കുളത്തൂപ്പുഴ: മൈലമൂട്ടിൽ വീട്ടിൽ നിന്നും സ്വർണ്ണവും പണവും കവർച്ച ചെയ്ത സംഘത്തെ കുളത്തൂപ്പുഴ പോലീസ് അറസ്റ്റു ചെയ്തു. തൃശ്ശൂർ സ്വദേശി തന്റെ സുഹൃത്തായ കുളത്തൂപ്പുഴ മൈലമൂട് സ്വദേശിയായ സുബിൻ എന്നയാളുടെ കുളത്തൂപ്പുഴ മൈലമൂടിൽ ഉളള വീട്ടിൽ താമസിച്ചു വരവേ വിദേശത്തു നിന്നും കടത്തിക്കൊണ്ടു വന്ന ലിക്വിഡ് രൂപത്തിലുളള 600 ഗ്രാം സ്വർണ്ണവും 300 ഗ്രാം സ്വർണ്ണം വിറ്റു കിട്ടിയ 32 ലക്ഷം രൂപയും സുഹൃത്തായ കുളത്തൂപ്പുഴ മൈലമൂട് സ്വദേശിയായ സുബിനും കൂട്ടാളികളും ചേർന്ന് വീട്ടിൽ കടന്നു കയറി പിടിച്ചു പറിച്ച് കടന്നു കളയുകയായിരുന്നു. തൃശ്ശൂർ സ്വദേശിയുടെ പരാതിയിൽ കുളത്തൂപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയതിൽ പ്രതികളായ തിങ്കൾക്കരിക്കം വില്ലേജിൽ ഡാലിയിൽ ഓന്തു പച്ച എന്ന സ്ഥലത്ത് ചാമക്കാല ഹൌസിൽ സുബിൻ (32), തിരുവനന്തപുരം മണക്കാട് വില്ലേജിൽ ചാലയിൽ ഫ്രണ്ട്സ് നഗറിൽ ഷെഫീക് (39), തിരുവനന്തപുരം മുട്ടത്തറ വില്ലേജിൽ വളളക്കടവ് മുട്ടത്തറ ആതിരാഭവനിൽ കുക്കു എന്നു വിളിക്കുന്ന അരുൺകുമാർ (33) , തിങ്കൾക്കരിക്കം വില്ലേജിൽ ഡാലിയിൽ ഓന്തുപച്ച ചാമക്കാല ഹൌസിൽ ഷെറിൻ എന്നു വിളിക്കുന്ന അരുൺ ബാബു (38) എന്നിവരെയാണ് കുളത്തൂപ്പുഴ പോലീസ് അന്വേഷണത്തിലൂടെ പിടികൂടിയത്. പ്രതികളിൽ നിന്നും 22 ലക്ഷത്തോളം രൂപയും പ്രതികൾ കൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. കുളത്തൂപ്പുഴ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അനീഷ്. ബിയുടെ നേതൃത്വത്തിൽ എസ്ഐമാരായ ഷിജു.എസ്.എസ്, ഷാജഹാൻ, വിനോദ് കുമാർ, സൂരജ് സ്റ്റീഫൻ, പോലീസുദ്യോഗസ്ഥരായ സുജിത് , രാംകുമാർ, അഭിലാഷ്, അലിഫ്, ആദർശ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം. തിരുവനന്തപുരം ആറ്റിങ്ങല്‍ കൊടുമണ്‍ സ്വദേശിയായ വിജയന്‍ ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
കെട്ടിട നിര്‍മ്മാണ തൊഴിലാളിയായിരുന്നു 57 കാരനായ വിജയന്‍. രോഗപ്പകര്‍ച്ചയുടെ ഉറവിടം വ്യക്തമല്ല. വീണ് കാലിനു പരിക്കേറ്റാണ് പ്രമേഹരോഗിയായ വിജയന്‍ ചികിത്സ തേടുന്നത്. താലൂക്ക് ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്.
പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. ഇന്നു രാവിലെ ആരോഗ്യനില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഈ വര്‍ഷം ഇതുവരെ മരിച്ചത് 36 പേരാണ്. ഈ മാസം നാലു വരെ സംസ്ഥാനത്ത് ഏഴുപേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നു മരണവും സംഭവിച്ചിരുന്നു. ആറ്റിങ്ങല്‍ സ്വദേശിയുടെ മരണത്തോടെ ഈ മാസം സംഭവിക്കുന്ന നാലാമത്തെ മരണമാണ്.
ഉദയാ ലൈബ്രറിശ്രേഷ്ഠഭാഷാ ദിനാചരണം നടത്തി
മൈനാഗപ്പള്ളി: മൈനാഗപ്പള്ളി ഉദയാ ലൈബ്രറി 2025 നവമ്പർ 1കേരളത്തിന്റെ 69-ാമത് കേരളപ്പിറവി ശ്രേഷ്ഠഭാഷാദിനമായി ആചരിച്ചു.ലൈബ്രറി സെക്രട്ടറി ബി. സരോജാക്ഷൻ പിളളയുടെ അദ്ധ്യക്ഷതയിൽ കൂടിയ ദിനാചരണം പ്രശസ്ത കവി മൈനാഗപ്പള്ളി ശ്രീരംഗൻ ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡന്റ് അറഫഷിഹാബ്, വനിതാവേദി സെക്രട്ടറി പി.എസ്.അജിതടീച്ചർ, യുവത പ്രസിഡന്റ് അജു.ജി.നാഥ് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. ലൈബ്രറി പ്രസിഡന്റ് കെ.മോഹനൻ, മുൻസെക്രട്ടറി കെ.പ്രസന്നകുമാർ, ഭരണ സമിതി അംഗങ്ങളായ എസ്.മായാദേവി, മണക്കാട്ടു രവീന്ദ്രൻ, കവി പി.ശിവപ്രസാദ്, പി.എസ്.സാനു, റ്റി.ഉണ്ണികൃഷ്ണൻ, ബാലവേദി സെക്ട്ടറി എം. ഐശ്വര്യ തുടങ്ങിയവർ നേതൃത്വം നല്കി. വനിതാവേദി പ്രസിഡന്റ് എസ്.ആർ.ശ്രീകല സ്വാഗതവും ലൈബ്രേറിയൻ ഇ.ഷജീന നന്ദിയും പറഞ്ഞു.മൈനാഗപ്പള്ളി ശ്രീരംഗൻ, മെഹ്റിൻ ൻഷിഹാബ് എന്നിവർ കവികളും ആലപിച്ചു.
മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൽ ആനുകൂല്യങ്ങളുടെ വിതരണോദ്ഘാടനം നടന്നു
മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൽ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം, കിടാരി വിതരണം, ബിന്നുകളുടെ വിതരണം എന്നിവ വൈസ് പ്രസിഡൻ്റ് ഉഷാകുമാരിയുടെ അധ്യക്ഷതയിൽ പ്രസിഡൻ്റ് വർഗീസ് തരകൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മനാഫ് മൈനാഗപ്പള്ളി, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സജിമോൻ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് ചെയർ പേഴ്സൺ ഷീബ സിജു , പഞ്ചായത്തംഗങ്ങളായ പി.എം സെയ്ദ്, ജലജ രാജേന്ദ്രൻ, ഷാജി ചിറക്കുമേൽ, ഷിജിന നൗഫൽ, റാഫിയ നവാസ്, അനിത അനീഷ്, സേതു ലക്ഷ്മി,രജനി സുനിൽ , ലാലീ ബാബു, രാധിക ഓമനക്കുട്ടൻ, ബിജി കുമാരി, ബിന്ദു മോഹൻ, അനന്തു ഭാസി, മൈമൂന നജീബ്, ബിജുകുമാർ, അജി ശ്രീക്കുട്ടൻ, ഷഹുബാനത്ത് . സെക്രട്ടറി ഷാനവാസ് ,ഡോ അരുൺ കുമാർ, എച്ച് എം ഷൈനി ജോൺ, വി.ഇ ഒ എന്നിവർ പങ്കെടുത്തു.
