Home Blog Page 991

ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തിയ കേസില്‍ കന്നഡ നടി ബിന്ദുവും കാമുകനും സുഹൃത്തും പിടിയില്‍

ബെംഗളൂരു: ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തിയ കേസില്‍ കന്നഡ നടി ബിന്ദു അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. കാമുകന്‍ വിനയ്, കൂട്ടാളി ധനുഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിജയലക്ഷ്മി ലേഔട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന മോഹന്‍ കൃഷ്ണയാണ് മരിച്ചത്.
ഫെബ്രുവരി 18 നാണ് കൊലപാതകം നടത്തിയതെന്നും മാര്‍ച്ച് 1ന് വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍ക്കാര്‍ നടത്തിയ പരിശോധനയിലാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയതെന്നും പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട ദിവസം മോഹന്‍ കൃഷ്ണയും ബിന്ദുവും പ്രതികളും ചേര്‍ന്ന് വാടക വീട്ടില്‍ ഒരു പാര്‍ട്ടി നടത്തിയിരുന്നതായും പാര്‍ട്ടിക്കിടെ മദ്യപിച്ച മോഹന്‍ കൃഷ്ണ ബിന്ദുവിനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ഇതില്‍ പ്രകോപിതനായ വിനയ് കത്തികൊണ്ട് മോഹന്‍ കൃഷ്ണയെ കുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
മോഹന്‍ കൃഷ്ണ നിലവിളിക്കാന്‍ തുടങ്ങിയപ്പോള്‍ മൂന്ന് പ്രതികളും ചേര്‍ന്ന് മോഹന്‍ കൃഷ്ണയുടെ വായിലും മൂക്കിലും സെല്ലോ ടേപ്പ് ചുറ്റി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഉടനെ തന്നെ പ്രതികള്‍ വീട് പൂട്ടി ഓടി രക്ഷപ്പെട്ടു. പ്രതികളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷനും കോള്‍ ഡാറ്റകളും ശേഖരിച്ചാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്
മോഹന്‍ കൃഷ്ണ ഭാര്യയുമായി വേര്‍പിരിഞ്ഞ് ബിന്ദുവുമായി ലിവ്-ഇന്‍ ബന്ധത്തിലായിരുന്നു. രണ്ട് മാസം മുമ്പാണ് ഇരുവരും ചേര്‍ന്ന് വിജയലക്ഷ്മി ലേഔട്ടില്‍ ഒരു വീട് വാടകയ്ക്കെടുത്തതെന്നും ദമ്പതികള്‍ ഉടന്‍ തന്നെ വീട് ഒഴിയുമെന്ന് പറഞ്ഞിരുന്നെന്നും അതിനാല്‍ ഉടമസ്ഥന്‍ ഔദ്യോഗിക വാടക കരാര്‍ എഴുതിയിരുന്നില്ലയെന്നും പൊലീസ് വ്യക്തമാക്കി.
ബിന്ദു കൂട്ടുപ്രതിയായ വിനയുമായി പ്രണയത്തിലാണെന്നും വിനയ് അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മോഹന്‍ കൃഷ്ണ തങ്ങളുടെ വിവാഹത്തിന് തടസ്സമാകുമെന്ന് ഭയന്നാണ് ഇരുവരും ചേര്‍ന്ന് ഈ കൊലപാതകം നടത്തിയതെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ബജ്രംഗി, പൊലീസ് ക്വാര്‍ട്ടേഴ്സ്, കാലഭൈരവ തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ച ബിന്ദു കന്നഡ ടിവി സീരിയലുകളില്‍ നിരവധി വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

