Home Blog Page 26

ഉയർന്ന വിലയ്ക്ക് കെഎസ്ഇബി വൈദ്യുതി വാങ്ങി, പക്ഷേ പ്രതിസന്ധിക്ക് പരിഹാരമായില്ല; സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ തല്‍സമയ വിപണിിയല്‍ നിന്ന് ഉയർന്ന വിലക്ക് കെ എസ് ഇ ബി കൂടുതല്‍ വൈദ്യുതി വാങ്ങി. കേന്ദ്ര വൈദ്യുതി നിലയത്തില്‍ നിന്നുള്ള വൈദ്യുതി വിഹിതവും നേരിയ രീതിയില്‍ കൂടി. ഇന്നലെയും നൂറ് ദശലക്ഷം യൂണിറ്റിന് അടുത്തായിരുന്ന ഉപയോഗം.

Also Read: കാറില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികള്‍ക്ക് നേരെ ആക്രമണം

അതേസമയം ഇന്നും വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം ആയിട്ടില്ല. അതിനാൽ തന്നെ ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെ എസ് ഇ ബി അറിയിച്ചു. വൈകിട്ട് 6.15 നും രാത്രി 12.45 നും ഇടയിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകാമെന്നാണ് കെ എസ് ഇ ബി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കഴിഞ്ഞ രണ്ടുദിവസവും അറിയിപ്പ് നൽകിയിരുന്നെങ്കിലും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നില്ല.

വൈദ്യുതി നിയന്ത്രണം തുടരും

ഇന്നലെ വൈദ്യുതി നിയന്ത്രണ സാധ്യതക്ക് കാരണമായി പറഞ്ഞിരുന്നത് പോലെയായിരുന്നില്ല കാര്യങ്ങള്‍. പവർ എക്സ്ചേ‌ഞ്ചില്‍ നിന്ന് കാര്യമായി വൈദ്യുതി ലഭിച്ചു. ബുധനാഴ്ചത്തേക്കാള്‍ 8 ദശലക്ഷം യൂണിറ്റ് അധികം തല്‍സമയ വിപണിയില്‍ നിന്ന് വാങ്ങാനായി. തമിഴ്നാട് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ ഉത്പാദനം കൂടിയതാണ് ഒരു കാരണം.

ഗ്രിഡ് വഴി ഷെഡ്യൂള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വൈദ്യുതി എടുക്കാനുമായി. 78 ദശലക്ഷം യൂണിറ്റിന് അധികം വൈദ്യുതി പുറത്ത് നിന്ന് എത്തിക്കാൻ കഴിഞ്ഞു. ഒരു ദശലക്ഷം യൂണിറ്റിന്‍റെ എങ്കിലും വർധന കേന്ദ്രപൂളിലെ വിഹിതത്തിലും ഉണ്ടായി. അതേസമയം ഡയറക്ടർമാർ ഉൾപ്പെടെ പുറത്ത് പോയി നടത്തുന്ന ചർച്ചകളില്‍ ഈ മാസത്തേക്ക് കൂടുതല്‍ വൈദ്യുതി എത്തിക്കാൻ ഉള്ള കരാർ എത്തിക്കാനായതായി ധാരണയില്ല. ഈ മാസത്തേക്കുള്ള ഹ്രസ്വകാല കരാർ ഇല്ലെന്ന് ജൂണില്‍ തന്നെ ബോധ്യമായിട്ടും ഇപ്പോള്‍ നടത്തിയത് പോലുള്ള ശ്രമം അന്ന് നടത്തിയിരുന്നില്ല. നിലവിലെ പ്രതിസന്ധിയും കാലാവസ്ഥ പ്രശ്നവും അന്നേ തിരിച്ചറിഞ്ഞതുമാണ്.

