തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിൽ കാണാതായ 35 വയസുള്ള യുവതിയുടെ മൃതദേഹം സ്വകാര്യ വാഴത്തോട്ടത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. യുവതിയുമായി ബന്ധമുണ്ടായിരുന്ന 27 വയസുള്ള ആൺസുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗോബിചെട്ടിപ്പാളയം പട്ടണത്തിന് സമീപമുള്ള കൃഷിയിടത്തിൽ നിന്നാണ് പൊലീസ് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. മഴയെത്തുടർന്ന് കൂൺ ശേഖരിക്കാൻ പാടത്ത് എത്തിയ പ്രദേശവാസികളാണ് മണ്ണിൽ നിന്ന് രക്തക്കറയുള്ള കത്തിയും മുടിയുടെ കുറച്ച് ഇഴകളും പുറത്തേക്ക് തള്ളിനിൽക്കുന്നത് ശ്രദ്ധിച്ചത്. തുടർന്ന് ഇവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
അപ്പാക്കുടൽ സ്വദേശിനിയും ബ്യൂട്ടീഷ്യനുമായ സോണിയ ആണ് കൊല്ലപ്പെട്ടത്. നവംബർ രണ്ട് മുതൽ സോണിയയെ കാണാനില്ലായിരുന്നു. ജോലി സ്ഥലത്ത് നിന്ന് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി വിധവയായി കഴിയുന്ന സോണിയ മകൻ, മകൾ, അമ്മ എന്നിവർക്കൊപ്പമാണ് താമസിച്ചിരുന്നത്.
അന്വേഷണത്തിൽ, കൊല്ലപ്പെട്ട സോണിയയും പ്രതിയായ മോഹൻ കുമാറും തമ്മിലുള്ള കോൾ രേഖകൾ പൊലീസിന് ലഭിച്ചു. മൃതദേഹം കണ്ടെത്തിയ വാഴത്തോട്ടത്തിന്‍റെ ഉടമയും ബികോം ബിരുദധാരിയുമാണ് മോഹൻ കുമാർ. ഇയാളെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരുന്നു.
ഇരുവരും പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാൻ യുവതി നിരന്തരം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിന് പ്രകോപനമായതെന്നും പൊലീസ് പറഞ്ഞു. കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത മോഹൻ കുമാറിനെ ഇപ്പോൾ റിമാൻഡ് ചെയ്തിരിക്കുകയാണ്.
35-കാരിയുടെ മൃതദേഹം വാഴത്തോട്ടത്തിൽ കുഴിച്ചിട്ട നിലയിൽ… ആൺസുഹൃത്ത് അറസ്റ്റിൽ
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് പി.എസ്. പ്രശാന്ത് തുടരും
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിലവിലെ പ്രസിഡന്റ് പിഎസ് പ്രശാന്ത് തുടരും. ഒരുവര്‍ഷത്തേക്ക് കൂടി പിഎസ് പ്രശാന്തിന്റെ കാലാവധി നീട്ടാന്‍ ഇന്നലെ ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനം. ഈ മാസം പത്തിനാണ് നിലവിലെ പ്രസിഡന്റിന്റെ കാലാവധി അവസാനിക്കുന്നത്.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ മാറ്റണമെന്ന് പ്രതിപക്ഷവും ബിജെപിയും ആവശ്യപ്പെടുന്ന വേളയിലാണ് കാലാവധി നീട്ടി നല്‍കാനുള്ള സിപിഎം തീരുമാനം. നിലവിലെ സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ മാറ്റുന്നത് ഗുണകരമാകില്ലെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. അതിന്റെ അടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്ക് കുടി കാലാവധി നീട്ടി നല്‍കുകയായിരുന്നു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഉടന്‍ തന്നെ ഇറങ്ങും. മണ്ഡലമാസം ഈ മാസം പതിനാറിന് ആരംഭിക്കും.
