27.5 C
Kollam
Thursday 15th October, 2026 | 05:36:15 PM
Home News Breaking News ചൈനയിലേക്ക് അല്ല, ആദ്യം ഇന്ത്യയിലേക്ക്; നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കും

ചൈനയിലേക്ക് അല്ല, ആദ്യം ഇന്ത്യയിലേക്ക്; നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കും

കാഠ്മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കും. നവംബർ മൂന്ന് അല്ലെങ്കിൽ നാലാം വാരം ഇന്ത്യയിൽ എത്തുന്ന ബാലേന്ദ്ര ഷാ മൂന്ന് ദിവസം രാജ്യത്ത് തുടർന്ന് ഉഭയകക്ഷി ചർച്ചകൾ നടത്തും. അതിർത്തി തർക്കങ്ങളും പ്രളയ പുനരധിവാസ സഹായങ്ങളും സന്ദർശനവേളയിൽ പ്രധാന ചർച്ചയാകും. മാർച്ച് മാസം അധികാരത്തിലെത്തിയ ബാലേന്ദ്ര ഷായുടെ ആദ്യത്തെ ഔദ്യോഗിക ഉഭയകക്ഷി വിദേശ സന്ദർശനം ഇന്ത്യയിലേക്കാണെന്നത് ശ്രദ്ധേയമാണ്. സെപ്റ്റംബർ മാസം യുഎസിൽ എത്തിയ ബാലേന്ദ്ര ഷാ, യുഎൻ ജനറൽ അസംബ്ലിയിൽ പങ്കെടുത്തിരുന്നു.

Also Read: ക്ലാസ് മുറിയിലേക്ക് മുകൾ നില തകർന്നുവീണു, പാകിസ്ഥാനിൽ മരിച്ച വിദ്യാർത്ഥികളുടെ എണ്ണം 29 ആയി അധ്യാപികയും കൊല്ലപ്പെട്ടു, 40 പേർക്ക് പരിക്ക്

നേപ്പാൾ പ്രധാനമന്ത്രിമാർ അധികാരം ഏറ്റെടുത്ത ശേഷം ആദ്യം ഇന്ത്യ സന്ദർശിക്കുന്നതാണ് പൊതുവേയുള്ള രീതി. എന്നാൽ മുൻ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി ഈ പതിവ് തെറ്റിച്ച് ആദ്യം ചൈനയാണ് സന്ദർശിച്ചത്. ബാലൻ ഷാ ഇന്ത്യയെ ആദ്യ വിദേശ സന്ദർശനത്തിനായി തിരഞ്ഞെടുത്തത് ശ്രദ്ധേയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബാലൻ ഷാ പ്രതിനിധിതല ചർച്ചകൾ നടത്തും. ഇരുരാജ്യങ്ങളും തമ്മിൽ നിരവധി കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെക്കാൻ സാധ്യതയുണ്ട്. ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ നിർമിച്ച പനൗതിയിലെ നേപ്പാൾ പൊലീസ് അക്കാദമി, ഭൈരഹവയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ്, പശ്ചിമ നേപ്പാളിലെ പാലങ്ങൾ എന്നിവയുടെ ഉദ്ഘാടനം ഈ സന്ദർശനവേളയിൽ ഉണ്ടായേക്കും. വിവിധ പദ്ധതികളുടെ നിർമാണ ഉദ്ഘാടനവും ചർച്ചകളിൽ വരാം.

കഴിഞ്ഞ ഓഗസ്റ്റിൽ നേപ്പാളിലുണ്ടായ കടുത്ത പ്രളയത്തിൽ ഇന്ത്യ 130 ടണ്ണിലധികം ദുരിതാശ്വാസ സാമഗ്രികളും രക്ഷാപ്രവർത്തകരെയും അയച്ചിരുന്നു. ഇതിന് ബാലൻ ഷാ നന്ദി അറിയിച്ചിരുന്നു. തകർന്ന റോഡുകളും പാലങ്ങളും പുനർനിർമിക്കാൻ ഇന്ത്യയിൽ നിന്ന് കുറഞ്ഞ പലിശയ്ക്കുള്ള വായ്പകളും ഗ്രാന്റുകളും നേപ്പാൾ നവംബർ മാസത്തിലെ സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്. വിവിധ ജലവൈദ്യുത പദ്ധതികളിൽ ഇന്ത്യൻ കമ്പനിയായ എൻഎച്ച്പിസിയുമായുള്ള സഹകരണം ബാലേന്ദ്ര ഷാ ചർച്ച ചെയ്യും. നിർദിഷ്ട അയോധ്യ-ജനക്പൂർ റെയിൽവേ പദ്ധതിയും നേപ്പാളിന്റെ എഐ സാങ്കേതികവിദ്യാ വികസനത്തിന് ഇന്ത്യയുടെ സഹായവും അജണ്ടയിലുണ്ട്. ഏറെ തർക്കങ്ങൾ നിലനിൽക്കുന്ന കാലാപാനി-ലിപുലേഖ് അതിർത്തി പ്രശ്നം ചർച്ചയിൽ ഉന്നയിക്കപ്പെട്ടേക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here