ആംഡ് ഫോഴ്‌സസ് മെഡിക്കൽ സർവീസസ്, മെഡിക്കൽ ഓഫീസർ; MBBS ബിരുദക്കാർക്ക് അപേക്ഷിക്കാം

ആംഡ് ഫോഴ്‌സസ് മെഡിക്കൽ സർവീസസ് (എ.എഫ്.എം.എസ്.), മെഡിക്കൽ ഓഫീസർ (ഷോർട്ട് സർവീസ് കമ്മിഷൻ-എസ്.എസ്.സി.) തസ്തികയിലേക്ക് അപേക്ഷിക്കാം. ഒഴിവുകൾ: പുരുഷന്മാർ- 75, സ്ത്രീകൾ- 25. കമ്മിഷൻ ചെയ്യപ്പെടുന്നവർ കരസേന/നാവികസേന/വ്യോമസേന എന്നിവയിൽ രാജ്യത്തെ/വിദേശത്തെ ഏതു ഭാഗത്തും സേവനമനുഷ്ഠിക്കാൻ ബാധ്യസ്ഥനാണ്.

പ്രാരംഭ നിയമന കാലാവധി അഞ്ചുവർഷമാണ്. അതിനുശേഷവും തുടരാൻ ആഗ്രഹിക്കുന്നവർക്ക് ഒഴിവുകളുടെയും അന്ന് നിലനിൽക്കുന്ന നയം, യോഗ്യതാ മാനദണ്ഡങ്ങൾ എന്നിവയ്ക്കും വിധേയമായി രണ്ടു കാലയളവുകളിലായി ഒൻപതുവർഷത്തേക്കുകൂടി (ആദ്യത്തേത് അഞ്ചുവർഷവും രണ്ടാമത്തേത് നാലുവർഷവും) തുടർനിയമനം ലഭിക്കാം.

അപേക്ഷകർ അവരുടെ അവസാന എം.ബി.ബി.എസ്. (പാർട്ട്-I & II) പരീക്ഷ പരമാവധി രണ്ട് ചാൻസിൽ ജയിച്ചിരിക്കണം. 2024-ലോ 2025-ലോ നീറ്റ് പി.ജി. അഭിമുഖീകരിച്ചിരിക്കണം. 2025 ജൂലായ് 31-നോ മുൻപോ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയിരിക്കണം. ബിരുദാനന്തരബിരുദമുള്ള സിവിലിയൻ ഡോക്ടർമാർക്കും അപേക്ഷിക്കാം. അവർ വീണ്ടും നീറ്റ് പി.ജി. പരീക്ഷ അഭിമുഖീകരിക്കേണ്ടതില്ല. നേരത്തേ നീറ്റ് പി.ജി.യിൽ അവർ നേടിയ സ്‌കോർ കണക്കിലെടുക്കും.

ഏതെങ്കിലും സംസ്ഥാന മെഡിക്കൽ കൗൺസിൽ/എൻ.എം.സി./എം.സി.ഐ.യിൽനിന്ന് സ്ഥിരമായ രജിസ്‌ട്രേഷൻ നേടിയിരിക്കണം.

എം.ബി.ബി.എസ്. ബിരുദം ഉണ്ടെങ്കിൽ 30 വയസ്സിനും (ജനനം 1997 ജനുവരി രണ്ടിനോ ശേഷമോ), പി.ജി. ബിരുദം ഉണ്ടെങ്കിൽ 35 വയസ്സിനും (ജനനം 1992 ജനുവരി രണ്ടിനോ ശേഷമോ) താഴെയായിരിക്കണം 2026 ഡിസംബർ 31-ലെ പ്രായം. join.afms.gov.in വഴി മാർച്ച് നാലുവരെ അപേക്ഷിക്കാം.

അപേക്ഷാ ഫീ 200 രൂപ ഓൺലൈനായി അടയ്ക്കണം. ശമ്പളം, പ്രമോഷൻ, ഡിപ്പാർട്ട്‌മെന്റൽ പെർമനന്റ് കമ്മിഷൻ, പി.ജി./സൂപ്പർ സ്‌പെഷ്യാലിറ്റി കോഴ്‌സുകൾക്കുള്ള വ്യവസ്ഥ എന്നിവയുടെ വിശദാംശങ്ങൾ വിജ്ഞാപനത്തിൽ.

