Home Blog Page 1090

എല്ലാ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ ശക്തികളുടെ കോടാലി കയ്യുടെയും സ്ഥാനം ചവറ്റു കൊട്ടയിൽ,എം വി ഗോവിന്ദന്‍

കണ്ണൂര്‍. ചിലർ ബൂർഷ്വാ മാധ്യമങ്ങളുമായി ചേർന്ന് പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നു. അവരോടു പറയാൻ ഉള്ളത് പയ്യന്നൂർ ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല. പാർട്ടികകത്ത് ചർച്ച ചെയ്തു തീരുമാനിച്ച കാര്യങ്ങൾ ആണ് വി കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തൽ. ഒറ്റുകാരനുള്ള മറുപടി ആണ് പയ്യന്നൂരിലെ ജനക്കൂട്ടം. കുഞ്ഞികൃഷ്ണൻ എന്തോ മുൻകൈ നേടിയെന്ന തോന്നലിൽ ആണ് മുന്നോട്ട് പോകുന്നത്. എല്ലാ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ ശക്തികളുടെ കോടാലി കയ്യുടെയും സ്ഥാനം ചവറ്റു കൊട്ടയിൽ ആണ്

കുഞ്ഞികൃഷ്ണന്റെ അവസ്ഥയും അതായിരിക്കും. കുഞ്ഞികൃഷ്ണനെ ഉപയോഗിച്ച് പാർട്ടിയെ തോൽപ്പിക്കാമെന്ന് കരുതണ്ടെന്നും ഗോവിന്ദന്‍ മുന്നറിയിപ്പുനല്‍കി

കാലിലെ മരവിപ്പ് മാറ്റാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില സിമ്പിള്‍ വഴികള്‍

മിക്ക ആളുകളും കാലുകള്‍ക്ക് അനുഭവപ്പെടുന്ന ഒരു തരിപ്പും മരവിപ്പും നിസ്സാരമായി തള്ളിക്കളയാറുണ്ട്. എന്നാല്‍ ഈ അവസ്ഥ എപ്പോഴും അത്ര നിസ്സാരമാകണമെന്നില്ല. കാലുകളിലെ രക്തയോട്ടം കുറയുന്നതോ നാഡികള്‍ക്ക് ഏല്‍ക്കുന്ന സമ്മര്‍ദ്ദമോ ആണ് ഇതിന് പിന്നിലെ പ്രധാന വില്ലന്‍.

രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നത് വഴി ഞരമ്പുകള്‍ക്കുണ്ടാകുന്ന ‘ഡയബറ്റിക് ന്യൂറോപ്പതി’ എന്ന അവസ്ഥയും, നാഡികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന വിറ്റാമിന്‍ ബി 12-ന്റെ കുറവും ഇതിന് കാരണമാകാറുണ്ട്. കൂടാതെ, ഇടുങ്ങിയ ഷൂസുകള്‍ ധരിക്കുന്നതോ തെറ്റായ രീതിയില്‍ ഇരിക്കുന്നതോ മൂലം രക്തയോട്ടം തടസ്സപ്പെടുന്നതും മരവിപ്പിലേക്ക് നയിക്കാം.