ബസ് ചരൽ നിറച്ച ട്രക്കുമായി കൂട്ടിയിടിച്ച് ഇരുപത് പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
ഹൈദരബാദ്: ഹൈദരാബാദ്-ബിജാപൂർ ഹൈവേയിൽ ഇന്ന് രാവിലെ യാത്രാ ബസ് ചരൽ നിറച്ച ട്രക്കുമായി കൂട്ടിയിടിച്ച് ഇരുപത് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഹൈദരാബാദിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെ തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ് അപകടം.
തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസിൽ 70 യാത്രക്കാരുണ്ടായിരുന്നു. വികാരാബാദ് ജില്ലയിലെ തണ്ടൂരിൽ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ബസ് നിർമ്മാണ സാമഗ്രികൾ നിറച്ച ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ട്രക്കിൽ കയറ്റിയ കരിങ്കൽ ചരൽ ബസിലേക്ക് മറിഞ്ഞ് നിരവധി യാത്രക്കാർ മണ്ണിനടിയിലായി.
അപകടത്തിൽ മരിച്ചവരിൽ 10 മാസം പ്രായമുള്ള കുഞ്ഞ്, 10 സ്ത്രീകൾ, രണ്ട് ഹെവി വാഹനങ്ങളുടെയും ഡ്രൈവർമാർ എന്നിവർ ഉൾപ്പെടുന്നു. അപകടത്തിൽ പരിക്കേറ്റ നിരവധി യാത്രക്കാരെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ചരലിൽ കുടുങ്ങിയ ആളുകൾ സഹായത്തിനായി നിലവിളിക്കുന്നത് ദൃശ്യങ്ങൾ പ്രചരിച്ചു. പരിക്കേറ്റവരെ പുറത്തെടുക്കാൻ പോലീസും രക്ഷാപ്രവർത്തകരും പാടുപെട്ടു. മൃതദേഹങ്ങൾ വീണ്ടെടുക്കാൻ രക്ഷാപ്രവർത്തകർക്ക് ബസ് മുറിച്ച് അകത്ത് കടക്കേണ്ടിവന്നു.
കൊല്ലം നഗരത്തില്‍ സ്കൂളുകൾക്ക് ഇന്ന് ഉച്ചക്ക് ശേഷം അവധി… നഗരത്തിൽ ഗതാഗത നിയന്ത്രണം
ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജിന്റെ ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനത്തിനായി എത്തുന്നതിന്റെ ഭാഗമായി നാളെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയ്ക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ പൂര്‍ണമായും ബൈപ്പാസ് വഴി പോകണം. തിരുവനന്തപുരത്ത് നിന്ന് നഗരത്തിലെത്തേണ്ട വാഹനങ്ങള്‍ എസ്എന്‍ കോളേജ് ജംഗ്ഷന്‍ കഴിഞ്ഞ് റെയില്‍വേ ഓവര്‍ ബ്രിഡ്ജ് കയറി കൊച്ചുപിലാമൂട് ബീച്ച് റോഡ്, വാടി, വെള്ളയിട്ടമ്പലം വഴി ആല്‍ത്തറമൂട് ബൈപ്പാസില്‍ എത്തേണ്ടതാണ്. ആലപ്പുഴ ഭാഗത്തുനിന്ന് നഗരത്തിലെത്തേണ്ട വാഹനങ്ങള്‍ ആല്‍ത്തറമൂട് നിന്ന് തിരിഞ്ഞ് വെള്ളയിട്ടമ്പലം വാടി ബീച്ച് റോഡ്, കൊച്ചുപിലാമൂട് ആര്‍ഒബി, എസ്എന്‍ കോളേജ് വഴി പോകണം. അഞ്ചാലുംമൂട് നിന്ന് കൊല്ലത്തേക്ക് വരുന്ന വാഹനങ്ങള്‍ കടവൂര്‍ ജംഗ്ഷനില്‍ എത്തി വലത്തേക്ക് തിരിഞ്ഞ്, കുരീപ്പുഴ പാലം, ആല്‍ത്തറമൂട് വഴി ദേശീയപാതയില്‍ എത്തി വെള്ളയിട്ടമ്പലം, വാടി ബീച്ച് റോഡ് വഴി കൊല്ലം നഗരത്തില്‍ എത്തും.
