Home Blog Page 992

കാർഷിക- ആരോഗ്യ മേഖലകൾക്ക് ഊന്നൽ നൽകി ജില്ലാ പഞ്ചായത്ത് ബജറ്റ്

ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് കൃഷി, വിദ്യാഭ്യാസം, ആരോഗ്യം  തുടങ്ങിയ മേഖലകൾക്ക് ഊന്നൽ നൽകി 2026-27 സാമ്പത്തിക വർഷത്തെ ജില്ലാ പഞ്ചായത്ത് ബജറ്റ്. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ  വൈസ് പ്രസിഡന്റ് എസ് ആർ അരുൺബാബു ഭരണസമിതിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ചു.   കാർഷിക മേഖലയെ ആധുനികവൽക്കരിക്കുന്നതിനും കർഷകർക്ക് സുസ്ഥിരമായ വരുമാനം ഉറപ്പാക്കുന്നതിനും വിവിധ പദ്ധതികൾ.  കശുവണ്ടി, മൂല്യ വർദ്ധിത ഉൽപന്നമായ കശുമാങ്ങ നീര് എന്നിവയുടെ ഉത്പാദനം ശക്തിപ്പെടുത്തും. നാലു  കോടി രൂപ  വിനിയോഗിച്ച് ജില്ലാ പഞ്ചായത്തിന്റെ ‘കതിർമണി ‘ പദ്ധതിയിലൂടെ നെൽകൃഷി വ്യാപിപ്പിക്കും. ഗ്രാമപഞ്ചായത്തുകളുമായി ചേർന്നു വന്യജീവി ആക്രമണം തടയുന്നതിനുള്ള പദ്ധതികൾക്ക് 50 ലക്ഷം രൂപ അനുവദിച്ചു. ആധുനിക  സൗരോർജ്ജ തൂക്കുവേലികളും അപകടസാധ്യതയുള്ള അതിർത്തികളിൽ ക്രാഷ് ഗാർഡ് സ്റ്റീൽ ഫെൻസിംഗുകളും കരിങ്കൽ മതിലുകളും നിർമ്മിക്കും.  

മത്സ്യശ്രീ കൊല്ലം ഫ്രഷ് കട്ട് നൂതന പദ്ധതി വഴി പാചകത്തിന് സജ്ജമായ മത്സ്യം ലഭ്യമാക്കും. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് എഫ് ആർ പി വള്ളങ്ങൾ  വാങ്ങി നൽകുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചു.

 ഗ്രാമീണക്കുളങ്ങൾ മാലിന്യമുക്തമാക്കുന്നതിന് ഒന്നരക്കോടി രൂപ വകയിരുത്തി, സുജലം പദ്ധതി നടപ്പാക്കും, ഉന്നതികളിലെ മണ്ണൊലിപ്പ് തടയുന്നതിന് ഭിത്തി നിർമ്മിക്കുന്ന പദ്ധതിയും. ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക് സംരംഭങ്ങൾ തുടങ്ങുന്നതിന് സബ്സിഡി നൽകും. ഖാദി ഉത്പാദന യൂണിറ്റുകൾക്ക് ധനസഹായം നൽകും.
100 ഭിന്നശേഷിക്കാർക്ക് സൈഡ് വീലോട് കൂടിയ സ്കൂട്ടർ വിതരണം ചെയ്യും. ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ഉപജീവനം ഉറപ്പാക്കുന്നതിന് വർണ്ണച്ചിറകുകൾ പദ്ധതി.  കുട്ടികളുടെ  ശാരീരിക-മാനസിക വികാസം ലക്ഷ്യമിട്ട് ‘കളിക്കൂട്ടം ‘പദ്ധതിക്ക് രൂപം നൽകും. കലാകിരണം പദ്ധതി വഴി ബഡ്സ് സ്കൂളുകളിൽ കലാ അധ്യാപകരെ നിയമിക്കും.  സ്നേഹസ്പർശം പദ്ധതി വഴി   പാലിയേറ്റീവ് കെയർ പരിശീലനം നൽകും. വിക്ടോറിയ ആശുപത്രിയിൽ ഡീലക്സ് പേഷ്യന്റ് വെയ്റ്റിംഗ് ഏരിയ സജ്ജമാക്കും.  വിക്ടോറിയ ആശുപത്രിയിൽ പ്രസവാനന്തര കിറ്റ് വിതരണത്തിന് 50 ലക്ഷം രൂപയും ഗർഭിണികൾക്ക് പോഷകാഹാരം നൽകുന്നതിന് 60 ലക്ഷം രൂപയും ഓട്ടിസം ക്ലിനിക് നിലനിർത്തുന്നതിന് 10 ലക്ഷം രൂപയും  വകയിരുത്തി.

ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിവരുന്ന ജീവനം പദ്ധതിയിൽ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന രോഗികളെയും ഉൾപ്പെടുത്തും.   പട്ടികജാതി- പട്ടികവർഗ്ഗ ക്ഷേമമേഖലയിൽ, ഉന്നതികളിൽ പാർപ്പിട – യാത്ര സൗകര്യങ്ങൾ മെച്ചപ്പെടുത്തും. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട 50 വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് കോച്ചിംഗ് സാരഥി പദ്ധതിയിലൂടെ നടപ്പിലാക്കും.

തെരുവ് നായശല്യം പരിഹരിക്കുന്നതിന് ഷെൽട്ടർ ഹോം – വന്ധ്യoകരണ പദ്ധതിയും, പോർട്ടബിൾ എ ബി സി സെൻററും നടപ്പാക്കും. വളർത്തുമൃഗങ്ങളുടെ സംരക്ഷണത്തിന് പെറ്റ് കെയർ സെൻററിന് 10 ലക്ഷം തുക അനുവദിച്ചു. ഓരോ പഞ്ചായത്തിലും ഓരോ കളിക്കളം എന്ന പദ്ധതിയ്ക്കായി ഒരു കോടി രൂപ വകയിരുത്തി.     268.95 കോടി രൂപ പ്രതീക്ഷിത വരവും, 210.93 കോടി രൂപ പ്രതീക്ഷിത ചെലവും 27.29 കോടി രൂപ നീക്കിയിരുപ്പും  വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ആർ ലതാദേവി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജി സരസ്വതി, ബി ജയന്തി, സെൽവി,  ടി.അജയൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, സെക്രട്ടറി റ്റി.കെ.സയൂജ തുടങ്ങിയവർ പങ്കെടുത്തു. 

ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവം, സർക്കാരിന് ഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനം

കൊച്ചി. ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടതിൽ സർക്കാരിന് ഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനം. ആറളത്തെ പുനരധിവാസ മേഖലയിലെ സുരക്ഷാസംവിധാനങ്ങൾ അങ്ങേയറ്റം പരിതാപകരമാണെന്ന് ജസ്റ്റിസുമാരായ എ.കെ ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിമർശിച്ചു. വന്യജീവി ആക്രമണം തടയുന്നത് സംബന്ധിച്ച് സമഗ്രമായ കർമ്മ പദ്ധതി തയാറാക്കി, വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു.

വന്യജീവി ആക്രമണം തടയാൻ ഫലപ്രദമായ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിൽ ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരോട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചിരുന്നു. തുടർന്ന് ഹാജരായ ചീഫ് സെക്രട്ടറി, തദ്ദേശ വകുപ്പ് സെക്രട്ടറി, ചീഫ് വൈൽഡ് ലൈഫ് വാർഡൻ എന്നിവർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കാണ് ഹൈക്കോടതിയുടെ കടുത്ത വിമർശനം. കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ ഇരിക്കുന്ന മേഖലയിൽ പോലും ഇത്തരമൊരു ദുരന്തം ഉണ്ടായത് വീഴ്ചയാണെന്ന് കോടതി കുറ്റപ്പെടുത്തി. ആറളം ഫാമിലെ അവസ്ഥയെക്കുറിച്ച് വിശദീകരണം തേടിയ കോടതി പ്രദേശത്തെ ദുരിതം പരിഹരിക്കാൻ വൈകുന്നത് അംഗീകരിക്കാൻ ആവില്ലെന്ന് വ്യക്തമാക്കി. പ്രദേശത്ത് കുടിവെള്ളം മുടങ്ങുന്നത് ചൂണ്ടിക്കാട്ടിയ കോടതി ജലനിധി പദ്ധതി പൂർത്തിയാകുന്നത് വരെ ടാങ്കർ ലോറികളിൽ കുടിവെള്ളം എത്തിക്കാൻ നിർദ്ദേശിച്ചു. വന്യജീവി ആക്രമണങ്ങളെ സംസ്ഥാന പ്രത്യേകദുരന്തമായി നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടും ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ ഫെൻസിങ് നിർമിക്കാത്തതും കോടതി വിമർശിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാൻ സമഗ്രമായ കർമ്മ പദ്ധതി രൂപീകരിക്കാത്തതും കോടതി ചോദ്യം ചെയ്തു. ആറളത്തും വയനാട്ടിലും വന്യജീവി ആക്രമണം തടയാൻ സമഗ്രമായ നടപടി വേണമെന്നും അടിയന്തരമായി നടപടി സ്വീകരിച്ച് സത്യവാങ്മൂലം സമർപ്പിക്കാനും നിർദേശിച്ചു. ഹരജി ഈ മാസം 13ന് വീണ്ടും പരിഗണിക്കാൻ മാറ്റി