വരും മാസങ്ങളില്‍ പ്രതിസന്ധി ഒഴിവാക്കാൻ ബസ് പ്രോജക്ടുകള്‍ സമയത്ത് തീർക്കണമെന്നായിരുന്നു റെഗുലേറ്ററി കമ്മീഷൻ നിർദേശം. മൈലാട്ടി, മുള്ളേരിയ പ്രോജക്ടുകള്‍ അടുത്തമാസം തീർക്കുമെന്നാണ് കെ എസ് ഇ ബി അറിയിച്ചിരിക്കുന്നത്. ശ്രീകണ്ഠാപുരം, അരീക്കോട് പദ്ധതികള്‍ നവംബറില്‍ ആണ് തീർക്കേണ്ടത്. പോത്തൻകോട് പ്രോജക്ട് ഡിസംബറില്‍ തീർക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. സോളാർ വൈദ്യുതി ശേഖരിച്ച് വെക്കാൻ സംവിധാനം ഇല്ലാത്തതിനാൽ പകല്‍ സമയങ്ങളില്‍ കരാർ പ്രകാരമുള്ള വൈദ്യുതി കെ എസ് ഇ ബി സറണ്ടർ ചെയ്യുകയാണന്ന് കമ്മീഷൻ നിരീക്ഷീച്ചിരുന്നു.

പോലീസ് സ്റ്റേഷനിൽ യുവാവിന് ക്രൂര മർദ്ദനം,പരാതി

നിലമ്പൂർ. പോലീസ് സ്റ്റേഷനിൽ യുവാവിന് ക്രൂര മർദ്ദനം. സിവിൽ പോലീസ് ഓഫീസർ ഷഫീഖ് മർദ്ദിച്ചെന്നാണ് മലപ്പുറം കാട്ടുമുണ്ട സ്വദേശി ഹർഷിദിൻ്റെ പരാതി. മർദ്ദനത്തിൽ പല്ല് ഇളകുകയും കൈക്ക് ചതവ് പറ്റുകയും ചെയ്തതിനെ തുടർന്ന് ഹർഷിദ് ആശുപത്രയിൽ ചികിത്സ തേടി.

ഹർഷിദും സഹോദരനും സഞ്ചരിച്ചിരുന്ന കാർ നിലമ്പൂരിൽ യാത്രക്കാരനെ തട്ടിയിരുന്നു. തുടർന്ന് പരിക്കേറ്റ ഹാരിസ് എന്നയാളും ഹർഷിദും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി.ഇതിനിടെ സ്ഥലത്തെത്തിയ പൊലീസ് ഹർഷിദിനെ സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നു. സ്റ്റേഷനിൽ വച്ച് ഷഫീഖ് എന്ന ഉദ്യോഗസ്ഥൻ ക്രൂരമായി മർദിച്ചെന്നാണ് ഹർഷിദിൻ്റെ ആരോപണം.
മറ്റ് പോലീസുകാർ തടയാൻ ശ്രമിച്ചിട്ടും വഴങ്ങാതെ മർദ്ദനം തുടർന്നു. മുഖത്തടിച്ചും കൈപിടിച്ച് തിരിച്ചും പരിക്കേൽപ്പിച്ചു.മുഖത്ത് അടിച്ചതിൽ പല്ലിന് ഇളക്കം സംഭവിച്ചതായും ഹർഷിദ് പറഞ്ഞു.

മർദനം തടയാൻ ശ്രമിച്ച സഹോദരനെയും ഈ പോലീസ് ഉദ്യോഗസ്ഥൻ അടിച്ചതായും പരാതിയുണ്ട്.സി സിടിവിയുള്ള സ്ഥലത്താണ് മർദ്ദനം നടന്നതെന്നും പരിശോധിച്ചാൽ പരാതി സത്യമാണെന്ന് വ്യക്തമാവുമെന്നും ഇദ്ദേഹം പറഞ്ഞു.

പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി.
എന്നാൽ മർദിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം. പരാതി ഉയർന്ന സാഹചര്യത്തിൽ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും സബ് ഇൻസ്പെക്ടർ ഇൻസ്പെക്‌ടർ പറഞ്ഞു.

