Home Blog Page 971

തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ നഴ്സ്മാർ നടത്തിയ സമരം വിജയം

തിരുവനന്തപുരം. ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ നഴ്സ്മാർ നടത്തിയ സമരം വിജയം കണ്ടു. ആശുപത്രി മാനേജ്മെൻ്റുമായി നടത്തിയ മണിക്കൂറുകൾ നീണ്ട ചർച്ചയാണ് അവസാനം ഫലംകണ്ടത്..
നഴ്സ്മാരുടെ മുഴുവൻ ആവശ്യങ്ങളും അംഗീകരിച്ചതായി ആശുപത്രി മാനേജ്മെൻറ് ഉറപ്പ് നൽകി


അടിസ്ഥാന ശമ്പളം 40,000 രൂപയാക്കുക എന്നതാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രധാന ആവശ്യമായി ഉന്നയിച്ചത് .
തിരുവനന്തപുരത്തെ എസ് കെ, അനന്തപുരി ആശുപത്രികളിൽ ഇനി നഴ്സ്മാർക്ക് അടിസ്ഥാന ശമ്പളം 40000 രൂപ ലഭിക്കും.
ഇതോടുകൂടി കടുത്ത സമരം അടക്കമുള്ള തുടർ നടപടികളിൽ നിന്ന് തിരുവനന്തപുരത്തെ നഴ്സമാർ പിന്മാറും നാളെ മുതൽ സന്തോഷത്തോടെ ജോലി ചെയ്യാനെത്തുമെന്ന് യു എൻ എ യുടെ തിരുവനന്തപുരം പ്രതിനിധികൾ അറിയിച്ചു

നാളെ മുതല്‍ സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാരുടെ സമ്പൂര്‍ണ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കെയാണ്
ഒരു വിഭാഗം ആശുപത്രി മാനേജ്‌മെന്റുകളുമായി യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷൻ സമവായത്തിലെത്തിയത്.
അതേ സമയം മറ്റ് ജില്ലകളിൽ പ്രതിഷേധം തുടരുകയാണ് പല ചർച്ചകൾ നടത്തിയിട്ടും ആവശ്യങ്ങൾ അംഗീകരിക്കാത്ത മാനേജ്‌മെൻ്റുകൾക്ക് നേരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.


പല ആശുപത്രികളിലും അത്യാഹിതവിഭാഗങ്ങൾ പോലും സ്തംഭിച്ചു. ആവശ്യങ്ങൾ അംഗീകരിക്കാത്ത ആശുപത്രികളിൽ നാളെ മുതൽ സമ്പൂർണ്ണ പണിമുടക്ക് ആരംഭിക്കുമെന്ന് യു എൻ എ ഭാരവാഹികൾ അറിയിച്ചു.

പ്രിജി കണ്ണൻ അടൂരിൽ സി പി ഐ സ്ഥാനാർത്ഥി

അടൂർ: സി പി ഐ യുടെ യുവനേതാവിനെ രംഗത്തിറക്കി അടൂരിൽ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇടത് മുന്നണി കളം ഒരുക്കി. 2020-25 വർഷം കൊല്ലം ജില്ലാ പഞ്ചായത്ത് നെടുമ്പന ഡിവിഷനിൽ നിന്നും 10848 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച 31 വയസുകാരി പ്രിജി കണ്ണനാണ് സ്ഥാനാർത്ഥി.

കേരള സർവ്വകലാശാലയിൽ സെനറ്റ് അംഗമായി ജനപ്രതിനിധികളുടെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എഐഎസ്എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ്, എഐവൈഎഫ് കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് അംഗം, സിപിഐ നെടുവത്തൂർ മണ്ഡലം കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. കരീപ്ര എൻ നാരായണൻ ഉണ്ണി ഗ്രന്ഥശാല എക്സി അംഗം.

1994 ഒക്ടോബർ 13ന് ജനിച്ച പ്രിജി കണ്ണൻ കൊല്ലം എസ് എൻ വനിതാ കോളേജിൽ നിന്നും ബിരുദവും കൊല്ലം എസ് എൻ കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. പത്തനാപുരം മൗണ്ട് താബൂർ ട്രെയിനിങ് കോളേജിൽ നിന്നും ബി എഡ് പഠനവും പൂർത്തിയാക്കി.

കരീപ്ര അരുവാറ്റൂർ തെക്കേവിള വീട്ടിൽ പരേതനായ പിതാവ് മുൻ കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ ജി ശശിധരൻ്റെയും അനിതയുടെയും ഇളയ മകൾ. ഭർത്താവ് കരുനാഗപ്പള്ളി സ്വദേശിയും എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗവുമായ യു കണ്ണൻ. സഹോദരി പ്രിയ ശശിധരൻ.