കഴുത്തിലെ ഈ മാറ്റങ്ങൾ ശ്രദ്ധിക്കണം; വൃക്ക അപകടത്തിലാകാം

ഇന്നത്തെ തിരക്കിട്ട ജീവിതത്തിൽ കൃത്യമല്ലാത്ത ഭക്ഷണശീലങ്ങളും മാനസിക സമ്മർദ്ദവും കാരണം പലതരം അസുഖങ്ങൾ നമുക്ക് വരാൻ സാധ്യതയുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് വൃക്ക രോഗം. ഈ ലക്ഷണങ്ങൾ അവഗണിക്കരുത്.

മുഖത്തും കഴുത്തിലുമുള്ള നീര്

ശരീരത്തിലെ അധികമുള്ള വെള്ളം പുറന്തള്ളാൻ വൃക്കകൾക്ക് കഴിയാതെ വരുമ്പോൾ ഈ വെള്ളം മുഖത്തെയും കഴുത്തിലെയും കോശങ്ങളിൽ കെട്ടിനിൽക്കും. ഇതുമൂലം കണ്ണുകൾക്കും കവിളുകൾക്കും കഴുത്തിനും നീര് വെച്ചതുപോലെ തോന്നും.

ചർമ്മത്തിലെ നിറം മാറ്റം

വൃക്കകൾ തകരാറിലാകുമ്പോൾ ശരീരത്തിൽ വിഷവസ്തുക്കൾ അടിഞ്ഞുകൂടും. ഇത് മുഖത്തെയും കഴുത്തിലെയും ചർമ്മത്തിന്റെ നിറം മങ്ങിയതുപോലെയാകാൻ കാരണമാകും.

നിരന്തരമായി ചൊറിച്ചിൽ അനുഭവപ്പെടുക

ശരീരത്തിലെ മാലിന്യങ്ങളും ധാതുക്കളും പുറന്തള്ളാൻ വൃക്കകൾക്ക് സാധിക്കാതെ വരുമ്പോൾ ചർമ്മത്തിൽ ചൊറിച്ചിലും പുകച്ചിലും ചുവന്ന തടിപ്പുകളും ഉണ്ടാകാം.

കഴുത്തിലെ രക്തക്കുഴലുകൾ തടിക്കുന്നത്

വൃക്കകളുടെ പ്രവർത്തനം മോശമാകുമ്പോൾ ശരീരത്തിൽ വെള്ളത്തിന്റെ അളവ് കൂടും. ഇത് കഴുത്തിലെ രക്തക്കുഴലുകളിൽ സമ്മർദ്ദം കൂട്ടുകയും അവ തടിച്ച് പുറത്തേക്ക് കാണുന്ന അവസ്ഥയുണ്ടാക്കുകയും ചെയ്യും.

വിഷമെന്നറിയാതെ അച്ഛൻ നൽകിയ ജ്യൂസ് കുടിച്ചു, മക്കളെ അപായപ്പെടുത്തി ജീവനൊടുക്കി 45കാരൻ, ശിവനന്ദനയ്ക്ക് വിട നൽകി നാട്

മാന്നാർ: ജ്യൂസിൽ വിഷം കലർത്തി നൽകി മക്കളെ അപായപ്പെടുത്തിയ ശേഷം വിഷം കഴിച്ച് ജീവനൊടുക്കിയ പിതാവിനും മകൾക്കും കണ്ണീരോടെ യാത്രാമൊഴി നൽകി നാട്. മാന്നാർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡിൽ ശിവശൈലത്തില്‍ മനോജ് (45), ആറാം ക്ലാസ് വിദ്യാർഥിനിയായ മൂത്തമകൾ ശിവനന്ദന എന്നിവരുടെ വേർപാടാണ് ഒരു നാടിനെ ഒന്നടങ്കം നൊമ്പരപ്പെടുത്തിയത്. ഇരുവരുടെയും മൃതദേഹങ്ങൾ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കുരട്ടിക്കാട് മുത്താരമ്മൻ ട്രസ്റ്റ് ശ്മശാനത്തിൽ സംസ്കരിച്ചു.

കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കുരട്ടിക്കാട് ശ്രീഭുവനേശ്വരി സ്കൂൾ വിദ്യാർഥിനികളായ രണ്ടു പെൺമക്കളെയും മനോജ് കാറിലെത്തി നേരത്തേ വിളിച്ചുകൊണ്ടുപോകുകയായിരുന്നു. വഴിയിൽ വച്ച് വിഷം കലർത്തിയ ജ്യൂസ് മക്കൾക്ക് നൽകിയ ശേഷം മനോജും കുടിച്ചു. ഇതറിയാതെയാണ് നിഷ്കളങ്കരായ ആ കുരുന്നുകൾ ജ്യൂസ് കുടിച്ചത്. പിന്നീട് റോഡരികിൽ നിർത്തിയിട്ട കാറിൽ അവശനിലയിൽ കണ്ട ഇവരെ പ്രദേശവാസികളിലൊരാൾ അതേ കാറിൽതന്നെ പരുമലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മനോജിന്റെയും ശിവനന്ദനയുടെയും ജീവൻ രക്ഷിക്കാനായില്ല.

രണ്ടാമത്തെ മകൾ ശിവഗംഗ അപകടനില തരണം ചെയ്തിട്ടുണ്ട്. ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം രണ്ട് ആംബുലൻസുകളിലായി മൃതദേഹങ്ങൾ വീട്ടിലെത്തിച്ചപ്പോൾ ഹൃദയഭേദകമായ കാഴ്ചകളാണ് അരങ്ങേറിയത്. മൃതദേഹം ഒരുനോക്ക് കാണാൻ വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ശിവനന്ദനയും ശിവഗംഗയും പഠിച്ച സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും ഉൾപ്പെടെ നാനാതുറകളിൽപ്പെട്ട നിരവധി പേർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

ഇറാൻ ഭരണസിരാകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വീണ്ടും ഇസ്രയേൽ; പ്രസിഡന്റിന്റെ ഓഫീസും തകർത്തെന്ന് അവകാശവാദം

ജെറുസലേം : പശ്ചിമേഷ്യയെ ആശങ്കയിലാക്കിയുള്ള ആക്രമണം ശക്തമായി തുടർന്ന് ഇസ്രയേലും തിരിച്ചടിച്ച് ഇറാനും ഇറാന്റെ പരമോന്നത നേതാവ് ആയിത്തുള്ള അലി ഖമനേയിയെ വധിച്ചതിന് പിന്നാലെ വീണ്ടും ഇറാന്റെ ഭരണസിരാകേന്ദ്രങ്ങൾ ലക്ഷ്യമിടുകയാണ് ഇസ്രയേൽ. ഇറാന്റെ പ്രസിഡന്റിന്റെ ഔദ്യോഗിക ഓഫീസ് ആക്രമിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. ചൊവ്വാഴ്ച നടന്ന ആക്രമണത്തെ കുറിച്ച് ഇസ്രയേൽ സൈന്യമാണ് സ്ഥിരീകരണം നടത്തിയത്.

അതീവ സുരക്ഷാ മേഖലയിലുണ്ടായ മിസൈൽ ആക്രമണങ്ങളിൽ ഇറാന്റെ ഭരണനിർവ്വഹണ സംവിധാനങ്ങൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ട്.ആയിത്തുള്ള അലി ഖമനേയിയുടെ മരണത്തിന് പിന്നാലെ ഇറാൻ താൽക്കാലിക ഭരണസമിതി രൂപീകരിച്ച സാഹചര്യത്തിലാണ് നിർണ്ണായകമായ പുതിയ നീക്കം. നിലവിലെ ഭരണകൂടത്തെ പൂർണ്ണമായും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണങ്ങളെന്ന് ഇസ്രയേൽ വക്താക്കൾ വ്യക്തമാക്കി.

ആക്രമണത്തെത്തുടർന്ന് ടെഹ്‌റാനിൽ കനത്ത പുകയും സ്ഫോടനശബ്ദങ്ങളും ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭരണഘടനാനുസൃതമായ അധികാര കൈമാറ്റത്തിന് ശ്രമിക്കുന്നതിനിടെയാണ് ഇറാനെ കൂടുതൽ പ്രതിസന്ധിയിലേക്ക് എത്തിയ ആക്രമണമുണ്ടായത്.

