Home Blog Page 1089

ശ്വാസമെടുക്കാതെ നിങ്ങൾ നടത്തുന്ന ധാർമിക പ്രസംഗങ്ങളിൽ കുറച്ചെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ ഒരു വേട്ടക്കാരന് സ്പേസ് ഒരുക്കും മുമ്പ് മിനിമം ഹോം വർക്ക് ചെയ്യണമായിരുന്നു,,ഹാഷ്മിക്കെതിരെ ലക്ഷ്മി പത്മ

ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി ട്വൻ്റി ഫോർ ന്യൂസ് ചാനലിൽ മാധ്യമപ്രവർത്തകൻ ഹാഷ്മി താജ് ഇബ്രാഹിം നടത്തിയ അഭിമുഖത്തെ ചൊല്ലി വിമർശനം ഉയരുന്നതിനിടെ ഹാഷ്മിയോട് ചോദ്യങ്ങളുമായി മാധ്യമപ്രവർത്തക ലക്ഷ്മി പദ്മ. രാഹുലിനെ പോലൊരു വേട്ടക്കാരനെ അഭിമുഖം ചെയ്യും മുൻപ് എന്തുകൊണ്ട് മിനിമമൊരു ഹോം വർക്ക് പോലും ചെയ്യാൻ ഹാഷ്മി തയ്യാറായില്ലെന്ന് ലക്ഷ്മി ചോദിച്ചു. ഹാഷ്മി താജ് ഇബ്രാഹിം ‘ചോദിക്കാതെപോയ ചില ചോദ്യങ്ങളും’ ലക്ഷ്മി പദ്മ പങ്കുവെച്ചിട്ടുണ്ട്. വായിക്കാം

‘മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ 24 മാധ്യമപ്രവർത്തകൻ ഹാഷ്മി താജ് ഇബ്രാഹിം ചോദിക്കാതെപോയ ചില ചോദ്യങ്ങൾ …സമാഹരിക്കാതെ പോയ തെളിവുകൾ

1.മൂന്നാമത്തെ പരാതിക്കാരിയിൽ നിന്നും സാമ്പത്തികവും സമ്മാനങ്ങളും സ്വീകരിച്ചില്ല എങ്കിൽ അവർ നടത്തിയിരിക്കുന്ന ബാങ്ക് ട്രാൻസ്ഫറുകളും ഓൺ ലൈൻ പേർച്ചസുകളും കൊറിയർ ഡിറ്റൈലുകളും എങ്ങനെ ആണ് രാഹുൽ മാങ്കൂട്ടത്തിന്റെ പേരിലേക്ക് ആകുന്നത്.കോടതിസമക്ഷമുള്ള തെളിവുകൾ ആണ്ഞാനിവിടെ പോസ്റ്റ് ചെയ്യുന്നത്

2.അതിജീവിതകൾക്കെതിരെ ദുർബല വാദമുഖങ്ങൾ ഉയർത്താൻ ഒരു മടിയും കാണിക്കാത്ത രാഹുൽ എന്തുകൊണ്ടാണ് ഗർഭഛിദ്രം അടക്കമുള്ള ഗുരുതര പരാതികളെ കുറിച്ച് മിണ്ടാത്തത് ? 3.തനിക്ക് ഉത്തരം ഇല്ലാത്ത കാര്യങ്ങൾ വരുമ്പോൾ അവയല്ലാം കോടതിയുടെ പരിഗണനയിൽ അല്ലേ എന്ന് ഉരുളുന്ന രാഹുൽ കോടതിയുടെ പരിഗണനയിൽ തെളിവുകൾ ആയി ഇരിക്കുന്ന ചാറ്റുകളെ പറ്റി തെറ്റിദ്ധാരണ ജനകമായ കാര്യങ്ങൾ പറയുന്നത് എങ്ങനെ?

4.പാലക്കാട്കാരി അല്ലാത്ത മൂന്നാം പരാതിക്കാരിയെ എന്തിന് രാഹുൽ ഫ്ലാറ്റ് വാങ്ങലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബിൽ ടെക് ഗ്രൂപ്പുമായി സംസാരിക്കാൻ ചുമതലപ്പെടുത്തണം?

