കൊല്ലം: ശബരിമല സ്വര്ണക്കൊള്ള കേസില് റിമാൻഡിൽ കഴിയുന്ന തിരുവിതാംകൂര് ദേവസ്വം ബോര്ഡ് മുന് പ്രസിഡന്റ് എ. പത്മകുമാറും ഇന്ന് ജാമ്യം നേടി പുറത്തിറങ്ങിയേക്കും. പത്മകുമാറിന്റെ ജാമ്യഹര്ജിയിൽ കൊല്ലം വിജിലന്സ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. പത്മകുമാറിന് ഇന്ന് സ്വാഭാവിക ജാമ്യം ലഭിച്ചേക്കുമെന്നാണ് സൂചന.
ദ്വാരപാലക ശില്പങ്ങളിലെ സ്വര്ണം മോഷണം പോയ കേസിലാണ് ജാമ്യം തേടി പത്മകുമാര് കോടതിയെ സമീപിച്ചിരിക്കുന്നത്. ആദ്യം അറസ്റ്റിലായ കട്ടിളപ്പാളി കേസില് നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. 90 ദിവസം റിമാന്ഡ് കാലാവധി പൂര്ത്തിയായതോടെയാണ് ദ്വാരപാലക ശില്പ കേസിലും ജാമ്യഹര്ജി നല്കിയത്.
കേസില് പ്രത്യേക അന്വേഷണ സംഘം ഇതുവരെ കുറ്റപത്രം സമര്പ്പിക്കാത്തതും ഹര്ജിയില് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വര്ണക്കൊള്ള കേസില് ഏഴു പ്രതികള്ക്കാണ് ഇതുവരെ ജാമ്യം ലഭിച്ചിട്ടുള്ളത്.
ശബരിമല സ്വര്ണക്കൊള്ള: പത്മകുമാറും പുറത്തേക്ക്…?
ദുബായിലെ യുഎസ് കോണ്സുലേറ്റിനുനേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി
ദുബായിലെ യുഎസ് കോണ്സുലേറ്റിനുനേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. എന്നാൽ ആക്രമണശ്രമം തകര്ത്തെന്ന് ദുബായ് അധികൃതർ വ്യക്തമാക്കി. ചെറിയ തീപിടിത്തമുണ്ടായെന്നും അത് നിയന്ത്രണവിധേയമാക്കിയെന്നും റിപ്പോർട്ട് ഉണ്ട്. ഖത്തറിലെ യുഎസ് സൈനികകേന്ദ്രമായ അല് ഉദെയ്ദിലും മിസൈല് ആക്രമണമുണ്ടായി. അതിനിടെ, കഴിഞ്ഞരാത്രി തെക്കന് ലെബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങള് ലക്ഷ്യമിട്ട് ഇസ്രയേല് വ്യോമാക്രമണം നടത്തി.
ടയര് ജില്ലയില് വ്യോമാക്രമണത്തെത്തുടര്ന്ന് പരുക്കേറ്റവരെ മാറ്റുന്നതിനിടെ മൂന്ന് പാരാമെഡിക്കല് ജീവനക്കാര് കൊല്ലപ്പെട്ടെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി. ആറുപേര്ക്ക് പരുക്കേല്ക്കുകയും ചെയ്തു. അതേസമയം ഇറാന് ആക്രമണത്തിന് ശക്തമായ മറുപടി നല്കുമെന്ന് ഖത്തറിന്റെ മുന്നറിയിപ്പ്. ഇറാന് ആക്രമണത്തെ നേരിടാന് സജ്ജമെന്നും ആക്രമണത്തെക്കുറിച്ച് മുന്കൂട്ടി അറിയിച്ചെന്ന വാദം കള്ളമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
കൈക്കൂലികേസില് അറസ്റ്റ് ചെയ്യപ്പെട്ട് റിമാഡിന് ശേഷം പുറത്ത് ഇറങ്ങിയ എംവിഐയെ ഷാളണിയിച്ച് സ്വീകരിച്ച് ഡ്രൈവിങ് സ്കൂൾ ഉടമകള്
കൈക്കൂലികേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് റിമാൻഡിന് ശേഷം പുറത്ത് ഇറങ്ങിയ കേസിൽ പ്രതിയായ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ ജയിലിന് പുറത്ത് ഷാൾ അണിയിച്ച് സ്വീകരിച്ചു. വെഹിക്കിൾ ഇൻസ്പെക്ടറായ കെ.ജി ബിജുവിനെ ആണ് ഡ്രൈവിങ് സ്കൂൾ ഉടമകളും ജീവനക്കാരും ചേര്ന്ന് ഷാളണിയിച്ച് സ്വീകരിച്ചത്. കോട്ടയം ജില്ലാ ജയിലിൽ റിമാൻഡിലായിരുന്നു ബിജു. സ്വീകരണത്തിന്റെ ദൃശ്യങ്ങള് പുറത്തുവന്നു.