കാറില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികള്‍ക്ക് നേരെ ആക്രമണം

വടകര. മൂരാട് ഓയില്‍ മില്ലിന് സമീപം കാറില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികള്‍ക്ക് നേരെ ആക്രമണം. മൂരാട് സ്വദേശി വിഷ്ണു, ഭാര്യ അഞ്ജു എന്നിവര്‍ക്ക് നേരെയായിരുന്നു ആക്രമണം. പയ്യോളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഭാര്യയുടെ ബന്ധുവിന്റെ മരണവീട് സന്ദര്‍ശിക്കാൻ വടകര മൂരാട് നിന്ന് പയ്യോളിയിലേക്ക് പോവുകയായിരുന്നു ദമ്പതികള്‍. ഓയില്‍ മില്‍ ബസ്സ് സ്റ്റോപ്പിന് സമീപമെത്തിയപ്പോള്‍ പിന്നാലെ സ്കൂട്ടറില്‍ എത്തിയവര്‍ നിരന്തരം ഹോണ്‍ മുഴക്കുകയും ഇവരുടെ വാഹനത്തെ മറികടന്ന് മുന്നില്‍ കുറുകെ നിര്‍ത്തി അസഭ്യം പറയുകയും ചെയ്തു. ഡോർ തുറന്ന് പുറത്തിറങ്ങിയ വിഷ്ണുവിന് നേരെ ഹെൽമറ്റ് കൊണ്ട് ആക്രമണം.

ഹെല്‍മറ്റ് കൊണ്ട് തലക്ക് അടിയേറ്റതിനെ തുടര്‍ന്ന് വിഷ്ണുവിന്റെ ചെവിക്ക് പരിക്കുണ്ട്. ഇത് കണ്ട് തടയാന്‍ ശ്രമിച്ച വിഷ്ണുവിന്റെ ഭാര്യ അഞ്ജുവിനെ കഴുത്തില്‍ പിടിച്ച് റോഡിലേക്ക് തള്ളിയിട്ടെന്നും പരാതിയില്‍ പറയുന്നു.

നാട്ടുകാർ ഇടപെട്ടതോടെ യുവാക്കൾ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു.ദമ്പതികൾ വടകര സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. ഇവരുടെ പരാതിയിൽ കേസെടുത്ത പയ്യോളി പൊലീസ് പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

13കാരിയെ ലൈംഗികമായ് പീഡിപ്പിക്കാൻ ശ്രമിച്ച 62 കാരൻ പിടിയിൽ

പത്തനംതിട്ട .പന്തളത്ത് 13കാരിയെ ലൈംഗികമായ് പീഡിപ്പിക്കാൻ ശ്രമിച്ച 62 കാരൻ പിടിയിൽ.പെരുമ്പുളിക്കൽ പടു േകാട്ടുക്കൽ സ്വദേശി സജി വർഗ്ഗീസ് ആണ് പന്തളം പോലീസിന്റെ പിടിയിലായത്


രണ്ട് ദിവസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. ഏഴാം ക്ലാസുകാരിയായ പെൺകുട്ടി സാധനം വാങ്ങുന്നതിനായി പ്രതിയുടെ കടയിലെത്തിയപ്പോൾ ഇയാൾ കടന്നു പിടിക്കുകയും ലൈംഗികമായ് ഉപദ്രവിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്നാണ് മൊഴി. അടുത്ത ദിവസം സ്കൂളിലെത്തിയ
കുട്ടിയുടെ പെരുമാറ്റത്തിലെ വ്യത്യാസം മനസിലാക്കി സ്കൂൾ അധികൃതർ അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പന്തളം പോലീസ് കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു

മദ്യലഹരിയിൽ അയൽവാസിയെ അരിവാളിന് വെട്ടിയ യുവതി അറസ്റ്റിൽ

കണ്ണൂർ. ആറളംഫാമിൽ മദ്യലഹരിയിൽ അയൽവാസിയെ അരിവാളിന് വെട്ടിയ യുവതി അറസ്റ്റിൽ. ആറളം ഫാം സ്വദേശി 29കാരി കവിതയാണ് അറസ്റ്റിലായത്.
ബന്ധുവായ സനൂപിനെയാണ് കവിത അരിവാളിന് വെട്ടിയത്.