കാലിലെ മരവിപ്പ് മാറ്റാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില സിമ്പിള്‍ വഴികള്‍ ഇവയാണ്
എപ്സം സാള്‍ട്ട് ബാത്ത്: ചെറുചൂടുവെള്ളത്തില്‍ അല്പം എപ്സം സാള്‍ട്ട് ഇട്ട് പാദങ്ങള്‍ മുക്കിവയ്ക്കുന്നത് രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇത് പേശികളിലെ സമ്മര്‍ദ്ദം കുറയ്ക്കുകയും വേദനയ്ക്ക് ആശ്വാസം നല്‍കുകയും ചെയ്യുന്നു.
കാലുകള്‍ ഉയര്‍ത്തി വയ്ക്കുക: ദിവസവും 10-15 മിനിറ്റ് നേരം ഹൃദയത്തിന്റെ നിരപ്പിനേക്കാള്‍ അല്പം ഉയരത്തില്‍ കാലുകള്‍ വച്ച് കിടക്കുന്നത് ഞരമ്പുകളിലെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.
എണ്ണ മസാജ്: ഒലിവ് ഓയിലോ വെളിച്ചെണ്ണയോ ഉപയോഗിച്ച് പാദങ്ങള്‍ മൃദുവായി മസാജ് ചെയ്യുന്നത് രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും മരവിപ്പ് വേഗത്തില്‍ മാറ്റാനും ഉത്തമമാണ്.
ഭക്ഷണത്തില്‍ ശ്രദ്ധിക്കുക: വിറ്റാമിന്‍ B12 ധാരാളമായി അടങ്ങിയ മുട്ട, പാല്‍, ധാന്യങ്ങള്‍ എന്നിവ നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നാഡികളുടെ ആരോഗ്യം സംരക്ഷിക്കും.
ലളിതമായ വ്യായാമങ്ങള്‍: ദീര്‍ഘനേരം ഇരിക്കുമ്പോഴോ നില്‍ക്കുമ്പോഴോ കാല്‍വിരലുകള്‍ ഇടയ്ക്കിടെ ചലിപ്പിക്കുക. പാദങ്ങള്‍ വട്ടത്തില്‍ കറക്കുന്നത് പേശികള്‍ക്ക് അയവ് നല്‍കും.
ധാരാളം വെള്ളം കുടിക്കുക: ശരീരത്തിലെ വിഷാംശങ്ങള്‍ പുറന്തള്ളാനും പേശീവലിവ് കുറയ്ക്കാനും ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.
മരവിപ്പ് ദീര്‍ഘനേരം നിലനില്‍ക്കുകയോ വിട്ടുമാറാതെ വരികയോ ചെയ്താല്‍ അത് പ്രമേഹത്തിന്റെയോ മറ്റോ ലക്ഷണമാകാം. അത്തരം സാഹചര്യങ്ങളില്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശം തേടാന്‍ മടിക്കരുത്

മൈലേജിനൊപ്പം പത്തുവര്‍ഷം വാറണ്ടിയും: ലിമിറ്റഡ് എഡിഷന്‍ ബൈക്കുമായി ഹോണ്ട ഷൈന്‍

പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ടയുടെ ജനപ്രിയ കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍പ്പെടുന്ന ബൈക്കാണ് ഷൈന്‍. ഇപ്പോള്‍ പുതിയതായി ഇന്ത്യന്‍ വിപണയില്‍ വിറ്റഴിയുന്ന ബൈക്കിന്റെ പുത്തന്‍ ലിമിറ്റഡ് എഡിഷന്‍ ബൈക്ക് പുറത്തിറക്കിയിരിക്കുകയാണ് ഹോണ്ട.
ഷൈന്‍ 125 ലിമിറ്റഡ് എഡിഷന്റെ ലോഞ്ചിങ്ങ് ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വില പ്രഖ്യാപനവും വരുന്ന ആഴ്ച ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വില പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും സ്റ്റാന്‍ഡേര്‍ഡ് ഷൈന്‍ 125 ഡിസ്‌കിനുള്ള വിലയായ 85,211 രൂപയേക്കാള്‍ ഏകദേശം 1,500 രൂപ അധികം ലിമിറ്റഡ് എഡിഷന് നല്‍കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബ്രൗണ്‍-ഫിനിഷ്ഡ് അലോയ് വീലുകളാണ് പുത്തന്‍ ഷൈന്‍ 125 ലിമിറ്റഡ് എഡിഷന് നല്‍കിയിരിക്കുന്നത്. ഇതാണ് സ്റ്റാന്‍ഡേര്‍ഡ് ഷൈന്‍ 125 ഡിസ്‌ക് വണ്ടിയില്‍ നിന്നും ലിമിറ്റഡ് എഡിഷനെ വ്യത്യസ്തമാക്കുന്നത്. മെക്കാനിക്കല്‍ രീതിയില്‍ ലിമിറ്റഡ് എഡിഷന്‍ മോഡലില്‍ വേറെ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

10 ലക്ഷം ഹെക്ടര്‍ ഭൂമി ഡിജിറ്റല്‍ റീസര്‍വേയിലൂടെ അളന്നു തിട്ടപെടുത്തി: മന്ത്രി കെ രാജന്‍

