Home Blog Page 1179

അധ്യാപകന്‍ വിദ്യാര്‍ഥിയെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു

പാലക്കാട്: മലമ്പുഴയില്‍ അധ്യാപകന്‍ വിദ്യാര്‍ഥിയെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെ സസ്പെന്‍ഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്. യു പി സ്‌കൂള്‍ അധ്യാപകനായ അനിലിനെയാണ് സസ്പെന്‍ഡ് ചെയ്തത്. എഇഒയുടെ റിപ്പോര്‍ട്ടിന്മേലാണ് നടപടി. സ്‌കൂള്‍ മാനേജരെ അയോഗ്യനാക്കണമെന്നും എഇഒ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് ശുപാര്‍ശ നല്‍കി. വിഷയം അറിഞ്ഞിട്ടും മറച്ചുവെച്ചെന്ന കാരണം ചൂണിക്കാട്ടിയാണ് മാനേജര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ നല്‍കിയത്.
സംഭവത്തില്‍ അധ്യാപകര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. സ്‌കൂളിലെ പ്രധാനാധ്യാപിക, ക്ലാസ് ടീച്ചര്‍ എന്നിവര്‍ക്കാണ് വിദ്യാഭ്യാസവകുപ്പിന്റെ നോട്ടീസ് ലഭിച്ചത്. സംഭവത്തില്‍ മൂന്നു ദിവസത്തിനകം വിശദീകരണം നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. സമയബന്ധിതമായി മറുപടി നല്‍കിയില്ലെങ്കില്‍ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.
നവംബര്‍ 29 നാണ് യു പി സ്‌കൂള്‍ അധ്യാപകനായ അനില്‍ പാലക്കാട് മലമ്പുഴയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ മദ്യം നല്‍കി പീഡിപ്പിച്ചത്. സ്‌പെഷ്യല്‍ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അധ്യാപകന്‍ പിടിയിലായത്. പീഡന വിവരം അറിഞ്ഞിട്ടും സ്‌കൂള്‍ അധികൃതര്‍ ദിവസങ്ങളോളം വിവരം മറച്ചുവെച്ചുവെന്നും പൊലീസ് അന്വേഷിച്ച് എത്തിയപ്പോഴാണ് ചൈല്‍ഡ് ലൈനില്‍ സ്‌കൂള്‍ പരാതി നല്‍കിയതെന്നുമാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.
ഡിസംബര്‍ 18-നാണ് വിദ്യാര്‍ത്ഥി സഹപാഠിയോട് പീഡന വിവരം തുറന്നുപറഞ്ഞത്. ആ ദിവസം തന്നെ സ്‌കൂള്‍ അധ്യാപകര്‍ വിവരമറിഞ്ഞിരുന്നു. തുടര്‍ന്ന് 19-ന് അധ്യാപകനെതിരെ മാനേജ്‌മെന്റ് നടപടിയെടുക്കുകയും ചെയ്തു. എന്നാല്‍ സംഭവം പൊലീസിലോ ബന്ധപ്പെട്ട അധികൃതരെയോ അറിയിക്കാന്‍ വൈകി എന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എൻ.എസ്‌.എസ്‌ വിദ്യാഭ്യാസ ധനസഹായവും, യൂണിയൻ സ്കോളർഷിപ്പ് വിതരണവും നടത്തി