ചവറ നഴ്സിംഗ് കോളേജില്‍ ക്ലാസ്സുകള്‍ ആരംഭിച്ചു
ചവറ .നിയോജകമണ്ഡലത്തില്‍ പുതിയതായി അനുവദിച്ച സിമെറ്റ് - കോളേജ് ഓഫ് നഴ്സിംഗില്‍ ക്ലാസ്സുകള്‍ ആരംഭിച്ചു.
കേരള ഹെല്‍ത്ത് യൂണിവേഴ്സിറ്റിയുടെയും ഇന്ത്യന്‍ നേഴ്സിംഗ് കൗണ്‍സിലിന്‍റെയും അംഗീകാരം കോളേജ് നേടിയിരുന്നു.
ഡോ. സുജിത് വിജയന്‍പിളള എംഎല്‍എ പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ജെ.ആര്‍. സുരേഷ് കുമാര്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗം സി.കെ.ടെസ്സ്, നൂറനാട് സിമെറ്റ് - കോളേജ് ഓഫ് നഴ്സിംഗ് പ്രിന്‍സിപ്പല്‍ ഡോ. ലത ദാമോദരന്‍, കരുനാഗപ്പളളി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. തോമസ് അല്‍ഫോണ്‍സ്, പ്രിന്‍സിപ്പല്‍ ഷക്കീല.കെ, എംഎസ്എന്‍ ട്രസ്റ്റ് ട്രസ്റ്റി എന്‍. ചന്ദ്രന്‍പിളള തുടങ്ങിയവര്‍ സംസാരിച്ചു.
സി എസ് സുബ്രഹ്മണ്യൻ പോറ്റി സ്മാരക പുരസ്ക്കാരം 2025 എൻ എസ് സുമേഷ് കൃഷ്ണന്
കരുനാഗപ്പള്ളി.എഴുത്തുകാരനും, സാമൂഹിക പരിഷ്ക്കർത്താവുമായിരുന്ന സി.എസ്.സുബ്രഹ്മണ്യൻ പോറ്റിയുടെ സ്മരണാർത്ഥം സി.എസ്.സുബ്രഹ്മണ്യൻ പോറ്റി ലൈബ്രറിയും, കരുനാഗപ്പള്ളി ടൗൺ ക്ലബ്ബും ചേർന്ന് ഏർപ്പെടുത്തിയിട്ടുള്ള സി.എസ്.സുബ്രഹ്മണ്യൻ പോറ്റി സ്മാരക പുരസ്ക്കാരം 2025 എൻ.എസ്.സുമേഷ് കൃഷ്ണൻ്റെ ‘എൻ്റെയും നിങ്ങളുടേയും മഴകൾ ‘ എന്ന കവിതാ സമാഹാരം അർഹമായി. പതിനയ്യായിരം രൂപയും ഫലകവും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം.
പ്രൊഫ.സി.ശശിധരക്കുറുപ്പ് ,ഡോ. ക്ലാപ്പന പത്മകുമാർ, ഡോ.സുരേഷ് മാധവ് എന്നിവരടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റിയാണ് അവാർഡിന് അർഹമായ കൃതി തെരഞ്ഞെടുത്തത്.
തിരുവനന്തപുരം നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശിയാണ് എൻ.എസ്.സുമേഷ് കൃഷ്ണൻ.
നവംബർ 24 ന് കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ ചേരുന്ന സി.എസ്.സുബ്രഹ്മണ്യൻ പോറ്റി അനുസ്മരണത്തിൽ പുരസ്ക്കാരം സമർപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അഡ്വ.എൻ.രാജൻപിള്ള, എ.ഷാജഹാൻ, പ്രൊഫ.ആർ.അരുൺകുമാർ, ഇടക്കുളങ്ങര ഗോപൻ, എസ്.ശിവകുമാർ ,എൻ.എസ്.അജയകുമാർ, ബി.ജയചന്ദ്രൻ ,എൻ.അജികുമാർ, എം.ടി.ഹരികുമാർ ,സജീദ് എന്നിവർ സംബന്ധിച്ചു.