5.തന്റെ ഫ്ലാറ്റിലേക്ക് വരുന്നത് സേഫ് ആണെന്ന് കരുതിയാണ് മൂന്നാം പരാതിക്കാരി അവിടേക്ക് വരാമെന്ന് ഏറ്റതെങ്കിൽ എന്തിനാണ് അവർ അവരുടെ സുഹൃത്തിനെയും രാഹുലിന്റെ സുഹൃത്തായ ഫെനിയെയും ഒപ്പം കൂട്ടണം എന്ന് ഈ ചാറ്റുകളിൽ പറയുന്നത്?(കോടതിയിൽ തെളിവായിരിക്കുന്ന ചാറ്റ് ന്റെ സ്ക്രീൻ ഷോട്ട് താഴെ) 6.പരാതിപ്പെട്ട മൂന്ന് പേരുമായും ഉഭയകക്ഷി സമ്മതപ്രകാരമാണ് ബന്ധമെന്ന് രാഹുൽ പറയുമ്പോഴും ഒരു രാഷ്ട്രീയ നേതാവിന് ഒരേ സമയം ഇതെങ്ങനെ സാധ്യമാകുമെന്ന ധാർമികമായ ചോദ്യം? ( ഈ കേസുകൾ നേരാംവണ്ണം പഠിച്ചെങ്കിൽ ഹാഷ്മിക്ക് അതിന് ആകുമായിരുന്നു )

അത്യന്തം നിഷ്ഠൂരമായ ലൈംഗിക അതിക്രമങ്ങൾ മാധ്യമമേഖലയിൽ തന്നെയുള്ള മറ്റ് സ്ത്രീകൾക്കെതിരെ ഉണ്ടായി എന്നറിഞ്ഞിട്ടും(ഇതുവരെയും പ്രാതിപ്പെടാത്തവർ)അവയിലെക്കൊന്നും പരോക്ഷമായ ഒരു ചോദ്യമുന പോലും ഹാഷ്മിയുടെ ഭാഗത്ത് നിന്നും ഉണ്ടാകാത്തത് എന്ത് കൊണ്ടാണ്? അതിജീവിതകൾ (പരാതിയുമായി എത്തിയവരും അല്ലാത്തവരും)സൈബർ ഇടങ്ങളിലും അല്ലാതെയും നേരിടുന്ന ആക്രമണങ്ങൾ നേരിട്ടറിയാവുന്ന ഹാഷ്മി..അവരൊക്കെ മരണക്കയത്തിലേക്ക് പോകാതെ പിടിച്ചു നിൽക്കുന്നതിന്റെ അധ്വാനം കുറെ ഒക്കെ മനസിലാക്കിയ ഹാഷ്മി അവരുടെയെല്ലാം ചങ്ക് തകരുമെന്ന് നല്ല ഉറപ്പുണ്ടായിട്ടും ഇങ്ങനെ ഒരു വേട്ടക്കാരന് സ്പേസ് ഒരുക്കും മുമ്പ് മിനിമം ഹോം വർക്ക് ചെയ്യണമായിരുന്നു.ശ്വാസമെടുക്കാതെ നിങ്ങൾ നടത്തുന്ന ധാർമിക പ്രസംഗങ്ങളിൽ കുറച്ചെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ മുറിവേറ്റ ഈ മനുഷ്യരെക്കൂടി ഒന്ന് കേൾക്കണമായിരുന്നു’,ലക്ഷ്മി പദ്മ കുറിച്ചു.

കാസര്‍കോട് പിതാവ് മകളെ വെട്ടിക്കൊന്ന സംഭവം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു, പ്രതി അറസ്റ്റിൽ

കാസര്‍കോട്: കാസര്‍കോട് മഞ്ചേശ്വരം തുമിനാട് പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന ആളും മരിച്ചു. വെട്ടേറ്റ് മരിച്ച പെണ്‍കുട്ടിയുടെ ബന്ധുവായ മഞ്ചേശ്വരം ഷേക്ക് അബ്ബ (55) ആണ് മരിച്ചത്. ഷേക്ക് അബ്ബയുടെ വീട്ടിൽ വെച്ചാണ് ഇന്നലെ രാത്രി ഉമ്മര്‍ ഫറൂഖ് തന്‍റെ മകളായ 18കാരി മറിയം ജുമൈലയെ വെട്ടിക്കൊലപ്പെടുത്തിയത്.

പെണ്‍കുട്ടിയുടെ മാതാവിന്‍റെ സഹോദരി ഭര്‍ത്താവാണ് മരിച്ച ഷേക്ക് അബ്ബ. തര്‍ക്കത്തിനിടെ ഷേക്ക് അബ്ബയെ ആണ് ഉമ്മര്‍ ഫാറൂഖ് ആദ്യം ആക്രമിച്ചത്. ഇതിനിടെയാണ് മറിയം ജുമൈലയ്ക്ക് വെട്ടേറ്റത്. ഷേയ്ക്ക് അബ്ബയുടെ കാലിനാണ് ഗുരുതരമായി പരിക്കേറ്റത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. കൊലപാതക കേസിൽ ഉമ്മര്‍ ഫറൂഖിനെ ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.

