Home Blog Page 270

നിരാഹാര സമരം അവസാനിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ പിന്തുണ തേടി,അനുകൂല പ്രതികരണം ലഭിച്ചില്ലെന്ന് ,സോനം വാങ്ചുക്

ന്യൂഡല്‍ഹി: തന്റെ 26 ദിവസം നീണ്ടുനിന്ന നിരാഹാര സമരം അവസാനിപ്പിക്കാന്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പിന്തുണ തേടിയെങ്കിലും അനുകൂല പ്രതികരണം ലഭിച്ചില്ലെന്ന വെളിപ്പെടുത്തലുമായി പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്. രാഹുല്‍ ഗാന്ധിയുടെ കൈകളില്‍ നിന്ന് നാരങ്ങാവെള്ളം കുടിച്ച് സമരം അവസാനിപ്പിക്കാനായിരുന്നു താനും ഭാര്യ ഗീതാഞ്ജലി ആങ്‌മോയും ആഗ്രഹിച്ചിരുന്നതെന്നും എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് നല്ലൊരു പ്രതികരണം ഉണ്ടായില്ലെന്നും വാങ്ചുക് തുറന്നടിച്ചു.രാഹുല്‍ ഗാന്ധിക്കെതിരെ പിന്നീട് വിമര്‍ശനം ഉന്നയിച്ച ഭാര്യ ഗീതാഞ്ജലിയെ പിന്തുണച്ചുകൊണ്ടാണ് വാങ്ചുക് ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

‘എന്റെ സമരം രാഹുല്‍ ഗാന്ധിയെക്കൊണ്ട് അവസാനിപ്പിക്കാനാണ് ഗീതാഞ്ജലി ആത്മാര്‍ത്ഥമായി ശ്രമിച്ചത്. അവര്‍ രാഹുലിന് എതിരായിരുന്നില്ല. എന്നാല്‍ പ്രതികരണം നിരാശാജനകമായിരുന്നു. തുടര്‍ന്നാണ് അവര്‍ പരസ്യമായി രംഗത്തുവന്നത്,’ വാങ്ചുക് പറഞ്ഞു.

തന്റെ സമരം അവസാനിപ്പിക്കുന്ന നിമിഷത്തില്‍ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നേതാക്കളും വിദ്യാര്‍ത്ഥി പ്രതിനിധികളും ഒരുമിച്ചുണ്ടാകണമെന്നാണ് താന്‍ ആഗ്രഹിച്ചിരുന്നതെന്ന് വാങ്ചുക് വ്യക്തമാക്കി. എന്നാല്‍ ജന്തര്‍മന്തറില്‍ നടന്ന സമരത്തില്‍ പ്രതിപക്ഷ നേതാക്കള്‍ വളരെ വൈകിയാണ് എത്തിയത്. അര്‍ദ്ധരാത്രിയോടെ കേന്ദ്രമന്ത്രിമാര്‍ എത്തിയപ്പോള്‍, താന്‍ സമരം അവസാനിപ്പിക്കുന്ന വാര്‍ത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം മാത്രമേ എല്ലാ പാര്‍ട്ടി നേതാക്കളുമായുള്ള ചിത്രങ്ങള്‍ പുറത്തുവിടാവൂ എന്ന് താന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇന്റലിജന്‍സ് ബ്യൂറോയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ഈ ധാരണയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രകടനം നടത്താനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ ചോദ്യം ചെയ്തതോടെയാണ് ഗീതാഞ്ജലിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം ശക്തമായത്. ബിജെപിക്കും ഹിന്ദുത്വ ഗ്രൂപ്പുകള്‍ക്കും എതിരെ തങ്ങള്‍ നാലോ അഞ്ചോ തവണ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ബിജെപി പ്രൊഫൈലുകള്‍ പ്രതികരിച്ചില്ല. അതേസമയം കോണ്‍ഗ്രസ് വ്യവസ്ഥിതി തന്നെയും ഭാര്യയെയും ക്രൂരമായി ട്രോളാന്‍ തുടങ്ങി. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സങ്കുചിതമായ സമീപനത്തില്‍ വലിയ നിരാശയുണ്ടെന്ന് വാങ്ചുക് വ്യക്തമാക്കി. ഒരു ജനകീയ സമരത്തോട് കൂടുതല്‍ വിശാലമായ കാഴ്ചപ്പാടോടെ പ്രതിപക്ഷം നിലപാട് സ്വീകരിക്കണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊല്ലം പത്തനാപുരത്ത് വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ പുലി കുടുങ്ങി

കൊല്ലം: പത്തനാപുരത്ത് വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊന്ന പുലി വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ കുടുങ്ങി. അലിമുക്ക് ഭാഗത്ത് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.


കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്ത് പുലിയുടെ ആക്രമണം തുടർന്നിരുന്നു. ശാന്ത എന്ന വയോധികയുടെ രണ്ട് ആടുകളെ പുലി കൊന്നിരുന്നു. വിവിധയിടങ്ങളിൽ വളർത്തുനായ്ക്കളെയും പുലി പിടികൂടിയതായി നാട്ടുകാർ പറഞ്ഞു.


തുടർന്നാണ് വനംവകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചത്. കെണിയിൽ കുടുങ്ങിയ പുലിയെ സുരക്ഷിതമായി മാറ്റുന്നതിനുള്ള നടപടികൾ വനംവകുപ്പ് ആരംഭിച്ചു.

നിപ മാറി, പൂര്‍ണ രോഗമുക്തി നേടി 43 കാരന്‍ ആശുപത്രി വിട്ടു

കോഴിക്കോട്: നിപ രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഫറോക്ക് സ്വദേശിയായ 43കാരന്‍ പൂര്‍ണ രോഗമുക്തി നേടി വെള്ളിയാഴ്ച ആശുപത്രി വിട്ടു. ജൂണ്‍ 11ന് പുലര്‍ച്ചെയാണ് ഇദ്ദേഹത്തെ ഐസൊലേഷന്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. രോഗം സ്ഥിരീകരിച്ച സമയത്ത് അതീവ ഗുരുതര നിലയിലായിരുന്ന ഇദ്ദേഹം ഒന്നര മാസത്തോളം വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്. തുടര്‍ന്ന് ആരോഗ്യനില മെച്ചപ്പെട്ടതോടെ ജൂലൈ 4ന് ട്രാന്‍സിറ്റ് ഐസിയുവിലേക്കും, പിന്നീട് മുറിയിലേക്കും മാറ്റിയിരുന്നു.

നിലവില്‍ രോഗിക്ക് പൂര്‍ണ ബോധമുണ്ട്. മറ്റുള്ളവരുടെ സഹായമില്ലാതെ നടക്കാന്‍ സാധിക്കുന്നുണ്ട്. സ്‌കാനിങ്ങില്‍ തലച്ചോറിലെ തകരാറുകള്‍ കുറഞ്ഞതായും ഓര്‍മശക്തി സാധാരണ നിലയിലായതായും ഡോക്ടര്‍മാര്‍ അറിയിച്ചു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, സൂപ്രണ്ട് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് ചികിത്സ ഏകോപിപ്പിച്ചത്. ആരോഗ്യമന്ത്രിയുടെ പ്രത്യേക ഇടപെടലിലൂടെ ബഹ്‌റൈനില്‍ നിന്നാണ് ആവശ്യമായ റെംഡിസിവര്‍ മരുന്ന് എത്തിച്ചത്.