കുതിരയുടെ കടി,കോർപറേഷൻ കരാർ ജീവനക്കാരന് പരിക്ക്
കോയമ്പത്തൂര്‍. കുതിരയുടെ കടിയേറ്റ് കോർപറേഷൻ കരാർ ജീവനക്കാരന് പരിക്ക്. l ജീവനക്കാരനായ ജയപാലിനാണ് പരിക്കേറ്റത്. കസ്തൂരി നായ്ക്കൻ പാളയം നെഹ്റു നഗർ ജനവസ മേഖലയിലാണ് സംഭവം.
റോഡിലൂടെപാഞ്ഞു വന്ന കുതിരകൾ സൈക്കിളിൽ വന്ന ജയപാലിനെ ഇടിചിട്ട ശേഷം കയ്യിൽ കടിക്കുകയായിരുന്നു. .
ഇടതു കൈയിനു പരിക്കേറ്റ ജയപാലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ കുത്തിവയ്പ്പിന് വലിയ തുക വരുമെന്നതാണ് പ്രതിസന്ധി. കോർപറേഷൻ കുത്തിവയ്‌പിൻറെ തുക ഏറ്റെടുക്കണമെന്നാണ് ജീവനക്കാരന്റെ കുടുംബം ആവശ്യപ്പെടുന്നത്
ബിലാസ്പൂര്‍ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി
ബിലാസ്പൂരിൽ ഉണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. 20 പേർ പരിക്കേറ്റ് ആശുപത്രിയിൽ ഉണ്ടെന്ന് റെയിൽവേ അറിയിച്ചു. കോർബയിൽ നിന്നും ബിലാസ്പൂരിലേക്ക് പോവുകയായിരുന്ന മെമു പാസഞ്ചർ ട്രെയിൻ, ചരക്ക് ട്രെയിനിൽ പിന്നിൽ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. അപകട സ്ഥലത്ത് റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥർ പ്രാഥമിക പരിശോധന നടത്തി. പാസഞ്ചർ ട്രെയിനിന്റെ ലോക്കോ പൈലറ്റ് സിഗ്നൽ തെറ്റിച്ച് എത്തിയതാണ് അപകടത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. സംഭവത്തിൽ റെയിൽവേ സേഫ്റ്റി കമ്മീഷണറുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടത്തും. അപകടം ഉണ്ടായ ബിലാസ്പൂർ – ഹൗറ പാതയിലെ ഗതാഗതം പുനസ്ഥാപിച്ചതായി റെയിൽവേ അറിയിച്ചു.
മൂന്നാറിൽ വിനോദസഞ്ചാരിയായ യുവതിയെ ടാക്സിഡ്രൈവർമാർ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയ സംഭവം, കേസായി
ഇടുക്കി. മൂന്നാറിൽ വിനോദസഞ്ചാരിയായ യുവതിയെ ടാക്സിഡ്രൈവർമാർ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നടപടി കടുപ്പിച്ച് പൊലീസ്. യുവതിയെ തടഞ്ഞുവച്ചതിന് അറസ്റ്റിലായ മൂന്ന് ഡ്രൈവർമാരുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യാൻ പൊലീസ് മോട്ടോർ വാഹന വകുപ്പിന് കത്ത് നൽകി.
