Home Blog Page 1083

കെ. സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് മത്സരിക്കും? ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശം

മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ കെ. സുരേന്ദ്രന്‍ മത്സരിക്കണമെന്ന് ബിജെപി ദേശീയ നേതൃത്വം നിര്‍ദ്ദേശിച്ചു. ഇതോടൊപ്പം കാസര്‍ഗോഡ് ജില്ലയുടെ തെരഞ്ഞെടുപ്പ് ഏകോപന ചുമതലയും കെ. സുരേന്ദ്രന് നല്‍കാന്‍ തീരുമാനമായി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറില്‍ താഴെ വോട്ടുകളുടെ വ്യത്യാസത്തിലാണ് കെ. സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്.

വടക്കന്‍ കേരളത്തില്‍ മുതിര്‍ന്ന നേതാക്കളുടെ അഭാവമുണ്ടെന്ന് സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍ മത്സരിക്കുന്നതാണ് ഉചിതമെന്ന നിലപാട് ബിജെപി കര്‍ണാടക ഘടകവും മുന്നോട്ടുവച്ചത്. മഞ്ചേശ്വരത്ത് രണ്ടുതവണ കെ. സുരേന്ദ്രന്‍ പരാജയപ്പെട്ടത് വളരെ കുറഞ്ഞ വോട്ടുകളുടെ വ്യത്യാസത്തിലായിരുന്നുവെന്നും നേതൃത്വം വിലയിരുത്തി.

എ ക്ലാസ് മണ്ഡലമായി കണക്കാക്കുന്ന മഞ്ചേശ്വരത്ത് സംസ്ഥാന തലത്തിലെ മുതിര്‍ന്ന നേതാക്കളെ തന്നെ മത്സരിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് കെ. സുരേന്ദ്രന്‍ ജില്ലയില്‍ സജീവമാകുന്നത്. തുടര്‍ന്നാണ് കാസര്‍ഗോഡ് ജില്ലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ദേശീയ നേതൃത്വം കെ. സുരേന്ദ്രനോട് നിര്‍ദ്ദേശം നല്‍കിയത്.

അതേസമയം, ജയസാധ്യത കൂടുതലുള്ള വട്ടിയൂര്‍ക്കാവ് അല്ലെങ്കില്‍ തൃശ്ശൂര്‍ മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് കെ. സുരേന്ദ്രന്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നുവെങ്കിലും, ദേശീയ നേതൃത്വത്തിന്റെ തീരുമാനപ്രകാരം മഞ്ചേശ്വരത്തെയാണ് അദ്ദേഹത്തിന്റെ മണ്ഡലമായി പരിഗണിച്ചിരിക്കുന്നത്.

കുന്നത്തൂർ താലൂക്കിൽ വാഹനാപകടങ്ങൾ തുടർക്കഥ:കർശന പരിശോധനയുമായി ആർടിഒ എൻഫോഴ്സ്മെന്റ് വിഭാഗം

കുന്നത്തൂർ:കുന്നത്തൂർ താലൂക്കിൽ വാഹനാപകടങ്ങൾ തുടർക്കഥയായതോടെ കർശന പരിശോധനയുമായി ആർടിഒ എൻഫോഴ്സ്മെന്റ് വിഭാഗം രംഗത്ത്.
ചക്കുവള്ളി,ഏഴാംമൈൽ,സിനിമാപറമ്പ് കുന്നത്തൂർ പാലം മേഖലകളിലാണ് അപകടങ്ങൾ പതിവായിരിക്കുന്നത്.ഏഴാംമൈൽ സിനിമാപറമ്പ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നടന്ന പ്രത്യേക വാഹന പരിശോധനയിൽ ലൈസൻസില്ലാതെ വാഹനം ഓടിച്ച നിരവധിപേർ പിടിയിലായി.അപകടങ്ങൾ വർദ്ധിക്കുന്നതിൽ നാട്ടുകാരുടെ വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി.വാഹനങ്ങളുടെ ഫോട്ടോയെടുത്ത് മൊബൈൽ വഴി പിഴയൊടുക്കാൻ നോട്ടീസ് അയക്കുന്ന രീതി താൽക്കാലികമായി നിർത്തിവച്ചു.പകരം എല്ലാ വാഹനങ്ങളും നേരിട്ട് തടഞ്ഞുനിർത്തി രേഖകൾ പരിശോധിക്കുന്ന രീതിയാണ് എൻഫോഴ്സ്മെന്റ് സ്വീകരിച്ചിരിക്കുന്നത്.

വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്നും എല്ലാ വാഹനങ്ങളെയും പരിശോധനയ്ക്ക് വിധേയമാക്കാനാണ് ശ്രമിക്കുന്നതെന്നും ആർടിഒ (എൻഫോഴ്സ്മെന്റ്) എ.കെ ദിലു അറിയിച്ചു.പരിശോധനയിൽ പിടിയിലായവരിൽ വലിയൊരു വിഭാഗം കൗമാരക്കാരാണ്.ലൈസൻസില്ലാതെ കുട്ടികൾ വാഹനം നിരത്തിലിറക്കുന്നത് ഗൗരവകരമായ കുറ്റമാണെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.പലപ്പോഴും ഇതിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് രക്ഷിതാക്കൾ ബോധവാന്മാരല്ല.

മക്കൾക്ക് വാഹനം നൽകുന്ന രക്ഷിതാക്കൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കിആർടിഒ എ.കെ ദിലുവിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എം.വി.ഐമാരായ ഗുരുദാസ്,അഭിലാഷ്,എ.എം.വി.ഐ മാരായ അഭിറാം,ശ്രീപ്രസാദ് എന്നിവർ പങ്കെടുത്തു. മേഖലയിലെ അപകടസാധ്യത കുറയ്ക്കുന്നതിനായി വരും ദിവസങ്ങളിലും മിന്നൽ പരിശോധനകൾ തുടരാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം

അംബികോദയം ഹയർ സെക്കൻഡറി സ്കൂളിൽ ‘ട്വിൻസ് ഡേ’ ആഘോഷവും ഫ്ലാഷ് മോബും സംഘടിപ്പിച്ചു

നേടിയവിള . വേറിട്ട കാഴ്ചകളും ആഘോഷങ്ങളുമായി അംബികോദയം ഹയർ സെക്കൻഡറി സ്കൂളിൽ ‘ട്വിൻസ് ഡേ’ (ഇരട്ടകളുടെ ദിനം) ആചരിച്ചു. സ്കൂളിൽ പഠിക്കുന്ന 14 ജോടി ഇരട്ടക്കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച പരിപാടി വിദ്യാലയത്തിന് പുതുമയുള്ള അനുഭവമായി.

കുട്ടികൾക്ക് സ്കൂളിൽ പ്രത്യേക ആദരവ് നൽകുകയും ഫ്ലാഷ് മോബ് നടത്തുകയും ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ എസ്. ലേഖ പി.ടി.എ പ്രസിഡന്റ്, സ്കൂൾ ഹെഡ്മിസ്ട്രസ് (HM), അധ്യാപകർ, അധ്യാപക വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് ഇരട്ടക്കുട്ടികൾക്ക് അനുമോദനങ്ങൾ നൽകി. കുട്ടികളുടെ സവിശേഷതകളെ തിരിച്ചറിയാനും പ്രോത്സാഹിപ്പിക്കാനും ഇത്തരം ദിനാചരണങ്ങൾ സഹായിക്കുമെന്ന് ചടങ്ങിൽ വ്യക്തമാക്കി.പി.ടി.എ.പ്രസിഡന്റ് അജിത് കുമാർ , ഹെഡ്മിസ്ട്രസ് – പ്രസീത. ജി.
അദ്ധ്യാപകൻ ഗിരീഷ് നന്ദി പറഞ്ഞു

പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

കൊല്ലം: നീരാവില്‍ സ്വദേശിനിയായ വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു. നീരാവില്‍ കുളങ്ങര വീട് രാധാമണി (53) ആണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. രാധാമണി വീടിന്റെ മുറ്റം വൃത്തിയാക്കി കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി പാമ്പിന്റെ കടിയേറ്റത്. ഉടന്‍ തന്നെ ബന്ധുക്കളും, അയല്‍വാസികളും ചേര്‍ന്ന് ഇവരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലോട്ടറി കച്ചവടം നടത്തിയാണ് ഇവര്‍ തന്റെ കുടുംബം പോറ്റിയിരുന്നത്. പരേതനായ രവീന്ദ്രനാണ് ഭര്‍ത്താവ്. മകള്‍: രമ്യ.

ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വില്‍പ്പനയിലെ ക്രമക്കേടില്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ അറസ്റ്റില്‍

പത്തനംതിട്ട: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വില്‍പ്പനയിലെ ക്രമക്കേടില്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി സുനില്‍കുമാര്‍ പോറ്റിയാണ് അറസ്റ്റിലായത്. വിജിലന്‍സിന്റെ പത്തനംതിട്ട യൂണിറ്റാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിലെ 13 ആം പ്രതിയാണ് സുനില്‍കുമാര്‍ പോറ്റി. ഉദ്യോഗസ്ഥരും ജീവനക്കാരുമടക്കം ആകെ 33 പേരാണ് കേസിലുള്ളത്. സുനില്‍കുമാര്‍ പോറ്റിയെ ഇന്ന് കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. ആടിയ ശിഷ്ടം നെയ്യ് വിതരണത്തിന്റെ ചുമതലക്കാരന്‍ ആയിരുന്നു സുനില്‍കുമാര്‍ പോറ്റി. പത്തനംതിട്ട വിജിലന്‍സ് ഓഫീസിലേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്യുന്നതിനിടെയാണ് ഇയാളെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്.

ആടിയ ശിഷ്ടം നെയ്യ് കൗണ്ടറിന്റെ ചുമതലയാണ് ഇയാള്‍ക്ക് ഉണ്ടായിരുന്നത്. എമ്പതിനായിരത്തിലധികം പാക്കറ്റ് നെയ്യുകള്‍ വിറ്റ വകയിലുള്ള പണം ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ടില്‍ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നെയ്ക്കൊള്ളയില്‍ കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഈ വകയില്‍ 25 ലക്ഷത്തോളം രൂപ നഷ്ടമുണ്ടായെന്നാണ് കണ്ടെത്തല്‍.
സംഭവവുമായി ബന്ധപ്പെട്ട് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ സുനില്‍കുമാര്‍ പോറ്റിയെ സസ്‌പെന്‍ഡ് ചെയ്തതായി ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. നെയ്യ് വില്‍പ്പനയിലെ പണം ബോര്‍ഡ് അക്കൗണ്ടിലേക്ക് എത്താതിരുന്നതില്‍ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ശബരിമല പോലെയുള്ള തീര്‍ത്ഥാടന കേന്ദ്രത്തിലെ ക്രമക്കേടുകള്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വ്യക്തമാക്കിയ കോടതി, അന്വേഷണ റിപ്പോര്‍ട്ട് നിശ്ചിത സമയത്തിനുള്ളില്‍ സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിരുന്നു.

മറ്റേമോനല്ല പൊന്നുമോന്‍, ശോഭാസുരേന്ദ്രന്‍

കണ്ണൂര്‍: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ വിവാദമായ മറ്റേ മോനെ പ്രയോഗത്തില്‍ വിശദീകരണവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. സുരേഷ് ഗോപിയുടെ പ്രയോഗത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് ശോഭാ സുരേന്ദ്രന്‍ സ്വീകരിച്ചത്. കേരളത്തില്‍ എയിംസ് അനുവദിക്കുന്നതിനോടനുബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയാണ് ഒരു പരിപാടിയില്‍ വച്ച് സുരേഷ് ഗോപി സിനിമ സ്‌റ്റൈലില്‍ ‘കേരളത്തില്‍ എയിംസ് വരും മറ്റേ മോനെ’… എന്ന് പറഞ്ഞത്. തന്നെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയായിട്ടായിരുന്നു സുരേഷ് ഗോപിയുടെ ഈ പ്രയോഗം. ഇത് പിന്നീട് വലിയ വിവാദമാവുകയും ചെയ്തു.

ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ കേരളത്തിന് എയിംസ് അനുവദിക്കാതിരുന്നതോടെ സുരേഷ് ഗോപിയുടെ ‘മറ്റേ മോനേ’ പ്രയോഗം വലിയ ട്രോളായി മാറുകയും ചെയ്തു. സമൂഹ മാധ്യമങ്ങളില്‍ ഇതേ പ്രയോഗം സുരേഷ് ഗോപിയോട് തിരിച്ച് ചോദിക്കുന്നത് രീതിയിലാക്കി എതിരാളികള്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് ശോഭാ സുരേന്ദ്രന്‍ സുരേഷ് ഗോപിക്ക് പിന്തുണയുമായി എത്തിയത്. ഒരു വാര്‍ത്താ സമ്മേളനത്തിനിടെ ‘മറ്റേ മോനേ’ പ്രയോഗം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിട്ടായിരുന്നു ശോഭ സുരേന്ദ്രന്‍ സുരേഷ് ഗോപിയെ അനുകൂലിച്ചത്.

