Home Blog Page 1082

മുൻ മാവേലിക്കര എംഎൽഎ എം. മുരളി അന്തരിച്ചു

തിരുവനന്തപുരം: മുൻ മാവേലിക്കര എംഎൽയും കോൺഗ്രസ് നേതാവും ആയിരുന്ന എം മുരളി അന്തരിച്ചു.71 വയസായിരുന്നു
ചെന്നിത്തല ചെറുകോൽ സ്വദേശിയാണ്.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുൻ കെ പി സി സി ജനറൽ സെക്രട്ടറി കൂടിയായിരുന്ന മുരളി മാവേലിക്കര മണ്ഡലത്തെ1991 മുതൽ 2011 വരെ  നിയമസഭയിൽ പ്രതിനിധീകരിച്ചു.
കഴിഞ്ഞ തെരത്തെടുപ്പിൽ ചെങ്ങന്നൂരിൽ സജി ചെറിയാനോട് പരാജയപ്പെട്ടു .കെ എസ് യു മുൻ സംസ്ഥാന പ്രസിഡൻ്റായിരുന്നു എം മുരളി.മൃതദേഹം ഇപ്പോൾ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പനീർ കഴിക്കുന്നത് കൊണ്ടുള്ള ഏഴ് അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ

പനീർ കുറഞ്ഞ കാർബോഹൈഡ്രേറ്റും ഉയർന്ന പ്രോട്ടീനും അടങ്ങിയ ഭക്ഷണമാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇത് കൂടുതൽ നേരം വയറു നിറയ്ക്കുന്ന തോന്നൽ നിലനിർത്തുകയും അനാരോഗ്യകരമായ ലഘുഭക്ഷണങ്ങളോടുള്ള ആസക്തി കുറയ്ക്കുകയും ചെയ്യുന്നു.
സസ്യാഹാര പ്രിയരുടെ ഭക്ഷണക്രമത്തിൽ പലപ്പോഴും ഇടം പിടിക്കുന്ന ഒന്നാണ് പനീർ. പാലിൽ നിന്നുണ്ടാക്കുന്ന ഉപോത്പന്നമായ പനീറിൽ പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു. ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ ഒമ്പത് അവശ്യ അമിനോ ആസിഡുകളും ഇതിൽ അടങ്ങിയിരിക്കുന്നു. കൂടാതെ, മറ്റ് ചീസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ആരോഗ്യകരമായ ഭക്ഷണമാണ്.

പനീർ കുറഞ്ഞ കാർബോഹൈഡ്രേറ്റും ഉയർന്ന പ്രോട്ടീനും അടങ്ങിയ ഭക്ഷണമാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇത് കൂടുതൽ നേരം വയറു നിറയ്ക്കുന്ന തോന്നൽ നിലനിർത്തുകയും അനാരോഗ്യകരമായ ലഘുഭക്ഷണങ്ങളോടുള്ള ആസക്തി കുറയ്ക്കുകയും ചെയ്യുന്നു.

പേശികളുടെ വളർച്ചയ്ക്കും നന്നാക്കലിനും അത്യാവശ്യമായ ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ പനീറിൽ അടങ്ങിയിട്ടുണ്ട്. ബോഡി ബിൽഡർമാർക്കും അത്‌ലറ്റുകൾക്കും ഇത് ഇഷ്ടപ്പെട്ട ഭക്ഷണമാണ്. പനീറിൽ ഇൻസുലിൻ ഉൽപാദനത്തിന് സഹായിക്കുന്ന ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാനും ഇത് സഹായിക്കുന്നു.

എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്ക് അത്യാവശ്യമായ കാൽസ്യത്തിന്റെയും ഫോസ്ഫറസിന്റെയും സമ്പന്നമായ ഉറവിടമാണ് പനീർ. കാൽസ്യം അടങ്ങിയ മറ്റ് ഭക്ഷണങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉറപ്പാക്കുക.

പനീറിൽ ഉയർന്ന അളവിൽ സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ജലദോഷം, പനി, അണുബാധ തുടങ്ങിയ സാധാരണ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഇത് സഹായിക്കുന്നു. കൂടാതെ, പനീറിൽ പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുണ്ട്.

പനീർ വിറ്റാമിൻ ബി 12 ന്റെ സമ്പന്നമായ ഉറവിടമാണ്. തലച്ചോറിന്റെ ആരോഗ്യത്തിന് വിറ്റാമിൻ ബി 12 അത്യാവശ്യമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് നാഡീവ്യവസ്ഥയുടെ ശരിയായ പ്രവർത്തനം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

പനീറിൽ ട്രിപ്റ്റോഫാൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഒരു ന്യൂറോ ട്രാൻസ്മിറ്ററായ സെറോടോണിന്റെ ഉത്പാദനത്തിന് സഹായിക്കുന്നു. മാനസികാവസ്ഥ നിയന്ത്രിക്കുന്നതിലൂടെയും, സമ്മർദ്ദം, ഉത്കണ്ഠ എന്നിവ കുറയ്ക്കുന്നതിലൂടെയും മൊത്തത്തിലുള്ള മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സെറോടോണിൻ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ചുരിദാർ ധരിച്ചെത്തിയത് വിലക്കി; സ്കൂള്‍ ഗേറ്റിന് മുന്നിൽ തടഞ്ഞ സംഭവത്തില്‍ പ്രധാന അധ്യാപിക നിയമ നടപടിയുമായി മുന്നോട്ട്

