൂരില്‍ ആറുവയസ്സുകാരനെ ലോറിയിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന ലോറി ഡ്രൈവറെ 30 വര്‍ഷത്തിനുശേഷം ആലത്തൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട് പഴയ മദ്രാസ് മോസ്‌ക് സ്റ്റ്രീറ്റ് സ്വദേശിയായ ഇളന്തമിഴന്‍ പരമശിവമാണു പിടിയിലായത്. വാനൂര്‍ കേരളപ്പറമ്പ് ദാറുല്‍ഹിദായയില്‍ അബ്ദുള്‍ റഹ്‌മാന്റെയും ഹവ്വാമ്മയുടെയും മകന്‍ ഉമര്‍ ഫാറൂഖ് 1995 ഡിസംബര്‍ 12-ന് കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്.
പാപ്പനംകോട് വീട്ടില്‍ അതിക്രമിച്ച് കയറി സ്വര്‍ണവും പണവും കവര്‍ന്ന പ്രതികള്‍ അറസ്റ്റില്‍
പാപ്പനംകോട് വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണപ്പെടുത്തി സ്വര്‍ണവും പണവുമായി കടന്ന പ്രതികള്‍ അറസ്റ്റില്‍. വെള്ളായണി അഫ്സര്‍ (30), ഇടയ്ക്കോട് ഷമീര്‍ (33), വെങ്ങാനൂര്‍ രാകേഷ് (35), കട്ടച്ചല്‍ക്കുഴി അനന്തു (27), ചെങ്കല്‍ വിനീത് (36) എന്നിവരാണ് അറസ്റ്റിലായത്.
ലഹരിക്കെതിരെ രാജ്യവ്യാപക പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഒരു കോടിയിലധികം യുവാക്കളെ അണിനിരത്തി ലഹരി മുക്ത യുവതയെന്ന പേരില്‍ ലഹരിക്കെതിരെ രാജ്യ വ്യാപക പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടു. കോക്ക് റോച്ച് ജനത പാര്‍ട്ടി സമരത്തോടെ യുവശക്തി തിരിച്ചറിഞ്ഞ മോദി യുവാക്കളിലേക്ക് കൂടുതല്‍ അടുക്കാനുള്ള ശ്രമത്തിലാണ്.
പാര്‍ലമെന്റിലെ സ്വതന്ത്ര അംഗം പപ്പു യാദവിനെതിരെ വധശ്രമം
പാര്‍ലമെന്റിലെ സ്വതന്ത്ര അംഗം പപ്പു യാദവിനെതിരെ വധശ്രമം. ഡല്‍ഹിയിലെ വസതിയില്‍ വാര്‍ത്താസമ്മേളനത്തിനിടെ ചെരുപ്പെറിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചവരെ അനുയായികള്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ സ്വദേശിയായ സുമിത് എന്നയാളും കൂട്ടാളിയായ ഹാപ്പിയെയുമാണു ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തത്. അയോധ്യയിലെ രാമക്ഷേത്ര കൊള്ളക്കെതിരേ പാര്‍ലമെന്റില്‍ പ്രതിപക്ഷം അവതരിപ്പിച്ച ആക്ഷേപഹാസ്യ നാടകത്തില്‍ കാവിവസ്ത്രമണിഞ്ഞ പൂജാരിയായി പപ്പു യാദവ് അഭിനയിച്ചിരുന്നു.
പെണ്‍കുട്ടിക്കെതിരെയുള്ള ആക്രമണം തുടരുന്നുവെന്ന് സി ജെ പി
പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പു നല്‍കിയതായി പ്രഖ്യാപിച്ചിട്ടും സി ജെ പി പ്രതിഷേധത്തിനിടെ വിവാദത്തിലായ 15 വയസുള്ള പെണ്‍കുട്ടിക്കെതിരെ ആക്രമണം തുടരുന്നുവെന്ന് സി ജെ പി. അധിക്ഷേപ പരാമര്‍ശത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ പിന്‍വലിച്ചിട്ടില്ലെന്ന് സി ജെ പി വക്താവ് രത്ന സിംഗ് പറഞ്ഞു.