കുന്നത്തൂർ:കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റെ ആഭിമുഖ്യത്തിൽ കുന്നത്തൂർ,പോരുവഴി പഞ്ചായത്തുകളിലെ 26 കരയോഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് നായർ സർവീസ് സൊസൈറ്റിയുടെ വിദ്യാഭ്യാസധന സഹായവും,യൂണിയൻ സ്കോളർഷിപ്പ്,വിവിധ മെറിറ്റ് സ്കോളർഷിപ്പുകൾ, യൂണിയന്റെ വിവാഹ ചികിത്സാ
എൻഡോവ്മെന്റുകൾ,കരയോഗം നിർമ്മാണ ഗ്രാന്റ് എന്നിവകളുടെ വിതരണം നടത്തി.കുന്നത്തൂർ പടിഞ്ഞാറ് 348-നമ്പർ എൻഎസ്എസ് കരയോഗ മന്ദിരഹാളിൽ നടന്ന ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് വി.ആർ.കെ.ബാബു വിതരണ ഉദ്ഘാടനം നിർവഹിച്ചു.യൂണിയൻ ഭരണസമിതി അംഗം ബി.ഹരികുമാർ സ്വാഗതം പറഞ്ഞു.യൂണിയൻ വൈസ് പ്രസിഡന്റ് തോട്ടുവാ മുരളി അധ്യക്ഷത വഹിച്ചു.കരയോഗ പ്രവർത്തക വിശദീകരണം യൂണിയൻ സെക്രട്ടറി എം.അനിൽകുമാർ നടത്തി.ഭാരത കേസരി യൂണിയൻ സ്കോളർഷിപ്പ് വിതരണം യൂണിയൻ പഞ്ചായത്ത് സമിതി പ്രസിഡന്റ് എൻ.സോമൻ പിള്ള നിർവഹിച്ചു.വിവാഹ ധനസഹായ വിതരണം നമ്പൂരേത്ത് തുളസീധരൻ പിള്ള,ചികിത്സാധന സഹായവിതരണം എസ്‌.ബി.ജഗദീഷ്,എച്ച്എസ് എസ് മെറിറ്റ് അവാർഡ് സുധാചന്ദ്രൻ, എസ്എസ്എൽസി മെറിറ്റ് അവാർഡ് എസ്‌.എസ്‌ ഗീതാഭായി,കരയോഗ നിർമ്മാണ ഗ്രാന്റ് വിതരണം അഡ്വ.റ്റി.കെ പ്രദീപ്,വിദ്യാഭ്യാസ എൻഡോവ്മെന്റ് പോരുവഴി ബാലചന്ദ്രൻ തുടങ്ങിയവർ നിർവഹിച്ചു.ചടങ്ങിൽ എൻഎസ്എസ് ഇൻസ്പെക്ടർ ഷിജു,കരയോഗം സെക്രട്ടറി രാജഗോപാൽ എന്നിവർ പ്രസംഗിച്ചു.

അമ്പലത്തുംഭാഗം കല്ലൂർ കുഴി മീനത്തുവിള പുത്തൻ വീട്ടിൽ ശശിധരൻ  നിര്യാതനായി


ശാസ്താംകോട്ട: അമ്പലത്തുംഭാഗം കല്ലൂർ കുഴി മീനത്തുവിള പുത്തൻ വീട്ടിൽ ശശിധരൻ (78) നിര്യാതനായി. ഭാര്യ: ഭവാനി . മക്കൾ: വസന്തകുമാരി, സതീഷ് കുമാർ .( എഞ്ചിനീയർ ടെക്നോപാർക്ക് തിരുവനന്തപുരം), സജീവ് കുമാർ . മരുമക്കൾ: ഭവ്യ (എഞ്ചിനീയർ സി ടെക്ക് തിരുവനന്തപുരം), സന്ധ്യ കൃഷ്ണൻ , പരേതനായ ചന്ദ്രബാബു .സംസ്കാരം ഇന്ന് രാവിലെ 9 ന്

കുമരഞ്ചിറ തമ്പുരാട്ടിയുടെ പറയ്ക്കെഴുന്നള്ളത്ത് തുടങ്ങി

ശൂരനാട് : കുമരൻചിറ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള പറയ്ക്കെഴുന്നള്ളത്ത് തുടങ്ങി. ഫെബ്രുവരി രണ്ടിന് സമാപിക്കും. കര ക്രമത്തിലാണ് പറയ്ക്കെഴുന്നള്ളത്ത് നടക്കുന്നത്. ബുധൻ, വ്യാഴം – മൈനാഗപ്പള്ളി, വെള്ളി – ഇടവനശ്ശേരി, ശനി- ഇടവനശ്ശേരി കിഴക്ക്, 11,12 – കിടങ്ങയം കന്നിമേൽ, 13,14- കിടങ്ങയം നടുവിൽ, 15,16- പള്ളിശ്ശേരിക്കൽ, 17- പള്ളിശ്ശേരിക്കൽ കിഴക്ക്, 18, 19, 20- കിടങ്ങയം വടക്ക്,