സര്‍ക്കാരിന്റെയും ജനപ്രതിനിധികളുടെയും ജില്ലാ ഭരണകൂടത്തിന്റെയും ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെയും ഭാഗത്തുനിന്ന് ലഭിച്ച മികച്ച പിന്തുണയ്ക്ക് രോഗിയും കുടുംബവും നന്ദി അറിയിച്ചു.

മദ്യപിച്ച് വാഹനമോടിച്ച ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ ഡ്രൈവിങ് ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കി

കാസര്‍കോട്: മദ്യപിച്ച് വാഹനമോടിച്ച കേസില്‍ യൂട്യൂബര്‍ എസ് ആര്‍ ധന്യയുടെ ( ഹെലന്‍ ഓഫ് സ്പാര്‍ട്ട) ഡ്രൈവിങ് ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കി. മദ്യപിച്ച് അപകടം ഉണ്ടാക്കുന്നവിധം വാഹനമോടിച്ചതിനാണ് നടപടി. മൂന്ന് മാസത്തേക്കാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത്. മോട്ടോര്‍ വാഹന വകുപ്പിന്റെ മൂന്നുദിവസത്തെ പരിശീലന ക്ലാസിലും ധന്യ പങ്കെടുക്കണം.

കഴിഞ്ഞ മാസം ദേശീയപാതയില്‍ കാസര്‍കോട് അണങ്കൂരിലായിരുന്നു സംഭവം. മദ്യപിച്ച് വാഹനമോടിച്ചതിനു ധന്യയ്ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. അപകടകരമായ രീതിയില്‍ ധന്യയുടെ കാര്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ടത് കണ്ടാണ് പൊലീസ് പരിശോധനയ്ക്കെത്തിയത്. എന്നാല്‍, പൊലീസ് എത്തിയതോടെ കാര്‍ അമിതവേഗത്തില്‍ ഓടിച്ചുപോയി എന്നാണ് ആരോപണം. പിന്നീട് മംഗല്‍പാടി ബന്തിയോട് ഭഗവതി നഗറില്‍വച്ച് പൊലീസ് കാര്‍ പരിശോധിച്ചതോടെയാണ് ധന്യ മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ താന്‍ ബിയര്‍ കഴിച്ചിരുന്നതായി ധന്യ സമ്മതിച്ചിരുന്നു.

‘വാഹനത്തില്‍ എംഡിഎംഎ ആയിരുന്നുവെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണ്. ആളുകള്‍ തിരിച്ചറിയും എന്നതിനാലാണ് പരിശോധനയ്ക്കിടെ വാഹനം നിര്‍ത്താതെ പോയത്. എന്നാല്‍ ഞാന്‍ ഒളിവിലാണെന്നും എന്റെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തെന്നും വാര്‍ത്ത കണ്ടു. വണ്ടിയില്‍ നിന്നും എംഡിഎംഎ പിടിച്ചെന്നും ചിലര്‍ പറയുന്നു. എന്നോട് ക്ഷമിക്കണം. ഒരു പരിപാടിക്കിടയില്‍ ഒരു ബിയര്‍ അടിച്ചിരുന്നു. വണ്ടി ഓടിക്കാന്‍ പാടില്ലായിരുന്നു. എന്റെ വീടിന്റെ മുന്നിലാണ് വാഹനം നിര്‍ത്തിയത്. മദ്യപിച്ചിരുന്നോയെന്ന് പൊലീസ് ചോദിച്ചു. അതെയെന്ന് സമ്മതിക്കുകയും ചെയ്തു. ഊതിയപ്പോള്‍ അത് തെളിയുകയും ചെയ്തു. കോടതിയില്‍ പെറ്റിയടച്ചാല്‍ മതിയെന്ന് വളരെ വ്യക്തമായി പറഞ്ഞു.

ഞാനും കൂടി ആലോചിക്കേണ്ടതായിരുന്നു. എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ ഖേദിച്ചിട്ട് കാര്യമില്ല. കാര്യങ്ങളുടെ ഗൗരവം പറഞ്ഞുതന്ന് പൊലീസ് പോയി. വാഹനം പിടിച്ചുകൊണ്ടുപോയിട്ടില്ല. ഒരു സാധാരണ വ്യക്തിക്ക് മദ്യപിച്ച് വണ്ടിയോടിച്ചതിനു പെറ്റി എങ്ങനെയാണോ വരുന്നത് ആ പെറ്റി ആണ് എനിക്ക് വന്നിട്ടുള്ളത്. സ്പാര്‍ട്ട ഉപയോഗിച്ചത് മദ്യമല്ലെന്ന് ചിലരെങ്കിലും കമന്റ്‌ബോക്‌സില്‍ പറഞ്ഞിരുന്നു. 3,550 രൂപ കൊടുത്ത് ഡ്രഗ് ആന്‍ഡ് ആല്‍ക്കഹോള്‍ പരിശോധന നടത്തി. അയ്യപ്പ ബൈജുവൊന്നുമല്ല ഞാന്‍. ഇനി ആവര്‍ത്തിക്കില്ല. എന്റെ ഭാഗത്താണ് തെറ്റ്. അയാം വെരി വെരി സോറി’- സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയില്‍ ധന്യ പറയുന്നു.

ബെംഗ്ലൂരുവിൽ കെ എസ് ആർ ടിസി ബസ് മറിഞ്ഞ് രണ്ട് മരണം, 20 പേർക്ക് പരിക്ക്

ബെംഗ്ലൂരൂ :കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോയ കെ എസ് ആർ റ്റി സി സൂപ്പർ ഡീലക്സ് ബസ് ബെംഗളൂരുവിനു സമീപം ബിഡദിയിൽ വെച്ച് നിയന്ത്രണം വിട്ട് സൂചനാ ബോർഡിൽ ഇടിച്ച് തലകീഴായി മറിഞ്ഞു. പുലർച്ചെ 6.40-ഓടെയുണ്ടായ അപകടത്തിൽ ബസ് ഡ്രൈവറും കണ്ടക്ടറും മരണമടഞ്ഞു.
ഡ്രൈവർ ബിജിലേഷ് , കണ്ടക്ടർ അരുൺ എന്നിവരാണ് മരിച്ചത്.
20 ഓളം യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.

കർണാടകയിലെ രാമനഗര ജില്ലയിലെ ബിഡതിയിലായിരുന്നു കോഴിക്കോട് ഡിപ്പോയിൽ നിന്നു പുറപ്പെട്ട കെഎസ്ആർടിസി ബസ് അപകടത്തിൽ പെട്ടത്.ബസ് ഡ്രൈവറും കണ്ടക്ടറും സംഭവസ്ഥലത്തും ആശുപത്രിയിലേക്കുള്ള വഴിയിലുമായി മരണപ്പെട്ടത്.
ബസിലുണ്ടായിരുന്ന ഇരുപതോളം യാത്രക്കാർക്ക് പരിക്കേറ്റതിൽ നാല് പേരുടെ നില ഗുരുതരമാണ്.
നിയന്ത്രണം വിട്ട വാഹനം റോഡരികിലെ സൈൻ ബോർഡിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണോ അതോ അമിതവേഗതയാണോ അപകടകാരണമെന്ന് പൊലീസ് അന്വേഷിച്ചുവരുന്നു.