ചേർത്തലയിൽ നിന്ന് ഒരു മാസം മുമ്പാണ് 2600 രൂപ കൈക്കൂലി വാങ്ങുന്നതിന് ഇടയിൽ കെ ജി ബിജുവിനെ പിടികൂടിയത്. തണ്ണീർമുക്കം സ്വദേശിയായ ഡ്രൈവിംഗ് സ്കൂൾ ഉടമയുടെ ഭർത്താവിന്റെ പരാതിയിലാണ് വിജിലൻസ് ഇയാളെ കുടുക്കിയത്. ഏജന്റ് പരാതിക്കാരനിൽ നിന്ന് കൈപ്പറ്റിയ തുക, ബിജുവിന്റെ ചേർത്തലയിലെ വീട്ടിലെത്തി കൈമാറുന്നതിനിടെയാണ് വിജിലൻസ് ഇരുവരെയും കൈയോടെ പിടികൂടിയത്.
ബിജു കഴിഞ്ഞ ആറു വർഷമായി വിജിലൻസിന്റെ കർശന നിരീക്ഷണത്തിലായിരുന്നു. അറസ്റ്റിലായ സമയത്ത് തന്നെ, ബിജുവിനെ ഉദ്യോഗസ്ഥ പകയുടെ പേരിൽ കുടുക്കിയതാണെന്ന് ആരോപിച്ച് ചില ഡ്രൈവിംഗ് സ്കൂൾ ഉടമകൾ രംഗത്തെത്തിയിരുന്നു. റിട്ടയർമെന്റിന് രണ്ടുമാസം ബാക്കി നിൽക്കെയാണ് ഇയാളെ പിടികൂടിയത്. ആലപ്പുഴയിൽ നിന്നടക്കം ബസ്സിലെത്തിയ ആളുകളാണ് പ്രതിയെ സ്വീകരിക്കാനായി ജയിലിന് മുന്നിൽ കാത്തുനിന്നത്.
നിയന്ത്രണം വിട്ട കാറിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു
കുണ്ടറ: നിയന്ത്രണം വിട്ട കാറിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. പെരുമ്പുഴ പുത്തന്പുര മാതാഭവനില് തോമസ് യോഹന്നാന് (സനു, 35) ആണ് മരിച്ചത്.ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് കിഴക്കേ കല്ലട സ്വദേശിയായ വിഷ്ണു രാജിന് (29) പരിക്കേറ്റു. കഴിഞ്ഞ 2 ന് വൈകിട്ട് 6.30 ഓടെ പള്ളിമുക്ക് ചിറ്റുമല റോഡില് കന്നിമേല് മുക്കിലായിരുന്നു സംഭവം. കല്ലട ഭാഗത്തുനിന്ന് വന്ന കാറാണ് എതിർദിശയിൽ നിന്ന് വന്ന ബൈക്കില് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ തോമസിനെ ഉടന് തന്നെ സമീപത്തെ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പിതാവ്: യോഹന്നാന്. മാതാവ്: ഗ്രേസി. ഭാര്യ: മഹിമ. മകള്: അന്നാതോമസ്.