സംസ്ഥാനത്ത് ഡിജിറ്റല്‍ റീസര്‍വേയിലൂടെ 10 ലക്ഷം ഹെക്ടര്‍ ഭൂമി അളന്നുതിട്ടപെടുത്തിയെന്ന് റവന്യൂ, ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍. ചാത്തന്നൂർ മിനി സിവിൽ സ്റ്റേഷനിൽ റവന്യൂ ഇ-സാക്ഷരത പദ്ധതിയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. റവന്യൂ സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച റവന്യൂ ഇ സർവീസ് എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴി എളുപ്പത്തിൽ ഭൂനികുതി അടയ്ക്കാൻ കഴിയും. ജനപക്ഷം ചാത്തന്നൂർ പദ്ധതിയുടെ ആദ്യഘട്ടമായി എല്ലാ സർക്കാർ ഓഫീസുകളിലും ഓൺലൈൻ സേവനങ്ങൾ നൽകുന്ന കിയോസ്കുകൾ സ്ഥാപിച്ചു. രാജ്യത്ത് ആദ്യമായി റവന്യൂ രജിസ്ട്രേഷൻ-സർവ്വേ വകുപ്പുകളെ സംയോജിപ്പിച്ച് ‘എന്റെ ഭൂമി’ പോർട്ടൽ വികസിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ജനപക്ഷം ചാത്തന്നൂർ പദ്ധതിയുടെ ഭാഗമായി റവന്യൂ വകുപ്പിന്റെ അഭിമുഖ്യത്തിൽ മണ്ഡലത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് റവന്യൂ ഇ-സാക്ഷരത. റവന്യൂ വകുപ്പ് നൽകിവരുന്ന വിവിധ ഓൺലൈൻ സേവനങ്ങൾ ഇടനിലക്കാരുടെ സഹായമില്ലാതെ മൊബൈൽ ഫോണിലൂടെ നേടിയെടുക്കാൻ പൊതുജനങ്ങളെ പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ചാത്തന്നൂർ മണ്ഡലത്തിലെ 1200 പരിശീലന കേന്ദ്രങ്ങളിലൂടെ 65000 കുടുംബങ്ങൾക്ക് റവന്യൂ വകുപ്പിന്റെ വിവിധ ഓൺലൈൻ പോർട്ടലുകൾ കൈകാര്യം ചെയ്യുന്നതിന് പരിശീലനം നൽകും. റവന്യൂ പോർട്ടൽ, ഇ-ഡിസ്ട്രിക്ട് പോർട്ടൽ, ‘എന്റെ ഭൂമി’ പോർട്ടൽ, സി എം ഡി ആർ എഫ് പോർട്ടൽ, തുണ ആപ്പ്, ഡിജിറ്റൽ കിയോസ്കുകൾ എന്നിവയുടെ പ്രായോഗിക ഉപയോഗം ഉറപ്പാക്കും. അഞ്ച് ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ആയിരം കുടുംബശ്രീ പ്രവർത്തകരുടെ സഹായത്തോടെ മണ്ഡലത്തിലെ 18 സർക്കാർ ഓഫീസുകളിൽ കിയോസ്ക് അനുബന്ധ സേവനം നടപ്പിലാക്കുക എന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്.

ജി.എസ്.ജയലാൽ എം.എൽ.എ അധ്യക്ഷനായി. കൊല്ലം തഹസിൽദാർ ജി.വിനോദ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കലക്ടർ
എൻ.ദേവിദാസ്, എഡിഎം ജി.നിർമൽ കുമാർ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.സുശീലദേവി, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.മഹേശ്വരി, കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്.വിജയൻ, ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജിനോക്കി എഡ്വേർഡ്, പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡൻറ് രാജു ചാവടി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ.ആർ.ദിലീപ് കുമാർ, കെ.എസ്. ബിനു, രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

കീം – 2026: ഓണ്‍ലൈന്‍ അപേക്ഷാ തീയതി നീട്ടി…. എല്ലാ ജില്ലകളിലും സെന്റര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് എന്‍ജിനിയറിങ്/ആര്‍ക്കിടെക്ചര്‍/ഫാര്‍മസി/മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള (കീം 2026) പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി ആറിന് വൈകിട്ട് അഞ്ചു വരെ നീട്ടി. പ്രവേശനത്തിനായി ഇതിനകം സമര്‍പ്പിച്ച അപേക്ഷയില്‍ പുതിയ കോഴ്‌സുകള്‍ കൂടി ചേര്‍ക്കുന്നതിനുള്ള സൗകര്യം പിന്നീട് ലഭ്യമാക്കും. വിശദവിവരങ്ങള്‍ക്കും: www.cee.kerala.gov.in, 0471-2332120.