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്ന ഉത്തരവിറക്കി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ആലപിക്കണമെന്ന ഉത്തരവിറക്കി സംസ്ഥാന സർക്കാർ. സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം. വന്ദേമാതരം നിർബന്ധമാക്കാനുള്ള കേന്ദ്ര തീരുമാനത്തിന് പിന്നാലെയാണ് നടപടി. എന്നാൽ വന്ദേമാതരം പൂർണമായും ആലപിക്കേണ്ടതില്ലെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. 

വന്ദേമാതരം ആലപിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ നിര്‍ദേശങ്ങൾ നേരത്തെ പുറത്തിറക്കിയിരുന്നു. സംസ്ഥാന ഗീതത്തിന് ശേഷം വന്ദേമാതരവും ദേശീയ ഗാനവും എന്ന ക്രമത്തില ആലപിക്കണമെന്നായിരുന്നു പുതിയ മാര്‍ഗനിര്‍ദേശം. സംസ്ഥാന ഗീതം ഇല്ലെങ്കില്‍ ആദ്യം വന്ദേമാതരം അതിന് ശേഷം ദേശീയ ഗാനം എന്ന ക്രമത്തിലാണ് ആലപിക്കേണ്ടത്. വന്ദേമാതരത്തില്‍ യഥാര്‍ത്ഥ കവിതയിലെ ആറ് ചരണങ്ങളും പൂര്‍ണ്ണമായി ആലപിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. 

ദേശീയ ഗീതത്തിന്റെ ഔദ്യോഗിക ആലാപന സമയം മൂന്ന് മിനിറ്റും 10 സെക്കന്റുമാണ്. ദേശീയ ഗാനം അലപിക്കുമ്പോള്‍ അതിന്റെ വരികളും ചിഹ്നങ്ങളും അടക്കം ശ്രദ്ധിച്ച് തന്നെ ആലപിക്കണമെന്നും നിര്‍ദേശമുണ്ട്. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാര്‍ഗനിര്‍ദേശം അയച്ചു. സംസ്ഥാനങ്ങള്‍ അവര്‍ക്ക് കീഴിലുള്ള കേന്ദ്രങ്ങള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശങ്ങല്‍ നല്‍കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

പത്രം മലയാള ദിനപത്രങ്ങളിലൂടെ |2026 | ഓഗസ്റ്റ് 8, ശനി< 1201 | കര്‍ക്കടകം 23, രോഹിണി


അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾ നാമകരണം ചെയ്ത് ഇന്ത്യ

ചൈനയുടെ അതിര്‍ത്തിയിലുള്ള അരുണാചല്‍ പ്രദേശിലെ 27 സ്ഥലങ്ങളെ ഇന്ത്യ നാമകരണം ചെയ്ത് ഭൂപടത്തില്‍ ചേര്‍ത്തു. നിയന്ത്രണ രേഖക്ക് അരികിലുള്ള സ്ഥലങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ സര്‍വെ ഓഫ് ഇന്ത്യ ഭൂപടത്തില്‍ രേഖപ്പെടുത്തിയത്. ചൈനയുടെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. അരുണാചല്‍ പ്രദേശിലെ പ്രദേശങ്ങള്‍ക്ക് ചൈന പേരു നല്‍കിയ നടപടിക്കാണ് ഇന്ത്യയുടെ തിരിച്ചടി. അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച് ഇരു രാജ്യങ്ങളുടേയും പ്രതിനിധികള്‍ തമ്മില്‍ ഇക്കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് സൗകര്യം എല്ലാ രോഗികള്‍ക്കും

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് സൗകര്യം ഇനി വരുമാന പരിധി പരിഗണിക്കാതെ എല്ലാ രോഗികള്‍ക്കും ലഭ്യമാക്കാന്‍ ആരോഗ്യമന്ത്രി കെ. മുരളീധരന്‍ നിര്‍ദേശം നല്‍കി. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലെയും പേ വാര്‍ഡുകള്‍ റൂമുകളുടെ ലഭ്യതയ്ക്കും നിര്‍ദ്ദിഷ്ട ഫീസ് അടയ്ക്കുന്നതിനും വിധേയമായി എല്ലാ രോഗികള്‍ക്കും കിടത്തി ചികിത്സയ്ക്കായി ലഭ്യമാക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കോഴിക്കോട്, കാസര്‍കോട്, തൃശൂര്‍, കണ്ണൂര്‍, വയനാട്, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി.

കാണാതായ ജോണിന്റെ മകളെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി

മുഖ്യമന്ത്രി വി.ഡി സതീശന്‍ വിഴിഞ്ഞത്ത് കടലില്‍ കാണാതായ ജോണിന്റെ മകളെ ഫോണില്‍ വിളിച്ചു. തെരച്ചില്‍ ഊര്‍ജിതമാക്കുമെന്നും സര്‍ക്കാര്‍ പരമാവധി ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആദിവാസി ഊരുകളുടെ പേര് മാറ്റുന്ന നടപടി തിരുത്തും

ആദിവാസി ഊരുകളുടെ പേര് മാറ്റി ‘ഉന്നതി’ എന്നാക്കിയ നടപടി സര്‍ക്കാര്‍ തിരുത്തുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി കെ.എ തുളസി. ഊര് മൂപ്പന്മാരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഈ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. പട്ടികജാതി ഉന്നതികള്‍ ഉന്നതികളായി തന്നെ തുടരുമെന്നും മന്ത്രി പറഞ്ഞു.

നെല്ല് സംഭരണ ബോണസ്: മൂന്നാം ഗഡു അനുവദിച്ചു

നെല്ല് സംഭരണത്തിന് കര്‍ഷകര്‍ക്കുള്ള സംസ്ഥാന പ്രോത്സാഹന ബോണസ് നല്‍കാന്‍ മൂന്നാം ഗഡുവായി 150 കോടി രൂപ അനുവദിച്ചു. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന്റെ അഭ്യര്‍ഥനപ്രകാരം മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിര്‍ദ്ദേശപ്രകാരമാണു തുക അനുവദിച്ചത്.

മുണ്ടക്കൈ ചൂരല്‍മല പുനരധിവാസത്തിനായി തുക അനുവദിച്ചു

മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവനത്തിനും ഉപജീവനത്തിനുമായി ആവിഷ്‌കരിച്ച മൈക്രോ പ്ലാന്‍ പദ്ധതിക്കായി നാലു കോടി 21 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിച്ചു.

കെ എം ബഷീര്‍ വധക്കേസ്: ശ്രീറാം വെങ്കിട്ടരാമനെതിരെ സാക്ഷിമൊഴി

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ സാക്ഷിമൊഴി. അപകട സമയത്ത് ബഷീര്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ വിചാരണ വേളയില്‍ സാക്ഷി തിരിച്ചറിഞ്ഞു. അപകട സമയത്ത് വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണെന്ന് പത്താം സാക്ഷിയായ എസ്. ശ്രീജിത്ത് മൊഴി നല്‍കി. 2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിയോടടുത്താണ് സംഭവം നടന്നതെന്നും സാക്ഷി മൊഴി നല്‍കി. അപകടത്തിനിടയാക്കിയ വാഹനത്തിന്റെ ഉടമ വഫയാണ്.