ഉമര്‍ ഫറൂഖിന്‍റെ അറസ്റ്റ് മഞ്ചേശ്വരം പൊലീസ് രേഖപ്പെടുത്തി. കൊലപാതകത്തിന് പുറമേ പെൺകുട്ടിയുടെ മാതാവ് താഹിറയെ കൊല്ലാൻ ശ്രമിച്ചതിന് കൊലപാതക ശ്രമവും അതിക്രമിച്ചു കടക്കൽ വകുപ്പുകളും പൊലീസ് ചുമത്തിയിട്ടുണ്ട്. ഭാര്യ സഹോദരിയുടെ വീട്ടിലെത്തിയാണ് പ്രതി കൊല നടത്തിയത്. ഇയാളെ ഇന്ന് സ്ഥലത്തെത്തിച്ച് തെളിവെടുക്കും. ജുമൈലയുടെ മൃതദേഹം നിലവില്‍ മഞ്ചേശ്വരത്തെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മറിയം ജുമൈലയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സ്വത്ത് തര്‍ക്കത്തിനിടെയുണ്ടായ സംഘർഷത്തിനിടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നതെന്നാണ് വിവരം.

പ്രതി ഉമർ ഫറൂഖും ഭാര്യ സഹോദരിയുടെ ഭര്‍ത്താവായ ഷേക്ക് അബ്ബയും തമ്മിലായിരുന്നു സ്വത്ത് തര്‍ക്കമുണ്ടായത്. ഭാര്യാസഹോദരിയുടെ ഭര്‍ത്താവിനെയാണ് ഇയാള്‍ ആദ്യം കുത്തിപ്പരിക്കേല്‍പ്പിച്ചത്. തുടര്‍ന്ന് ഭാര്യാസഹോദരിയെയും ആക്രമിച്ചു. പിതാവിന്‍റെ അതിക്രമം തടയാനെത്തിയതായിരുന്നു മറിയം. ഇതിനിടെയാണ് പെണ്‍കുട്ടിക്കും വെട്ടേറ്റത്. പ്രതി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. അടുത്തിടെ ലഹരി ഉപയോഗിച്ചെത്തി ഇയാള്‍ ഭാര്യയുമായി വഴക്കിട്ടിരുന്നു. ലഹരി ഉപയോഗിച്ചെത്തിയുള്ള വഴക്ക് പതിവായതോടെ ഉമറിനെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. വിദേശത്തായിരുന്ന ഉമര്‍ ഫറൂഖ് മൂന്ന് മാസം മുന്‍പാണ് നാട്ടിലെത്തിയത്.

ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ ഉണ്ടെന്നാണ് വിവരം. ഭാര്യയുമായി ഇയാള്‍ സ്ഥിരം വഴക്കിട്ടിരുന്നു. ഒരുഘട്ടത്തില്‍ വിവാഹമോചനമെന്ന തീരുമാനത്തില്‍ വരെ എത്തിയിരുന്നു. ബന്ധുക്കള്‍ ഇടപെട്ടായിരുന്നു പ്രശ്നം പരിഹരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് കൊലപാതകം നടന്നത്. നിലവിളി കേട്ട് സമീപവാസികള്‍ എത്തി നോക്കുമ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ ജുമൈലയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ജുമൈലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി ഉമറിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

സി ജെ റോയിയുടെ ജീവൻ എടുത്തത് ‘ടാക്സ് ടെററിസം’? ഐടി പരിശോധനയ്ക്കെതിരായ കേസ് റോയ് പിൻവലിച്ചത് എന്തിന്? വിശദാംശങ്ങൾ തേടി ഉദ്യോഗസ്ഥർ

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയും പ്രമുഖ വ്യവസായിയുമായ ഡോക്ടർ സി ജെ റോയിയുടെ മരണത്തിൽ വിശദാംശങ്ങൾ തേടി പ്രത്യേക സംഘം. ഐടി പരിശോധനയ്ക്കെതിരായ കേസ് റോയ് പിൻവലിച്ചത് എന്തിന് എന്ന ചോദ്യമാണ് ഉയരുന്നത്. ഡിസംബർ 16 നൽകിയ കേസ് 18ന് റോയ് പിൻവലിച്ചിരുന്നു. റോയിക്ക് മേൽ സമ്മർദ്ദം ഉണ്ടായിരുന്നോ എന്നും അന്വേഷണ സംഘം പരിശോധിക്കും.