പശ്ചിമേഷ്യയിൽ തീമഴ പെയ്തത് ക്രിസ്റ്റ്യാനോയെയും ബാധിച്ചു, 750 കോടി വിലയുള്ള ‘പറക്കും മാളിക’യിൽ പറന്നത് യൂറോപ്പിലേക്ക്…

റിയാദ്: റിയാദിലെ യുഎസ് എംബസിക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെ, രാജ്യം വിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്റെ ആഡംബര സ്വകാര്യ ജെറ്റിൽ സൗദി അറേബ്യയിൽ നിന്ന് ക്രിസ്റ്റ്യാനോ പറന്നതായാണ് റിപ്പോർട്ട്. 41 കാരനും അൽ നാസർ സൂപ്പർസ്റ്റാറുമായ ക്രിസ്റ്റ്യാനോ കുടുംബത്തോടൊപ്പമാണ് രാജ്യം വിട്ടത്.

യൂറോപ്പിലെ സുരക്ഷിതമായ കേന്ദ്രത്തിലേക്കാണ് പോയതെന്നും പറയുന്നു. അമേരിക്ക, ഇസ്രയേൽ, ഇറാൻ സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ക്രിസ്റ്റ്യാനോയുടെ നാടുവിടൽ. യുദ്ധം അന്താരാഷ്ട്ര അത്‌ലറ്റുകളുടെ സുരക്ഷയെക്കുറിച്ച് ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. സാദിയോ മാനെ, ജോ ഫെലിക്സ്, കരിം ബെൻസെമ തുടങ്ങിയ ഫുട്ബോൾ സൂപ്പർതാരങ്ങളും സൗദി പ്രോ ലീഗിൽ ഫുട്ബോൾ കളിക്കുന്നു.

ഫെബ്രുവരി 28 ന് റിയാദിൽ നിരവധി സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. റിയാദിലെ യുഎസ് എംബസിയെ ഇറാൻ ലക്ഷ്യം വച്ചിട്ടുണ്ട്. സൗദി ഫുട്ബോളിന്റെ ആഗോള അംബാസഡറായി സേവനമനുഷ്ഠിക്കുന്ന റൊണാൾഡോ 2023 ൽ അൽ നാസറിൽ ചേർന്നതിനുശേഷം റിയാദിലാണ് താമസിക്കുന്നത്. അദ്ദേഹത്തിന്റെ ഗൾഫ്സ്ട്രീം ജി650 എന്ന സ്വകാര്യ ജെറ്റ് വിമാനത്തിലാണ് അദ്ദേഹം രാജ്യം വിട്ടത്. ഏകദേശം 67 മില്യൺ പൗണ്ട് (ഏകദേശം 750 കോടി രൂപ) വിലവരുന്ന, പറക്കും മാളിക എന്നറിയിപ്പെടുന്ന വിമാനം, ലോകത്തിലെ ഏറ്റവും ആഡംബരമായ സ്വകാര്യ വിമാനങ്ങളിൽ ഒന്നാണ്,.19 യാത്രക്കാരെ വഹിക്കാനും 7,000 മൈലിലധികം നിർത്താതെ പറക്കാനും ഇതിന് കഴിയും.

ശാസ്താംകോട്ടയില്‍ അമൃത് ഭാരതിന് സ്റ്റോപ്പ്

ശാസ്താംകോട്ട. റെയില്‍വേ സ്റ്റേഷനില്‍ നാഗര്‍കോവില്‍-മംഗലാപുരം അമൃതഭാരത് തീവണ്ടിക്ക് സ്റ്റോപ്പ് യാഥാര്‍ഥ്യമായി, ഇന്ന് ഉച്ചക്കെത്തിയ ട്രയിനിനെ സ്വീകരിക്കാന്‍ പാസഞ്ചേഴ്സ് സംഘടനാ നേതാക്കളും ബിജെപി നേതാക്കളും പ്രവര്‍ത്തകരുമെത്തിയിരുന്നു.