കൊല്ലം നഗരത്തില്‍ നിന്ന് അഞ്ചാലുംമൂട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഹൈസ്‌കൂള്‍ ജംഗ്ഷന്‍ വെള്ളയിട്ടമ്പലം, ആല്‍ത്തറമോട് ബൈപ്പാസില്‍ എത്തി വലത് തിരിഞ്ഞ് കുരീപ്പുഴ പാലം കടവൂര്‍ വഴി അഞ്ചാലുംമൂട്ടിലേക്ക് പോകേണ്ടതാണ്. നിയന്ത്രണ സമയത്ത് ആശ്രമം, ചിന്നക്കട, റെയില്‍വേ സ്റ്റേഷന്‍ ചെമ്മാമുക്ക് റോഡിലും താലൂക്ക്, ഹൈസ്‌കൂള്‍ ജംഗ്ഷന്‍, തേവള്ളി, കടവൂര്‍ വരെയുള്ള റോഡിലും ഗതാഗതമോ പാര്‍ക്കിങ്ങോ അനുവദിക്കുന്നതല്ല. റെയില്‍വേ സ്റ്റേഷനില്‍ എത്തേണ്ടവര്‍ കൊല്ലം ചെങ്കോട്ട റോഡിലുള്ള രണ്ടാം ടെര്‍മിനല്‍ ഉപയോഗിക്കേണ്ടതാണ്.
ഉപരാഷ്ട്രപതിയുടെ സന്ദര്‍ശത്തിന്റെ ഭാഗമായി ക്രിസ്തുരാജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എസ്എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എസ്എന്‍ ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂള്‍, ടികെഡിഎംജി എച്ച്എസ്എസ്, സെന്റ് അലോഷ്യസ് എച്ച്എസ്എസ്, വിമല ഹൃദയ എച്ച്എസ്എസ്, വിമലാഹൃദയ എല്‍പി, പട്ടത്താനം എസ്എന്‍ഡിപി യുപിഎസ്, കൊല്ലം ബോയ്‌സ് ജിഎച്ച്എസ്എസ്, കൊല്ലം ഗേള്‍സ് എച്ച്എസ്, വെസ്റ്റ് കൊല്ലം ജിഎച്ച്എസ്എസ്, വള്ളിക്കീഴ് ജിഎച്ച്എസ്എസ്, മൗണ്ട് കാര്‍മല്‍ ഇംഗ്ലീഷ് മീഡിയം ഐസിഎസ്, ഇന്‍ഫന്റ് ജീസസ് ഐസിഎസ്‌സി, സെന്റ് ജോസഫ് എച്ച്എസ്എസ്, ട്രിനിറ്റി ലിസിയം ഐസിഎസ്ഇ, സെന്റ് ജോസഫ് എല്‍പിഎസ്, അഞ്ചാലുംമൂട് ജിഎച്ച്എസ്എസ്, അഞ്ചാലുംമൂട് എല്‍പിഎസ്, നീരാവില്‍ എസ്എന്‍ഡിപി എച്ച്എസ്എസ്, കുരീപ്പുഴ യുപിഎസ്, നീരാവില്‍ എല്‍പിഎസ്, മലയാളിസഭ എല്‍പിഎസ്, ഗവ. ടൗണ്‍ യുപിഎസ് കൊല്ലം, സെന്റ് ജോര്‍ജ് യുപിഎസ് കടവൂര്‍, സെന്റ് ജോസഫ് കോണ്‍വെന്റ് ഐസിഎസ്ഇ ആന്‍ഡ് സിബിഎസ്ഇ എന്നീ സ്‌കൂളുകള്‍ക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധിയായിരിക്കും.