ആദായ നികുതി വകുപ്പിൽ നിന്ന് കൂടുതൽ വിശദീകരണം തേടും. കോൺഫിഡന്റ് ഗ്രൂപ്പിന്റെ നിയമോപദേശകരെയും എസ്ഐടി കാണും. റോയിയുടെ മരണത്തിൽ കടുത്ത വിമർശനം ഉയർത്തുകയാണ് വ്യവസായ ലോകം. ആദായ നികുതി വകുപ്പ് നടപടികൾക്കെതിരെ ബെംഗളൂരുവിലെ വ്യവസായികൾ രം​ഗത്തെത്തി. ‘റോയിയുടെ ജീവൻ എടുത്തത് ടാക്സ് ടെററിസം’ ആണെന്നാണ് ഇവർ ഉയർത്തുന്ന ആരോപണം. നിരവധി വ്യവസായികൾ സമാന വെല്ലുവിളി നേരിടുന്നുമെന്ന് വ്യവസായി ടി വി മോഹൻദാസ് പൈ ആരോപിക്കുന്നു. ‘പരിശോധനയുടെ പേരിൽ ഉദ്യോഗസ്ഥരെ അഴിച്ചു വിടരുത്’ എന്നാവശ്യപ്പെട്ട് മോഹൻദാസ് ധനമന്ത്രിയെയും പ്രധാനമന്ത്രിയെയും ടാഗ് ചെയ്ത് ട്വീറ്റിട്ടു.

അതേസമയം, റോയ് മരിച്ച സമയത്ത് കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസിൽ ഉണ്ടായിരുന്ന ആദായ നികുതി ഉദ്യോഗസ്ഥരുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും. റോയിയുടെ ഓഫീസിലെ ജീവനക്കാരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. റോയിയുടെ ഓഫീസ് പ്രവർത്തിക്കുന്ന ഭാഗത്തെ സിസിടിവികൾ പ്രവർത്തനരഹിതമാക്കിയത് എന്തിനാണെന്നും ഉദ്യോഗസ്ഥർ ആരാഞ്ഞു. റോയിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് വിശദമായ പരിശോധനയും തുടങ്ങിയിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട റോയിയുടെ പ്രവർത്തനങ്ങളും പരിശോധിക്കുന്നുണ്ട്. സി ജെ റോയിയുടെ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് വരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ജീവനൊടുക്കാൻ സി ജെ റോയ് നേരത്തെ തീരുമാനിച്ചിരുന്നു?

സ്വന്തം ഓഫീസ് മുറിയിൽ ഡോക്ടർ സി ജെ റോയ് സ്വയം വെടിയുതിർത്ത് മരിച്ച് നാലാം ദിവസമാണ് അദ്ദേഹം ആത്മഹത്യ ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നു എന്ന വിവരം പുറത്തുവരുന്നത്. മരണത്തിനു മുമ്പ് തയ്യാറാക്കി വെച്ചിരുന്ന 9 പേജുകൾ അടങ്ങിയ കുറിപ്പാണ് കുടുംബാംഗങ്ങൾക്ക് ലഭിച്ചത്. കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്ച് തയ്യാറാക്കിയ കുറിപ്പിൽ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് നേരിട്ട തിരിച്ചടികളെ കുറിച്ച് അദ്ദേഹം വിവരിക്കുന്നുണ്ട്. പരിശോധനയുമായി ബന്ധപ്പെട്ട് നേരിട്ട സമ്മർദ്ദങ്ങളെക്കുറിച്ച് പരാമർശമുണ്ട്. മുന്നോട്ട് എങ്ങനെ പോകണമെന്ന നിർദ്ദേശങ്ങളും ഈ കുറിപ്പിൽ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. തന്നെ വിശ്വസിച്ച നിക്ഷേപകരെ ഒരു ഘട്ടത്തിലും കയ്യൊഴിയരുത് എന്നും റോയ് ആവശ്യപ്പെടുന്നു. അതേസമയം, കൊച്ചിയിൽ നിന്നെത്തിയ ആദായ നികുതി വകുപ്പുദ്യോഗസ്ഥർ ഡിസംബർ മൂന്നിന് നടത്തിയ റെയ്ഡിനെതിരെ കർണാടക ഹൈക്കോടതിയിൽ നൽകിയ ഹർജി റോയ് അപ്രതീക്ഷിതമായി പിൻവലിച്ചത് എന്തിനായിരുന്നുവെന്ന ചോദ്യവും ഉയരുകയാണ്.

അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാറിന് അന്തിമരൂപം

ന്യൂഡൽഹി: ഏറെ അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാറിന് അന്തിമരൂപം നൽകിയതായി പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രഖ്യാപനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൊണാൾഡ് ട്രംപ് ടെലിഫോണിലൂടെ സംസാരിച്ചു. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇരു രാജ്യങ്ങളും തമ്മിൽ നിർണായകമായ ധാരണയിലെത്തിയത്.

ട്രംപ് ഭരണകൂടം ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 50 ശതമാനം ഉയർന്ന താരിഫ് ചുമത്തിയിരുന്ന പശ്ചാത്തലത്തിലാണ് ഈ കരാർ. ഈ താരിഫുകളിൽ 25 ശതമാനം റഷ്യയുമായുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ വ്യാപാരത്തിന്മേലായിരുന്നു. ഇത് റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് പരോക്ഷമായി പണം നൽകുന്നുവെന്ന് യുഎസ് ആരോപിച്ചു

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ഡൊണാൾഡ് ട്രംപ് ഈ വിവരം പങ്കുവെച്ചത്. ‘ഇന്ന് രാവിലെ ഇന്ത്യയുടെ പ്രധാനമന്ത്രി മോദിയുമായി സംസാരിക്കാൻ കഴിഞ്ഞത് അഭിമാനകരമാണ്. അദ്ദേഹം എന്റെ ഏറ്റവും വലിയ സുഹൃത്തുക്കളിൽ ഒരാളും തന്റെ രാജ്യത്തിന്റെ ശക്തനും ആദരണീയനുമായ നേതാവുമാണ്’ എന്നായിരുന്നു ട്രംപ് കുറിച്ചത്. ‘വ്യാപാരവും റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതും ഉൾപ്പെടെ പല വിഷയങ്ങളെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താനും അമേരിക്കയിൽ നിന്നും, ഒരുപക്ഷേ വെനസ്വേലയിൽ നിന്നും കൂടുതൽ എണ്ണ വാങ്ങാനും അദ്ദേഹം സമ്മതിച്ചു. ഇത് യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കും’ ട്രംപ് പോസ്‌റ്റിൽ പറയുന്നു. പ്രധാനമന്ത്രി മോദിയോടുള്ള സൗഹൃദവും ബഹുമാനവും, അദ്ദേഹത്തിന്റെ അഭ്യർത്ഥനയും പരിഗണിച്ച്, യുഎസും ഇന്ത്യയും തമ്മിൽ വ്യാപാര കരാറിന് ധാരണയായതായി ട്രംപ് പറഞ്ഞു. ഇതനുസരിച്ച് യുഎസ് ഈടാക്കിയിരുന്ന 25 ശതമാനം തീരുവ ഉടനടി 18 ശതമാനം ആയി കുറയ്ക്കും. യുഎസിനെതിരായ തീരുവകളും തീരുവ ഇതര തടസങ്ങളും പൂജ്യമാക്കി കുറയ്ക്കാൻ ഇന്ത്യയും സമ്മതിച്ചു.

ഒരു രക്ഷിതാക്കളും ഇത്തരത്തില്‍ അശ്രദ്ധ കാണിക്കരുത്, ദൈവം ആണ് ഇടപെട്ടത്, എന്‍റെ കൈകളല്ല, ഷിനോജ്

കോഴിക്കോട്: കൊടിയത്തൂരില്‍ ബസ് അപകടത്തില്‍ നിന്ന് കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച്‌ സ്വകാര്യ ബസിന്‍റെ ഡ്രൈവര്‍ ഷനോജ്.

കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സംഭവം മനസിന് വലിയ ആഘാതമുണ്ടാക്കിയെന്നും രണ്ടു ദിവസം ജോലിക്ക് പോയില്ലെന്നും ബസ് ഡ്രൈവര്‍ ഷനോജ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിനുശേഷം ഇന്നാണ് ബസില്‍ വീണ്ടും ജോലിക്ക് കയറുന്നതെന്നും ഒരു രക്ഷിതാക്കളും ഇത്തരത്തില്‍ അശ്രദ്ധ കാണിക്കരുതെന്നും ദൈവം ആണ് ഇടപെട്ടതെന്നും തന്‍റെ കൈകളല്ലെന്നും ഷനോജ് പറഞ്ഞു. ഇടതുവശത്ത് ഓട്ടോ നിര്‍ത്തിയത് കണ്ടിരുന്നു. അവിടെ നിന്ന് റോഡിന്‍റെ അപ്പുറത്തുണ്ടായിരുന്ന അമ്മയുടെ അടുത്തേക്ക് കുഞ്ഞ് ഓടുകയായിരുന്നു.