മദ്യക്കുപ്പി ഡിപ്പോസിറ്റ് പദ്ധതി തുടരാന്‍ തീരുമാനം

മദ്യം വാങ്ങുമ്പോള്‍ 20 രൂപ ഡിപ്പോസിറ്റ് വാങ്ങി, കുപ്പി തിരികെ നല്‍കുമ്പോള്‍ പണം മടക്കി നല്‍കുന്ന പദ്ധതി തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പ്ലാസ്റ്റിക് മലിനീകരണം തടയാന്‍ ലക്ഷ്യമിട്ട ഈ പദ്ധതി നിര്‍ത്തലാക്കാനുള്ള നീക്കത്തില്‍ എക്സൈസ് മന്ത്രി എം. ലിജു ഇടപെടുകയായിരുന്നു. ഈ തീരുമാനത്തെ എം.ബി. രാജേഷ് അഭിനന്ദിച്ചു.

അര്‍ജുന്‍ ആയങ്കിയുടെ പ്രതികരണം

മുട്ടിന് താഴെ വെടിവെച്ചാലും മുട്ടുകുത്തില്ലെന്നും തന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണെന്നും അര്‍ജുന്‍ ആയങ്കി. വെറും നാലു കേസ് മാത്രമുള്ള തന്നെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ തീവ്രവാദിയാക്കി വെടിവയ്ക്കാനാണ് ഉത്തരവിട്ടത്. തന്നെ കള്ളക്കേസില്‍ ജയിലിലടച്ച കേസ് പുനരന്വേഷണം നടത്തണമെന്നും അര്‍ജുന്‍.

അര്‍ജുന്‍ ആയങ്കി കസ്റ്റഡിയില്‍

തൃശൂര്‍ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് താനിരിക്കുന്നെന്ന് സമൂഹമാധ്യമത്തില്‍ അര്‍ജുന്‍ ആയങ്കി. സഹോദരന്‍ അഖിലിനെ പൊലീസ് വടക്കുംനാഥ ക്ഷേത്രം മൈതാനത്തുനിന്ന് കസ്റ്റഡിയിലെഎടുത്തു. കേസ് നടത്തിപ്പിനായി ഗൂഗിള്‍ പേയിലൂടെ പണം അയച്ചു തരണമെന്നും അര്‍ജുന്‍ ആയങ്കി അഭ്യര്‍ത്ഥിച്ചു.

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന് ആദരവായി തപാല്‍ മുദ്ര

ചരിത്രപ്രസിദ്ധമായ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന് ആദരവായി തപാല്‍ മുദ്രയും പ്രത്യേക കവറും പുറത്തിറക്കാന്‍ തപാല്‍ വകുപ്പ്. തപാല്‍ വകുപ്പ് കേരള സര്‍ക്കിളിന്റെ ആഭിമുഖ്യത്തില്‍ തപാല്‍ മുദ്ര, പ്രീമിയം പ്രത്യേക കവര്‍ എന്നിവയുടെ പ്രകാശനം ഓഗസ്റ്റ് 10 ന് രാവിലെ 11 ന് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ നിര്‍വ്വഹിക്കും. ഇതിനൊപ്പം സംസ്ഥാന മൃഗം, സംസ്ഥാന പക്ഷി എന്നിവയുടെ ചിത്രമടങ്ങിയ തപാല്‍ കാര്‍ഡുകളും പ്രകാശനം ചെയ്യും.

മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ സസ്പെന്‍ഷനെതിരെ അസോസിയേഷന്‍

പ്രളയദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡു ചെയ്ത നടപടിക്കെതിരെ കേരള മോട്ടോര്‍ വെഹിക്കിള്‍ ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍. നിയമവിരുദ്ധമായി ഘടിപ്പിച്ച ലൈറ്റുകള്‍ക്കും പുക പരിശോധന സര്‍ട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞതിനുമാണു പിഴ ചുമത്തിയത്. സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

ഇന്‍ഫ്ലുവന്‍സര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

മദ്യപിച്ച് വാഹനമോടിച്ച ഇന്‍ഫ്ലുവന്‍സര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ജൂലൈ ആദ്യത്തിലാണ് യൂട്യൂബറായ ധന്യയ്ക്കെതിരേ പൊലീസ് കേസെടുത്തത്.

പാലക്കാട് സ്‌കൂളില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച അധ്യാപകന് സസ്പെന്‍ഷന്‍

പാലക്കാട് തൃക്കടീരി പിടിഎം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപകന്‍ നൗഷാദിന് സസ്പെന്‍ഷന്‍. ക്ലാസില്‍ സംസാരിച്ചതിന് 9-ാം ക്ലാസുകാരനെ അധ്യാപകന്‍ മുഖത്തടിച്ചെന്നാണ് പരാതി.

കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ സംഭവത്തില്‍ കേസെടുത്തു

ആശുപത്രിയില്‍ ഡോക്ടര്‍ ഇല്ലാത്തത് ചോദ്യം ചെയ്ത നാട്ടുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഉണ്ടായ സംഭവത്തിലാണ് കേസ്. ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തതായിരുന്നു പ്രതിഷേധത്തിന് കാരണം.

കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കണം: കെസിബിസി

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു. കേരളത്തിന്റെ സൈന്യം എന്ന് വിശേഷിപ്പിക്കപ്പെടുന്നവരുടെ കാര്യത്തില്‍ മെല്ലെപോക്കാണെന്നും രക്ഷാപ്രവര്‍ത്തനങ്ങളില്‍ അലംഭാവം കാട്ടുന്നത് അക്ഷന്തവ്യമായ അപരാധമാണെന്നും കെസിബിസി പ്രതികരിച്ചു.

പള്ളികള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തിവന്നയാള്‍ പിടിയില്‍

പള്ളികള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്നത് പതിവാക്കിയ, നൂറോളം കേസുകളില്‍ ഉള്‍പ്പെട്ടയാളെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സുല്‍ത്താന്‍ ബത്തേരി മലവയല്‍ സ്വദേശി തൊവരിമല മൂര്‍ക്കന്‍ വീട്ടില്‍ ഷംസാദ്(39) ആണ് പിടിയിലായത്.

വൈദ്യുതി തടസ്സത്തെതുടര്‍ന്ന് ഓക്സിജൻ കിട്ടാതെ രോഗി മരിച്ചു

അപ്രതീക്ഷിത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വൈദ്യുതി വിതരണം തടസപ്പെട്ടതോടെ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററിന്റെ സഹായത്തോടെ വീട്ടില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗി മരിച്ചു. തലവടി ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡില്‍ കറുത്തേരില്‍ വീട്ടില്‍ കെ വി മോഹനന്‍ (63) ആണ് മരിച്ചത്.

വിവാഹമോചന ഹര്‍ജി പിന്‍വലിക്കുമെന്ന് സംഗീത

തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്യില്‍ നിന്ന് വിവാഹമോചനം വേണ്ടെന്നു ഭാര്യ സംഗീത. വിജയ്യില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടുള്ള ഹര്‍ജി പിന്‍വലിക്കാനുള്ള തീരുമാനം സംഗീത ചെങ്കല്‍പ്പെട്ട് കുടുംബകോടതിയെ അറിയിച്ചു.

മലയാളി മത്സ്യതൊഴിലാളിയെ ശ്രീലങ്കന്‍ നാവികസേന കസ്റ്റഡിയിലെടുത്തു

സമുദ്രാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് മലയാളി അടക്കം പതിനൊന്ന് മത്സ്യതൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് ശ്രീലങ്കന്‍ നാവികസേന. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി രോഹന്‍ ഉള്‍പ്പെടെയുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്.