ശോഭാ സുരേന്ദ്രന്റെ വാക്കുകള്‍: സുരേഷ് ഗോപി പൊന്നുമോനെ എന്നു വിളിച്ചു എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഞാന്‍ നേരിട്ട് കേട്ടിട്ടില്ല. ഒരാള്‍ ഏത് വാക്ക് ഉപയോഗിക്കുന്നു എന്നതല്ല ഞാന്‍ കണക്കാക്കുന്നത്. ശ്രീമാന്‍ സുരേഷ് ഗോപി എത്രയോ പാവങ്ങളെ സംരക്ഷിക്കുന്ന ഒരാളാണ്. എനിക്ക് ഒട്ടേറെ അനുഭവങ്ങളുണ്ട്. ഞാന്‍ ചൂണ്ടിക്കാട്ടിയിട്ടുള്ള എത്രയോ കുട്ടികള്‍ക്ക് വേണ്ടി അദ്ദേഹം പഠനത്തിന് സഹായം ചെയ്തിട്ടുണ്ട്. വീടുകള്‍ വച്ച് കൊടുത്തിട്ടുണ്ട്. സ്വന്തം കയ്യില്‍ നിന്ന് പൈസ എടുത്തു കൊടുത്തിട്ടുണ്ട്. അദ്ദേഹത്തിന് ഒരു പക്ഷേ രാഷ്ട്രീയക്കാരെ പോലെ കൃത്യതയോടെ വാക്കുകള്‍ പറയാന്‍ സാധിക്കുന്നുണ്ടോ എന്നത് ഞാനല്ല പറയേണ്ടത്. അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് നോക്കിയാല്‍ മതി. സുരേഷ് ഗോപി എന്താണ് പറഞ്ഞത്, ഞാന്‍ ടൂറിസം വകുപ്പിന്റെ കേന്ദ്ര മന്ത്രിയാണ്. ടൂറിസത്തിന് ഏറ്റവും സാധ്യതയുള്ള കേരളത്തിലെ വകുപ്പ് മന്ത്രി ഒരു കാര്യവും എന്നോട് ആവശ്യപ്പെടുന്നില്ല. കേന്ദ്രത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തിക്കൊണ്ട് ടൂറിസം മേഖലയെ വളര്‍ത്തണ്ടേ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ആ ചോദ്യം ചോദിക്കുന്ന സുരേഷ് ഗോപിയെ അംഗീകരിക്കണ്ടേ? – ഇതായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം.

വീട് പൂട്ടി യാത്രപോകുന്നവർക്ക് അക്കാര്യം പോലീസിനെ അറിയിക്കാൻ പൊല്‍ ആപില്‍ സൗകര്യം

തിരുവനന്തപുരം. വീട് പൂട്ടി യാത്രപോകുന്നവർക്ക് അക്കാര്യം പോലീസിനെ അറിയിക്കാൻ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ ആപ്പിലെ ‘Locked House Information” സൗകര്യം വിനിയോഗിക്കാം.

വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ പോലീസ് പ്രത്യേക നിരീക്ഷണം നടത്തും. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും.
യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയൽവാസികളുടെയോ പേരും ഫോൺ നമ്പറും എന്നിവ ആപ്പിൽ നൽകേണ്ടതുണ്ട്. ഗൂഗിൾപ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും പോൽ ആപ്പ് ലഭ്യമാണ്.