ഓട്ടോയുടെ മറവില്‍ നിന്ന് കുഞ്ഞ് വരുന്നത് കണ്ടയുടനെ ബസ് ചവിട്ടി വെട്ടിച്ച്‌ മാറ്റുകയായിരുന്നുവെന്നും എന്തോ ഭാഗ്യം കൊണ്ട് നൂലിട വ്യത്യാസത്തില്‍ കുഞ്ഞിനെ തട്ടാതെ നിന്നുവെന്നും ഷനോജ് പറഞ്ഞു. സംഭവം വലിയ ഷോക്കായിപ്പോയി. വീട്ടില്‍ തനിക്കും ഇതുപോലെ രണ്ട് ചെറിയ കുട്ടികളുണ്ട്. വെള്ളിയാഴ്ച നടന്ന സംഭവത്തിന്‍റെ സിസിടിവി ദൃശ്യം ഇന്നാണ് ഗ്രൂപ്പുകളിലിട്ടത്. രക്ഷിതാക്കള്‍ അറിയട്ടെയെന്ന് കരുതിയാണ് വീഡിയോ ഷെയര്‍ ചെയ്തതെന്നും ഷനോജ് പറഞ്ഞു. മലയാളികള്‍ അല്ലെന്നും ഇതരസംസ്ഥാനക്കാരാണെന്നും ആരായാലും ഇത്തരത്തില്‍ റോഡില്‍ കുട്ടികളെ അശ്രദ്ധമായി കൊണ്ടുനടക്കരുതെന്നും ഷനോജ് പറയുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഷനോജിനെ അഭിനന്ദിച്ച്‌ നിരവധി കോളുകളാണ് ലഭിക്കുന്നത്.



ബസ് അപകടത്തില്‍ നിന്ന് കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെടുന്നതിന്‍റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് നേരത്തെ പുറത്തുവന്നത്. കോഴിക്കോട് കൊടിയത്തൂരിലാണ് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസ് അപകടത്തില്‍ നിന്ന് കുഞ്ഞ് തലനാരിഴക്ക് രക്ഷപ്പെട്ട സംഭവം ഉണ്ടായത്. സ്വകാര്യ ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് കുഞ്ഞ് രക്ഷപ്പെടാൻ കാരണമായത്. കൊടിയത്തൂരിലെ ഷനോജ് ആണ് ബസ് ഓടിച്ചിരുന്നത്. റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഓട്ടോറിക്ഷയില്‍ നിന്ന് ഇറങ്ങി റോഡിന്‍റെ മറുഭാഗത്തേക്ക് കുഞ്ഞ് ഓടിപോവുകയായിരുന്നു. ഇതിനിടയിലാണ് സ്വകാര്യ ബസ് വന്നത്. കുഞ്ഞിനെ കണ്ടതും ബസ് ഡ്രൈവര്‍ ബസ് വലതുവശത്തേക്ക് അല്‍പ്പം മാറ്റി സഡൻ ബ്രേക്കിട്ട് നിര്‍ത്തുകയായിരുന്നു.

ബസിന്‍റെ പിൻചക്രമുള്ള ഭാഗം കുഞ്ഞിനെ തൊട്ടുതൊട്ടില്ല എന്ന നിലയിലായിരുന്നു. ബസ് കണ്ടതും കുഞ്ഞ് ഉടനെ തിരിച്ച്‌ ഓട്ടോ നിന്നിരുന്ന ഭാഗത്തേക്ക് ഓടിപ്പോവുകയായിരുന്നു. ഈ സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കുട്ടി മാതാപിതാക്കള്‍ക്കൊപ്പം ഓട്ടോയില്‍ വന്നിറങ്ങുകയായിരുന്നു. കുട്ടിയുടെ മാതാവ് ആദ്യം റോഡ് മുറിച്ച്‌ കടന്നുപോയി. ഈ സമയം പിതാവ് ഓട്ടോയിലിരുന്ന് പണം നല്‍കുന്നതിനിടെ കുട്ടി അമ്മയുടെ അരികിലെത്താൻ റോഡ് മുറിച്ച്‌ കടക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും ഇതിനിടെയാണ് അപകടമുണ്ടായതെന്നുമാണ് വിവരം.