മലയപ്പൂപ്പൻ പുരസ്കാരം ചലച്ചിത്ര ഗാനരചയിതാവും കവിയുമായ ശ്രീകുമാരൻ തമ്പിക്ക്

ശാസ്താംകോട്ട:പോരുവഴി പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രത്തിലെ ഈ വർഷത്തെ മലക്കുട മഹോത്സവത്തിൻ്റെ ഭാഗമായി മലനട ദേവസ്വം ഏർപ്പെടുത്തിയ മലയപ്പൂപ്പൻ പുരസ്കാരം ചലച്ചിത്ര ഗാനരചയിതാവും കവിയും ജെ.സി ഡാനിയേൽ പുരസ്കാര ജേതാവുമായ ശ്രീകുമാരൻ തമ്പിക്ക് സമ്മാനിക്കുമെന്ന് പ്രസിഡൻ്റ് കെ.രവി,സെക്രട്ടറി ജി.ബിജുകുമാർ,വൈസ് പ്രസിഡൻ്റ് ശ്രീനിലയം സുരേഷ്,ഖജാൻജി ആനന്ദൻ.കെ എന്നിവർ അറിയിച്ചു.

മാർച്ച് 22ന് വൈകിട്ട് 5ന് നടക്കുന്ന മലക്കുട മഹാസമ്മേളനത്തിൽ മുൻ അംബാസിഡർ റ്റി.പി ശ്രീനിവാസൻ പുരസ്കാരം സമ്മാനിക്കും.ദേവസ്വം പ്രസിഡൻ്റ് കെ.രവി അധ്യക്ഷത വഹിക്കും.കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപഭാഷണം നടത്തും.കോവൂർ കുഞ്ഞുമോൻ എംഎൽഎ പ്രതിഭകളെ ആദരിക്കും.

പുളിന്തിട്ട -ചാത്താകുളം റോഡിൽ കണ്ണൊന്ന് തെറ്റിയാൽ അപകടം ഉറപ്പ്!

ശാസ്താംകോട്ട:പോരുവഴി,ചക്കുവള്ളി പ്രദേശങ്ങളെ തെങ്ങമവുമായി ബന്ധിപ്പിക്കുന്ന പുളിന്തിട്ട -ചാത്താകുളം റോഡിൽ കനാലിന് കൈവരിയില്ലാത്തത് അപകട ഭീഷണിയാകുന്നു.ഈ റോഡിന്റെ ഗിരിപുരം ഭാഗത്തായാണ് ആഴത്തിലുള്ള കനാൽ ക്രോസ് ചെയ്തു പോകുന്നത്.ഇരുഭാഗത്തും കൈവരി ഇല്ലാത്തതിനാൽ വാഹനങ്ങൾ നിരന്തരം അപകടത്തിൽപ്പെടുന്നതായി നാട്ടുകാർ പറയുന്നു.കണ്ണൊന്ന് തെറ്റിയാൽ അപകടം ഉറപ്പ് എന്നതാണ് ഇവിടുത്തെ അവസ്ഥ.രാത്രികാലങ്ങളിൽ കാൽനട യാത്രക്കാരും ഭയന്നാണ് ഇതുവഴി സഞ്ചരിക്കുന്നത്.

സ്വകാര്യ ബസുകളടക്കം നിരവധി വാഹനങ്ങൾ കടന്നു പോകുന്നതും മലനട മലക്കുട മഹോത്സവ ദിവസം ഏറെ തിരക്കേറുന്ന പാതയുമാണിത്.കനാൽ കടന്നു പോകുന്ന റോഡിൻ്റെ ഇടത് – വലത് ഭാഗത്ത് മരക്കമ്പ് കുഴിച്ചിട്ട് അതിൽ കെട്ടിയിരിക്കുന്ന റിബൺ ആണ് അപകട സൂചന മുന്നറിയിപ്പായി നൽകിയിരിക്കുന്നത്.കോവൂർ കുഞ്ഞുമോൻ എംഎൽഎ ബഡ്ജറ്റ് വർക്കിൽ ഉൾപ്പെടുത്തി ടാറിംഗ് നടത്തിയിരുന്നു.എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും രണ്ടാംഘട്ട ടാറിംഗ് നടത്തിയിട്ടില്ലെന്നും പരാതിയുണ്ട്.കനാലിൻ്റെ ഇരുഭാഗത്തും കൈവരികൾ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് വരിക്കോലിൽ ബഷീർ പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് പരാതി നൽകി

തൃശൂരിൽ ആലങ്കോട് ലീലാകൃഷ്ണൻ സി പി ഐ സ്ഥാനാർത്ഥിയാകും

തൃശൂർ: ശക്തൻ്റെ തട്ടകത്തിൽ പ്രമുഖ സാംസ്ക്കാരിക പ്രവർത്തകൻ ആലങ്കോട് ലീലാകൃഷ്ണനെ മത്സരിപ്പിക്കാൻ സി പി ഐ. പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ലീലാകൃഷ്ണ വിളിച്ചു. ഇക്കാര്യം ഉറപ്പിച്ചതായാണ് വിവരം. ഇപ്പോൾ കാസർകോടുള്ള ലീലാകൃഷ്ണൻ നാളെ തൃശൂരിലെത്തിയ ശേഷം ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ ലഭിക്കും.
സി പി ഐ യുടെ സാംസ്ക്കാരിക സംഘടനയായ യുവകലാസാഹിതിയുടെ സംസ്ഥാന പ്രസിഡൻ്റ് ആണ് കവിയും എഴുത്തുകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ.