യാത്രക്കാരുടെ ദീർഘകാല ആവശ്യവും രാഷ്ട്രീയ സമ്മര്‍ദ്ദവുമാണ് തീരുമാനം ഉണ്ടായതിന് പിന്നില്‍. ആദ്യ അമൃത്ഭാരതിന് ശാസ്താംകോട്ടയില്‍ സ്റ്റോപ്പ് ലഭിച്ചതായി ബിജെപി ജില്ലാ നേതൃത്വം അറിയിച്ചത് വെറുതെയായത് വലിയ വാര്‍ത്തയായി. പാര്‍ട്ടി നേതാക്കളുടെ ഉറപ്പനുസരിച്ച് സ്റ്റോപ്പ് പ്രഖ്യാപനം നടത്തിയ ജില്ലാ പ്രാദേശിക നേതാക്കള്‍ അപമാനിതരായതോടെ വിഷയം പാര്‍ട്ടിയില്‍ കത്തിക്കയറി. നേതാക്കള്‍ റെയില്‍വേ മന്ത്രാലയത്തില്‍ സമ്മര്‍ദ്ദം ചെലുത്തി. അതോടൊപ്പം എംപി കൊടിക്കുന്നില്‍ സുരേഷിന്‍റെ ഇടപെടലും തുണയായി. കൊടിക്കുന്നില്‍ ട്രയിനിനുവേണ്ടി ഇടപെട്ടതായി പത്രക്കുറിപ്പ് നല്‍കിയെങ്കിലും സ്വീകരണത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വരാതിരുന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

16329 (NCJ–MAJN) ട്രെയിൻ ഉച്ചയ്ക്ക് 2.33ന് ശാസ്താംകോട്ടയിൽ എത്തി 2.34ന് പുറപ്പെടും. അതേസമയം 16330 (MAJN–NCJ) ട്രെയിൻ വൈകുന്നേരം 5.13ന് എത്തി 5.14ന് പുറപ്പെടും.

ശാസ്താംകോട്ടയും സമീപ പ്രദേശങ്ങളിലുമുള്ള വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും പ്രവാസികൾക്കും വ്യാപാരികൾക്കും ഏറെ ആശ്വാസകരമായ തീരുമാനമാണിത്. വടക്കൻ കേരളത്തേക്കും കര്‍ണാടകയിലേക്കും യാത്ര ചെയ്യുന്നവർക്ക് ഇതിലൂടെ മികച്ച സൗകര്യം ലഭ്യമാകും

സൈക്കിൾ ചെയിനും പ്രത്യേകം തയ്യാറാക്കിയ ആയുധങ്ങളും, സലീനയേയും മക്കളേയും വളഞ്ഞിട്ട് ആക്രമിച്ച് ലഹരി മാഫിയ

അടൂർ: ലഹരി വില്പന പൊലീസിൽ അറിയിച്ചതിൻ്റ വൈരാഗ്യത്തിൽ അമ്മയ്ക്കും മക്കൾക്കും ലഹരി മാഫിയ സംഘത്തിൻറെ ആക്രമണം. അടൂർ കോട്ടമുകൾ സ്വദേശികളായ സലീനയെയും മക്കളെയുമാണ് വീടു കയറി ക്രൂരമായി മർദ്ദിച്ചത്. പ്രതികളായ സാബിർ, അർഷിത്, ശ്രേയസ് എന്നിവർ ഒളിവിൽ ആണ്. ഇന്നലെ രാത്രിയാണ് സലീനയും മക്കളും താമസിക്കുന്ന കോട്ടമുകളിലെ വീട്ടിലെത്തി പ്രതികൾ അക്രമം കാണിച്ചത്.

ഒന്നാം പ്രതിയും പ്രദേശവാസിയുമായ സബീറിന്റെ ലഹരി വില്പന പൊലീസിൽ അറിയിച്ചതിൻ്റ വൈരാഗ്യമാണ് ക്രൂരമർദ്ദനത്തിന് കാരണം. സൈക്കിൾ ചെയിനും പ്രത്യേകം തയ്യാറാക്കിയ ആയുധങ്ങൾ ഉപയോഗിച്ചുമാണ് മൂവരെയും പ്രതികൾ മർദ്ദിച്ചത്. മർദ്ദനത്തിൽ സലീനക്കും മക്കളായ അഫ്സൽ, ഫൈസൽ എന്നിവർക്കും ഗുരുതരമായി പരിക്കേറ്റു.