ടൂറിസ്റ്റ് ബസിന് തീപിടിച്ചു

ടൂറിസ്റ്റ് ബസിന് തീപിടിച്ചു. കോട്ടയം മുണ്ടക്കയത്ത് ആണ് സംഭവം. ബസ് പൂര്‍ണമായി കത്തിനശിച്ചു. യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി. കൊച്ചിയില്‍നിന്ന് പോയ ബസില്‍  40 പേരാണ് ഉണ്ടായിരുന്നത്.
യാത്രക്കാരെ പൂര്‍ണമായും അതിവേഗത്തില്‍ പുറത്തിറക്കിയതിനാല്‍ ആര്‍ക്കും  പരുക്കോ പൊള്ളലുകളോ ഇല്ല. 

തമിഴ്നാട്ടിലെ വിനോദയാത്രയ്ക്ക് ശേഷം മധുരയില്‍ നിന്ന് രാത്രിയില്‍ പുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ മൂന്നരയോടെയാണ് ബസിന് തീ പിടിച്ചത്. ബസിന്‍റെ പിന്‍വശത്തെ ടയറിന്‍റെ ഭാഗത്ത് നിന്ന് പൊട്ടിത്തെറിയുണ്ടായത്. ഉടന്‍തന്നെ ബസ് നിര്‍ത്തി ഡ്രൈവര്‍ പരിശോധിച്ചു. യാത്രക്കാരെയും പുറത്തിറക്കി. 10 മിനിറ്റിനുള്ളില്‍ ബസിന് തീ പിടിക്കുകയായിരുന്നു. അഗ്നിരക്ഷാ സേന പ്രവര്‍ത്തകര്‍എത്തുന്നതിന് മുന്‍പ് തന്നെ ബസ് പൂര്‍ണമായും കത്തി നശിച്ചിരുന്നു. കാഞ്ഞിരപ്പള്ളിയില്‍ നിന്നുള്ള അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്.

പാചകവാതക അദാലത്ത് 16ന്

ജില്ലയിലെ ഗാര്‍ഹിക പാചകവാതകഉപഭോക്താക്കളുടെ പരാതി പരിഹരിക്കുന്നതിന്   ഫെബ്രുവരി 16ന് വൈകിട്ട് നാലിന്  ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍   കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് നടത്തും. ഓയില്‍ കമ്പനി പ്രതിനിധികള്‍, പാചകവാതകവിതരണ ഏജന്‍സി പ്രതിനിധികള്‍, പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍, ഉപഭോക്തൃ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. ഫെബ്രുവരി 12ന് വൈകിട്ട് അഞ്ചുവരെ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്ക് പരാതി നല്‍കാമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാഹര്‍ജി ഇന്ന് പരിഗണിക്കും

കൊല്ലം: ശബരിമല സ്വർണ്ണകൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാഹര്‍ജി കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. മനഃപൂർവ്വം കേസിൽ കുടുക്കിയതാണെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. ആരോഗ്യസ്ഥിതി മോശമാണ് എന്നതുകൂടി ഇത്തവണ ഉന്നയിച്ചേക്കും.


ജയിലിലായതിന് പിന്നാലെ തന്ത്രിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. ഇതോടെ കഴിഞ്ഞമാസം 10ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിൽ അഡ്മിറ്റ് ചെയ്തു. പരിശോധനയുടെ അടിസ്ഥാനത്തിലാണ് ആൻജിയോഗ്രാം ചെയ്യാൻ തീരുമാനിച്ചത്. ആൻജിയോഗ്രാമിന് ശേഷം തുടർചികിത്സയുടെ കാര്യത്തിൽ തീരുമാനമെടുക്കും.


കേസിൽ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചതും സ്വർണ്ണം കടത്താൻ മൗനാനുവാദം നൽകിയതും തന്ത്രിയാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇരുവരും തമ്മിൽ വർഷങ്ങളായുള്ള അടുത്ത ബന്ധമുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിക്കും. തന്ത്രിയുടെ അറസ്റ്റോടെ കേസിൽ കൂടുതൽ ഉന്നതരുടെ പങ്ക് വ്യക്തമാകുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

കെ. ആര്‍. നാരായണന്‍ നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വന്‍ തീപിടിത്തം

കോട്ടയത്തെ കെ. ആര്‍. നാരായണന്‍ നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വന്‍ തീപിടിത്തം. തിങ്കളാഴ്ച രാത്രി 7.30ഓടെയാണ് ഷൂട്ട് ഫ്ളോറില്‍ പുക ഉയരുന്നതായി ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ ഫയര്‍ഫോഴ്സില്‍ വിവരം അറിയിച്ചു. പാമ്പാടി ഫയര്‍ സ്റ്റേഷനില്‍ നിന്നും അഗ്‌നിരക്ഷാ സേന എത്തി തീ അണച്ചു.