1960 ഫെബ്രുവരി 1-ന്‌ വെങ്ങേത്ത് ബാലകൃഷ്ണൻ നമ്പ്യാരുടെയും മണപ്പാടി ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനായി പൊന്നാനി താലൂക്കിലെ ആലങ്കോട് ഗ്രാമത്തിൽ ജനിച്ചു.

1981 ൽ എം.ഇ.എസ്. പൊന്നാനി കോളേജിൽ നിന്ന് വാണിജ്യശാസ്ത്രത്തിൽ ബിരുദം നേടി. കേരള ഗ്രാമീൺ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു. സ്കൂൾ പഠനകാലത്തു തന്നെ ലീലാകൃഷ്ണൻ കവിതകളും ലേഖനങ്ങളും എഴുതിയിരുന്നു. കഥാപ്രസംഗകനായാണ് ലീലാകൃഷ്ണൻ ആദ്യം പൊതുവേദിയിൽ എത്തിയത്.

1993 ൽ പ്രസിദ്ധീകരിച്ച ലീലാകൃഷ്ണന്റെ “നിളയുടെ തീരങ്ങളിലൂടെ” എന്ന സാംസ്കാരിക പഠനഗ്രന്ഥം പിന്നീട് ദൂരദർശന്റെ ഡോക്യുമെന്ററി പരമ്പരയാക്കിയിട്ടുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പഠനാത്മക യാത്രകൾ നടത്തിയിട്ടുള്ള ഇദ്ദേഹം ഒരു സ്വതന്ത്ര പത്രപ്രവർത്തകൻ കൂടിയാണ്‌. കൂടാതെ ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും എഴുതുന്നു. തിരൂരിലെ തുഞ്ചൻ സ്മാരക കമ്മറ്റി അംഗമാണ്‌ നിലവിൽ ലീലാകൃഷ്ണൻ. “ഏകാന്തം” ഉൾപ്പെടെ ഏതാനും മലയാള സിനിമകൾക്ക് കഥയും തിരക്കഥയും ഗാനങ്ങളും എഴുതിയിട്ടുണ്ട് കൈരളി പീപ്പിൾ ടി.വിയിൽ പ്രക്ഷേപണം ചെയ്തുവരുന്ന “മാമ്പഴം” എന്ന കവിതാലാപന റിയാലിറ്റിഷോയിലെ വിധികർത്താക്കളിൽ ഒരാളാണ് ലീലാകൃഷ്ണൻ.

മാസ്മരികപ്രകടനത്തിലൂടെ സെഞ്ച്വറിയുടെ പ്രതീക്ഷ നല്‍കി 89ല്‍ സഞ്ജു ഔട്ട്

അഹമ്മദാബാദ്: മാസ്മരികപ്രകടനത്തിലൂടെ സെഞ്ച്വറിയുടെ പ്രതീക്ഷ നല്‍കി സഞ്ജു ഔട്ട്. ടി20 ലോകകപ്പിലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ സൂപ്പര്‍ എട്ടില്‍ ജയത്തിലേക്ക് ടീമിനെ നയിച്ച താരം. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലില്‍ ടീമിനെ മികച്ച ടോട്ടലിലേക്ക് നയിച്ച മലയാളി. ഫൈനലിലും സ്‌ഫോടനാത്മക ബാറ്റിങ്ങാണ് സഞ്ജു പുറത്തെടുത്തത്. ന്യൂസിലന്‍ഡിന്റെ എല്ലാ ബൗളര്‍മാരെയും ശിക്ഷിച്ച സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് 46 പന്തില്‍ 89 റണ്‍സ് ആണ് ഒഴുകിയത്. എട്ടു സിക്‌സും അഞ്ചു ബൗണ്ടറിയും അടങ്ങുന്നതാണ് സഞ്ജുവിന്റെ മാസ്മരിക ഇന്നിങ്‌സ്.