ഓൺലൈൻടാക്സി സേവനം ഉപയോഗിച്ചതിനായിരുന്നു മുംബൈ സ്വദേശി ജാൻവിക്ക് നേരെ മൂന്നാറിൽ ഡ്രൈവർമാരുടെ കയ്യാങ്കളി. മൂന്നാർ സ്വദേശികളായ പി വിജയകുമാർ, കെ വിനായകൻ, എ അനീഷ് കുമാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. രണ്ട് ടാക്സി കാറുകളിലും ഒരു ഇരുചക്ര വാഹനത്തിലും ആണ് ഇവർ പ്രശ്നമുണ്ടാക്കാൻ എത്തിയത്. ലൈസൻസിനൊപ്പം ഈ വാഹനങ്ങളുടെയും പെർമിറ്റ് റദ്ദാക്കാനും നീക്കമുണ്ട്. കയ്യാങ്കളിക്ക് നിന്നില്ലെന്നും, ഓൺലൈൻ ടാക്സി മൂന്നാറിൽ സർവ്വീസ് നടത്തുന്നതിൻ്റെ നിയന്ത്രണങ്ങൾ പറഞ്ഞുമനസ്സിലാക്കുക ആണ് ചെയ്തതെന്നും ഡ്രൈവർമാർ വിശദീകരിക്കുന്നു. ഓൺലൈൻ ടാക്സി ഡ്രൈവറുടെ വിശദമായ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് വിശദീകരിച്ചു. കൂടുതൽ പരാതിയില്ലെന്ന നിലപാടിലാണ് യുവതിയും കുടുംബാംഗങ്ങളും. സംഭവം വിവാദമായതോടെ, ഇൻറ്റഗ്രാമിലെ വീഡിയോ യുവതി നീക്കം ചെയ്തിരുന്നു.
സെറ്റ് ഇപ്പോൾ അപേക്ഷിക്കാം
ഹയർസെക്കൻഡറി, നോൺ വൊക്കേഷനൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ ‘സെറ്റ് ജനുവരി 2026’ന് ഇപ്പോൾ അപേക്ഷിക്കാം. എൽ.ബി.എസ്. സെന്ററിനാണ് പരീക്ഷാ ചുമതല. പരീക്ഷാതീയതി പിന്നീട് അറിയിക്കും. വിജ്ഞാപനവും വിശദവിവരങ്ങളുമടങ്ങിയ പ്രോസ്പെക്ടസ് https://www.lbscentre.kerala.gov.in ൽ ലഭിക്കും. ഫീസ് 1300 രൂപ. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗത്തിന് 750 രൂപ മതി. ഓൺലൈനിൽ നവംബർ 28 വൈകീട്ട് അഞ്ചുമണിവരെ രജിസ്റ്റർ ചെയ്യാം.
● വിഷയങ്ങൾ: സെറ്റ് പേപ്പർ രണ്ടിൽ 31 വിഷയങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അറബിക്, ബോട്ടണി, കെമിസ്ട്രി, കോമേഴ്സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഫ്രഞ്ച്, ജ്യോഗ്രഫി, ജിയോളജി, ജർമൻ, ഹിന്ദി, ഹിസ്റ്ററി, ഹോം സയൻസ്, ജേണലിസം, ലാറ്റിൻ, മലയാളം, മാത്തമാറ്റിക്സ്, മ്യൂസിക്, ഫിലോസഫി, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, റഷ്യൻ, സംസ്കൃതം, സോഷ്യൽ വർക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, സിറിയക്, ഉർദു, സുവോളജി, ബയോടെക്നോളജി എന്നീ വിഷയങ്ങളിലാണ് പരീക്ഷ. 14 ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും.