പ്രധാനമന്ത്രിയോട് നന്ദിയറിയിച്ച് പെണ്‍കുട്ടിയുടെ മാതാവ്
മകളോട് ക്ഷമിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദിയറിയിച്ച് ജന്തര്‍ മന്തര്‍ പ്രതിഷേധത്തിനിടെ മോദിയെ അധിക്ഷേപിച്ച പെണ്‍കുട്ടിയുടെ അമ്മ. ഇത്രയധികം അധിക്ഷേപം നേരിട്ടിട്ടും ക്ഷമിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം മഹത്തരമാണെന്നും പ്രധാനമന്ത്രി തന്റെ മകള്‍ക്ക് പുതിയ ജീവിതം നല്‍കിയെന്നും മാതാവ് പറഞ്ഞു.
കര്‍ണാടകത്തിലും കനത്ത മഴ; കുന്നിടിഞ്ഞ് വീണ് മൂന്നുപേര്‍ മരിച്ചു
കനത്ത മഴയില്‍ കര്‍ണാടകത്തിലും വ്യാപക നാശം. ഷിമോഗയ്ക്ക് സമീപം തീര്‍ത്ഥഹള്ളിയില്‍ വീടുകള്‍ക്ക് മുകളിലേക്ക് കുന്നിടിഞ്ഞ് വീണ് മൂന്നുപേര്‍ മരിച്ചു.
കോക്റോച്ച് ജനത പാര്‍ട്ടി യോഗം ഓഗസ്റ്റ് 5-ന്
കോക്റോച്ച് ജനത പാര്‍ട്ടി കര്‍മപരിപാടികള്‍ ആലോചിക്കാന്‍ മുംബൈയിലെ ഛത്രപതി സംബാജി നഗരിലുള്ള സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്കെയുടെ വസതിയില്‍ ഓഗസ്റ്റ് അഞ്ചിനു യോഗം ചേരും.
പശ്ചിമ ബംഗാളില്‍ പിടിയിലായ ആള്‍ക്ക് ജെയ്ഷെ മുഹമ്മദുമായി ബന്ധമെന്ന് പൊലീസ്
പശ്ചിമ ബംഗാളില്‍ അറസ്റ്റിലായ ആള്‍ക്ക് പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് പൊലീസ്. പിടിയിലായ ഹമീം മൊണ്ഡലിന് ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് എസ്ടിഎഫ് ഐജി ഗൗരവ് ശര്‍മ്മ പറഞ്ഞു.
കാവേരി ജല തര്‍ക്കത്തില്‍ ശാശ്വത പരിഹാരം വേണമെന്ന് കര്‍ണാടകം
കാവേരി വെള്ളം പങ്കുവയ്ക്കല്‍ തര്‍ക്കത്തില്‍ ശാശ്വത പരിഹാരം വേണമെന്ന് കര്‍ണാടകം. കേന്ദ്ര സര്‍ക്കാരോ സുപ്രീംകോടതിയോ വിഷയത്തില്‍ ഇടപെടണം. ഡിഎംകെ നല്‍കിയിട്ടുള്ള ഹര്‍ജിയില്‍ കോടതി ചോദിച്ചാല്‍ വിശദീകരണം നല്‍കും.
രാജസ്ഥാനില്‍ 50 കോടി രൂപയുടെ മയക്കുമരുന്നും ആയുധങ്ങളും പിടികൂടി
രാജസ്ഥാനിലെ ബിക്കാനേര്‍ അതിര്‍ത്തിയില്‍ അതിര്‍ത്തി രക്ഷാസേനയും പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 50 കോടി രൂപ വിലമതിക്കുന്ന ഹെറോയിനും മാരകായുധങ്ങളും പിടികൂടി. പാകിസ്ഥാനില്‍ നിന്ന് ഡ്രോണ്‍ വഴി കടത്തിയതാകാമെന്നാണ് സംശയം. ഒരാളെ കസ്റ്റഡിയിലെടുത്തു.
ജമ്മു കശ്മീര്‍ കുല്‍ഗാമില്‍ ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം
ജമ്മു കശ്മീര്‍ കുല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകര്‍ക്കായി വ്യാപക തെരച്ചില്‍. ലഷ്‌കര്‍ കമാന്‍ഡര്‍ ലത്തീഫ് ഭട്ടും സംഘവുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ആക്രമണത്തിന് പിന്നാലെ സുരക്ഷ വിലയിരുത്താന്‍ ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു.