ഈ ലോകകപ്പില്‍ മാത്രം 300ലധികം റണ്‍സ് നേടി റെക്കോര്‍ഡ് പുസ്തകത്തില്‍ ഇടം നേടിയിരിക്കുകയാണ് സഞ്ജു. അഞ്ചു മത്സരങ്ങളില്‍ നിന്നായി 321 റണ്‍സ് ആണ് സഞ്ജു നേടിയത്. സൂപ്പര്‍ എട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ മുന്നില്‍ നിന്ന് നയിക്കുന്ന പ്രകടനം പുറത്തെടുത്താണ് സഞ്ജു തന്റെ മാരക ഫോമിന് തുടക്കമിട്ടത്. 50 പന്തില്‍ 97 റണ്‍സെടുത്ത സഞ്ജു തന്നെയാണ് അന്നത്തെ മത്സരത്തില്‍ ടീമിനെ ജയത്തിലേക്ക് നയിച്ചത്. 12 ബൗണ്ടറിയും നാലു സിക്‌സും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. ചെയ്‌സ് ചെയ്യുമ്പോഴായിരുന്നു ഈ പ്രകടനം എന്നതാണ് എടുത്തുപറയേണ്ടത്. സമ്മര്‍ദ്ദത്തെ അതിജീവിച്ച് സഞ്ജു ടീമിനെ ജയത്തിലേക്ക് നയിക്കുന്ന കാഴ്ചയാണ് കണ്ടത്.

സെമിഫൈനിലും ഈ അക്രമണോത്സുക ബാറ്റിങ് സഞ്ജു തുടര്‍ന്നു. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 42 പന്തില്‍ 89 റണ്‍സ് എടുത്ത സഞ്ജു ഇന്ത്യയ്ക്ക് മികച്ച ടോട്ടല്‍ നേടുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. എട്ട് ബൗണ്ടറിയും ഏഴ് സിക്‌സും അടങ്ങുന്നതാണ് ഇന്നിങ്‌സ്. ഫൈനലിലും ഈ പ്രകടനം സഞ്ജു തുടര്‍ന്നു. 33 പന്തില്‍ 50 റണ്‍സ് എടുത്ത് പുറത്താകാതെ നില്‍ക്കുകയാണ് സഞ്ജു.

ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് ഗംഭീര തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാരായ സഞ്ജു സാംസണും അഭിഷേക് ശര്‍മ്മയും തകര്‍ത്താടി. ബൗളര്‍മാരെ തലങ്ങും വിലങ്ങും ആക്രമിച്ച ഓപ്പണര്‍മാര്‍ പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമാകാതെ 92 റണ്‍സ് ആണ് എടുത്തത്. അഭിഷേക് ശര്‍മ്മയാണ് കൂടുതല്‍ ആക്രമണകാരിയായത്. 18 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ അഭിഷേക് ശര്‍മ്മ ഒടുവില്‍ രചിന്‍ രവീന്ദ്രയുടെ പന്തില്‍ പുറത്തായി. 21 പന്തില്‍ 52 റണ്‍സ് നേടിയ അഭിഷേക് ശര്‍മ്മ ആറും ബൗണ്ടറിയും മൂന്ന് സിക്‌സുമാണ് അടിച്ചുകൂട്ടിയത്. ഇന്ത്യ 7.2 ഓവറില്‍ നൂറ് കടന്നു.

ടോസ് നേടിയ ന്യൂസിലന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം. മൂന്നാം ടി20 ലോകകിരീടം ലക്ഷ്യമിട്ടാണ് സൂര്യകുമാര്‍ യാദവും സംഘവും കളത്തിലിറങ്ങുന്നത്.

മാറ്റങ്ങള്‍ ഒന്നുമില്ലാതെയാണ് ഇന്ത്യന്‍ ടീം ഇന്ന് കളത്തിലിറങ്ങിയത്. ടി 20 ലോകകപ്പിലെ കന്നിക്കിരീടം ലക്ഷ്യമിട്ടാണ് ന്യൂസിലന്‍ഡ് ഫൈനലിന് ഇറങ്ങിയത്. മിച്ചല്‍ സാന്റ്നറാണ് കിവീസ് നായകന്‍. സന്തുലിത ടീമുമായിട്ടാണ് കിവീസ് പോരിനിറങ്ങിയത്. പരാജയമറിയാതെ വന്ന ദക്ഷിണാഫ്രിക്കയെയാണ് സെമിയില്‍ ന്യൂസിലന്‍ഡ് തോല്‍പ്പിച്ചത്. മത്സരത്തിന്റെ ഗതി മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരങ്ങള്‍ ടീമില്‍ ഉള്ളതാണ് ന്യൂസിലന്‍ഡിന്റെ ശക്തി.

NORCET വിജ്ഞാപനം; എയിംസിൽ 2551 നഴ്സിങ് ഓഫിസർ

ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, നഴ്സിങ് ഓഫിസർ റിക്രൂട്മെന്റ് കോമൺ എലിജിബിലിറ്റി ടെസ്റ്റ് (NORCET) ലേക്കുള്ള ഒഴിവുകളുടെ എണ്ണം പ്രസിദ്ധീകരിച്ചു. വിവിധ എയിംസുകളിലും മറ്റ് ഹോസ്പിറ്റലുകളുമായി 2,551 ഒഴിവാണുള്ളത്. മാർച്ച് 16 വരെ ഓൺലൈനായി അപേക്ഷിക്കാം.