സ്ഫോടക വസ്തു കേസില്‍ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്ത് എന്‍ഐഎ

സ്ഫോടക വസ്തു കേസില്‍ കര്‍ണാടക വിജയപുര സ്വദേശികളായ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തത് എന്‍ഐഎ. കേസില്‍ ഇതുവരെ 11 പേര്‍ അറസ്റ്റിലായി. മലപ്പുറത്ത് വന്‍തോതില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തിയിരുന്നു.

ഫെഡറേഷന്റെ കോഴ്സ് പൂര്‍ത്തിയാക്കുന്ന ആദ്യ വനിതയായി ഭാവന കാന്ത്

ഇന്ത്യന്‍ വ്യോമസേനയുടെ ഫൈറ്റര്‍ കോംബാറ്റ് ലീഡര്‍ കോഴ്സ് പൂര്‍ത്തിയാക്കുന്ന ആദ്യ വനിതയായി സ്‌ക്വാഡ്രണ്‍ ലീഡര്‍ ഭാവന കാന്ത്. ബിഹാറിലെ ധര്‍ബംഗ സ്വദേശിയായ ഭാവന കാന്ത് ഇന്ത്യയിലെ ആദ്യ വനിതാ യുദ്ധവിമാന പൈലറ്റുമാരില്‍ ഒരാളാണ്.

എന്‍.ഡി.എ സഖ്യത്തിലെത്തിയ പുതിയ എം.പിമാര്‍ക്ക് പ്രധാനമന്ത്രിയുടെ പിന്തുണ

പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച് എന്‍.ഡി.എ സഖ്യത്തിലെത്തിയ പുതിയ എം.പിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്തുണ ഉറപ്പ് നല്‍കി. തൃണമൂല്‍, ശിവസേന ഉദ്ധവ് വിഭാഗത്തില്‍ നിന്നുള്ള എം.പിമാര്‍ക്കായി നടത്തിയ വിരുന്നില്‍, എന്‍.ഡി.എ ഒരു വലിയ കുടുംബമാണെന്നും വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

യുപിഐ സേവനങ്ങള്‍ സൗജന്യമായി തുടരും

യുപിഐ സേവനങ്ങള്‍ തുടര്‍ന്നും ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുമെന്ന് പെയ്മെന്റ് കൗണ്‍സില്‍ ഓഫ് ഇന്ത്യ. ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ പോവുകയാണെന്ന അഭ്യൂഹം ശക്തമായിരിക്കേയാണ് പെയ്മെന്റ് കൗണ്‍സില്‍ പ്രസ്താവന ഇറക്കിയത്.

ജാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ വിദ്യാര്‍ഥി പ്രക്ഷോഭം

ജാര്‍ഖണ്ഡില്‍ ജെപിഎസ് സി, ജെഎസ് എസ് സി നിയമന പരീക്ഷകളിലെ ക്രമക്കേടുകള്‍ ആരോപിച്ചുള്ള വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമാകുന്നു. റാഞ്ചിയിലെ ജയ്പാല്‍ സിംഗ് മുണ്ട സ്റ്റേഡിയത്തില്‍ വിദ്യാര്‍ഥികളും ഉദ്യോഗാര്‍ഥികളും നടത്തുന്ന സമരം 14 ദിവസമായി തുടരുകയാണ്. സമരക്കാരുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സംസാരിച്ചു. സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് 11 അംഗ സമിതിയെ സമരക്കാര്‍ നിയോഗിച്ചു.

എഥനോള്‍ പെട്രോള്‍ പദ്ധതിക്കെതിരെ രാഹുല്‍ ഗാന്ധി

എഥനോള്‍ പെട്രോള്‍ പദ്ധതി അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പദ്ധതി ജനങ്ങളുടെ വാഹനങ്ങള്‍ തകരാറിലാക്കുന്നുവെന്നും ജീവിതം പ്രതിസന്ധിയിലാക്കുന്നുവെന്നും രാഹുല്‍ ആരോപിച്ചു. നേരിട്ടുള്ള കവര്‍ച്ചയാണ് നടക്കുന്നത്. വിഷയം ശക്തമായി ഏറ്റെടുക്കുമെന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കി.

ഇന്‍സ്റ്റഗ്രാമില്‍ ‘ആസ്‌ക് മീ എനിത്തിങ്’ മറുപടിയുമായി രാഹുല്‍ ഗാന്ധി

ഇന്‍സ്റ്റഗ്രാമില്‍ ‘ആസ്‌ക് മീ എനിത്തിംഗു’മായെത്തി ജെന്‍ സികളുടെ ചോദ്യങ്ങള്‍ക്ക് നേരിട്ട് മറുപടി നല്‍കി രാഹുല്‍ ഗാന്ധി. യുവാക്കളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും അവര്‍ക്ക് പിന്തുണ നല്‍കാനും താന്‍ എപ്പോഴും ഒപ്പമുണ്ടാകുമെന്ന ഉറപ്പും രാഹുല്‍ ഗാന്ധി പങ്കുവെച്ചു.

സൂറത്തില്‍ വ്യാജ നെയ്യ് നിര്‍മ്മാണ യൂണിറ്റ് പിടികൂടി

ഗുജറാത്തിലെ സൂറത്തില്‍ ഹാനികരമായ രാസപദാര്‍ത്ഥങ്ങള്‍, പാമോയില്‍, വനസ്പതി എന്നിവ ഉപയോഗിച്ച് വ്യാജ നെയ്യ് നിര്‍മ്മിച്ച ഡയറി ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് വന്‍തോതില്‍ നിര്‍മ്മാണം നടത്തിയതായി കണ്ടെത്തി. പിടിച്ചെടുത്ത സാമ്പിളുകള്‍ വിശദമായ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്.

ത്രിരാഷ്ട്ര പ്രതിരോധ കരാറില്‍ ഒപ്പുവെച്ച് സൗദി, പാകിസ്താന്‍, തുര്‍ക്കി

സൗദി അറേബ്യ, പാകിസ്താന്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ ത്രിരാഷ്ട്ര പ്രതിരോധ കരാറില്‍ ഒപ്പുവെച്ചു. ഒരു രാജ്യത്തിനെതിരായ ആക്രമണം മൂന്ന് രാജ്യങ്ങള്‍ക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥ. ഈ പുതിയ സൈനിക കൂട്ടായ്മയെ ഇന്ത്യ ഗൗരവത്തോടെ നിരീക്ഷിച്ചുവരികയാണ്.

തായ്‌ലന്‍ഡിലെ സ്‌കൂളില്‍ വെടിവെയ്പ്പ്

തായ്‌ലന്‍ഡിലെ നോന്താബുരി പ്രവിശ്യയിലുള്ള ഡെബ്സിരിന്‍ നോന്താബുരി സ്‌കൂളില്‍ 14 കാരനായ വിദ്യാര്‍ത്ഥി നടത്തിയ വെടിവെപ്പില്‍ മൂന്ന് അധ്യാപകരും മൂന്ന് വിദ്യാര്‍ത്ഥികളും കൊല്ലപ്പെട്ടു. സ്‌കൂളിലെത്തുന്നതിന് മുന്‍പ് പ്രതി മുത്തശ്ശനേയും മുത്തശ്ശിയേയും കൊലപ്പെടുത്തിയിരുന്നു. ആക്രമണത്തിന് ശേഷം സ്വയം വെടിയുതിര്‍ത്ത വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമാണ്.