മദ്യപിച്ച് ബഹളം വച്ചത് സനൂപ് ചോദ്യം ചെയ്തതായിരുന്നു പ്രകോപനത്തിന് കാരണം. ഇതിന്റെ വൈരാഗ്യത്തിലാണ് സനൂപിനെ കവിത അരിവാളിന് വെട്ടിയതെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ സനൂപിനെ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ ആറളം പൊലീസ് കേസെടുത്തു

ഓച്ചിറയിൽസൂര്യാഘാതം ഏറ്റു കറവപ്പശു ചത്തു

ഓച്ചിറ: സൂര്യാഘാതം ഏറ്റു കറവപ്പശു ചത്തു , ഓച്ചിറ പ്രയാർ സൗത്ത് ദാറുൽ സലാമിൽ
ജവാദിന്റെ കറവ പശുവാണ് ചത്തത്.
അടുത്ത സമയത്ത് 92000 രൂപ മുടക്കി വാങ്ങിയ എച്ച്.എഫ് ഇനത്തിൽ പെട്ട 15 ലിറ്റർ പാൽ കിട്ടുന്ന പശു ആയിരുന്നു.
അടുത്തുള്ള വെറ്റിനറി ഹോസ്പിറ്റലിലെ ഡോക്ടർ വന്നു വേണ്ട ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ഈ പശുവിന്റെ മരണം നവകർഷകനായ ഉടമസ്ഥന്റെ ജീവിതത്തെ സാരമായി ബാധിച്ചു.

സ്ത്രീകളെ വിവസ്ത്രരാക്കി സ്വര്‍ണവും പണവുമടക്കം 6 ലക്ഷത്തിലധികം രൂപയുടെ സാധനങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ പ്രതികള്‍ പിടിയില്‍

കൊച്ചി. പാലാരിവട്ടത്ത് വീട്ടില്‍ അതിക്രമിച്ചു കയറി സ്ത്രീകളെ വിവസ്ത്രരാക്കി സ്വര്‍ണവും പണവുമടക്കം 6 ലക്ഷത്തിലധികം രൂപയുടെ സാധനങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. പിടിയിലായ ആറുപേരില്‍ രണ്ടുപേര്‍ ഇതരസംസ്ഥാന തൊഴിലാളികളാണ്. പാലാരിവട്ടം പൊലീസ് ആണ് പ്രതികളെ പിടികൂടിയത്.

നാലു മലയാളികളും ഇതര സംസ്ഥാന തൊഴിലാളിയും ഉള്‍പ്പെടെയുള്ള സംഘമാണ് വാടകവീട്ടില്‍ അതിക്രമിച്ചുകയറി താമസക്കാരെ ഭീഷണിപ്പെടുത്തിയും ശാരീരികമായി ഉപദ്രവിച്ചും സ്ത്രീകളുടെ വസ്ത്രങ്ങള്‍ ബലമായി അഴിച്ച് അപമാനിച്ചും 6 ലക്ഷത്തിലേറെ രൂപയുടെ കവര്‍ച്ച നടത്തിയത്.

പാലാരിവട്ടം സംസ്‌കാര ജങ്ഷനു സമീപമുള്ള വാടകവീട്ടിലായിരുന്നു അതിക്രമം നടന്നത്. അസം, ബംഗാള്‍ സ്വദേശികളായ പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെ ഏഴു പേര്‍ താമസിച്ചിരുന്ന വീട്ടില്‍ പുലര്‍ച്ചെയായിരുന്നു ആക്രമണം. മാരകായുധങ്ങളുമായി എത്തിയ സംഘം വീട്ടിലേക്ക് അതിക്രമിച്ചു കയറി വാതിലുകള്‍ അകത്തുനിന്നും പൂട്ടിയതായി എഫ്ഐആറില്‍ പറയുന്നു