പ്രവേശന പരീക്ഷ (KEAM 2026) ഏപ്രില്‍ 17 മുതല്‍ 23 വരെയാണ്. അപേക്ഷ നല്‍കുന്നത് ശ്രദ്ധയോടെയാകണം.

ഓണ്‍ലൈന്‍ പരീക്ഷ

കംപ്യൂട്ടര്‍ അധിഷ്ഠിതമായ ഓണ്‍ലൈന്‍ പരീക്ഷ (സിബിടി) ഏപ്രില്‍ 17 മുതല്‍ 23 വരെ നടക്കും. പകല്‍ രണ്ടുമുതല്‍ അഞ്ചുവരെയാണ് സമയം. ഏപ്രില്‍ 13, 16, 24, 25 എന്നിവ റിസര്‍വ് ദിവസങ്ങളാണ്. ഏപ്രില്‍ ഒന്നുമുതല്‍ അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

150 ചോദ്യങ്ങളടങ്ങിയ മൂന്ന് മണിക്കൂര്‍ പരീക്ഷ. മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍. മാത്തമാറ്റിക്‌സില്‍ 75, ഫിസിക്‌സില്‍ 45, കെമിസ്ട്രിയില്‍ 30 വീതം ചോദ്യങ്ങള്‍. ശരിയുത്തരത്തിന് നാലുമാര്‍ക്ക്, ഉത്തരം തെറ്റിയാല്‍ ഒരു മാര്‍ക്ക് നഷ്ടപ്പെടും. ഫാര്‍മസി പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി പേപ്പറുകളില്‍ യഥാക്രമം 30, 45 ചോദ്യങ്ങളുണ്ടാകും. 90 മിനിറ്റ് പരീക്ഷയാണ്.

ഓരോ സെഷനിലും വ്യത്യസ്ത ചോദ്യപേപ്പര്‍ ഉപയോഗിക്കുന്നതിനാല്‍ നോര്‍മലൈസേഷന്‍ രീതി നടപ്പാക്കിയായിരിക്കും സ്‌കോര്‍ കണക്കാക്കുക. പ്ലസ് ടുവില്‍ (രണ്ടാം വര്‍ഷം) ഫിസിക്‌സ്, കെമിസ്ട്രി മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ ലഭിച്ച മാര്‍ക്കിനും പ്രവേശന പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിനും തുല്യ പരിഗണന നല്‍കിയാണ് എന്‍ജിനിയറിങ് റാങ്ക് പട്ടിക തയ്യാറാക്കുക.

പ്രവേശന യോഗ്യത
അപേക്ഷകന് 2026 ഡിസംബര്‍ 31 ന് 17 വയസ്സ് തികഞ്ഞിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളുടെ പ്രവേശനത്തിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയില്‍ മൊത്തം 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു ജയിച്ചിരിക്കണം എന്നതാണ് പൊതുവായ യോഗ്യത. വിവിധ കോഴ്‌സുകള്‍ക്കനുസരിച്ചുള്ള അധിക യോഗ്യതകള്‍ പ്രോസ്‌പെക്ടസില്‍ വിശദമാക്കിയിട്ടുണ്ട്.

എന്‍ജിനിയറിങ് പ്രവേശനത്തിന് മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവയ്ക്ക് മൊത്തം 45 ശതമാനം മാര്‍ക്ക് വാങ്ങി പ്ലസ് ടു ജയിച്ചിരിക്കണം. പ്ലസ്ടുവില്‍ കെമിസ്ട്രി പഠിച്ചില്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സും ഇവ രണ്ടും പഠിച്ചില്ലെങ്കില്‍ ബയോടെക്‌നോളജിയും ഇവ മൂന്നും പഠിച്ചിട്ടില്ലെങ്കില്‍ ബയോളജിയും മൂന്നാം വിഷയമായി പരിഗണിക്കും.
ബിഫാം പ്രവേശനത്തിന് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് / ബയോളജി, ഇംഗ്ലീഷ് പഠിച്ച് പ്ലസ് ടു ജയിച്ചിരിക്കണം. ബിആര്‍ക്ക് പ്രവേശനത്തിന് മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങള്‍ പഠിച്ച് പ്ലസ്ടുവിന് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. മാത്തമാറ്റിക്‌സ് ഉള്‍പ്പെട്ട മൂന്ന് വര്‍ഷ ഡിപ്ലോമയില്‍ മൊത്തം 50 ശതമാനം മാര്‍ക്ക് നേടിയാലും മതി. നിലവില്‍ പ്ലസ്ടുവിന് പ-ഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ?