നഗരസഭ ബിജെപി സ്ഥാനാർത്ഥി നിർണയം അന്തിമ ഘട്ടത്തിൽ
തിരുവനന്തപുരം. നഗരസഭ ബിജെപി സ്ഥാനാർത്ഥി നിർണയം അന്തിമ ഘട്ടത്തിൽ.വാർഡ് തലങ്ങളിൽ നിന്നുള്ള മൂന്നംഗ സ്ഥാനാർത്ഥി പട്ടിക ജില്ലാ നേതൃത്വത്തിന് കൈമാറി.സംസ്ഥാന അധ്യക്ഷന്റെ അനുമതിയോടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഒരാഴ്ചക്കുള്ളിൽ.വി വി രാജേഷ്,മഹേശ്വരൻ നായർ,തമ്പാനൂർ സതീഷ്,എം ആർ ഗോപൻ,കരമന അജിത്,വിവി ഗിരി,എസ് കെ പി രമേശ്,പാപ്പനംകോട് സജി,സിമി ജ്യോതിഷ് ,ആശ നാഥ്,മഞ്ജു ജി എസ് തുടങ്ങിയ നേതാക്കൾ സ്ഥാനാർത്ഥികൾ ആകും.71 വാർഡുകളിലാണ് ബിജെപിക്ക് സ്വാധീനമുള്ളത്
നഗരസഭ പിടിക്കാൻ നേതാക്കളെ കളത്തിലിറക്കി ബിജെപി.ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് തിരുവനന്തപുരം നഗരസഭയുടെ ചുമതല.നേതാക്കളുടെ നേതൃത്വത്തിൽ പദയാത്രകൾ.സംസ്ഥാന നേതാക്കൾ മത്സരിക്കാൻ ഉദ്ദേശിക്കുന്ന നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ചാണ് പദയാത്രകൾ
രാജീവ് ചന്ദ്രശേഖർ നേമം വി മുരളീധരൻ-കഴക്കൂട്ടം എസ് സുരേഷ് കോവളം – നേമം ,വി വി രാജേഷ് – വട്ടിയൂർക്കാവ്
R ശ്രീലേഖ റിട്ട് ഐപിഎസ് -തിരുവനന്തപുരം സെൻട്രൽ, കരമന ജയൻ – തിരു സെൻട്രൽ എന്നിങ്ങനെയാണ് ചുമതല.
സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധന
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധന. 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 90,320 രൂപയായി. ഗ്രാമിന് 15 രൂപയാണ് കൂടിയത്. 11,290 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഒരിടവേളയ്ക്ക് ശേഷം ഒക്ടോബര്‍ 28നാണ് സ്വര്‍ണവില ആദ്യമായി 90,000ല്‍ താഴെയെത്തിയത്. എന്നാല്‍ വെള്ളിയാഴ്ച ആയിരത്തിലധികം രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 90,000 കടക്കുകയായിരുന്നു. കഴിഞ്ഞ പത്തുദിവസത്തിനിടെ പവന്‍ വിലയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. 9000 രൂപ കുറഞ്ഞ ശേഷം ഒക്ടോബര്‍ 30 മുതലാണ് വില കൂടാന്‍ തുടങ്ങിയത്.