ഇന്ത്യ – ശ്രീലങ്ക ടെസ്റ്റ് പരമ്പര സൗജന്യമായി കാണാം

ശ്രീലങ്കയില്‍ 15 ന് ആരംഭിക്കുന്ന ഇന്ത്യ – ശ്രീലങ്ക ടെസ്റ്റ് പരമ്പര സൗജന്യമായി കാണാന്‍ അവസരം. ഇന്ത്യയ്‌ക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലേക്ക് സൗജന്യ പ്രവേശനം അനുവദിക്കാന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചു. ആദ്യ മത്സരം ഗാലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ്.

നാല് കമ്പനികളുടെ ഐ.പി.ഒ അടുത്തയാഴ്ച

പാലുത്പന്ന കമ്പനിയായ മില്‍ക്കി മിസ്റ്റ്, മാര്‍ക്കറ്റിങ്-ലോജിസ്റ്റിക് സേവന പ്ലാറ്റ്‌ഫോമായ ഷിപ്‌റോക്കറ്റ് എന്നിവയുള്‍പ്പെടെ അടുത്തയാഴ്ച പ്രാഥമിക ഓഹരിവിപണിയിലെത്തുന്നത് നാലു കമ്പനികള്‍. ഇവ നാലും ചേര്‍ന്ന് 7,177 കോടി രൂപയാണ് സമാഹരിക്കുന്നത്. തമിഴ്‌നാട് ആസ്ഥാനമായുള്ള മില്‍ക്കി മിസ്റ്റ് ഡെയറി ഫുഡ് 1,553 കോടി രൂപയാണ് സമാഹരിക്കുന്നത്. 11-ന് തുടങ്ങുന്ന ഐ.പി.ഒ.യില്‍ രണ്ടുരൂപയുടെ ഓഹരിക്ക് 133 രൂപ മുതല്‍ 140 രൂപ വരെയാണ് വില. പന്ത്രണ്ടിന് തുടങ്ങുന്ന ഷിപ്പ്റോക്കറ്റ് 1,617.48 കോടി രൂപ ലക്ഷ്യമിടുന്നു. 885 കോടി രൂപയുടെ പുതിയ ഓഹരികളുണ്ട്. ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും ബാറ്ററി പാക്കുകളും മറ്റും നിര്‍മിക്കുന്ന ദൂത് ട്രാന്‍സ്മിഷന്റെ 3,066.89 കോടി രൂപയുടെ ഐ.പി.ഒ. പത്തുമുതല്‍ 12 വരെ നടക്കും. 1,400 കോടി രൂപയുടെ പുതിയ ഓഹരികളുണ്ട്. 939.70 കോടി രൂപ ലക്ഷ്യമിടുന്ന മോള്‍ബിയോ ഡയഗ്‌നോസ്റ്റിക്‌സിന്റെ ഐ.പി.ഒ. പത്തിനു തുടങ്ങും. ഒരുരൂപ മുഖവിലയുള്ള ഓഹരിക്ക് 768 രൂപ മുതല്‍ 807 രൂപവരെയാണ് വില.

ഐടെല്‍ ഏസ് 3 ഹീര ഫീച്ചര്‍ ഫോണ്‍ വിപണിയില്‍

ബജറ്റ് വിഭാഗത്തില്‍ പുതിയ ഫീച്ചര്‍ ഫോണ്‍ അവതരിപ്പിച്ച് ഐടെല്‍. ഐടെല്‍ ഏസ് 3 ഹീര എന്ന പേരിലാണ് കമ്പനി പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചത്. 949 രൂപയാണ് ഫോണിന്റെ വില. ടൈപ്പ്-സി ചാര്‍ജിങ് പോര്‍ട്ട്, 1,000 എംഎഎഎച്ച് ബാറ്ററി, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഓട്ടോമാറ്റിക് കോള്‍ റെക്കോര്‍ഡിങ് തുടങ്ങിയ സവിശേഷതകളുമായാണ് പുതിയ മോഡല്‍ എത്തുന്നത്. ബ്ലാക്ക്, ബ്ലൂ, പര്‍പ്പിള്‍ എന്നീ മൂന്ന് നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാകുന്നത്. 1.8 ഇഞ്ച് ഡിസ്പ്ലേയാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്. 1,000 എംഎഎഎച്ച് ശേഷിയുള്ള ബാറ്ററിയാണ് കരുത്ത് പകരുന്നത്. എഐ അധിഷ്ഠിത ബാറ്ററി മാനേജ്മെന്റ് സംവിധാനവും ഫോണിലുണ്ട്. ഒറ്റ ചാര്‍ജില്‍ പരമാവധി 9.64 മണിക്കൂര്‍ വരെ ടോക്ക് ടൈമും 177 മണിക്കൂര്‍ വരെ സ്റ്റാന്‍ഡ്‌ബൈ സമയവും ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ബാറ്ററി കുറഞ്ഞ ശേഷിയിലായിരിക്കുമ്പോഴും കൂടുതല്‍ സമയം ഉപയോഗിക്കാന്‍ സഹായിക്കുന്ന സൂപ്പര്‍ ബാറ്ററി മോഡും ഉണ്ട്.

കുഞ്ചാക്കോ ബോബന്റെ ‘ഉന്മാദം’ സിനിമയിലെ ഗാനം പുറത്തുവിട്ടു

കുഞ്ചാക്കോ ബോബനെ നായകനാക്കി കിരണ്‍ ദാസ് സംവിധാനം ചെയ്ത ‘ഉന്മാദം’ എന്ന ചിത്രത്തിലെ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. രാവായ് എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അന്‍വര്‍ അലിയാണ്. മുജീബ് മജീദിന്റേതാണ് സംഗീതം. ശക്തിശ്രീ ഗോപാലനും ലാല്‍ കൃഷ്ണയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. എഡിറ്റിംഗ് രംഗത്ത് മുന്‍നിരക്കാരനായ കിരണ്‍ ദാസിന്റെ ആദ്യ സംവിധാന സംരംഭമാണ് ഇത്. പൊലീസ് യൂണിഫോമിന് ഉള്ളിലെ മനുഷ്യരുടെ വേറിട്ട കഥകള്‍ പറഞ്ഞിട്ടുള്ള ഷാഹി കബീര്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിജോമോള്‍ ജോസ് ആണ് ചിത്രത്തിലെ നായിക. പനോരമ സ്റ്റുഡിയോസിന്റെ മലയാളത്തിലെ മൂന്നാം നിര്‍മ്മാണ സംരംഭം കൂടിയാണ് ‘ഉന്മാദം’.