10 വര്‍ഷം ഒളിവിൽ; കർഷകരുടെ പേരിൽ വ്യാജ രേഖ ഉണ്ടാക്കി പണം തട്ടിയ മുൻ അഗ്രികൾച്ചറൽ ഓഫീസർ പിടിയിൽ

പാലക്കാട്: അഴിമതിക്കേസിലെ ശിക്ഷ അനുഭവിക്കാതെ ഒളിവില്‍ കഴിഞ്ഞിരുന്ന മുന്‍ അഗ്രികള്‍ച്ചറല്‍ ഓഫീസറെ വിജിലന്‍സ് ബംഗളൂരുവില്‍ നിന്നും പിടികൂടി. അഗളി മുന്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ വെങ്കിടേശ്വര ബാബുവിനെയാണ് പാലക്കാട് വിജിലന്‍സ് യൂണിറ്റ് അറസ്റ്റ് ചെയ്തത്.

2006 കാലഘട്ടത്തില്‍ പാലക്കാട് അഗളി കൃഷി ഭവനില്‍ കൃഷി ഓഫീസറായിരുന്ന വെങ്കിടേശ്വര ബാബു കര്‍ഷകര്‍ക്ക് പ്രകൃതി ദുരന്തം കാരണം ഉണ്ടായ കൃഷി നാശത്തിന് നഷ്ടപരിഹാരമായി അനുവദിക്കേണ്ട തുക കര്‍ഷകരുടെ പേരില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കി തട്ടിയെടുത്തിരുന്നു. സംഭവത്തില്‍ ബാബുവിനെ പ്രതിയാക്കി വിജിലന്‍സ് പാലക്കാട് യൂണിറ്റ് കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസില്‍ വെങ്കിടേശ്വര ബാബു കുറ്റകാരനെന്ന് കണ്ടെത്തി 2016ല്‍ തൃശൂര്‍ വിജിലന്‍സ് കോടതി വിവിധ വകുപ്പുകളിലായി മൂന്ന് വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു.

വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും, ഹൈക്കോടതി അപ്പീല്‍ നിരസിച്ച് ശിക്ഷ അനുഭവിക്കുന്നതിനായി വിജിലന്‍സ് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയുകയായിരുന്നു വെങ്കിടേശ്വര ബാബുവിനെ ബംഗളൂരുവില്‍ നിന്നുമാണ് പാലക്കാട് വിജിലന്‍സ് യൂണിറ്റ് പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

ഐക്യത്തില്‍ രാഷ്ട്രീയക്കളിയുണ്ട്, അതിനാല്‍ ഞങ്ങള്‍ ഐക്യത്തിനില്ല’ സുകുമാരന്‍ നായര്‍

ചങ്ങനാശേരി: എസ്എന്‍ഡിപി- എന്‍എസ്എസ് ഐക്യം നടക്കില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഐക്യം നടക്കില്ല. ഇത് ബോധ്യമായ സാഹചര്യത്തില്‍ താന്‍ തന്നെയാണ് ഐക്യം വേണ്ടതില്ലെന്ന് സംഘടനയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ പറഞ്ഞതെന്നും ജി സുകുമാരന്‍. 26 ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ഒരേ മനസോടെ ഈ അഭിപ്രായത്തോട് യോജിക്കുകയും അത് അംഗീകരിക്കുയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

‘ഹിന്ദുഐക്യത്തില്‍ ഞങ്ങള്‍ ആരുമായും ചര്‍ച്ച ചെയ്തിട്ടില്ല. എല്ലാ സമുദായങ്ങളോടും സൗഹാര്‍ദ്ദം തുടരും. അത് എന്‍എസ്എസിന്റെ നയമാണ്. ഐക്യത്തില്‍ രാഷ്ട്രീയക്കളിയുണ്ട്. അതിനാല്‍ ഞങ്ങള്‍ ഐക്യത്തിനില്ല’. സുകുമാരന്‍ നായര്‍ പറഞ്ഞു.

‘എന്‍എസ്എസ്സിന്റെ രണ്ടു നയങ്ങളാണുള്ളത്. ഒന്ന്: എല്ലാ സമുദായവുമായും മതങ്ങളുമായും സൗഹാര്‍ദ്ദം തുടരും. രണ്ട്: രാഷ്ട്രീയമായി ഞങ്ങള്‍ സമദൂരക്കാരാണ്, അതിനാല്‍ രാഷ്ട്രീയ പക്ഷമുള്ളവരുമായി സഖ്യവും ഐക്യവും സാധിക്കില്ല. തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞത് ഞാന്‍ അങ്ങോട്ടുവരാം എന്നാണ്, രാഷ്ട്രീയമായി ഞങ്ങള്‍ക്ക് ഒരു പാര്‍ട്ടിയുമില്ല. എന്‍എസ്എസ് ഒരു പാര്‍ട്ടിക്കും എതിരുമല്ല. ഐക്യത്തിന്റെ മുന്നോട്ടുള്ള പോക്ക് കണ്ടപ്പോള്‍ എന്‍എസ്എസിന് നയങ്ങള്‍ നടക്കില്ലെന്ന് മനസിലായി. അതുകൊണ്ടാണ് ഐക്യ നീക്കത്തില്‍ നിന്ന് പിന്മാറിയതെന്നും അദ്ദേഹം പറഞ്ഞു.