മധ്യപ്രദേശില്‍ ഉറങ്ങുകയായിരുന്ന യുവതിയെ കടുവ കടിച്ചുകൊന്നു
മധ്യപ്രദേശിലെ ബാലഘട്ടില്‍ കതകില്ലാത്ത വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന യുവതിയെ കടുവ കടിച്ചെടുത്തു കൊണ്ടുപോയി കൊലപ്പെടുത്തി. സുഗ്നി ബായ് ധ്രുവെ എന്ന മുപ്പതുകാരിയാണ് കൊല്ലപ്പെട്ടത്. 300 മീറ്റര്‍ ദൂരത്തോളം കടുവ യുവതിയെ വലിച്ചിഴച്ചു. കന്‍ഹ ദേശീയോദ്യാനത്തിന് സമീപമുള്ള പാരാപ്പൂര്‍ ബൈഗറ്റോള ഗ്രാമത്തിലാണ് സംഭവം.
സാരനാഥിലെ പുരാതന ബൗദ്ധ കേന്ദ്രം യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍
സാരനാഥിലെ പുരാതന ബൗദ്ധ കേന്ദ്രം യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ ഇടംനേടി. ഗൗതമ ബുദ്ധന്‍ ബോധോദയത്തിന് ശേഷം ആദ്യ ധര്‍മ്മപ്രഭാഷണം നടത്തിയതു സാരനാഥിലാണ്. 25 പുതിയ ഇടങ്ങള്‍ ഉള്‍പ്പെടുത്തിയതോടെ ലോക പൈതൃക പട്ടികയിലെ ഇടങ്ങളുടെ എണ്ണം 1,273 ആയി.
കൊളത്തൂര്‍ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേട് നടന്നെന്ന ആരോപണം തള്ളി
മുന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പരാജയപ്പെട്ട കൊളത്തൂര്‍ നിയോജക മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേട് നടന്നതായി ഡിഎംകെയുടെ ആരോപണം. എന്നാല്‍ ഇവിഎമ്മുകളില്‍ ക്രമക്കേടും കൃത്രിമത്വവും നടന്നതായുള്ള ആരോപണം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജി.എസ്. സമീരന്‍ നിഷേധിച്ചു.
ഹോര്‍മൂസ് തുറക്കുന്ന കാര്യത്തില്‍ ഒമാനുമായുള്ള ചര്‍ച്ചകളില്‍ പുരോഗതി
ഹോര്‍മൂസ് തുറക്കുന്ന കാര്യത്തില്‍ ഒമാനുമായുള്ള ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് ഇറാന്‍ വിദേശകാര്യ വക്താവ്. ഹോര്‍മൂസിന്റെ സ്ഥിതി പഴയപടി തുടരുമെന്നും ഇറാന്‍. ആക്രമണം ഉപേക്ഷിച്ച അമേരിക്ക അതിവേഗം കരാറിലെത്താന്‍ ഇറാനോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്.
പാകിസ്ഥാനില്‍ സമാധാന റാലിക്കിടെ ഉണ്ടായ ചാവേറാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു
വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ ഭീകരതയ്ക്കെതിരെ സമാധാന റാലി നടക്കുന്നതിനിടെ ഉണ്ടായ ചാവേറാക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥരടക്കം 14 പേര്‍ കൊല്ലപ്പെട്ടു. 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്വാത് ജില്ലയിലുള്ള കബാല്‍ പൊലീസ് സ്റ്റേഷന് പുറത്താണ് ആക്രമണം ഉണ്ടായത്.
സൗദി അറേബ്യയില്‍ ഇഖാമ, തൊഴില്‍ നിയമലംഘകര്‍ക്കെതിരായ പരിശോധന ശക്തം
സൗദി അറേബ്യയില്‍ ഇഖാമ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് കഴിയുന്നവരെ കണ്ടെത്താനുള്ള പരിശോധന ആഭ്യന്തര മന്ത്രാലയം ശക്തമാക്കി. കഴിഞ്ഞ ഒരാഴ്ചക്കിടെ 12,600 പേരെ സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തി. ജൂലൈ 23 മുതല്‍ 29 വരെയുള്ള കണക്കുകളാണ് അധികൃതര്‍ പുറത്തുവിട്ടത്.