കുണ്ടറയിൽ യുവാവ് ലോറിയിടിച്ച് മരിച്ചു
കുണ്ടറ: കുണ്ടറ ആറുമുറി കടയ്ക്കും കുണ്ടറ പള്ളിമുക്ക് ഈസ്റ്റ് ലെവൽ ക്രോസിനും ഇടയിലുള്ള തേപ്പ്കടയ്ക്ക് സമീപം, സ്കൂട്ടർ യാത്രികനായ യുവാവ് ലോറിയിടിച്ച് മരിച്ചു. മുളവന മുക്കൂട് സന്ധ്യാ ഭവനത്തിൽ വസന്തകുമാരി- ഗോപാലകൃഷ്ണൻ ദമ്പതികളുടെ മകൻ ജി. ഗിരീഷ് കൃഷ്ണനാണ് (36) മരിച്ചത്. പെരുമ്പുഴയിൽ മൊബൈൽ ഷോപ്പ് നടത്തുന്ന ഗിരീഷ് കട അടച്ച് വീട്ടിലേക്ക് വരുമ്പോൾ ഇന്നലെ പുലർച്ചെ 2ന് ആയിരുന്നു അപകടം. കൊട്ടാരക്കരയിൽ നിന്ന് കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് ബൈക്കിൽ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഗിരീഷിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുണ്ടറ പൊലീസ് കേസെടുത്തു. സഹോദരങ്ങൾ: സന്ധ്യ, സൗമ്യ
പശ്ചിമേഷ്യൻ സംഘർഷം… വിമാന സർവീസുകൾ പലതും റദ്ദാക്കി
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് നിർത്തിവച്ച വിമാന സർവീസുകൾ പൂർണ തോതിൽ പുനഃരാരംഭിച്ചില്ല. കരിപ്പൂരിൽ 28 വിമാനങ്ങൾമാത്രമാണ് ഇന്നലെ സർവീസ് നടത്തിയത്. 13 സർവീസുകൾ റദ്ദാക്കി. ഗൾഫ് നാടുകളിൽനിന്നുള്ള 21 സർവീസും തിരിച്ചുള്ള 19 സർവീസുമാണ് റദ്ദാക്കിയത്.
കണ്ണൂർ വിമാനത്താവളത്തിൽനിന്ന് അന്താരാഷ്ട്ര സർവീസ് അഞ്ചാം ദിവസവും മുടങ്ങി. ചൊവ്വ 13 വിമാനമാണ് റദ്ദാക്കിയത്. അബുദാബി, ദുബായ്, ദോഹ, ഫുജൈറ, ഷാർജ സർവീസുകളാണിത്. ബുധനാഴ്ചത്തെ വിമാനങ്ങളും റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ ശനി മുതൽ 49 സർവീസാണ് മുടങ്ങിയത്.
തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ബുധനാഴ്ച 27 വിമാനസർവീസ് റദ്ദാക്കി. തിരുവനന്തപുരത്തുനിന്ന് വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് പുറപ്പെടേണ്ട 13 സർവീസും വരേണ്ട 14 സർവീസും ഉൾപ്പെടെയാണിത്. ചൊവ്വാഴ്ച തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട 15 സർവീസ് റദ്ദാക്കിയിരുന്നു. ഒമാൻ എയറിന്റെ മസ്ക്കറ്റിൽനിന്നുള്ള വിമാനം രാവിലെ എത്തി തിരിച്ചുപോയി. എയർ അറേബ്യയുടെ അബുദബിയിലേക്കുള്ള സർവീസ് വൈകിട്ട് 4.30 നും പുറപ്പെട്ടു. തിങ്കളാഴ്ച 28 സർവീസുകൾ റദ്ദാക്കിയിരുന്നു.
കൊച്ചി വിമാനത്താവളത്തിൽനിന്ന് ചൊവ്വാഴ്ച പുറപ്പെടേണ്ടിയിരുന്ന 21 സർവീസ് റദ്ദാക്കി. കൊച്ചിയിലേക്കുള്ള 20 വിമാനവുംറദ്ദാക്കി. അബുദാബിയിലേക്കുള്ള ഏഴും ഷാർജ, കുവൈത്ത് എന്നിവിടങ്ങളിലേക്ക് മൂന്നുവീതവും ദോഹ, ബഹ്റൈൻ, ദുബായ് എന്നിവിടങ്ങളിലേക്ക് രണ്ടുവീതവും ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്ക് ഓരോസർവീസുമാണ് റദ്ദാക്കിയത്.