എന്നാണ് കമ്മ്യൂണിസവും സത്യവും രണ്ടായതെന്ന് ജോസഫ് സി മാത്യു,വി കുഞ്ഞികൃഷ്ണന്‍റെ പുസ്തകം നേതൃത്വത്തെ അണികള്‍ തിരുത്തണം’ പ്രകാശനം ചെയ്തു

കണ്ണൂര്‍: രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചതിന് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണന്‍റെ പുസ്തകം പ്രകാശനം ചെയ്തു. നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന തലക്കെട്ടിലെഴുതിയ പുസ്തകമാണ് പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ പ്രകാശനം ചെയ്തത്. മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഐ ടി ഉപദേഷ്ടാവും രാഷ്ട്രീയ നിരീക്ഷകനുമായ ജോസഫ് സി മാത്യുവാണ് എം എന്‍ വിജയന്റെ മകനും എഴുത്തുകാരനുമായ വി എസ് അനില്‍ കുമാറിന് നല്‍കി പുസ്തകം പ്രകാശനം ചെയ്തത്.

സിപിഎമ്മിന്റെ എതിര്‍പ്പിനെ മറികടന്ന് ചടങ്ങില്‍ പങ്കെടുക്കാന്‍ വലിയ ജനാവലിയാണ് എത്തിയത്. നിരവധി പേര്‍ വേദിയിലെത്തി വി കുഞ്ഞികൃഷ്ണന് കൈകൊടുക്കുകയും അഭിനന്ദിക്കുകയും ചെയ്തു. സദസിലിരിക്കുന്നവര്‍ ഇന്‍ക്വിലാബ് വിളിക്കുന്നതിനിടെയാണ് പുസ്തക പ്രകാശന ചടങ്ങ് നടത്തിയത്.

പുസ്തക പ്രകാശന ചടങ്ങ് മാറ്റിവെച്ചുവെന്ന് നവ മാധ്യമങ്ങളിലൂടെ പ്രചാരണം ഉണ്ടായതായി വി കുഞ്ഞികൃഷ്ണന്‍ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. ”എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ്. സദസിന് മുന്നില്‍ പറയാന്‍ പറ്റാത്ത അശ്ലീല സന്ദേശങ്ങള്‍ തുടര്‍ച്ചയായി വാട്‌സ്ആപ്പിലൂടെ വന്നു. വ്യക്തിപരമായി തേജോവധം ചെയ്യുന്ന കാര്യങ്ങളിലേക്ക് കടക്കുകയാണെന്നും ഗീബല്‍സിയന്‍ തന്ത്രങ്ങള്‍ പുതിയ കാലത്തും നടപ്പാക്കാനുള്ള ശ്രമമാണ് ”, കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. അതേസമയം, വിഎസ് പറഞ്ഞതിന് സമാനമായ കാര്യങ്ങളാണ് കുഞ്ഞികൃഷ്ണനും പറയുന്നതെന്ന് ജോസഫ് സി മാത്യു പ്രകാശനം ചെയ്തതിനു ശേഷം നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. സത്യത്തിനൊപ്പം നില്‍ക്കുന്നതിന്റെ പേരിലാണ് വിഎസ് പോളിറ്റ് ബ്യൂറോയ്ക്ക് പുറത്തായത്. എന്നാണ് കമ്മ്യൂണിസവും സത്യവും രണ്ടായതെന്ന് ജോസഫ് സി മാത്യു ചോദിച്ചു. പാര്‍ട്ടി തള്ളിപ്പറഞ്ഞ കൊലയാളികളുടെ കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യത എങ്ങനെയാണു പാര്‍ട്ടിക്ക് വരുന്നതെന്നും ചോദിച്ചു.