വീട്ടു ഉപകരണങ്ങളും പ്രതികൾ തല്ലി തകർത്തു. തലയ്ക്കും കഴുത്തിനും പുറത്തും പരിക്കേറ്റ ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മർദ്ദനത്തിന് ശേഷം പ്രതികൾ ബൈക്കിലും കാറിലുമായി രക്ഷപ്പെട്ടു. പ്രതികൾക്കായി അടൂർ പൊലീസ് അന്വേഷണം ഊർജിതമാക്കി.

തടാക സംരക്ഷണത്തിന് 30ലക്ഷം അനുവദിച്ചു,കൊടിക്കുന്നിൽ

ഗ്ലോബൽ എൻവിയോൺമെന്റൽ ഫെസിലിറ്റി ഫണ്ട് – IMWBES: ശാസ്താംകോട്ട തടാകം മാതൃകാ കേന്ദ്രമായി; ആദ്യഘട്ടത്തിന് ₹30 ലക്ഷം അനുവദിച്ചു – കൊടിക്കുന്നിൽ സുരേഷ് എംപി

കൊല്ലം.ഗ്ലോബൽ എൻവയോൺമെന്റ് ഫെസിലിറ്റി ഫണ്ടിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ചതുപ്പുനില ജൈവവൈവിധ്യവും പരിസ്ഥിതി സേവനങ്ങളും ഏകീകൃതമായി പരിപാലിക്കുന്ന പദ്ധതിയുടെ ഭാഗമായി ശാസ്താംകോട്ട തടാകത്തിനെ രാജ്യത്തെ മാതൃകാ കേന്ദ്രമായി തെരഞ്ഞെടുത്തതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി ₹30 ലക്ഷം രൂപ അനുവദിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ലോക്‌സഭയിൽ ചട്ടം 377 പ്രകാരം വിഷയം ഉന്നയിച്ചതിനും തുടർന്ന് നടത്തിയ ഇടപെടലുകൾക്കുമൊടുവിലാണ് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ മാറ്റ വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ് ഈ വിവരം അറിയിച്ചതെന്ന് എംപി പറഞ്ഞു. തടാകത്തിന്റെ പുതുക്കിയ ഏകീകൃത മാനേജ്മെന്റ് പദ്ധതി തയ്യാറാക്കുന്നതിനും സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമാണ് അനുവദിച്ച തുക വിനിയോഗിക്കുന്നത്.

കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട തടാകത്തിന്റെ സംരക്ഷണത്തിനായി 2001 മുതൽ കേന്ദ്ര സർക്കാർ സാമ്പത്തിക സഹായം അനുവദിച്ചുവരികയാണ്. ജലപരിസ്ഥിതി സംരക്ഷണ ദേശീയ പദ്ധതിയുടെ ഭാഗമായി ഇതുവരെ ₹88.855 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രിയുടെ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

കുടിവെള്ളത്തിന്റെ പ്രധാന ഉറവിടമായ ശാസ്താംകോട്ട തടാകത്തിന്റെ ദീർഘകാല സംരക്ഷണവും ജലസുരക്ഷയും ഉറപ്പാക്കുന്നതിനായി കൂടുതൽ കേന്ദ്രസഹായം ലഭ്യമാക്കാൻ തുടർന്നും ശക്തമായ ഇടപെടൽ നടത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി കൂട്ടിച്ചേർത്തു.

ഗതാഗത നിയന്ത്രണം

കൊണ്ടേത്ത് പാലം മുതൽ ഇരവിപുരം പാലം വരെയുള്ള റോഡിൽ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ മാർച്ച് അഞ്ച് മുതൽ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഹാർബർ എഞ്ചിനീയറിംഗ് സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ഫോൺ: 0474- 2742416.