മരുന്ന് മാറി പെൺകുട്ടിക്ക് പേവിഷ വാക്സിൻ എടുത്ത സംഭവം;നഴ്സിനെതിരെ നടപടിക്ക് സാധ്യത
ശാസ്താംകോട്ട:ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ശ്വാസംമുട്ടലിന് ചികിത്സ തേടിയെത്തിയ
പെൺകുട്ടിക്ക് ആളുമാറി പേവിഷ വാക്സിൻ എടുത്ത സംഭവത്തിൽ നഴ്സിനെ ജോലിയിൽ നിന്നും പിരിച്ചു വിടാൻ സാധ്യത.എച്ച്എംസി വഴി കരാർ അടിസ്ഥാനത്തിൽ നിയമിച്ച നഴ്സാണ് ഗുരുതര കൃത്യവിലോപം കാട്ടിയത്.
സംഭവ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ഹെഡ് നഴ്സിനെതിരെയും നടപടി ഉണ്ടാകാൻ സാധ്യതയുണ്ട്.സസ്പെൻഷൻ നടപടിയാകും ഇവർക്കെതിരെ സ്വീകരിക്കുക എന്നാണ് അറിയുന്നത്.മൂന്ന് ദിവസത്തിനകം വിശദീകരണം നൽകാൻ ഇരുവർക്കും ഡിഎംഒയും ബ്ലോക്ക് പഞ്ചായത്ത് അധികൃതരും നിർദ്ദേശം നൽകിയിട്ടുണ്ട്.വിശദീകരണം ലഭിച്ച ശേഷം എച്ച്എംസി ചേർന്ന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രശ്മി രജ്ഞിത്ത് പറഞ്ഞു.
അതിനിടെ മരുന്ന് മാറി ഇൻഞ്ചക്ഷന് എടുത്ത വേങ്ങ സ്വദേശിനി 18 കാരിയെ താലൂക്ക് ആശുപത്രിയിൽ ഫുൾ ആരോഗ്യ പരിശോധനയ്ക്ക് വിധേയയാക്കി.പെൺകുട്ടിക്ക് ഇൻജക്ഷൻ എടുത്തതു മൂലം മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നു തന്നെയില്ലെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.കഴിഞ്ഞ ദിവസമാണ് കടുത്ത ശ്വാസംമുട്ടലുമായി ചികിത്സയ്ക്ക് എത്തിയ 18കാരിക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് പേവിഷ വാക്സിൻ എടുത്തത്.ഇൻജക്ഷൻ എടുക്കാൻ നിർദ്ദേശിച്ച് ഡോക്ടർ നൽകിയ കുറിപ്പടി നഴ്സിങ് റൂമിൽ ഹാജരാക്കിയപ്പോഴാണ് തെരുവ്നായ കടിച്ച് പരിക്കേറ്റ് എത്തിയാൾക്ക് എടുക്കാൻ വച്ചിരുന്ന പേവിഷ വാക്സിൻ യുവതിക്ക് എടുത്തത്.
എന്നാൽ ഗുരുതരമായ കൃത്യവിലോപം കാട്ടിയ നഴ്സിനെതിരെ നടപടിയെടുക്കാതെ സംഭവം നിസാരവത്ക്കരിക്കാനാണ് ആശുപത്രി അധികൃതർ ശ്രമിച്ചതെന്ന് ആരോപിച്ചാണ് യുഡിവൈഎഫ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.ആർവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് റിയാസ് പറമ്പിൽ അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ടിൻ്റെ ഉറപ്പിനെ തുടർന്നാണ് പ്രതിഷേധം അവസാനിച്ചത്.