വൈദ്യൂതാഘാതമേറ്റ് അച്ഛനും മകനും മരിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം. നഗരൂരിൽ വൈദ്യൂതാഘാതമേറ്റ് അച്ഛനും മകനും മരിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. നഗരൂർ സ്വദേശികളായ ഗോപാലൻ, വേണു പോറ്റി എന്നിവരാണ് പിടിയിലായത്. ഇവർ കൃഷിയിടത്തിൽ അനധികൃതമായ സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റായിരുന്നു സമീപവാസികളായ കൊച്ചുണ്ണി, മകൻ അഖിൽ എന്നിവരുടെ ദാരുണാന്ത്യം.

നഗരൂർ കുറിയേടത്ത് മഠത്തിൽ നാരായണൻ പോറ്റിയുടെ ഉടമസ്ഥയിലുള്ള കൃഷിയിടത്തിൽ ഇന്ന് രാവിലെയോടെയാണ് കൊച്ചുണ്ണിയേയും മകൻ 34 കാരൻ അഖിലിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ തന്നെ വൈദ്യുതാഘാതമാണ് മരണ കാരണമെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേർ പിടിയിലാകുന്നത്.

സംഭവം നടന്ന കൃഷിയിടത്തിൽ പാട്ടത്തിന് കൃഷി ചെയ്തിരുന്ന ഗോപാലൻ, സ്ഥലം ഉടമയുടെ സഹോദരൻ വേണു പോറ്റി എന്നിവർ ചേർന്ന് കൃഷിയിടത്തിൽ വൈദ്യുത വേലികൾ സ്ഥാപിച്ചിരുന്നു. അതും കെ എസ് ഇ ബി അനുമതി ഇല്ലാതെ അനധികൃതമായി. ഇതറിയാതെ കൃഷിയിടത്തിൽ നിന്നും മരിച്ചീനി പറിക്കുന്നതിനിടെയാണ് ഇരുവർക്കും വൈദ്യുതാഘാതമേറ്റത്. ഇന്ന് രാവിലെ കൃഷിയിടത്തിൽ എത്തിയ ഗോപാലൻ ഇരുവരെയും മരിച്ച നിലയിൽ കണ്ടതോടെ പിടിക്കപ്പെടാതിരിക്കാൻ വൈദ്യുത വേലി പ്രദേശത്ത് നിന്നും നീക്കി. എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പോലീസ് വൈദ്യുത വേലി കണ്ടെടുത്തു. കാട്ടു പന്നിയെ തുരത്തുന്നതിനായാണ് വേലി സ്ഥാപിച്ചത് എന്നാണ് ഗോപാലൻ പോലീസിന് മൊഴി നൽകിയത്. പ്രതികൾ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് വന്ന ശേഷമാകും തുടർന്ന് നടപടികൾ.