റെയിൽവേ സ്റ്റേഷനിൽ നിന്ന് 8 കിലോ കഞ്ചാവ്,അതിഥിതൊഴിലാളികള്‍ പിടിയില്‍
ആലുവ. റെയിൽവേ സ്റ്റേഷനിൽ നിന്ന് 8 കിലോ കഞ്ചാവ് പിടികൂടി. ഹൗറ എക്സ്പ്രസിൽ ആണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്.മലേക്കുൾ ഷേക്ക്, മുകലേശ്വർ റഹ്മാൻ എന്നിവരെയാണ് പിടികൂടിയത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന
കുതിരാനിൽ ഇറങ്ങിയ കാട്ടുകൊമ്പനെ പൂട്ടാൻ ദൗത്യസംഘം
തൃശ്ശൂർ. കുതിരാനിൽ ഇറങ്ങിയ കാട്ടുകൊമ്പനെ പൂട്ടാൻ വനം വകുപ്പ്.ആനയെ ജനവാസ മേഖലയിൽ നിന്ന് നീക്കാൻ പ്രത്യേക ദൗത്യം.വയനാട്ടിൽ നിന്ന് കുങ്കിയാനകളെ എത്തിച്ച് ആനയെ കാടുകയറ്റി സോളാർവേലി സ്ഥാപിക്കാനാണ് ആദ്യ പ്ലാൻ.ആദ്യ പ്ലാൻ വിജയം കണ്ടില്ലെങ്കിൽ മയക്കുവെടി വെച്ച് ആനയെ പിടികൂടും.ആനയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ Al ക്യാമറ സ്ഥാപിച്ചു
ഡ്രോൺ ഉപയോഗിച്ചും ആനയെ നിരീക്ഷിക്കുന്നു.ആനയുടെ ആരോഗ്യസ്ഥിതി സാധാരണ നിലയിൽ എന്ന് കണ്ടാൽ അടിയന്തരമായി ദൗത്യം തുടങ്ങും.ആനയെ നിരീക്ഷിക്കാൻ വയനാട്ടിൽ നിന്നുള്ള സംഘം കുതിരാനിൽ എത്തി
ലോകകിരീടം നേടിയ ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത് വമ്പന്‍ പാരിതോഷികങ്ങള്‍
ഐസിസി ഏകദിന ലോകകിരീടം നേടിയ ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത് വമ്പന്‍ പാരിതോഷികങ്ങള്‍. ചാംപ്യന്‍മാരായ ഹര്‍മന്‍പ്രീത് കൗറിനും സംഘത്തിനും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) 51 കോടി രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയാണ് അവാര്‍ഡ് തുക പ്രഖ്യാപിച്ചത്.
ലോക കിരീടത്തോടൊപ്പം ചാംപ്യന്മാരായ ഇന്ത്യന്‍ ടീമിന് 39.78 കോടിയുടെ (4.48 മില്യണ്‍ യുഎസ് ഡോളര്‍) പ്രൈസ് മണിയും ഐസിസി സമ്മാനിച്ചിരുന്നു. കായിക ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രൈസ് മണിയാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. കഴിഞ്ഞ പുരുഷ ലോകകപ്പിലെ വിജയിച്ച ടീമിന് 35.51 കോടി രൂപയാണ് നല്‍കിയത്.
വിജയികളായ ഇന്ത്യന്‍ ടീമിന് ആകെ 123 കോടി രൂപയാണ് പാരിതോഷികമായി ലഭിക്കുക. 2022-ലെ ടൂര്‍ണമെന്റിന് നല്‍കിയ സമ്മാനത്തുകയേക്കാള്‍ 297 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. പുരുഷ-വനിതാ ടീമുകളുടെ സമ്മാനത്തുക തുല്യമായി നല്‍കാന്‍ ഐസിസി തീരുമാനിച്ചതോടെയാണ് വന്‍ വര്‍ധനയുണ്ടായത്.
ഫൈനലിൽ പരാജയപ്പെട്ട് രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയ്ക്ക് 19.88 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിച്ചത്. സെമി ഫൈനലില്‍ തോറ്റ ഓസ്‌ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും 9.94 കോടി രൂപവീതവും ലഭിക്കും. 2017ലെ വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് വിജയത്തിന് അടുത്തെത്തി 9 റണ്‍സ് തോല്‍വി വഴങ്ങിയെങ്കിലും ടീം അംഗങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും ബിസിസിഐ 50 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.




