പ്രശ്ന പരിഹാരത്തിനായി പൂജാരിയുടെ വീട്ടില് എത്തി 12 പവനോളം വരുന്ന സ്വര്ണാഭരണങ്ങള് കവര്ന്ന യുവതി അറസ്റ്റില്
തൃശൂര്: മോഷണക്കേസില് യുവതി അറസ്റ്റില്. പ്രശ്ന പരിഹാരത്തിനായി പൂജാരിയുടെ വീട്ടില് എത്തിയ യുവതിയാണ് 12 പവനോളം വരുന്ന സ്വര്ണാഭരണങ്ങള് കവര്ന്നത്. പൂജാരിയുടെ ഭാര്യയുടെ ആഭരണങ്ങളാണ് ഇവര് മോഷ്ടിച്ചത്. പൂജാരിയായ കൊടകര മറ്റത്തൂര് മൂലംകുടം സ്വദേശി അജേഷ് എന്നയാളുടെ വീട്ടില് പ്രശ്ന പരിഹാരത്തിനായി എത്തിയ പറക്കാട്ടുകര സ്വദേശിനി മണ്ണാംപറമ്പില് വീട്ടില് സൂര്യ (26)യാണ് മോഷണം നടത്തിയത്. യുവതിയെ തൃശൂര് റൂറല് പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞമാസം 16ന് ആയിരുന്നു സംഭവം. പൂജാരിയുടെ വീട്ടിലെ ബെഡ്റൂമിലെ അലമാരക്കുള്ളില് ബാഗില് സൂക്ഷിച്ചിരുന്ന 12 പവനോളം തൂക്കം വരുന്നതും ഏകദേശം 12 ലക്ഷത്തിലധികം വില വരുന്നതുമായ സ്വര്ണാഭരണങ്ങളാണ് മോഷണം പോയത്. യുവതി പ്രശ്നപരിഹാരത്തിനായി ഇടക്കിടെ പൂജാരിയുടെ വീട്ടില് വരാറുണ്ട്. ഈ പരിചയം മുതലാക്കിയാണ് പൂജാരി അടുക്കളയിലേക്ക് മാറിയ സമയത്ത് യുവതി തന്ത്രപൂര്വം അലമാരയില് നിന്ന് സ്വര്ണാഭരണങ്ങള് അടിച്ചുമാറ്റിയത്.
മോഷ്ടിച്ച സ്വര്ണാഭരണങ്ങള് കൊടകരയിലെ ഫിനാന്സ് കമ്പനിയില് വിറ്റു. കിട്ടിയ പണം കൊണ്ട് പ്രതി പുതിയ സ്വര്ണാഭരണങ്ങളും വീട്ടിലേക്ക് പുതിയ ഗൃഹോപകരണങ്ങളും വാങ്ങി. പണയത്തില് ആയിരുന്ന സ്വന്തം ആഭരണങ്ങള് തിരിച്ചെടുത്തു. ആര്ഭാട ജീവിതം നയിക്കുന്നതിനിടെയാണ് പൊലീസിന്റെ വലയിലായത്.
മൈനാഗപ്പള്ളിയിലെ മാതൃകാ കർഷകനായ ബാലകൃഷ്ണന്റെ കൃഷിയിടത്തിലെ വിളവെടുപ്പ് നടത്തി
മൈനാഗപ്പള്ളി:ഗ്രാമപഞ്ചായത്തിൽ കോവൂർ പന്ത്രണ്ടാം വാർഡിൽ അനന്ദു ഭവനത്തിൽ മാതൃക കർഷകൻ ബാലകൃഷ്ണൻ്റെ കൃഷിയിടത്തിലെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി.കഠിനാധ്വനത്തിന്റെയും പരിശ്രമത്തിന്റെയും ഫലമായി തുടർച്ചയായി നിരവധി തവണ മികച്ച കർഷകനുള്ള പുരസ്കാരം നേടിയ കർഷകനാണ് ബാലകൃഷ്ണൻ.
വർഷങ്ങളായി കഠിനധ്വാനവും മണ്ണിനോടുള്ള ആത്മബന്ധവും കൈവിടാതെ പരിശ്രമിച്ച അദ്ദേഹത്തിന് പതിവുപോലെ നെൽ കൃഷി,വാഴ,പച്ചക്കറി,ബന്തി എന്നിവയിൽ ഇത്തവണയും നൂറുമേനി വിളവാണ് ലഭിച്ചത്.2023ലെ സംസ്ഥാനത്തെ മികച്ച പച്ചക്കറി കൃഷിക്കുള്ള സംസ്ഥാന അവാർഡ് കെഎംഎംഎൽന് നേടികൊടുത്ത വിരമിച്ച ജീവനക്കാരൻ കൂടിയാണ് ബാലകൃഷ്ണൻ.പഞ്ചായത്ത് പ്രസിഡന്റ് രജനി സുനിൽ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.കൃഷി ഓഫീസർ അശ്വതി,കൃഷി അസിസ്റ്റന്റ് സജിത്ത്,രതീഷ് മൂന്നുതുണ്ടിൽ എന്നിവർ പങ്കെടുത്തു.




