കെ സി സി സമാധാന  പ്രാർത്ഥന നാളെ

തിരുവനന്തപുരം: മധ്യപൂർവേഷ്യയിലെ യുദ്ധസാഹചര്യത്തിൽ സമാധാനത്തിനും നൈജീരിയയിലെ ക്രൈസ്തവ പീഡനം അവസാനിക്കുന്നതിനും വേണ്ടി കേരള കൗൺസിൽ ഓഫ് ചർച്ചസ് കറണ്ട് അഫേഴ്‌സ് കമ്മീഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നാളെ (മാർച്ച് 4 ന് )
സായാഹ്ന പ്രാർത്ഥന നടത്തും. വൈകിട്ട് 4ന് നടക്കുന്ന പ്രാർത്ഥനയ്ക്ക് സോൾ വിന്നിംഗ് ചർച്ച് ബിഷപ്പ് ഡോ.ഓസ്റ്റിൻ എം എ പോൾ, സാൽവേഷൻ ആർമി ചീഫ് സെക്രട്ടറി ലെഫ്.കേണൽ ജേക്കബ് ജെ. ജോസഫ്
എന്നിവർ നേതൃത്വം നൽകും.

ചികിത്സാ പിഴവിനെ തുടർന്ന് കത്രിക വയറ്റിൽ കുടുങ്ങിയ ഉഷ ജോസഫ് ആശുപത്രി വിട്ടു

കൊച്ചി.ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് കത്രിക വയറ്റിൽ കുടുങ്ങിയ ഉഷ ജോസഫ് ആശുപത്രി വിട്ടു. ശസ്ത്രക്രിയ അടക്കം 10 ദിവസമാണ് ഉഷ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞത്

5 വർഷമായി ഒരുപാട് വേദന സഹിച്ചു,ഇപ്പോൾ വേദന കുറവുണ്ട്. ഒപ്പം നിന്നവർക്ക് നന്ദി ഉഷ ജോസഫ്ക്കുട്ടി പറഞ്ഞു. അമ്മയുടെ ആരോഗ്യനില തൃപ്തികരമെന്നും കെസി വേണുഗോപാലിന് നന്ദിയെന്നും ഉഷയുടെ മകൻ ഷിബിൻ പ്രതികരിച്ചു. ആരോഗ്യ മന്ത്രി ഒരു തവണ വിളിച്ചു. മറ്റ് സഹായങ്ങൾ ഇതുവരെ ലഭിച്ചില്ല. ജനങ്ങൾ എല്ലാം കാണുന്നുണ്ട്. സർക്കാർ സഹായിക്കുമെന്ന് ഇപ്പോഴും പ്രതിക്ഷയെന്ന് മകൻ പറഞ്ഞു.

പ്ലസ് ടു വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ബാലരാമപുരം. പ്ലസ് ടു വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.വടക്കേവിള ഒറ്റപ്പനവിള ശ്രീഉത്രം വീട്ടിൽ സനൂജ രാജനെയാണ് (17) മരിച്ച നിലയിൽ കണ്ടെത്തിയത്.നെല്ലിമൂട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് സനൂജ.

അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.

പുറത്തിറങ്ങി വീണാ ജോര്‍ജ്ജ്,കെ എസ് യു നേതാക്കള്‍ അകത്തും

പത്തനംതിട്ട. കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന
മന്ത്രി വീണാ ജോർജ് പൊതുപരിപാടിയിൽ പങ്കെടുത്തു. പത്തനംതിട്ടയിലെ പരിപാടിയുടെ റീലിൽ, പുറത്തിറങ്ങി എന്ന തലക്കെട്ടോടെ ആണ് മന്ത്രി സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുന്നത്.
അതേസമയം ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാൻഡിലായ കെഎസ്‍യു പ്രവർത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി.

നെക്ക് കോളർ ധരിച്ചു മാസ്സ് ബിജിഎം ഓടെ ആണ് ആരോഗ്യ മന്ത്രി തന്റെ വരവ് സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.കൂടെ പുറത്തിറങ്ങി എന്ന തലകെട്ടും.

കണ്ണൂർ റെയില്‍വേ സ്റ്റേഷനിലെ കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റതിന് പിന്നാലെ ആദ്യമായിട്ടാണ് വീണ ജോർജ് പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്. ആരോഗ്യമേഖലയെ തകർക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുവെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിനിടെ മന്ത്രി ആരോപിച്ചു.

ആരോഗ്യ മന്ത്രി ഓൺലൈൻ ആയി പങ്കെടുത്ത തുറവൂർ താലൂക്ക് ആശുപത്രി ഉദ്ഘാടനത്തിൽ സിപിഎം കോൺഗ്രസ്‌ സംഘർഷമുണ്ടായി. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി കെ രാജേന്ദ്രന്
സംഘർഷത്തിൽ പരിക്കേറ്റു.