സ്പെയിന്‍ മൊറോക്കോ അതിര്‍ത്തിയില്‍ സുരക്ഷാവേലി സ്ഥാപിച്ചു
നൂഴഞ്ഞുകയറ്റക്കാരെ തടയാന്‍ സ്പെയിന്‍ ആഫ്രിക്കയിലെ മൊറോക്കോ അതിര്‍ത്തിയില്‍ സുരക്ഷാവേലി സ്ഥാപിച്ചു. നോര്‍ത്ത് ആഫ്രിക്കന്‍ അതിര്‍ത്തി പ്രദേശമായ സെവൂട്ടയിലേക്ക് പതിനായിരക്കണക്കിന് കുടിയേറ്റക്കാര്‍ കഴിഞ്ഞ ദിവസം അതിക്രമിച്ചു കയറിയിരുന്നു. അതിര്‍ത്തി കടക്കാനുള്ള തിക്കിലും തിരക്കിലും പെട്ടും കടലില്‍ മുങ്ങിയും 67 പേര്‍ മരിച്ചെന്നു സ്പെയിന്‍.
ഏത് സാഹചര്യങ്ങളെയും നേരിടാന്‍ രാജ്യം സജ്ജമെന്ന് ഇറാന്‍ വൈസ് പ്രസിഡന്റ്
യുദ്ധം അടക്കം പ്രതികൂലമായ എല്ലാ സാഹചര്യങ്ങളെയും രണ്ടു വര്‍ഷത്തേക്ക് നേരിടാന്‍ രാജ്യം പൂര്‍ണ സജ്ജമാണെന്ന് ഇറാന്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് റസ ആരെഫ്.
ഇന്തോനേഷ്യയില്‍ ഫെറിക്ക് തീപിടിച്ച് അഞ്ചു പേര്‍ മരിച്ചു
ഇന്തോനേഷ്യയില്‍ യാത്രക്കാരുമായി പോയ ഫെറിക്ക് തീപിടിച്ചതിനെ തുടര്‍ന്ന് അഞ്ചു പേര്‍ മരിച്ചു. 41 പേരെ കാണാതായി. 271 യാത്രക്കാരാണ് ഫെറിയില്‍ ഉണ്ടായിരുന്നത്. 225 പേരെ രക്ഷപ്പെടുത്തി. കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
ട്രംപുമായി ചര്‍ച്ച നടത്തി സൗദി കിരീടാവകാശി
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ചര്‍ച്ച നടത്തി. മേഖലയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ കുറയ്ക്കാന്‍ നയതന്ത്ര ചര്‍ച്ചകള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് കിരീടാവകാശി പറഞ്ഞു.
സംസ്ഥാന സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് വിജികൾ
മൂന്നാമത് കരിക്കമ്പള്ളില്‍ അഡ്വ. കെ.ടി. മത്തായി മെമ്മോറിയല്‍ ഓള്‍ കേരള ഇന്‍വിറ്റേഷന്‍ ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോട് പ്രൊവിഡന്‍സ് എച്ച്.എസ്.എസും ആണ്‍കുട്ടികളുെ വിഭാഗത്തില്‍ കുന്നംകുളം ഗവ. വൊക്കേഷണല്‍ എച്ച്.എസ്.എസും കിരീടം നേടി.
കോമണ്‍വെല്‍ത്ത് ഗെയിംസ്: 39 മെഡലുകളുമായി ഇന്ത്യ നാലാമത്
ഗ്ലാസ്ഗോയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് കൊടിയിറങ്ങി. 39 മെഡലുകളുമായി ഇന്ത്യ മെഡല്‍ പട്ടികയില്‍ നാലാമതെത്തി. 13 സ്വര്‍ണവും 17 വെള്ളിയും 9 വെങ്കലവും അടങ്ങുന്നതാണ് ഇന്ത്യയുടെ മെഡല്‍നേട്ടം. 171 മെഡലുകളുമായി ഓസ്ട്രേലിയയാണ് ഒന്നാമത്. 110 മെഡലുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തും 62 മെഡലുമായി കാനഡ മൂന്നാം സ്ഥാനത്തുമാണ്.