കാര്‍ത്തിക് സുബ്ബരാജ് ചിത്രമായ ‘ദൊറോത്തി’യുടെ ടൈറ്റില്‍ ടീസര്‍

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ദൊറോത്തി’യുടെ ടൈറ്റില്‍ ടീസര്‍ എത്തി. കീര്‍ത്തി സുരേഷ് ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രത്തില്‍ സാനന്ത്, റിഷികാന്ത് എന്നിവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആക്ഷനും പ്രതികാരവും നിറഞ്ഞ ഒരു കാര്‍ത്തിക് സുബ്ബരാജ് സിനിമയാകും ഇതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്റെ വേള്‍ഡ് പ്രിമിയര്‍. ഇളയരാജയാണ് ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സെപ്റ്റംബര്‍ 25 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. കാര്‍ത്തിക്കിന്റെ പത്താം ചിത്രം കൂടിയാണ് ‘ദൊറോത്തി’. ‘റിവോള്‍വര്‍ റീത്ത’ക്കു ശേഷം കീര്‍ത്തി സുരേഷും ‘റെട്രോ’ക്കു ശേഷം കാര്‍ത്തിക് സുബ്ബരാജും അഭിനയിക്കുന്ന ചിത്രമാണിത്.

ടാറ്റ നെക്‌സോണ്‍ കാമോ എഡിഷന്‍ വിപണിയില്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ നെക്‌സോണ്‍ ശ്രേണി വിപുലീകരിച്ച് കാമോ എഡിഷന്‍ പുറത്തിറക്കി. മെക്കാനിക്കലായി വലിയ മാറ്റങ്ങളൊന്നും വരുത്താതെ, ഇന്ത്യയില്‍ നെക്‌സോണ്‍ എത്തിയിട്ട് ഒന്‍പത് വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെയും 11 ലക്ഷത്തിലധികം വില്‍പ്പന നേട്ടം കൈവരിച്ചതിന്റെയും ഓര്‍മ്മയ്ക്കായി ലിമിറ്റഡ് എഡിഷന്‍ കോംപാക്ട് എസ് യുവി മോഡലാണ് അവതരിപ്പിച്ചത്. 9.99 ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ് ഷോറൂം വില. മൂന്നാര്‍ മിസ്റ്റ്, കൂര്‍ഗ് ക്ലൗണ്ട്, എന്നി രണ്ടു കളര്‍ ഓപ്ഷനുകളില്‍ വാഹനം ലഭ്യമാകും. ഈ നിറങ്ങള്‍ക്ക് പുറമേ ഫ്രണ്ട് ഫെന്‍ഡറുകളിലെ കാമിയോ ബാഡ്ജ് ആണ് പുറത്തുള്ള പ്രധാന മാറ്റം. സ്റ്റാന്‍ഡേര്‍ഡ് മോഡലിലെ അതേ എന്‍ജിന്‍ ഓപ്ഷനുകള്‍ തന്നെയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. മാനുവല്‍, എഎംടി, ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സ് ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്. ക്രിയേറ്റീവ്, ക്രിയേറ്റീവ് പ്ലസ്, ക്രിയേറ്റീവ് പ്ലസ് പിഎസ്, ഫിയര്‍ലെസ് പ്ലസ് പിഎസ്, ഫിയര്‍ലെസ് പ്ലസ് എ പിഎസ് വേരിയന്റുകളിലാണ് വാഹനം വിപണിയില്‍ എത്തിയത്.

ബാബു തിരുവല്ലയുടെ ആത്മകഥ ‘അനുഭവങ്ങളുടെ അമരം’

നിര്‍മ്മാതാവായി വന്ന്, സംവിധായകനായി തിളങ്ങി, ദേശീയ പുരസ്‌കാരം വരെ എത്തിപ്പിടിച്ച ബാബു തിരുവല്ല തന്റെ ഇന്നലെകളിലേക്കു തിരിഞ്ഞുനോക്കുമ്പോള്‍ അനാവൃതമാകുന്നത് മലയാളസിനിമയുടെ സൗന്ദര്യവും സൗരഭ്യവും കൂടെയാണ്. സിനിമ സ്വപ്നംകണ്ട ഒരു ചെറുപ്പക്കാരന്‍, കാരവാനുകളില്ലാത്ത സിനിമാക്കാലത്തിന്റെ ഊഷ്മളതയിലേക്കു നടന്നടുക്കുന്നതിനൊപ്പം സഞ്ചരിക്കുമ്പോള്‍, നമ്മളോരോരുത്തരും മലയാളസിനിമയുടെ ചരിത്രത്തിന്റെകൂടെ ഭാഗമാവുകയാണ്. നല്ല സിനിമകളെ സ്നേഹിച്ച ഒരു ചലച്ചിത്രകാരന്റെ ജീവിതത്തിലെ അവിസ്മരണീയ അനുഭവങ്ങള്‍. ‘അനുഭവങ്ങളുടെ അമരം’. ബാബു തിരുവല്ല. മാതൃഭൂമി. വില 127 രൂപ.

പ്രമേഹരോഗികളും സാലഡും: ആരോഗ്യവിദഗ്ധരുടെ നിര്‍ദ്ദേശങ്ങള്‍

പ്രമേഹരോഗികളുടെ ഭക്ഷണക്രമത്തില്‍ സാലഡ് ഉള്‍പ്പെടുത്തുന്നത് വളരെ മികച്ചതാണെന്ന് ആരോഗ്യവിദഗ്ധര്‍. പ്രധാനഭക്ഷണത്തിന് മുന്‍പ് സാലഡ് കഴിക്കുന്നതുകൊണ്ട് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. മിക്കവാറും ആളുകള്‍ ഉച്ചയ്ക്ക് ചോറ് അല്ലെങ്കില്‍ റോട്ടിയെന്ന രീതിയാണ്. അതിന് മുന്‍പ് ഒരു ബൗള്‍ സാലഡ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കുന്നതില്‍ വലിയ സ്വാധീനം ചെലുത്തുമെന്ന് പഠനങ്ങള്‍ പറയുന്നു. ചോറു കഴിക്കുന്നതിന് മുന്‍പ് സാലഡ് കഴിക്കുന്നത് അതില്‍ അടങ്ങിയ നാരുകള്‍ പിന്നീട് കഴിക്കുന്ന ചോറിലും റോട്ടിയിലും അടങ്ങിയ പഞ്ചസാരയുടെ രക്തത്തിലേക്കുള്ള ആഗിരണം മന്ദഗതിയിലാക്കുന്നു. അതായത്, പെട്ടെന്നുള്ള ഷുഗര്‍ സ്‌പൈക്ക് കുറച്ചു കൊണ്ട് ദിവസം മുഴുവന്‍ ഊര്‍ജ്ജം നിലനിര്‍ത്താന്‍ സഹായിക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പും നിരവധി ആന്റിഓക്‌സിഡന്റുകളും ഒലീവ് ഓയിലില്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാന്‍ സഹായിക്കുന്നതിനൊപ്പം സാലഡിന്റെ രുചിയും കൂട്ടും. ചീര, കാബേജ് പോലെ കാബ്‌സ് കുറഞ്ഞതും നാരുകളുടെയും വിറ്റാമിനുകളുടെയും ആന്റിഓക്‌സിഡന്റുകളുടെയും അളവു കൂടിയതുമായി ഇലക്കറികള്‍ ഡാലഡില്‍ ചേര്‍ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാന്‍ സഹായിക്കും. പനീര്‍ സാലഡില്‍ ചേര്‍ക്കാവുന്നതാണ്. പയറുവര്‍ഗം രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കാന്‍ സഹായിക്കും. മാത്രമല്ല, സാലഡിന്റെ പോഷകഗുണം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ബദാം, വാല്‍നട്‌സ്, മത്തങ്ങ വിത്തുകള്‍, എള്ള് വിത്തുകള്‍ സലാഡില്‍ ചേര്‍ക്കുന്നത് ആരോഗ്യകരമായ കൊഴുപ്പ്, പോഷകങ്ങള്‍ എന്നിവ വര്‍ധിപ്പിക്കും.