21- ഇരവിച്ചിറ പടിഞ്ഞാറ്, 22, 23- ഇരവിച്ചിറ നടുവിൽ, 24- ഇരവിച്ചിറകിഴക്ക്, 25, 26-തൃക്കുന്നപ്പുഴ വടക്ക്, 27, 28-തൃക്കുന്നപ്പുഴ തെക്ക്, 29, 30 -ഇഞ്ചക്കാട്, 31, ഫെബ്രുവരി ഒന്ന്, രണ്ട് -ആയിക്കുന്നം. താലപ്പൊലി ഉത്സവം ഫെബ്രുവരി മൂന്നിന് തുടങ്ങി ആറിന് സമാപിക്കും. ഉത്സവം ഫെബ്രുവരി 17-ന് വർണ്ണാഭമായ കെട്ടുകാഴ്ചയോടെ നടക്കും.

താന്‍ പത്തനാപുരത്ത് നിന്ന് തന്നെ മത്സരിക്കുമെന്ന് കെ.ബി. ഗണേഷ് കുമാര്‍

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ പത്തനാപുരത്ത് നിന്ന് തന്നെ മത്സരിക്കുമെന്ന് കെ.ബി. ഗണേഷ് കുമാര്‍. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ‘പത്തനാപുരത്തല്ലാതെ ഞാന്‍ എവിടെ പോകാനാണ്, ഞാന്‍ പത്തനാപുരത്ത് തന്നെ മത്സരിക്കും വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്യും. പത്തനാപുരത്തുകാര്‍ക്ക് ഞാനില്ലാതെ പറ്റില്ല, അവരില്ലാതെ എനിക്കും പറ്റില്ല’ എന്നും അദ്ദേഹം പറഞ്ഞു.
മത്സരിക്കുന്ന കാര്യത്തില്‍ സംശയമില്ല, അതില്‍ ചോദ്യത്തിന് പ്രസക്തിയില്ല. പത്തനാപുരത്തുകാര്‍ക്ക് അഭിമാനമല്ലേ, കെഎസ്ആര്‍ടിസിയെ നല്ലൊരു നിലയിലേക്ക് വളര്‍ത്തിക്കൊണ്ട് വരുമ്പോള്‍, അവരുടെ എംഎല്‍എയും മന്ത്രിയുമായ പത്തനാപുരത്തുകാര്‍ക്ക് അഭിമാനമാണല്ലോ… ഓരോ പത്തനാപുരത്തുകാര്‍ക്കും ഹൃദയത്തില്‍ വലിയ അഭിമാനം തോന്നുന്ന മുഹൂര്‍ത്തമാണിത്.

കോഴിക്കോടും പത്തനംതിട്ടയിലും വൻ ലഹരിമരുന്ന് വേട്ട

കോഴിക്കോടും പത്തനംതിട്ടയിലും വൻ ലഹരിമരുന്ന് വേട്ട. എംഡി എം എയും കഞ്ചാവുമായി മൂന്നുപേർ പിടിയിലായി.


രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് കോഴിക്കോട്ടെ സ്വകാര്യ ലോഡ്ജിൽ നിന്ന് 706 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായത്. വാണിമേൽ സ്വദേശി ഷംസീറാണ് അറസ്റ്റിലായത്. ബംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് കൊണ്ടുവന്ന് ലോഡ്ജുകൾ കേന്ദ്രീകരിച്ച് വില്പന നടത്തുകയായിരുന്നു പ്രതി. ഇതിനിടയിലാണ് ഗോവിന്ദപുരത്ത് വച്ച് പിടിയിലായത്. പിടികൂടിയ മയക്കുമരുന്നിന് 24 ലക്ഷം രൂപ വില വരുമെന്ന് പോലീസ് പറഞ്ഞു. ഡാൻസാഫ് സംഘവും മെഡിക്കൽ കോളേജ് പോലീസും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ടയിൽ MDMA യും കഞ്ചാവുമായാണ് രണ്ടുപേർ പിടിയിലായത്. പെരുമ്പെട്ടിയിൽ  എക്സൈസ് നടത്തിയ പരിശോധനക്കിടെ യുവാക്കൾ പിടിയിലാകുകയായിരുന്നു.  പെരുമ്പെട്ടി സ്വദേശി സാജു ജോൺ തോമസ്, പ്രശാന്ത് ചന്ദ്രൻ എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