ഇലോണ്‍ മസ്‌കിന്റെ ആസ്തിയില്‍ വന്‍ ഇടിവ്
ഇലോണ്‍ മസ്‌കിന്റെ ആസ്തി താഴേക്ക്. സ്‌പെയ്‌സ് എക്സ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതിനു പിന്നാലെ വ്യക്തിഗത ആസ്തി ജൂണ്‍ 16 ന് 1.33 ലക്ഷം കോടി ഡോളര്‍ (126 ലക്ഷം കോടി രൂപ) വരെയായി. 201.80 ഡോളര്‍ വരെയെത്തിയ ഓഹരിക്ക് ഇപ്പോള്‍ വില 108.37 ഡോളര്‍മാത്രം. 46 ശതമാനം ഇടിവ്. ടെസ്ലയുടെ ഓഹരിവിലയിലും ഇതുവരെ 17 ശതമാനം ഇടിവുണ്ടായി. ഇതോടെ മസ്‌കിന്റെ ആസ്തിയുടെ വളര്‍ച്ചയും താഴേക്കായി. ബ്ലൂംബര്‍ഗ് ശതകോടീശ്വര പട്ടികയിലെ പുതിയ കണക്കനുസരിച്ച് 68,400 കോടി ഡോളര്‍ (65.24 ലക്ഷം കോടി രൂപ) മാത്രമാണ് മസ്‌കിന്റെ ആസ്തി. ഒന്നര മാസത്തിനിടെ 60,000 കോടി ഡോളറിന്റെ (57.23 ലക്ഷം കോടി രൂപ) നഷ്ടം. എങ്കിലും ശതകോടീശ്വര പട്ടികയില്‍ ഇലോണ്‍ മസ്‌ക് ഇപ്പോഴും ബഹുദൂരം മുന്നിലാണ്. രണ്ടാമതുള്ള ഗൂഗിളിന്റെ ലാറി പേജിന്റെ ആസ്തിയുടെ ഇരട്ടിയിലധികം വരുമിത്. 30,500 കോടി ഡോളറാണ് ലാറി പേജിന്റെ ആസ്തി. മസ്‌കിന് ഇതിനെക്കാള്‍ 37,900 കോടി ഡോളറിന്റെ അധികം ആസ്തിയാണുള്ളത്. ആമസോണിന്റെ ജെഫ് ബിസോസ് 29,000 കോടി ഡോളറിന്റെ ആസ്തിയുമായി മൂന്നാമതാണ്.
ഗൂഗിള്‍ എര്‍ത്തിലെ പുതിയ എഐ ഫീച്ചര്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
ഗൂഗിള്‍ എര്‍ത്തിന്റെ വെബ് പതിപ്പില്‍ അവതരിപ്പിച്ച പുതിയ എഐ ഫീച്ചര്‍ വന്‍ ദുരന്തമായി മാറി. ഭൂപട ചിത്രങ്ങളില്‍ ചരിത്ര സംഭവങ്ങള്‍ പുനരാവിഷ്‌കരിക്കാനും ഉപഭോക്താക്കളുടെ ഭാവനകള്‍ പങ്കുവെക്കാനും സഹായിക്കുമെന്ന പ്രതീക്ഷയോടെയാണ് ഗൂഗിള്‍ ജെമിനി അധിഷ്ഠിതമായ നാനോ ബനാന 2 ഫീച്ചര്‍ അവതരിപ്പിച്ചത്. എന്നാല്‍ ഉപഭോക്താക്കളുടെ കൈയിലെത്തിയതോടെ ഇത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയും വന്‍തോതില്‍ വ്യാജ ദൃശ്യങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങുകയും ചെയ്തു. ഒറ്റ പ്രോംപ്റ്റിലൂടെ ഭൂപട ചിത്രങ്ങളില്‍ മാറ്റം വരുത്താം എന്ന സൗകര്യം ദുരുപയോഗം ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഫോട്ടോറിയലിസ്റ്റിക് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഉപയോക്താക്കള്‍ ഗൂഗിളിന്റെ നയങ്ങള്‍ ലംഘിക്കുന്ന രീതിയില്‍ ചിത്രങ്ങള്‍ നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതോടെ ഫീച്ചര്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കമ്പനി നിര്‍ബന്ധിതമാകുകയായിരുന്നു.