എല്ലാ ജില്ലകളിലും സെന്റര്‍
പ്രവേശന പരീക്ഷാകമീഷണറുടെ വെബ്സൈറ്റു വഴി ജനുവരി 31 വൈകിട്ട് അഞ്ചുവരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകരുടെ പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ്, ജനനതീയതി, നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍, പുതിയ ഫോട്ടോ, ഒപ്പ്, സംവരണത്തിനുവേണ്ട രേഖകള്‍ എന്നിവ അപേക്ഷയോടൊപ്പം ഓണ്‍ലൈനായി സമര്‍പ്പിക്കണം.

വിവിധ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, മറ്റ് അനുബന്ധ രേഖകള്‍ എന്നിവ അപ്ലോഡ് ചെയ്യാന്‍ ഫെബ്രുവരി ഏഴുവരെ സമയമുണ്ട്. എല്ലാ കോഴ്‌സുകള്‍ക്കും ഒറ്റ അപേക്ഷ മതി. അപേക്ഷയുടെയോ രേഖകളുടെയോ പകര്‍പ്പ് അയക്കേണ്ടതില്ല. ഏപ്രില്‍ ഒന്ന് മുതല്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. കേരളത്തില്‍ എല്ലാ ജില്ലകളിലും പരീക്ഷ എഴുതാം . മുംബൈ, ബംഗളൂരു, ചെന്നൈ, ന്യൂഡല്‍ഹി, യുഎഇ എന്നിവിടങ്ങളിലും കേന്ദ്രങ്ങളുണ്ട്. മെയ് പത്തിന് ഫലം പ്രതീക്ഷിക്കാം.

അപേക്ഷാ ഫീസ്
എന്‍ജിനിയറിങ്/ ഫാര്‍മസിക്ക് 925 രൂപ, ആര്‍ക്കിടെക്ചര്‍ /മെഡിക്കല്‍ ആന്‍ഡ് അലൈഡിന് 650 രൂപ എന്നിങ്ങനെ അപേക്ഷാ ഫീസ് അടയ്ക്കണം. പട്ടികജാതി വിഭാഗക്കാര്‍ക്ക് ഫീസില്‍ ഇളവുണ്ട്. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഫീസില്ല. യുഎഇയില്‍ പരീക്ഷയെഴുതണമെങ്കില്‍ 16,000 രൂപ അധികമായി അടക്കേണ്ടി വരും. വിവരങ്ങള്‍ക്ക്: www.cee. kerala.gov.in, ഇമെയില്‍: ceekinfo. cee@kerala.gov.in ഫോണ്‍: 0471-2332120.

തെയ്യത്തെ പിടിച്ചു തള്ളി, ഉത്സവത്തിനിടെ വാളന്‍ഡറിയര്‍മാരുമായി കൂട്ടത്തല്ല്

കണ്ണൂര്‍: കുത്തുപറമ്പ് മൊകേരികൂടത്തില്‍ മടപ്പുര തെയ്യം മഹോത്സവത്തിനിടെ കാണാനെത്തിയവര്‍ വാളന്‍ഡറിയര്‍മാരുമായി ഏറ്റുമുട്ടി. അക്രമാസക്തരായ യുവാക്കള്‍ തെയ്യത്തിനെയും പിടിച്ചു തള്ളി. ഇന്നലെ വൈകിട്ടാണ് സംഭവം.
വാളന്‍ഡിയര്‍മാര്‍ നിയന്ത്രിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് വാക്കേറ്റമുണ്ടാവുകയും പിന്നീട് കൂട്ടത്തല്ല് നടക്കുകയുമായിരുന്നു. മദ്യപിച്ചെത്തിയ സംഘമാണ് അക്രമം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും കൂത്തുപറമ്പ് പൊലീസ് പറഞ്ഞു.
കൂട്ടത്തല്ലിനിടെ ക്ഷേത്രമുറ്റത്തുണ്ടായിരുന്ന തെയ്യത്തെ പിടിച്ചു തള്ളിയത് അല്‍പ്പനേരം ഉത്സവത്തെ തടസപ്പെടുത്തി. പൊലീസെത്തി സ്ഥിതിശാന്തമാക്കിയതിനു ശേഷം തെയ്യം മഹോത്സവം പുനരാരംഭിക്കുകയും ക്ഷേത്ര ചടങ്ങുകള്‍ പതിവുപോലെ നടക്കുകയും ചെയ്തു.