∙ഒഴിവ്: ∙എയിംസുകൾ: ഡൽഹി (282), കല്യാണി (205), ഗോരഖ്പുർ (203), പട്ന (168), ദിയോഘർ (104), മംഗളഗിരി (88), റായ്ബറേലി (85), ഗുവാഹത്തി (78), ഭോപാൽ (76), ഭട്ടിൻഡ (72), റിഷികേശ് (64), നാഗ്പുർ (56), ഭുവനേശ്വർ (55), വിജയ്പുർ (54), റായ്പുർ (43), മധുര (30).

∙മറ്റു ഹോസ്പിറ്റലുകൾ: ജിപ്മെർ (കാരയ്ക്കൽ–383, പുതുച്ചേരി–88), യാനം–7), ഇഎസ്ഐസി ഡൽഹി (219), സഫ്ദർജങ് ഹോസ്പിറ്റൽ, ഡൽഹി (140), സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഡൽഹി (32), സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രി, റാഞ്ചി (13), നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടിബി ആൻഡ് റസ്പിറേറ്ററി ഡിസീസസ്, ഡൽഹി (5), ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, മുംബൈ (1), ഡോ. ആർഎംഎൽ ഹോസ്പിറ്റൽ.

∙യോഗ്യത:

I. a) ബിഎസ്‌സി (Hons) നഴ്സിങ്/ബിഎസ്‌സി നഴ്സിങ് അല്ലെങ്കിൽ ബിഎസ്‌സി (പോസ്റ്റ്–സർട്ടിഫിക്കറ്റ്)/പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ്.

b) സ്റ്റേറ്റ്/ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്സസ് ആൻഡ് മിഡ്‌വൈഫ് റജിസ്ട്രേഷൻ.

അല്ലെങ്കിൽ II) a) ജനറൽ നഴ്സിങ് മിഡ്‌വൈഫറി ഡിപ്ലോമ b) സ്റ്റേറ്റ്/ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്സസ് ആൻഡ് മിഡ്‌വൈഫ് റജിസ്ട്രേഷൻ.

c) കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയിൽ 2വർഷ പരിചയം.

∙പ്രായം: 18–30. അർഹർക്ക് ഇളവ്.

∙ശമ്പളം: 9,300–34,800+ഗ്രേഡ് പേ 4,600.

∙തിരഞ്ഞെടുപ്പ്: ഏപ്രിൽ 11നു പ്രിലിമിനറി ഓൺലൈൻ പരീക്ഷ നടത്തും. ഏപ്രിൽ 30നു മെയിൻ പരീക്ഷയും ഉണ്ടാകും.

∙ഫീസ്: 3000. പട്ടികവിഭാഗം/ഇഡബ്ല്യുഎസ്: 2400. ഭിന്നശേഷിക്കാർക്കു ഫീസില്ല. ഫീസ് ഓൺലൈനായി അടയ്ക്കണം.

www.aiimsexams.ac.in

ആരോഗ്യമുള്ള ശരീരത്തിന് ഒരു സ്പർശം: എന്തുകൊണ്ട് ബോഡി മസാജ് ഇന്ന് അനിവാര്യമാകുന്നു?

ജോലിത്തിരക്കും മാനസിക സമ്മർദ്ദവും നിറഞ്ഞ ഈ കാലഘട്ടത്തിൽ ശരീരം ആഗ്രഹിക്കുന്ന ഏറ്റവും വലിയ ആശ്വാസമാണ് ഒരു നല്ല ബോഡി മസാജ്. വെറുമൊരു സുഖചികിത്സ എന്നതിലുപരി, ശാസ്ത്രീയമായ രീതിയിലുള്ള മസാജുകൾ ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ നിരവധിയാണ്.

കമ്പ്യൂട്ടറിനും സ്മാർട്ട് ഫോണിനും മുന്നിൽ മണിക്കൂറുകൾ ചെലവഴിക്കുന്ന ഇന്നത്തെ തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് പേശിവേദനയും മാനസിക സമ്മർദ്ദവും. ഇതിനൊരു ശാശ്വത പരിഹാരമായിട്ടാണ് പലരും ഇന്ന് പ്രൊഫഷണൽ മസാജ് സെന്ററുകളെ ആശ്രയിക്കുന്നത്. വിദഗ്ധരായ തെറാപ്പിസ്റ്റുകൾ നൽകുന്ന മസാജ് ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയും പേശികളിലെ മുറുക്കം കുറയ്ക്കുകയും ചെയ്യുന്നു. വിദേശരാജ്യങ്ങളിൽ വലിയ തരംഗമായ ‘വെൽനസ് മസാജുകൾ’ ഇന്ന് കേരളത്തിലെ നഗരങ്ങളിലും ഒരു പുത്തൻ ട്രെൻഡായി മാറിക്കഴിഞ്ഞു.