വാളും കത്തിയും ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനു പുറമെ തൊഴിലാളികളെ ഇവര്‍ ശാരീരികമായും ഉപദ്രവിച്ചു. അസം സ്വദേശിയുടെ ഫോണില്‍ നിന്ന് 12,000 രൂപ മറ്റ് അക്കൗണ്ടുകളിലേക്ക് അക്രമികള്‍ അയപ്പിച്ചു. ഇതിനു പുറമെ വീട്ടിലുണ്ടായിരുന്ന മൂന്നു സ്ത്രീകളുടെ വസ്ത്രങ്ങള്‍ അക്രമികള്‍ ബലമായി അഴിച്ചുമാറ്റി വിവസ്ത്രരാക്കിയ ശേഷം ഇതിലൊരു സ്ത്രീയുടെ കഴുത്തിലുണ്ടായിരുന്ന ഒരു പവന്‍ തൂക്കമുള്ള സ്വര്‍ണമാലയും മറ്റൊരു സ്ത്രീയൂടെ 4 ഗ്രാം തൂക്കമുള്ള സ്വര്‍ണക്കമ്മലും കവരുകയായിരുന്നെന്നും എഫ്ഐആറില്‍ പറയുന്നു.

3.05 ലക്ഷം രൂപ വിലമതിക്കുന്ന 10 മൊബൈല്‍ ഫോണുകള്‍, 1.20 ലക്ഷം രൂപ, പഴ്സ്, എടിഎം കാര്‍ഡുകള്‍, ഐഡി കാര്‍ഡുകള്‍, 1,20,000 രൂപ വിലയുള്ള 1 പവന്‍ സ്വര്‍ണമാല, 60,000 രൂപ വിലയുള്ള 4 ഗ്രാം സ്വര്‍ണക്കമ്മല്‍, കൂടാതെ യുപിഐ വഴി കൈക്കലാക്കിയ 12,000 രൂപ ഉള്‍പ്പെടെ ആകെ 6.05 ലക്ഷം രൂപയുടെ സാധനങ്ങളാണ് ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്ന് അക്രമികള്‍ തട്ടിയെടുത്തത്.

ഈ സമൂഹത്തില്‍ ജീവിക്കേണ്ടേ?,സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് നടി മഞ്ജു വാര്യര്‍

കൊച്ചി. സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് നടി മഞ്ജു വാര്യര്‍. എറണാകുളം മുന്‍സീഫ് കോടതിയിലാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. . സംവിധായകന്‍ തനിക്കെതിരെ മോശമായതും തെറ്റായതുമായ പരാമര്‍ശങ്ങള്‍ നടത്തുന്നതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. സമൂഹമാധ്യമത്തിലെ സംവിധായകന്റെ പോസ്റ്റുകള്‍ നീക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മഞ്ജു വാരിയരെ ഇനി അപകീര്‍ത്തിപ്പെടുത്തരുതെന്നാണ് കോടതിയുടെ താല്‍ക്കാലിക ഉത്തരവെന്ന് അവരുടെ അഭിഭാഷക ശാന്തി മായാദേവി പറഞ്ഞു. ഓരോ ദിവസവും നിരവധി ആരോപണങ്ങളാണ് മഞ്ജു വാര്യര്‍ക്കെതിരെ സനല്‍കുമാര്‍ ശശിധരന്‍ ഉന്നയിക്കുന്നത്. നിരന്തരം ഒരു വ്യക്തിയെ അധിക്ഷേപിക്കുകയാണ്. സനല്‍കുമാര്‍ ശശിധരനെ മാത്രമല്ല, നിരവധി ഓണ്‍ലൈന്‍ ചാനലുകള്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. നമുക്ക് ഈ സമൂഹത്തില്‍ ജീവിക്കേണ്ടേ? എല്ലാവര്‍ക്കും അറിയാവുന്ന ബഹുമാന്യയായ വ്യക്തിയാണ് മഞ്ജു വാര്യര്‍. ഓരോരുത്തരും ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് ആയിരം തവണ വാര്‍ത്താസമ്മേളനം നടത്തേണ്ട ആവശ്യം മഞ്ജു വാര്യര്‍ക്കില്ലെന്നും ശാന്തി പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ലൈംഗിക ചൂഷണ ആരോപണങ്ങളില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നും തനിക്കെതിരായ കേസിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ചലച്ചിത്ര സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിച്ചിരുന്നു. തനിക്ക് ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ തെരുവില്‍ വെച്ചാണ് അദ്ദേഹം സമരം നടത്തുന്നത്. താന്‍ ഉന്നയിച്ച ഗൗരവകരമായ വിഷയങ്ങളില്‍ സര്‍ക്കാരോ നിയമ സംവിധാനങ്ങളോ അടിയന്തര ഇടപെടല്‍ നടത്താത്തതിനാലാണ് സമരത്തിലേക്ക് കടന്നതെന്നാണ് സനല്‍കുമാര്‍ പറയുന്നത്.