പൊതുപരിപാടിയില്‍ സ്ത്രീകള്‍ക്ക് ആദ്യമായി പ്രവേശനം നല്‍കി സമസ്ത

പൊതുപരിപാടിയില്‍ സ്ത്രീകള്‍ക്ക് ആദ്യമായി പ്രവേശനം നല്‍കി സമസ്ത. നൂറാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് കാസര്‍കോട് കുണിയയില്‍ നടക്കുന്ന ഗ്ലോബല്‍ എക്സ്പോയിലാണ് സ്ത്രീകളെത്തിയത്. എക്സ്പോയില്‍ ജനുവരി 31, ഫെബ്രുവരി 1 എന്നീ തീയതികളില്‍ സ്ത്രീകളെ മാത്രമാണ് പ്രവേശിപ്പിച്ചത്.
ഫെബ്രുവരി 4,5,6,7,8 എന്നീ തീയതികളിലാണ് സമസ്തയുടെ നൂറാം വാര്‍ഷികാഘോഷം നടക്കുക. കുണിയയില്‍ ഇതിനായി പ്രത്യേക വേദി സജ്ജീകരിച്ചിട്ടുണ്ട്. ഫെബ്രുവരി നാലിന് വൈകുന്നേരം നാല് മണിക്കാണ് ഉദ്ഘാടനം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുക. സമാപന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ പങ്കെടുക്കും.

ഡി വിനയചന്ദ്രന്‍ പുരസ്കാരത്തിന് ജി ആര്‍ ഇന്ദുഗോപന്‍ അര്‍ഹനായി

പടിഞ്ഞാറേകല്ലട. കടപുഴ നവോദയ ഗ്രന്ഥശാല ഏര്‍പ്പെടുത്തിയ ഡി വിനയചന്ദ്രന്‍ പുരസ്കാരത്തിന് ജി ആര്‍ ഇന്ദുഗോപന്‍ അര്‍ഹനായി. ആനോ എന്ന നോവലിനാണ് പുരസ്കാരം. 25000 രൂപയാണ് അവാര്‍ഡ്. വിനയചന്ദ്രന്‍റെ ചരമ വാര്‍ഷിക ദിനമായ 11ന് വൈകിട്ട് 4.30ന് ഗ്രന്ഥസാലയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.

തരിശുനിലത്ത് പൊൻകതിർ, പടിഞ്ഞാറെ കല്ലടയിൽ കൊയ്ത്തുത്സവം നടന്നു

പടിഞ്ഞാറെ കല്ലട. കാലങ്ങളായി തരിശുകിടന്ന ചക്കുളം ഏലയിൽ വീണ്ടും കതിരണിഞ്ഞു. തരിശുനിലം കൃഷി പദ്ധതിയുടെ ഭാഗമായി ജാസ്മിൻ കോട്ടക്കുഴി അഞ്ച് ഏക്കർ പാടശേഖരത്ത് ഇറക്കിയ കൃഷിയുടെ കൊയ്ത്തുത്സവം ആവേശപൂർവ്വം നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത്കുമാർ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.


​ഒരുകാലത്ത് ഒന്നാം പൂവും രണ്ടാം പൂവും കൃഷി ചെയ്തിരുന്ന സജീവമായ പാടശേഖരമായിരുന്നു ചക്കുളം ഏല. എന്നാൽ ജലനിയന്ത്രണ സംവിധാനങ്ങൾ തകരാറിലായതോടെ കൃഷി തുടരാനാവാതെ കർഷകർക്ക് പാടം ഉപേക്ഷിക്കേണ്ടി വന്നു. വർഷങ്ങളോളം കൃഷി ഇറക്കാതെ കിടന്ന ഈ ഭൂമിയാണ് കഠിനാധ്വാനത്തിലൂടെ ജാസ്മിൻ കോട്ടക്കുഴി വീണ്ടും കൃഷിയോഗ്യമാക്കി മാറ്റിയത്. നൂറുമേനി വിളവാണ് ഈ സീസണിൽ പാടശേഖരത്ത് ലഭിച്ചിരിക്കുന്നത്.