‘ഡിക്ലാസിഫൈഡ്: ഓപ്പറേഷന്‍ സിന്ദൂര്‍’ ഡോക്യുമെന്ററി ഒഗ്സ്റ്റ് 15-ന് സ്ട്രീമിംഗ്
പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ 88 മണിക്കൂര്‍ നീണ്ട പ്രത്യാക്രമണ ദൗത്യത്തിന്റെ കഥ പറയുന്ന ‘ഡിക്ലാസിഫൈഡ്: ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന ഡോക്യുമെന്ററി സീരീസ് സ്ട്രീമിങ്ങിന് ഒരുങ്ങുന്നു. ദൗത്യത്തിന്റെ ആസൂത്രണവും നിര്‍വഹണവും പശ്ചാത്തലമാക്കിയാണ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. ഓഗസ്റ്റ് 15-ന് രാത്രി ഒന്‍പതു മണി മുതല്‍ 11 മണി വരെ ഡിസ്‌കവറി ചാനലിലും തുടര്‍ന്ന് ഡിസ്‌കവറി പ്ലസ് ഒ.ടി.ടി പ്ലാറ്റ്‌ഫോമിലും ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്യും. ഇന്ത്യയുടെ ഉന്നത സൈനിക നേതൃത്വം, പ്രതിരോധ വിദഗ്ധര്‍, മാധ്യമപ്രവര്‍ത്തകര്‍, മുന്‍നിര സൈനികര്‍ എന്നിവരുടെ അപൂര്‍വമായ അനുഭവങ്ങളും അഭിമുഖങ്ങളും ഉള്‍പ്പെടുത്തിയാണ് സീരീസ് അണിയിച്ചൊരുക്കിയിരിക്കുന്നത്. വാര്‍ണര്‍ ബ്രദേഴ്‌സ് ഡിസ്‌കവറിയുടെ പുതിയ ‘ഡിക്ലാസിഫൈഡ്’ ഫ്രാഞ്ചൈസിക്ക് കീഴിലാണ് സീരീസ് പുറത്തിറങ്ങുന്നത്. രണ്ട് ഭാഗങ്ങളിലായാണ് ഡോക്യുമെന്ററി.
‘പാതിരാക്കുറുക്കന്‍’ സെപ്റ്റംബറില്‍ തിയേറ്ററുകളിലേക്ക്
16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകന്‍ എന്നിവര്‍ ഒന്നിക്കുന്ന ജയേഷ് വേണുഗോപാല്‍ അണിയിച്ചൊരുക്കുന്ന ‘പാതിരാക്കുറുക്കന്‍’ സെപ്റ്റംബറില്‍ തിയേറ്ററുകളിലെത്തുന്നു. അപ്പായ് സിനിമാസിന്റെ ബാനറില്‍ സിജോ ജോര്‍ജ് ആണ് ചിത്രം നിര്‍മിക്കുന്നത്. ഒരുകാലത്ത് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നാലംഗ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുമ്പോള്‍, വലിയ പ്രതീക്ഷയോടെയാണ് സിനിമയെ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. വ്യത്യസ്ത സാഹചര്യങ്ങളില്‍പ്പെട്ട നാലുപേരുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളും അതിനെ തുടര്‍ന്നുള്ള രസകരമായ സംഭവവികാസങ്ങളുമാണ് ‘പാതിരാക്കുറുക്കന്‍’. ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകന്‍ എന്നിവര്‍ക്കൊപ്പം ഇന്ദ്രന്‍സും അണിനിരക്കുന്നു. സുനില്‍ കര്‍മ, നിഖില്‍ ജിനന്‍ എന്നിവരാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
അടുത്ത തലമുറ പള്‍സര്‍ 150 പുറത്തിറക്കാന്‍ ഒരുങ്ങി ബജാജ് ഓട്ടോ
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ അടുത്ത തലമുറ പള്‍സര്‍ ഉടന്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. ഓഗസ്റ്റ് 12ന് നടക്കുന്ന ലോഞ്ച് ഇവന്റില്‍ പങ്കെടുക്കാന്‍ ക്ഷണിച്ച് കൊണ്ടുള്ള കത്തില്‍ വരാനിരിക്കുന്ന പുതിയ മോഡല്‍ അടുത്ത തലമുറ പള്‍സര്‍ ആയിരിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. പള്‍സര്‍ ശ്രേണിയില്‍ പുതിയ 150 സിസി ബൈക്ക് ആയിരിക്കും പുതുതായി ഉള്‍പ്പെടുത്താന്‍ പോകുന്നതെന്ന് കരുതുന്നു. ബജാജ് ഈ വര്‍ഷം പള്‍സറിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കാനിരിക്കുകയാണ്. പള്‍സര്‍ ശ്രേണിയിലെ ഏറ്റവും പ്രധാനപ്പെട്ട മോഡല്‍ 150 സിസി ആയതിനാല്‍ പുതിയ മോഡലും 150 സിസി ആയിരിക്കുമെന്നാണ് വിലയിരുത്തല്‍. പള്‍സര്‍ പരമ്പരയിലെ ആദ്യത്തെ മോഡലായ 150 സിസിക്ക് ഇപ്പോഴും ആവശ്യക്കാര്‍ ഉണ്ട്. വരാനിരിക്കുന്ന പള്‍സര്‍ 150 ല്‍ പരിഷ്‌കരിച്ച എന്‍ജിന്‍, പുതിയ സസ്‌പെന്‍ഷന്‍ സെറ്റപ്പ്, അത്യാധുനിക ഫീച്ചറുകള്‍ എന്നിവ ഉണ്ടായിരിക്കാം.