‘കഴിഞ്ഞ നൂറ് ദിവസമായി സമൂഹ മാധ്യമങ്ങളിലൂടെ ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ടും പൊതു സമൂഹം ഉണരുന്നില്ല, കേരള സര്‍ക്കാര്‍ ഇതേപ്പറ്റി അന്വേഷിക്കാന്‍ തയാറാകുന്നില്ല. എന്റെ പേരിലുള്ള കേസില്‍ അന്വേഷണം നടത്തുന്നില്ല. ഈ സാഹചര്യത്തില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതലകാല നിരാഹാര സത്യാഗ്രഹം ആരംഭിക്കുകയാണ്.എന്റെ ഈ വിഷയം വളരെ സാമൂഹിക പ്രസക്തി ഉള്ളതായിട്ടും ഇതുവരെ അനുഭാവം പ്രകടിപ്പിച്ച് ഒരാളും മുന്നോട്ടു വന്നിട്ടില്ല. ഇതൊരു സാമൂഹ്യ പ്രശ്‌നമാണ്, വ്യക്തിപരമായ വിഷയമല്ല. വളരെ ഗുരുതരമായ ആരോപണമാണ് ഞാന്‍ ഉന്നയിച്ചിട്ടുള്ളത്.ഇതെന്റെ മാത്രം വിഷയമല്ല, ഇന്നിവിടെ ഞാന്‍ ഒറ്റയ്ക്കാണുള്ളത്. വേറാരും ഇവിടെ ഇല്ല. എനിക്കെതിരെ എന്തുതരം ആക്രമണം വേണമെങ്കിലും ഉണ്ടാകാം. ഞാന്‍ പോരാടുന്നത് വലിയൊരു മാഫിയയ്‌ക്കെതിരെയാണ്. ദയവായി ആളുകള്‍ വന്ന് എന്നെ പിന്തുണയ്ക്കുക, മുന്നോട്ടുവരിക,’ സനല്‍ കുമാര്‍ പറഞ്ഞു.

ഔദ്യോഗിക വാഹനത്തിന് പകരം സ്വകാര്യവ്യക്തിയുടെ റേഞ്ച് റോവര്‍ ഉപയോഗിച്ചത് വിവാദമായതിന് പിന്നാലെ കാര്‍ തിരിച്ചേല്‍പ്പിച്ച് മന്ത്രി കെഎം ഷാജി

കണ്ണൂര്‍: ഔദ്യോഗിക വാഹനത്തിന് പകരം സ്വകാര്യവ്യക്തിയുടെ റേഞ്ച് റോവര്‍ ഉപയോഗിച്ചത് വിവാദമായതിന് പിന്നാലെ കാര്‍ തിരിച്ചേല്‍പ്പിച്ച് മന്ത്രി കെഎം ഷാജി. കണ്ണൂര്‍ തില്ലങ്കേരി സ്വദേശി യാക്കൂബിന്റെ കാറാണ് തിരിച്ചുനല്‍കിയത്. ആഡംബര കാറിലെ മന്ത്രിയുടെ സഞ്ചാരം വന്‍ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. തുടര്‍ന്നാണ് കാര്‍ ഉടമയുടെ വീട്ടില്‍ തിരിച്ചെത്തിച്ചത്.