കൊല്ലം: കൊല്ലം നെടുവത്തൂരിൽ ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂള്‍ ഗേറ്റിന് മുന്നിൽ തടഞ്ഞ സംഭവത്തില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് അധ്യാപികയായ സിന്ധു എസ് നായർ. സ്കൂൾ മാനേജർ അധികാരം ദുരുപയോഗം ചെയ്യുകയാണെന്ന് അധ്യാപിക ആരോപിച്ചു. സെക്യൂരിറ്റി ജീവനക്കാരൻ ഒരു എച്ച്എമ്മിനെ തടയുമെന്ന് പ്രതീക്ഷിച്ചില്ല. കുട്ടികൾക്ക് മുന്നിൽ നേരിട്ട അനുഭവം മാനസികമായി തളർത്തിയെന്നും സിന്ധു പ്രതികരിച്ചു.

കൊട്ടാരക്കര നെടുവത്തുർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളില്‍ ഇന്നലെയായിരുന്നു സംഭവം. പ്രധാന അധ്യാപികയായ സിന്ധു രാവിലെ സ്കൂളിലെത്തിയപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരൻ ഗേറ്റ് തുറന്നില്ല. ചുരിദാർ ധരിച്ചെത്തിയതിനാൽ പ്രവേശിപ്പിക്കേണ്ടെന്നാണ് മാനേജരുടെ നിർദ്ദേശമെന്നായിരുന്ന ജീവനക്കാരൻ്റെ മറുപടി. കുട്ടികൾക്ക് കഴിക്കാനുള്ള മുട്ടയും വാങ്ങിയെത്തിയ പ്രധാന അധ്യാപിക ഗേറ്റിന് മുന്നിൽ കുത്തിയിരുന്നു. പൊലീസ് എത്തിയാണ് അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഓഫീസ് റൂമിലെത്തി മാനേജരായ സുരേഷ് കുമാർ ചുരിദാർ ധരിച്ച് വരുന്നതിനെ വിലക്കിയിരുന്നെന്ന് അധ്യാപിക പറയുന്നു. സംഭവത്തില്‍ അധ്യാപിക പൊലീസിൽ പരാതി നൽകി.

സർക്കാർ ഉത്തരവ് പ്രകാരം അധ്യാപികമാർ ചുരിദാർ ഇടുന്നത് വിലക്കാനാകില്ല. അതിന് വിരുദ്ധമായാണ് മാനേജർ പ്രവർത്തിച്ചതെന്നാണ് പരാതി. എന്നാൽ വസ്ത്രത്തിൻ്റെ പേരിൽ ആരെയും തടയാൻ പറഞ്ഞിട്ടില്ലെന്നാണ് മാനേജരുടെ വിശദീകരണം. അധ്യാപികയിൽ പൊലീസ് മൊഴിയെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ കിട്ടിയില്ല; ചോദിച്ചപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

തിരുവനന്തപുരം: സഹകരണ ബാങ്കിൽ നിന്ന് നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യം പറഞ്ഞെന്ന് പരാതി. അമരവിള സ്വദേശി ചന്ദ്രശേഖരൻ നായരാണ് പരാതിയുമായി രംഗത്തെത്തിയത്. അറയൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഉദിയൻകുളങ്ങര ശാഖയ്ക്ക് എതിരെയാണ് ആരോപണം. ചികിത്സയ്ക്കായി പണം തിരികെ ചോദിച്ചപ്പോൾ അസഭ്യം പറഞ്ഞെന്നും മർദിക്കാൻ ശ്രമിച്ചെന്നുമാണ് ആരോപണം ഉയരുന്നത്.

നാലര ലക്ഷം രൂപയാണ് ചന്ദ്രശേഖരന്റെ നിക്ഷേപം. ഒരു വർഷമായി പണം തിരികെ ചോദിക്കുന്നു എന്നും ചന്ദ്രശേഖരൻ പറയുന്നു. സംഭവത്തില്‍ ചന്ദ്രശേഖരന്‍ ബാങ്ക് സെക്രട്ടറിക്ക് പരാതി നൽകി.

ഒറ്റയാൾ പോരാട്ടം ഫലം കണ്ടു, ഹൈക്കോടതി നിർദേശിച്ചു, ആർമി ടവറിലെ താമസക്കാരന് വാടക നൽകണം

കൊച്ചി: അപകടാവസ്ഥയിലായ ആർമി ടവറിലെ നിലവിലെ ഏക താമസക്കാരനായ സിബി ജോർജിന് വാടകയും വീട് മാറ്റ ചെലവും നൽകാൻ ജില്ലാ കളക്ടർ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. വൈറ്റിലയിലെ സിൽവർ സാൻഡ് ഐലൻഡിൽ സ്ഥിതി ചെയ്യുന്ന ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ (എ.ഡബ്ല്യു.എച്ച്.ഒ) നിർമിച്ച ആർമി ടവർ കെട്ടിടം അതീവ ദുർബലാവസ്ഥയിലായ സാഹചര്യത്തിലാണ് നീതി തേടി അദ്ദേഹം കോടതിയെ സമീപിച്ചത്.