അതിനിടെ, മന്ത്രി വീണ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാൻഡിലായ കെഎസ്‍യു പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
പ്രതികളെ ഈ മാസം 5 ന് കോടതിയിൽ ഹാജരാക്കും.

ശ്വാസംമുട്ടലിന് ചികിത്സ തേടിയെത്തിയ യുവതിക്ക് പേവിഷ വാക്സിൻ ;ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് യുഡിവൈഎഫും ബിജെപിയും മാർച്ച് നടത്തി

ശാസ്താംകോട്ട: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ
ശ്വാസംമുട്ടലിന് ചികിത്സ തേടിയെത്തിയ യുവതിക്ക് ആളുമാറി പേവിഷ വാക്സിൻ എടുത്ത സംഭവത്തിൽ പ്രതിഷേധിച്ച്
ആശുപത്രിയിലേക്ക് യുഡിവൈഎഫും ബിജെപിയും മാർച്ച് നടത്തി.

കഴിഞ്ഞ ദിവസമാണ് കടുത്ത ശ്വാസംമുട്ടലുമായി ചികിത്സയ്ക്ക് എത്തിയ 19കാരിക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് പേവിഷ വാക്സിൻ എടുത്തത്.ഇൻജക്ഷൻ എടുക്കാൻ നിർദ്ദേശിച്ച് ഡോക്ടർ നൽകിയ കുറിപ്പടി നഴ്സിങ് റൂമിൽ ഹാജരാക്കിയപ്പോഴാണ് തെരുവ്നായ കടിച്ച് പരിക്കേറ്റ് എത്തിയാൾക്ക് എടുക്കാൻ സൂക്ഷിച്ചിരുന്ന പേവിഷ വാക്സിൻ യുവതിക്ക് എടുത്തത്.എന്നാൽ ഗുരുതരമായ കൃത്യവിലോപം കാട്ടിയ നഴ്സിനെതിരെ നടപടിയെടുക്കാതെ സംഭവം നിസാരവത്ക്കരിക്കാനാണ് ആശുപത്രി അധികൃതർ ശ്രമിച്ചതെന്ന് ആരോപിച്ചാണ് യുഡിവൈഎഫും ബിജെപിയും മാർച്ച് നടത്തിയത്.

യുഡിവൈഎഫ് നടത്തിയ മാർച്ച് ആർവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് റിയാസ് പറമ്പിൽ അധ്യക്ഷത വഹിച്ചു.യുഡിഎഫ് ചെയർമാൻ എസ്.സുഭാഷ് മുഖ്യ പ്രഭാഷണം നടത്തി. തുണ്ടിൽ നൗഷാദ്,എസ്.വേണുഗോപാൽ,വൈ.ഷാജഹാൻ,തടത്തിൽ സലീം,ഹാഷിം സുലൈമാൻ എന്നിവർ പ്രസംഗിച്ചു.

ബിജെപി നടത്തിയ മാർച്ച് ജില്ലാ വൈസ് പ്രസിഡൻ്റ് ബൈജു ചെറുപൊയ്ക ഉദ്ഘാടനം ചെയ്തു.ധനേഷ് പുളിന്താനം,രാജേന്ദ്രൻ തൈയ്യിൽ,റ്റി.കലേശൻ,ബിനോയ് ജോർജ് എന്നിവർ പ്രസംഗിച്ചു.തുടർന്ന് കൃത്യവിലോപം കാട്ടിയ നഴ്സിനെതിരെ ശക്തമായ നടപടിയെടുക്കാമെന്ന ആശുപത്രി സൂപ്രണ്ടിൻ്റെ ഉറപ്പിനെ തുടർന്നാണ് പ്രതിഷേധം അവസാനിച്ചത്.

ജൂനിയർ റെഡ് ക്രോസിൻ്റെ നേതൃത്വത്തിൽ രോഗികൾക്ക് വാട്ടർ ബെഡ് വിതരണം


മൈനാഗപ്പള്ളി :ജൂനിയർ റെഡ്ക്രോസ്, എസ്.സി. വി. യു പി എസ്., മൈനാഗപ്പള്ളിയുടെ ആഭിമുഖ്യത്തിൽ കിടപ്പ് രോഗികൾക്ക് വാട്ടർ ബെഡ് വിതരണം നടത്തി. സമൂഹത്തിൽ വേദന അനുഭവിക്കുന്ന രോഗികൾക്ക് ആശ്വാസകരമായ സഹായം നൽകുക എന്നത് റെഡ് ക്രോസ് യൂണിറ്റിൻ്റെ കടമയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രജനി സുനിൽ പറഞ്ഞു.