ബോഡി മസാജിന്റെ പ്രധാന ഗുണങ്ങൾ

സമ്മർദ്ദം കുറയ്ക്കുന്നു: മസാജ് ചെയ്യുമ്പോൾ ശരീരത്തിലെ സ്ട്രെസ് ഹോർമോണായ ‘കോർട്ടിസോളിന്റെ’ അളവ് കുറയുകയും സന്തോഷം നൽകുന്ന ‘സെറോടോണിൻ’, ‘ഡോപാമൈൻ’ എന്നിവ വർദ്ധിക്കുകയും ചെയ്യുന്നു. ഇത് മനസ്സിനെ ശാന്തമാക്കാൻ സഹായിക്കുന്നു.

പേശിവേദനയിൽ നിന്നുള്ള മോചനം: കഠിനമായ വ്യായാമത്തിന് ശേഷമോ അല്ലെങ്കിൽ തുടർച്ചയായ ഇരിപ്പ് മൂലമോ ഉണ്ടാകുന്ന പേശിവേദന മാറ്റാൻ ഡീപ് ടിഷ്യു മസാജുകൾ ഫലപ്രദമാണ്.

രക്തയോട്ടം മെച്ചപ്പെടുത്തുന്നു: കൃത്യമായ രീതിയിലുള്ള മസാജ് ശരീരത്തിലെ ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കുകയും മാലിന്യങ്ങളെ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് ചർമ്മത്തിന് കൂടുതൽ തിളക്കവും ആരോഗ്യവും നൽകുന്നു.

മികച്ച ഉറക്കം: ഉറക്കമില്ലായ്മ നേരിടുന്നവർക്ക് മസാജ് ഒരു വലിയ ആശ്വാസമാണ്. നാഡീവ്യവസ്ഥയെ ശാന്തമാക്കുന്നതിലൂടെ ആഴത്തിലുള്ള ഉറക്കം ലഭിക്കാൻ ഇത് സഹായിക്കുന്നു.

2026-ലെ പുതിയ ട്രെൻഡുകൾ

മസാജ് രംഗത്ത് ഇന്ന് സാങ്കേതികവിദ്യയുടെയും പ്രകൃതിദത്ത രീതികളുടെയും വലിയൊരു മാറ്റമാണ് പ്രകടമാകുന്നത്.

ലിംഫറ്റിക് ഡ്രെയിനേജ് : ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാനും നീർക്കെട്ട് കുറയ്ക്കാനും സഹായിക്കുന്ന ഈ മസാജ് രീതിക്ക് ഇന്ന് വലിയ പ്രചാരമുണ്ട്. സെലിബ്രിറ്റികൾക്കിടയിൽ ഈ ട്രെൻഡ് ഏറെ വൈറലാണ്.

അരോമാതെറാപ്പി 3.0: സാധാരണ എണ്ണകൾക്ക് പകരം മാനസികാവസ്ഥ മെച്ചപ്പെടുത്തുന്ന പ്രത്യേക ‘ന്യൂറോ സെന്റഡ്’ എസ്സൻഷ്യൽ ഓയിലുകൾ ഉപയോഗിച്ചുള്ള മസാജുകൾക്ക് ഇന്ന് ഡിമാൻഡ് കൂടുതലാണ്.

ടെക്-അസിസ്റ്റഡ് മസാജ്: മനുഷ്യസ്പർശത്തോടൊപ്പം തന്നെ ഹൈ-ടെക് വൈബ്രേഷൻ ടൂളുകളും ഗണ്ണുകളും ഉപയോഗിച്ച് പേശികളുടെ ആഴങ്ങളിലേക്ക് ചികിത്സ എത്തിക്കുന്ന രീതിയും സജീവമാണ്.

ഹെഡ് സ്പാ : മുടി കൊഴിച്ചിൽ തടയാനും തലയിലെ സമ്മർദ്ദം കുറയ്ക്കാനും പ്രത്യേകമായി രൂപകൽപ്പന ചെയ്ത സ്കാൽപ് മസാജുകൾ പുതിയ തലമുറയുടെ പ്രിയപ്പെട്ട വെൽനസ് ശീലമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഒരു മസാജ് സെന്റർ തിരഞ്ഞെടുക്കുമ്പോൾ അത് ലൈസൻസുള്ളതും വിദഗ്ധരായ തെറാപ്പിസ്റ്റുകൾ ഉള്ളതുമാണെന്ന് ഉറപ്പുവരുത്തുക. നിങ്ങളുടെ ശാരീരിക അവസ്ഥകളും അലർജികളും മസാജിന് മുൻപ് തെറാപ്പിസ്റ്റുമായി പങ്കുവെക്കുന്നത് കൂടുതൽ മികച്ച അനുഭവം നൽകും.