സര്‍ക്കാര്‍ അനുവദിച്ച വാഹനം സര്‍വീസിന് നല്‍കിയപ്പോഴാണ് സ്വകാര്യവാഹനം ഉപയോഗിച്ചതെന്നാണ് മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വിശദീകരണം. സര്‍ക്കാര്‍ വാഹനം സര്‍വീസ് കഴിഞ്ഞതോടെ സ്വകാര്യവാഹനം ഒഴിവാക്കി. സ്വകാര്യവാഹനം ഉപയോഗിച്ചപ്പോള്‍ ഇന്ധനചാര്‍ജ് സര്‍ക്കാരില്‍ നിന്ന് വാങ്ങിയിട്ടില്ലെന്നും കെ.എം ഷാജിയുടെ ഓഫീസ് അറിയിച്ചു. സത്യപ്രതിജ്ഞാ ലംഘനം ആരോപിച്ചിരുന്നു.

മന്ത്രിക്ക് നല്‍കിയ ഔദ്യോഗിക കാര്‍ ഒഴിവാക്കിയാണ് മന്ത്രി ആഡംബരക്കാറില്‍ സഞ്ചരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും അവര്‍ ആരോപിച്ചിരുന്നു. ഗള്‍ഫില്‍ ബിസിനസ് നടത്തുന്നയാളാണ് കാറിന്റെ ഉടമയായ യാക്കൂബ്. ഷാജിയുമായി നേരത്തെ തന്നെ സൗഹൃദം ഉണ്ടെന്നും തന്റെ അടുത്ത സുഹൃത്താണെന്ന് യാക്കൂബ് പറഞ്ഞു.

ലോട്ടറി ടിക്കറ്റിലെ നമ്പര്‍ തിരുത്തി; വയോധികയില്‍ നിന്ന് 4000 രൂപ തട്ടി

കൊല്ലം: ലോട്ടറി ടിക്കറ്റിലെ നമ്പര്‍ തിരുത്തി വയോധികയായ ലോട്ടറി വില്‍പ്പനക്കാരിയില്‍ നിന്ന് 4000 രൂപ തട്ടിയെടുത്തു. മയ്യനാട് ധവളക്കുഴിയില്‍ വയലില്‍ വീട്ടില്‍ അമ്പിളിയെയാണ് അപരിചിതനായ യുവാവ് കബളിപ്പിച്ചത്. കാരിക്കുഴിക്കും താന്നിമുക്കിനും മധ്യേ വലിയതോട്ടക്കാവ് ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം.
സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് തന്റെ കൈവശമുണ്ടെന്നും ടിക്കറ്റ് എടുത്ത ശേഷം ബാക്കി പണവും ലോട്ടറിയും നല്‍കണമെന്നും ആവശ്യപ്പെട്ടാണ് യുവാവ് അമ്പിളിയെ സമീപിച്ചത്. ടിക്കറ്റ് പരിശോധിച്ച ശേഷം അമ്പിളി 4000 രൂപ യുവാവിന് നല്‍കി. തുടര്‍ന്ന് അമ്പിളിയുടെ കൈയില്‍നിന്ന് 100 രൂപയുടെ ലോട്ടറി ടിക്കറ്റും ഇയാള്‍ വാങ്ങി.
വൈകുന്നേരം ലോട്ടറി ടിക്കറ്റ് മാറ്റുന്നതിനായി കടയിലെത്തിയപ്പോഴാണ് തട്ടിപ്പ് നടന്നതായി അമ്പിളി മനസ്സിലാക്കിയത്. ടിക്കറ്റിലെ ‘0’ എന്ന അക്കങ്ങള്‍ തിരുത്തി ‘9’ ആക്കിയായിരുന്നു തട്ടിപ്പ് നടത്തിയതെന്നാണ് പരാതി.
കിടപ്പുരോഗിയായ ഭര്‍ത്താവിന്റെ ചികിത്സയ്ക്കും കുടുംബത്തിന്റെ ഉപജീവനത്തിനുമായാണ് അമ്പിളി കിലോമീറ്ററുകളോളം കാല്‍നടയായി സഞ്ചരിച്ച് ലോട്ടറി വില്‍ക്കുന്നത്. സംഭവത്തില്‍ അമ്പിളിയുടെ പരാതിയില്‍ ഇരവിപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.