പി.ടി. എ പ്രസിഡൻ്റ് അർഷാദ് മന്നാനി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡൻ്റ് KP വേണുഗോപാൽ , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റഹിയാനത്ത് , അമൃതരതീഷൻ, HM ജയലക്ഷ്മി, ജൂനിയർ റെഡ് ക്രോസ്സ് കോഡിനേറ്റർ സുനീഷ് .എം.ആർ., മാനേജർ കല്ലട ഗിരീഷ്,, സൈജു, ഉണ്ണി ഇലവിനാൽ തുടങ്ങിയവർ സംസാരിച്ചു. ചിത്തിരവിലാസം യൂ പി . സ്കൂളിലെ ജൂനിയർ റെഡ്ക്രോസ്റ്റ് കഴിഞ്ഞ ഒരു വർഷമായി നടത്തിവരുന്ന, “സ്നേഹ സ്പർശം” പദ്ധതിയുടെ ഭാഗമായിട്ടാണ് വാട്ടർ ബെഡ് വിതരണം നടത്തിയത്.

കെ.കെ ശൈലജയ്ക്ക് മട്ടന്നൂരില്ല; പേരാവൂരില്‍ മത്സരിക്കും

കണ്ണൂര്‍: വരാനിരിക്കുന്ന 2026 കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ.കെ. ശൈലജ പേരാവൂരില്‍ നിന്നും ജനവിധി തേടും. സിറ്റിങ് സീറ്റായ മട്ടന്നൂരില്‍ ഇത്തവണ ശൈലജയെ പരിഗണിക്കേണ്ടതില്ലെന്ന പ്രാഥമിക ചര്‍ച്ചകള്‍ക്കൊടുവില്‍, പേരാവൂര്‍ മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് ഈ സുപ്രധാന തീരുമാനമെടുത്തത്.
ശൈലജയെപ്പോലെയുള്ള ജനകീയ നേതാക്കളെ തിരഞ്ഞെടുപ്പ് ഗോദയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് കേന്ദ്ര നേതൃത്വത്തെയും സംസ്ഥാന നേതൃത്വത്തെയും പുനര്‍ചിന്തയ്ക്ക് പ്രേരിപ്പിച്ചത്.
രണ്ടു ടേം വ്യവസ്ഥയുടെ പേരില്‍ ഇത്തവണ മുതിര്‍ന്ന പല നേതാക്കളെയും മാറ്റിനിര്‍ത്താന്‍ സിപിഎം ആലോചിച്ചിരുന്നു. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ ആദ്യ പട്ടികയില്‍ മട്ടന്നൂരില്‍ ശൈലജയുടെ പേര് ഉള്‍പ്പെട്ടിരുന്നില്ല. ചരിത്രപരമായ ഭൂരിപക്ഷത്തില്‍ വിജയിച്ച ഒരു നേതാവിനെ ഒഴിവാക്കുന്നത് വോട്ട് വിഹിതത്തെ ബാധിക്കുമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ശക്തമായി വാദിച്ചു.
സുരക്ഷിത മണ്ഡലങ്ങളില്‍ ടേം വ്യവസ്ഥയില്‍ ഇളവ് നല്‍കേണ്ടതില്ലെന്ന കര്‍ക്കശമായ നിലപാടിലായിരുന്നു പാര്‍ട്ടി നേതൃത്വം. എന്നാല്‍, യുഡിഎഫിന്റെ കൈവശമുള്ള, വിജയം ഉറപ്പില്ലാത്ത മണ്ഡലങ്ങളില്‍ ജനപ്രീതിയുള്ള നേതാക്കള്‍ക്ക് ഇളവ് നല്‍കാം എന്ന ഫോര്‍മുലയിലാണ് ഒടുവില്‍ ശൈലജയുടെ പേര് പേരാവൂരിലേക്ക് നിര്‍ദേശിക്കപ്പെട്ടത്.