പ്രത്യേക ഷീറ്റ് കൊണ്ട് നിര്‍മ്മിച്ച വലിയ ഹാളിനുള്ളിലാണ് ഷൂട്ടിങ് ഫ്ളോര്‍ നിര്‍മ്മിച്ചിരിക്കുന്നത്. വിവിധ തരത്തിലുള്ള കാര്‍ഡ് ബോര്‍ഡുകളുപയോഗിച്ച് ഷൂട്ടിങ്ങിനായി കാര്‍ഡ് ബോര്‍ഡുകളുപയോഗിച്ച് കെട്ടിടങ്ങളും, വീടുകളും, റോഡുകളും താല്കാലികമായി നിര്‍മിച്ചിരുന്നു. ഇതിലാണ് തീ പിടുത്തമുണ്ടായത്.

അഗ്‌നിരക്ഷാ സേന എത്തി വെള്ളമുപയോഗിച്ച് തീ അണച്ചു. തുടര്‍ന്ന് കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ഫയര്‍ എക്സിംഗ്യൂഷര്‍ ഉപയോഗിച്ച് തീ പൂര്‍ണ്ണമായും കെടുത്തി. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.

മലയാളി വ്യവസായിയുടെ കാലില്‍ വെടിവെച്ച് ആറ് ലക്ഷം കവര്‍ന്നു

ഹൈദരാബാദ്/കോഴിക്കോട്: മലയാളി വ്യവസായിയുടെ കാലില്‍ വെടിവെച്ച് ആറ് ലക്ഷം കവര്‍ന്നു. കോഴിക്കോട് സ്വദേശിയും വസ്ത്രവ്യാപാരിയുമായ റിന്‍ഷിദ് പിവി ആണ് ആക്രമണത്തിനിരയായത്. ഹൈദരാബാദിലെ കോട്ടിയില്‍ വെച്ചാണ് സംഭവം.

കാലില്‍ വെടിയേറ്റ റിന്‍ഷാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. രണ്ടു പേര്‍ ചേര്‍ന്നാണ് കവര്‍ച്ച നടത്തിയതെന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് പറയുന്നു. എസ്ബിഐയുടെ എടിഎം വഴി പണം നിക്ഷേപിക്കുന്നതിനിടെയായിരുന്നു അക്രമണം.

ജനുവരി 7നാണ് കച്ചവടത്തിനായി വസ്ത്രങ്ങള്‍ വാങ്ങാന്‍ റിന്‍ഷാദ് ഹൈദരാബാദിലെത്തിയത്. എന്നാല്‍ നടക്കാത്തതിനെ തുടര്‍ന്ന് റിന്‍ഷിദിന്റെ സഹോദരന്‍ പണം ബാങ്കില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ജനുവരി 31 രാവിലെ സുഹൃത്തിനൊപ്പം ബൈക്കിലെത്തി പണം എ.ടി.എമ്മില്‍ നിക്ഷേപിക്കുന്നതിനിടെ രണ്ട് അജ്ഞാതര്‍ അവിടേക്ക് എത്തുകയായിരുന്നു. അതിലൊരാള്‍ തോക്കെടുത്ത് റിന്‍ഷിദിനു നേര്‍ക്ക് രണ്ട് തവണ വെടിയുതിര്‍ത്തുവെന്ന് പൊലീസ് പറഞ്ഞു. പണവുമായി കടക്കുന്നതിനിടെ റിന്‍ഷിദ് വന്ന ബൈക്കിന്റെ താക്കോലും എടുത്തു.

ആക്രമണത്തിനു ശേഷം ചാദര്‍ഗഡിലേക്കും അവിടെ നിന്ന് കച്ചിഗുഡയിലേക്കും കടന്ന പ്രതികള്‍ വസ്ത്രങ്ങള്‍ മാറ്റിയ ശേഷം വാഹനം ഉപേക്ഷിച്ച് കളഞ്ഞുവെന്നാണ് പൊലീസ് കണ്ടെത്തല്‍. പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച റിന്‍ഷിദ് അപകട നില തരണം ചെയ്തു. പ്രതികളെ പിടികൂടുന്നതിനായി സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ പരിശോധിച്ചു വരികയാണ്.