പരീക്ഷ: സെറ്റിൽ രണ്ട് പേപ്പറുകളാണുള്ളത്. പേപ്പർ ഒന്ന് എല്ലാവർക്കും പൊതുവാണ്. പൊതുവിജ്ഞാനം, അധ്യാപന അഭിരുചി അളക്കുന്ന ചോദ്യങ്ങളുണ്ടാവും. പേപ്പർ രണ്ടിൽ പരീക്ഷാർഥി തിരഞ്ഞെടുക്കപ്പെടുന്ന വിഷയത്തെ ആസ്പദമാക്കിയിട്ടുള്ള ചോദ്യങ്ങളാണുണ്ടാവുക. ഓരോ പേപ്പറിനും രണ്ട് മണിക്കൂർ വീതം ലഭിക്കും. പേപ്പർ ഒന്നിൽ 120 ചോദ്യങ്ങൾ. ഓരോ മാർക്കുവീതം. പേപ്പർ രണ്ടിലും 120 ചോദ്യങ്ങൾ. ഇതിൽ 80 ചോദ്യങ്ങൾ മാത്തമാറ്റിക്സിലും സ്റ്റാറ്റിസ്റ്റിക്സിലും. ഒന്നര മാർക്ക് വീതം. മറ്റ് വിഷയങ്ങൾക്കുള്ള ചോദ്യങ്ങൾക്ക് ഓരോ മാർക്ക് വീതം. പരീക്ഷാഘടനയും സിലബസും മൂല്യനിർണയ തീയതിയും പ്രോസ്പെക്ടസിലുണ്ട്.
സെറ്റിൽ യോഗ്യത നേടുന്നതിന് ജനറൽ വിഭാഗത്തിൽപ്പെടുന്നവർ പേപ്പർ ഒന്നിലും രണ്ടിലും 40 മാർക്ക് വീതവും മൊത്തത്തിൽ 48 മാർക്കും നേടണം. ഒ.ബി.സി, നോൺ ക്രീമിലെയർ വിഭാഗത്തിന് യഥാക്രമം 35, 45 മാർക്ക് വീതവും എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 35, 40 മാർക്ക് വീതവും നേടേണ്ടതുണ്ട്. ഇങ്ങനെ യോഗ്യത നേടുന്നവർക്ക് ‘സെറ്റ് പാസ് സർട്ടിഫിക്കറ്റ്’ ലഭിക്കും.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കിൽ/ തത്തുല്യ ഗ്രേഡിൽ കുറയാതെ മാസ്റ്റേഴ്സ് ബിരുദവും ഏതെങ്കിലും വിഷയത്തിൽ ബി.എഡും ഉള്ളവർക്ക് സെറ്റിന് അപേക്ഷിക്കാം.
മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി വിഷയത്തിൽ എം.എസ്.സി.എഡ് (50 ശതമാനം മാർക്കിൽ / തത്തുല്യ ഗ്രേഡിൽ കുറയരുത്) ഉള്ളവർക്കും അപേക്ഷിക്കാം.
കോമേഴ്സ്, ഫ്രഞ്ച്, ജർമൻ, ജിയോളജി, ഹോംസയൻസ്, ജേണലിസം, ലാറ്റിൻ, മ്യൂസിക്, ഫിലോസഫി, സൈക്കോളജി, റഷ്യൻ, സോഷ്യൽ വർക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, സിറിയക് പി.ജികൾക്ക് ബി.എഡ് വേണമെന്നില്ല.
അറബിക്, ഉർദു, ഹിന്ദി വിഷയങ്ങളിൽ ഡി.എൽ.എഡ്/ എൽ.ടി.ടി.സി ഉള്ളവർക്ക് ബി.എഡ് ഇല്ലെങ്കിലും അപേക്ഷിക്കാൻ അർഹതയുണ്ട്. ബയോളജി പി.ജിക്കാർക്ക് നാച്വറൽ സയൻസിൽ ബി.എഡ് മതിയാകും. പി.ജി നേടി അവസാനവർഷം ബി.എഡ് പഠിക്കുന്നവർക്കും ബി.എഡ് നേടി അവസാനവർഷം പി.ജിക്ക് പഠിക്കുന്നവർക്കും നിബന്ധനകൾക്ക് വിധേയമായി അപേക്ഷിക്കാം. സെറ്റ് എഴുതുന്നതിന് പ്രായപരിധിയില്ല. രണ്ടാം വർഷ പി.ജി/ബി.എഡ് വിദ്യാർഥികൾ സെറ്റിന് അപേക്ഷിക്കാൻ അർഹരല്ല.


