നബിദിനം; യുഎഇ നിവാസികൾക്ക് മൂന്ന് ദിവസം അവധി

യുഎഇയിൽ നബി ദിന അവധി പ്രഖ്യാപിച്ചു. ഈ മാസം 28ന് പൊതു- സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയുള്ള പൊതുഅവധി ലഭിക്കും. വെള്ളിയാഴ്ച ആയതിനാൽ വാരാന്ത്യ അവധിക്കൊപ്പം ശനി, ഞായർ ഉൾപ്പെടെ മൂന്ന് ദിവസത്തെ നീണ്ട അവധി ലഭിക്കും.

നേരത്തെ ഓഗസ്റ്റ് 25-നായിരുന്നു നബിദിനം പ്രതീക്ഷിച്ചിരുന്നതെങ്കിലും അധികൃതർ ഓഗസ്റ്റ് 28ന് നബിദിനമെന്ന് തീരുമാനിക്കുകയായിരുന്നു. യുഎഇയിൽ ആഴ്ചയുടെ മധ്യത്തിൽ വരുന്ന പൊതുഅവധി ദിവസങ്ങൾ വാരാന്ത്യത്തോട് ചേർത്ത് വലിയ അവധികളാക്കി മാറ്റാൻ നിയമമുണ്ട്. ഈ അധികാരം ഉപയോഗിച്ചാണ് യുഎഇ ക്യാബിനറ്റ് പെരുന്നാൾ ഒഴികെയുള്ള മറ്റ് പ്രധാന അവധികൾ പ്രവൃത്തി ദിവസത്തിന്റെ തുടക്കത്തിലേക്കോ അവസാനത്തിലേക്കോ മാറ്റി ക്രമീകരിക്കുന്നത്.

കൊല്ലം തുറമുഖ വികസനത്തിന് 7.24 കോടി രൂപയുടെ ധനസഹായം കേന്ദ്ര സര്‍ക്കാര്‍ നൽകി

കൊല്ലം തുറമുഖ വികസനത്തിന് സാഗര്‍മാല പദ്ധതി പ്രകാരം മള്‍ട്ടിപര്‍പ്പസ് ബെര്‍ത്ത് വികസിപ്പിക്കുന്നതിനുളള  101 മീറ്റര്‍ നീളവും 21 മീറ്റര്‍ വീതിയുമുളള വാര്‍ഫും മറ്റ് അനുമബന്ധ സൗകര്യങ്ങളും നിര്‍മ്മിക്കുന്നതിന് 15.15 കോടി രൂപയുടെ പദ്ധതിയില്‍ 7.24 കോടി രൂപയുടെ ധനസഹായം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതായും  തുറമുഖ വികസനത്തിനായുളള സമഗ്ര പദ്ധതിയ്ക്ക് കേരള സര്‍ക്കാര്‍  തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുളളതായും കേന്ദ്ര തുറമുഖ ഷിപ്പിംഗ് ജലഗതാഗത മന്ത്രി സര്‍ബാനന്ദ സോനോവാള്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി യെ ലോകസഭയില്‍ അറിയിച്ചു.

  കൊല്ലം തുറമുഖത്തിന്‍റെ വികസനം തുറമുഖ പ്രവര്‍ത്തനങ്ങള്‍, ലോജിസിസ്റ്റക്സ്, വെയര്‍ഹൗസിംഗ്, ടൂറിസം അനുബന്ധ സമുദ്ര പ്രവര്‍ത്തനങ്ങളില്‍ എന്നിവയില്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിയുമെന്നും  കൂടുതല്‍ തൊഴില്‍ അവസരം പ്രതീക്ഷിക്കുന്നതായും മന്ത്രി അറിയിച്ചു. കൊല്ലം തുറമുഖത്തിന്‍റെ വികസനത്തനും തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനും വിഴിഞ്ഞം തുറമുഖത്തിന്‍റെ തീരദേശ ഷിപ്പിംഗ് ഹബ്ബായി വളര്‍ത്തിയെടുക്കുതിനും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. കൊല്ലം തുറമുഖം  മേജര്‍ തുറമുഖങ്ങളുടെ പട്ടികയില്‍പ്പെടാത്തതിനാല്‍ തുറമുഖ വികസനത്തിന്‍റെ ഭരണനിയന്ത്രണം സംസ്ഥാന സര്‍ക്കാരിനാണെന്നും മന്ത്രി, എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയെ ലോകസഭയില്‍ അറിയിച്ചു. 

ഓണത്തോടനുബന്ധിച്ച് കേരളത്തിലേക്ക് 112 പ്രത്യേക ട്രെയിൻ സർവിസുകൾ; സർവിസ് ഓഗസ്റ്റ് 14 മുതൽ


ന്യൂഡൽഹി: ഓണത്തോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് 112 പ്രത്യേക ട്രെയിൻ ട്രിപ്പുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ഓഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 6 വരെയാണ് പ്രത്യേക ട്രെയിനുകൾ സർവിസ് നടത്തുക. കഴിഞ്ഞ വർഷം 55 പ്രത്യേക ട്രിപ്പുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇത്തവണ സർവിസുകളുടെ എണ്ണം ഇരട്ടിയിലധികമായി വർധിപ്പിച്ചു.
തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് എത്തുന്ന പ്രവാസികൾക്കും വിദ്യാർഥികൾക്കും മറ്റ് യാത്രക്കാർക്കും അധിക സർവിസുകൾ പ്രയോജനപ്പെടും.
ചെന്നൈ, ബെംഗളൂരു, മൈസൂരു, ഹുബ്ബള്ളി, ഹൈദരാബാദ്, സാന്ത്രാഗച്ചി തുടങ്ങിയ പ്രധാന നഗരങ്ങളിൽനിന്ന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കണ്ണൂർ, മംഗളൂരു തുടങ്ങിയ പ്രധാന സ്റ്റേഷനുകളിലേക്കാണ് പ്രത്യേക ട്രെയിനുകൾ സർവിസ് നടത്തുക.
ആകെ 112 സർവിസുകളിൽ 54 എണ്ണം തെക്കൻ റെയിൽവേയും 58 എണ്ണം മറ്റ് റെയിൽവേ സോണുകളുമാണ് നടത്തുക. തെക്കൻ റെയിൽവേയുടെ കീഴിൽ 38 പ്രത്യേക സർവിസുകളും അയൽ റെയിൽവേ സോണുകളുമായി ബന്ധിപ്പിച്ച് 16 സർവിസുകളുമുണ്ടാകും. സൗത്ത് വെസ്റ്റേൺ റെയിൽവേ, സൗത്ത് സെൻട്രൽ റെയിൽവേ, സൗത്ത് ഈസ്റ്റേൺ റെയിൽവേ എന്നിവയും കേരളത്തിലേക്കും കേരളത്തിലൂടെയും അധിക സർവിസുകൾ നടത്തും.
യാത്രക്കാരുടെ തിരക്കും വെയിറ്റിങ് ലിസ്റ്റിലെ പ്രവണതകളും റെയിൽവേ നിരന്തരം നിരീക്ഷിച്ചുവരികയാണ്. ആവശ്യമെങ്കിൽ കൂടുതൽ പ്രത്യേക ട്രെയിനുകൾ അനുവദിക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.