യുഎസ് യുദ്ധ സ്മാരകത്തിന് മുന്നിൽ ഡാൻസ് റീൽസ്; ഇന്ത്യൻ യുവാവ് നാടുകടത്തൽ ഭീഷണിയിൽ

വാഷിങ്ടൺ: അമേരിക്കയിലെ ദേശീയ യുദ്ധസ്മാരകത്തിന് മുന്നിൽ റീൽസ് ചെയ്ത് വീഡിയോ പകർത്തിയ ഇന്ത്യൻ യുവാവ് നാടുകടത്തൽ ഭീഷണിയിൽ. മധു രാജു എന്ന യുവാവിനെതിരെയാണ് യുഎസ് ഇമിഗ്രേഷൻ വിഭാഗം കർശന നടപടികൾക്കൊരുങ്ങുന്നത്. രാജ്യത്തിനായി ജീവൻ ബലിനൽകിയവരെ ആദരിക്കുന്ന സ്ഥലത്ത് ആക്ഷേപകരമായ രീതിയിൽ നൃത്തം ചെയ്യുകയും അത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തതാണ് യുഎസിൽ അധികൃതരെ പ്രകോപിപ്പിച്ചത്.

വാഷിങ്ടണിലെ നാഷണൽ മാളിലുള്ള ലോകമഹായുദ്ധ സ്മാരകത്തിന് മുന്നിൽ നിന്നാണ് മധു രാജുവും ഒരു യുവതിയും നൃത്തം ചെയ്തത്. രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത 16 ദശലക്ഷം സൈനികരുടെയും മരിച്ച നാല് ലക്ഷം പേരുടെയും ഓർമ്മയ്ക്കായി സ്ഥാപിച്ച ഈ സ്മാരകം അമേരിക്കക്കാർ അതീവ പവിത്രമായാണ് കാണുന്നത്. ഇവിടെ നിന്ന് നൃത്തം ചെയ്യുന്ന വീഡിയോ ടിക്‌ടോക്കിൽ പ്രചരിച്ചതോടെ വിമുക്തഭടന്മാരടക്കം വലിയ പ്രതിഷേധവുമായെത്തി.

സംഭവത്തിൽ പ്രാദേശിക ഭരണകൂടം അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. യുവാവിന്റെ വിസ വിവരങ്ങൾ പരിശോധിച്ചുവരികയാണെന്ന് യുഎസ് ഇമിഗ്രേഷൻ വിഭാഗം അറിയിച്ചു. വിനോദസഞ്ചാര വിസയിലാണോ അതോ തൊഴിൽ വിസയിലാണോ ഇയാൾ രാജ്യത്ത് കഴിയുന്നതെന്ന് അധികൃതർ പരിശോധിക്കുന്നുണ്ട്. വിസ നിയമങ്ങളുടെ ലംഘനം കണ്ടെത്തിയാൽ ഉടൻ തന്നെ നാടുകടത്തൽ നടപടികളിലേക്ക് കടക്കാനാണ് അധികൃതരുടെ നീക്കം.

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടി നടത്തിയ ഈ പ്രവൃത്തി മധു രാജുവിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. വിദേശരാജ്യങ്ങളിലെ പൊതുസ്ഥലങ്ങളിലും സ്മാരകങ്ങളിലും പുലർത്തേണ്ട മര്യാദകൾ ലംഘിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ തന്നെ ഇന്ത്യക്കാർക്ക് അപമാനമുണ്ടാക്കുന്നുവെന്ന വിമർശനവും ഉയരുന്നുണ്ട്.

യുഎഇയിലെ പ്രവാസി ഇന്ത്യക്കാർക്ക് അടിയന്തര ജാഗ്രതാ നിർദ്ദേശവുമായി എംബസി, അലർട്ട് ലഭിച്ചാൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത്?

അബുദാബി: സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, യുഎഇയിലുള്ള ഇന്ത്യൻ പൗരന്മാർക്കായി അബുദാബിയിലെ ഇന്ത്യൻ എംബസി അടിയന്തര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങൾ നടക്കുന്ന സ്ഥലങ്ങൾ ചിത്രീകരിക്കുന്നതിനും അവ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതിനും കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അനുമതിയില്ലാതെ നിയന്ത്രിത മേഖലകൾ, അപകടസ്ഥലങ്ങൾ, വിമാനത്താവള പരിസരങ്ങൾ എന്നിവ ചിത്രീകരിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് യുഎഇ അധികൃതർ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് എംബസിയുടെ ഈ അറിയിപ്പ്.