മദ്യപിക്കാൻ പണം കൊടുക്കാത്തതിന് കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

കരുനാഗപ്പള്ളി : മദ്യപിക്കാൻ പണം കൊടുക്കാത്തതിന് കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. കല്ലേലി ഭാഗം പുതിയവീട്ടിൽ വടക്കതിൽ  ഷാൻ (44) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത് .ഇക്കഴിഞ്ഞ ദിവസം മാരാരി തോട്ടത്ത് വെച്ച്  നൗഫൽ എന്ന യുവാവിനെ തടഞ്ഞു നിർത്തി മദ്യപിക്കാനായി പണം ആവശ്യപ്പെട്ടു. അത് കൊടുക്കാത്തതിന്റെ വിരോധത്താൽ പ്രതി നൗഫലിനെ ചെകിടത്തടിക്കുകയും കയ്യിൽ കരുതിയ ഏതോ മൂർച്ചയുള്ള ആയുധം വെച്ച് കുത്തുകയുമായിരുന്നു. കുത്താൻ വന്ന സമയം അത് കൈകൊണ്ട് തടഞ്ഞതിനാൽ ഇടത് കൈക്ക് കുത്തുകൊണ്ട് പരിക്കേറ്റു.  കരുനാഗപ്പള്ളി  പോലീസ് മാളിയേക്കൽ ബീവറേജസ് ഭാഗത്ത് നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി എസ് എച്ച്ഓ അനൂപിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ഷമീർ, ജയേഷ് ,ആഷിഖ്, സുരേഷ് കുമാർ
എസ് സി പി ഓ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

പേടിമാറാന്‍ പിഞ്ചുകുഞ്ഞിനെ ആനയുടെ അടിയിലൂടെ നടത്തി; നിലത്ത് വീണ് കുഞ്ഞ്‌

ആലപ്പുഴ: മദ്യലഹരിയില്‍ സ്വന്തം കുഞ്ഞുമായി ആനയുടെ മുന്നില്‍ അഭ്യാസം നടത്തി പാപ്പാന്‍. അഞ്ചുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ആനകൊമ്പില്‍ ഇരുത്തിയാണ് പാപ്പാന്റെ അഭ്യാസം. ഇതിനിടയില്‍ കുഞ്ഞ് പാപ്പാന്റെ കയ്യില്‍ നിന്ന് വഴുതി വീഴുകയും ചെയ്തു. ഹരിപ്പാട് സ്‌കന്ദന്‍ എന്ന ആനയുടെ പാപ്പാനായ കൊട്ടിയം അഭിലാഷ് ആണ് സാഹസം കാണിച്ചത്.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഹരിപ്പാട് ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ചോറൂണിന് ശേഷമാണ് പിഞ്ചുകുഞ്ഞുമായി പാപ്പാന്‍ ആനത്താവളത്തിലെത്തിയത്. അവിടെ വെച്ച് മദ്യലഹരിയിലായിരുന്ന പാപ്പാന്‍ കുഞ്ഞിനെ ആനയുടെ തുമ്പിക്കൈയില്‍ ഇരുത്താനും ആനയുടെ അടിയിലൂടെ നടക്കാനും ശ്രമിക്കുകയായിരുന്നു. ഈ അപകടകരമായ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവസമയത്ത് കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പാപ്പാന്മാരും മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ ഓഗസ്റ്റില്‍ രണ്ട് പാപ്പാന്മാരെ ആക്രമിക്കുകയും ഒരാളുടെ മരണത്തിന് കാരണമാവുകയും ചെയ്ത ‘ഹരിപ്പാട് സ്‌കന്ദന്‍’ എന്ന ആനയുടെ അടുത്തേക്കായിരുന്നു കുഞ്ഞുമായി ഇവര്‍ എത്തിയത്. പാപ്പാനെ കൊന്നതിനെത്തുടര്‍ന്ന് മാസങ്ങളായി ചങ്ങലയിട്ടു തളച്ചിരുന്ന ആനയാണിത്. ഇതുവരെ ഇവിടെനിന്ന് ആനയെ മാറ്റിയിരുന്നില്ല. കെട്ടിയ സ്ഥലത്ത് തന്നെയാണ് ആനയ്ക്ക് ഭക്ഷണമടക്കം നല്‍കുന്നത്. ഈ ആനയുടെ അടുത്തേക്കാണ് പാപ്പാന്‍ കുട്ടിയുമായെത്തിയത്.