തകഴിയുടെ അസമാഹൃതകഥകളുടെ സമാഹാരം ‘ഇരുപത്തൊന്നാം നൂറ്റാണ്ട്’ പുതിയ പതിപ്പ് പുറത്തിറങ്ങി
195060 കാലത്ത് രചിക്കപ്പെട്ട 16 കഥകള്‍. അന്നത്തെ സമൂഹത്തിന്റെ നേര്‍ചിത്രങ്ങള്‍ ഇവയില്‍ കാണാം. തകഴിയുടെ ആഖ്യാനത്തിന്റെ സ്വാഭാവികതയും കുട്ടനാടന്‍ ഭാഷയും ഈ കഥകളെ വ്യത്യസ്തമാക്കുന്നു. തകഴിയുടെ അസമാഹൃതകഥകളുടെ സമാഹാരമായ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ പുതിയ പതിപ്പ്. ‘ഇരുപത്തൊന്നാം നൂറ്റാണ്ട്’. തകഴി. മാതൃഭൂമി. വില 210 രൂപ.
പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി മധുരക്കിഴങ്ങ് കഴിക്കാം
രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകള്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മധുരക്കിഴങ്ങ്. ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും ധാരാളമടങ്ങിയ മധുരക്കിഴങ്ങ് ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി മെച്ചപ്പെടുത്താനും സഹായിക്കും. അതുകൊണ്ട് തന്നെ പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം. നാരുകളാലും സങ്കീര്‍ണ്ണമായ കാര്‍ബോഹൈഡ്രേറ്റുകളാലും സമ്പന്നമായതിനാല്‍ മധുരക്കിഴങ്ങ് രക്തത്തിലെ പഞ്ചസാരയുടെ സ്ഥിരത നിലനിര്‍ത്തുകയും ആവര്‍ത്തിച്ചുള്ള ആസക്തി കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. തൊലിയോടു കൂടിയ ഒരു വലിയ മധുരക്കിഴങ്ങില്‍ ഏകദേശം 5.9 ഗ്രാം നാരുകള്‍ അടങ്ങിയിരിക്കുന്നു. പര്‍പ്പിള്‍ മധുരക്കിഴങ്ങില്‍ കാണപ്പെടുന്ന ആന്തോസയാനിനുകള്‍ ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മധുരം ഉണ്ടായിരുന്നിട്ടും മധുരക്കിഴങ്ങിന്റെ മിതമായ ഗ്ലൈസെമിക് സൂചിക 63 ആണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുത്തനെ ഉയരുന്നതിനുപകരം ക്രമേണ ഉയരാന്‍ അനുവദിക്കുന്നു. ഭൂരിഭാഗം ആളുകളുടെയും പ്രശ്നം മധുരമല്ല, മറിച്ച് പഞ്ചസാര എത്ര വേഗത്തില്‍ രക്തപ്രവാഹത്തില്‍ പ്രവേശിക്കുന്നു എന്നതാണ്. മധുരക്കിഴങ്ങ് ഗ്ലൂക്കോസ് സാവധാനത്തില്‍ പുറത്തുവിടുന്നു, അത് അവയെ കൂടുതല്‍ സന്തുലിതമാക്കുകയും ചെയ്യുന്നു.






