സുരക്ഷാ മുന്നറിയിപ്പുകൾ ലഭിച്ചാലുടൻ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറുകയും ‘ഓൾ ക്ലിയർ’ സിഗ്നൽ ലഭിക്കുന്നത് വരെ അവിടെത്തന്നെ തുടരുകയും വേണമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നുണ്ട്. മുന്നറിയിപ്പ് സമയങ്ങളിൽ വീഡിയോ എടുക്കാനോ ഫോട്ടോ എടുക്കാനോ ആരും പുറത്തിറങ്ങരുത്. മിസൈൽ അവശിഷ്ടങ്ങൾ മൂലമോ മറ്റോ ഉണ്ടായ നാശനഷ്ടങ്ങളുടെ ചിത്രങ്ങൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലോ സോഷ്യൽ മീഡിയയിലോ പങ്കുവെക്കാനും പാടില്ല. വിമാനത്താവളത്തിനുള്ളിൽ എത്തുമ്പോഴോ പുറപ്പെടുമ്പോഴോ യാതൊരു കാരണവശാലും ചിത്രീകരണം നടത്തരുത്. മിസൈൽ അവശിഷ്ടങ്ങളോ സംശയാസ്പദമായ വസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ അവയിൽ തൊടാനോ അടുത്തേക്ക് പോകാനോ ശ്രമിക്കരുത്. അങ്ങനെ എന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ യുഎഇ അധികൃതരെ വിവരം അറിയിക്കുകയാണ് വേണ്ടത്.

കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നതിനായി മാർച്ച് 8-ന് അബുദാബി, ദുബായ്, മസ്കറ്റ്, റാസൽഖൈമ, ഷാർജ എന്നിവിടങ്ങളിൽ നിന്ന് അധിക വിമാനങ്ങൾ സർവീസ് നടത്തും. യാത്രക്കാർ വിമാനത്തിന്റെ നിലവിലെ സ്ഥിതി ഓൺലൈനായി പരിശോധിച്ചതിനുശേഷം മാത്രമേ വിമാനത്താവളത്തിലേക്ക് പോകാൻ പാടുള്ളൂ.

എയർ ഇന്ത്യ ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും ജിദ്ദയിലേക്കും. എയർ ഇന്ത്യ എക്സ്പ്രസ്, മസ്കറ്റിൽനിന്നും ഡൽഹി, കൊച്ചി, കോഴിക്കോട്, മംഗളൂരു, മുംബൈ, കണ്ണൂർ എന്നിവിടങ്ങളിലേക്കും, ജിദ്ദയിൽനിന്ന് ബംഗളൂരു, കോഴിക്കോട്, മംഗളൂരു എന്നിവിടങ്ങളിലേക്കും മാർച്ച് 8ന് ഷെഡ്യൂൾഡ് സർവീസുകൾ നടത്തും. എയർ ഇന്ത്യ ഡൽഹിയിൽനിന്നും മുംബൈയിൽനിന്നും ദുബായിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് യുഎഇ ന​ഗരങ്ങളെയും ഇന്ത്യയേയും ബന്ധിപ്പിച്ച് 30 വിമാനങ്ങളും അധിക സർവീസുകൾ നടത്തും.

യൂറോപ്പിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചതായും ഈ മേഖലയിലെ പ്രധാന നഗരങ്ങളെ തമ്മിൽ വീണ്ടും ബന്ധിപ്പിക്കാൻ തുടങ്ങിയതായും ഇൻഡിഗോ ഞായറാഴ്ച അറിയിച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റിലേക്കുള്ള വിമാനങ്ങൾ നിശ്ചയിച്ചതുപോലെ തുടരുമെന്നും, ഗൾഫ് രാജ്യങ്ങളിലുള്ള യാത്രക്കാർക്ക് മികച്ച യാത്രാസൗകര്യം ഇത് ഉറപ്പാക്കുമെന്നും കമ്പനി വ്യക്തമാക്കി.

സാഹചര്യം നിരീക്ഷിക്കണമെന്നും ഔദ്യോഗിക ചാനലുകൾ വഴിയുള്ള അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നുണ്ട്. ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ഭീഷണികളെ യുഎഇ വ്യോമ പ്രതിരോധ സംവിധാനം സജീവമായി നേരിടുന്നതായി പ്രതിരോധ മന്ത്രാലയം നേരത്തെ സ്ഥിരീകരിച്ചിരുന്നു. വിവിധയിടങ്ങളിൽ കേൾക്കുന്ന വലിയ ശബ്ദങ്ങൾ മിസൈലുകളെയും ഡ്രോണുകളെയും അന്തരീക്ഷത്തിൽ വെച്ച് തകർക്കുന്നത് മൂലമുണ്ടാകുന്നതാണ്. ജനവാസ മേഖലകളിൽ നേരിട്ടുള്ള ആക്രമണങ്ങൾ ഉണ്ടായിട്ടില്ല എന്നാണ് അധികൃതർ അറിയിക്കുന്നത്.