സിവില്‍ സര്‍വീസ് പരീക്ഷയില്‍ നാല് തവണ പരാജയം… പിന്നാലെ വ്യാജ ഐഎഎസ് ഉദ്യോഗസ്ഥനായി ചമഞ്ഞ് തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍

റാഞ്ചി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ നാല് തവണ പരാജയപ്പെട്ടതിന് പിന്നാലെ വ്യാജ ഐഎഎസ് ഉദ്യോഗസ്ഥനായി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ജാര്‍ഖണ്ഡ് സ്വദേശി പിടിയില്‍. ഏഴ് വര്‍ഷത്തോളം ഉന്നത ഉദ്യോഗസ്ഥനായും യുപിഎസ്സി അധ്യാപകനായും വേഷമിട്ട് ജനങ്ങളെയും ഉദ്യോഗസ്ഥരെയും കബളിപ്പിച്ച പാങ്കജ് കുമാര്‍ ഗുപ്തയാണ് പൊലീസിന്റെ പിടിയിലായത്.
ചെറിയ പണമിടപാടുകള്‍ മുതല്‍ ഉന്നതതലത്തിലുള്ള ഇടപെടലുകള്‍ വരെ നടത്തിയിരുന്ന ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. 2017 മുതലാണ് ഇയാള്‍ വ്യാജ ഐഎഎസ് ഉദ്യോഗസ്ഥനായി പൊതുരംഗത്ത് പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്.
തട്ടിപ്പിന്റെ രീതി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ടായിരുന്നു പാങ്കജിന്റെ പ്രധാന നീക്കങ്ങള്‍. ഉന്നത റാങ്ക് നേടിയ ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇയാള്‍ വിവിധ കോച്ചിംഗ് സെന്ററുകളില്‍ ക്ലാസുകള്‍ എടുത്തിരുന്നു.
കൂടാതെ സര്‍ക്കാര്‍ ഓഫീസുകളില്‍ സ്വാധീനം ചെലുത്തി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടുകയും ചെയ്തിരുന്നു. ഔദ്യോഗിക ചിഹ്നങ്ങളുള്ള വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും രേഖകളും ഇയാളില്‍ നിന്ന് കണ്ടെടുത്തു.
യുപിഎസ്സി സ്വപ്നം പാളിയതോടെ ഉണ്ടായ നിരാശയും പ്രതാപത്തോടുള്ള മോഹവുമാണ് ഇത്തരമൊരു തട്ടിപ്പിലേക്ക് നയിച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.

പത്തനംതിട്ട പെരുമ്പെട്ടിയിൽMDMA – യുമായി രണ്ടുപേർ പിടിയിൽ


പത്തനംതിട്ട പെരുമ്പെട്ടിയിൽ രണ്ടുപേരെ ലഹരിയുമായി എക്സൈസ് പിടികൂടി

പെരുമ്പെട്ടി സ്വദേശി സാജു ജോൺ തോമസ്, പ്രശാന്ത് ചന്ദ്രൻ എന്നിവരെയാണ് എക്സൈസ് പിടികൂടി

ഇവരിൽനിന്ന് രണ്ട് ഗ്രാം MDMA യും കഞ്ചാവും പിടികൂടി

ഇന്നലെ വൈകിട്ട് 5 മണിയോട് കൂടിയാണ് ഇവരിൽനിന്ന് ലഹരി പിടികൂടിയത്

പ്രതികളെ റിമാൻഡ് ചെയ്തു