​വലിയപാടം എൽ.പി. സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും കൊയ്ത്തുത്സവത്തിൽ പങ്കാളികളായി. പുതുതലമുറയ്ക്ക് കൃഷി നേരിട്ട് കണ്ടറിയാനുള്ള അവസരവും ചടങ്ങ് ഒരുക്കി. ദിനകർ കോട്ടക്കുഴി, സ്കൂൾ പ്രധാനാധ്യാപകൻ ബിജു, സുദർശനൻ, സാബു, ജാസ്മിൻ കോട്ടക്കുഴി, കൃഷി ഭവൻ ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മിൽ സഭയില്‍ ഏറ്റു മുട്ടൽ

ന്യൂഡെല്‍ഹി.രാഷ്ട്രപതിയുടെ നയ പ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്കിടെ ലോക്സഭയിൽ നാടകീയ സംഭവങ്ങൾ. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മിൽ  ഏറ്റു മുട്ടൽ.കരസേന മുൻ മേധാവി ജനറൽ എം എം നർവാനെയുടെ പുറത്തിറങ്ങാത്ത പുസ്തകത്തിലെ പരാമർശങ്ങൾ ആയുധമാക്കിയ രാഹുലിന്റെ പ്രസംഗം തടസ്സപ്പെടുത്തി. യാഥാർത്ഥ്യം ജനങ്ങളെ അറിയുന്നതിനെ പ്രധാനമന്ത്രി ഭയപ്പെടുന്നു എന്ന് രാഹുൽ.

ബി ജെ പി എം പി തേജസ്വി സൂര്യ കോൺഗ്രസിന്റെ രാജ്യസ്‌നേഹത്തെയും സംസ്‌കാരത്തെയും ചോദ്യം ചെയ്തതോടെയാണ് മറുപടിയുമായി രാഹുൽ ഗാന്ധി എഴുന്നേറ്റത്.

കരസേന മുൻ മേധാവി ജനറൽ എം എം നർവനെയുടെ പുറത്തിറങ്ങാത്ത പുസ്തകത്തെ കുറിച്ചുള്ള കാര വാൻ മാസികയിലെ ലേഖനം രാഹുൽ ഉദ്ധരിച്ചതോടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു എന്നീ കേന്ദ്ര മന്ത്രി സഭയിലെ മുതിർന്ന മൂന്ന് മന്ത്രിമാർ രംഗത്ത് വന്നു
പുറത്തിറങ്ങാത്ത പുസ്തകത്തിലെ കാര്യങ്ങൾ സഭയിൽ ഉന്നയിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് മന്ത്രിമാർ. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ആയിരുന്നു ഏറ്റുമുട്ടൽ.

ക്രമ പ്രശ്നം അംഗീകരിച്ച സ്പീക്കർ പലതവണ മൈക്ക് ഓഫാക്കിയും റൂളിംഗ് നടത്തിയും ഇടപെട്ടെങ്കിലും ഡോക്ലാം സംഘർഷത്തെ കുറിച്ചുള്ള പുസ്‌തകത്തിലെ ഭാഗം രാഹുൽ വർത്തിച്ചു.

രാഹുൽ രാജ്യത്തെ അപമാനിക്കുന്നുവെന്നും സൈനികരുടെ ആത്മവീര്യം കെടുത്തുന്നു എന്നുമുള്ള ആരോപണവുമായി മാധ്യമങ്ങളെ കണ്ടു.

മൂന്ന് തവണ സഭ തടസപ്പെട്ട ശേഷവും രാഹുൽ പിന്മാറാൻ തയ്യാറായില്ല.യാഥാർത്ഥ്യം ജനങ്ങൾ അറിയുന്നത് പ്രധാനമന്ത്രി യും പ്രതിരോധമന്ത്രിയും ഭയപ്പെടുന്നു എന്ന് രാഹുൽ.