എ.ഡബ്ള്യു.എച്ച്.ഒ നിർമിച്ച് ഏഴ് വർഷം മുൻപ് കൈമാറിയ സി. ടവറിലെ എല്ലാ ഉടമകൾക്കും 35000 രൂപ വീതം ആറ് മാസത്തെ വാടകയും 30000 രൂപ ചെലവും നൽകാൻ സെപ്തംബർ 10ന് ഹൈക്കോടതി ഉത്തരവായിരുന്നു. കോടതി അലക്ഷ്യ ഹർജി നൽകിയതിന് ശേഷമാണ് റിട്ട.കേണൽ സിബി ജോർജിന് ഡിസംബർ രണ്ടിന് മൂന്ന് മാസത്തെ വാടക മാത്രം നൽകിയത്.

പണം ലഭിക്കുന്നതിനായി കാത്തിരിക്കാതെ താമസം മാറ്റണമെന്നും ഹർജിക്കാരനോട് കോടതി നിർദേശിച്ചു. എപ്പോൾ വേണമെങ്കിലും തകർന്ന് വീഴാവുന്ന, അടിയന്തരമായി ഒഴിപ്പിക്കണമെന്ന ദുരന്തനിവാരണ അതോറിട്ടിയുടെ ഉത്തരവുള്ള കെട്ടിടത്തിൽ സിബി ജോർജും കുടുംബവും മാത്രമാണ് നിലവിൽ താമസം.

ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിലുള്ള കമ്മിറ്റിക്കാണ് ടവറുകളിലെ താമസക്കാരെ ഒഴിപ്പിച്ച് ഇവ പൊളിച്ചുമാറ്റി പുതിയ ടവറുകൾ നിർമ്മിച്ച് കൈമാറാനുള്ള ചുമതല. അത്രയും കാലം എ.ഡബ്ള്യു.എച്ച്.ഒ വാടക നൽകണം. സിബി ജോർജിന് നൽകാനുള്ള മൂന്ന് മാസത്തെ വാടകയും വീട് മാറ്റത്തിനുള്ള ചെലവും രണ്ട് ആഴ്ചയ്ക്കകം കൈമാറണമെന്ന് കോടതി വ്യക്തമാക്കി. നിർദേശം പാലിക്കാത്ത പക്ഷം ജില്ലാ കളക്ടർ നേരിട്ട് കോടതിയിൽ ഹാജരാകണമെന്നും ജസ്റ്റിസ് കെ. നടരാജനും ജസ്റ്റിസ് ജോൺസൺ ജോണും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

ഇതിന് മുൻപ്, ടവറിലെ എല്ലാ ഉടമകൾക്കും ആറ് മാസത്തേക്ക് മാസം 35,000 രൂപ വീതം വാടകയും 30,000 രൂപ വീട് മാറുന്നതിനുള്ള ചെലവും നൽകണമെന്ന് സെപ്റ്റംബർ 10ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാലിത് നടപ്പാക്കുന്നതിൽ വീഴ്ച വന്നതിനെ തുടർന്നാണ് കോടതിയലക്ഷ്യ ഹർജികൾ സമർപ്പിച്ചത്. പണം കൈമാറാൻ എ.ഡബ്ള്യു.എച്ച്.ഒയ്ക്ക് കത്ത് നൽകിയിട്ടും മറുപടി ലഭിച്ചിരുന്നില്ലെന്ന് ജില്ലാ കളക്ടർ കോടതിയെ അറിയിച്ചു.

ഹൈക്കോടതി നിർദേശം നടപ്പാക്കാനുള്ള പൂർണ ഉത്തരവാദിത്വം ജില്ലാ ഭരണകൂടത്തിനാണെന്ന് കോടതി വ്യക്തമാക്കി. ജില്ലാ കളക്ടറുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിക്കാണ് ടവറുകളിലെ എല്ലാ താമസക്കാരെയും ഒഴിപ്പിച്ച് പുതിയ ടവറുകൾ നിർമിച്ച് കൈമാറാൻ ചുമതല. ഇതിനുള്ള ചെലവ് എ.ഡബ്ല്യു.എച്ച്.ഒ തന്നെ വഹിക്കണമെന്നും കോടതി വ്യക്തമാക്കി.

അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍,നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം:   ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷ പ്രതിഷേധം. അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍ എന്ന ബാനര്‍ പിടിച്ചായിരുന്നു പ്രതിഷേധം. പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനവും പ്രതിഷേധക്കാര്‍ പാടി. ജയിലിനകത്ത് ആരപ്പാ… സഖാക്കളാണേ അയ്യപ്പാ എന്നും പ്രതിഷേധക്കാര്‍ ആലപിച്ചു. നിയമസഭ സമ്മേളിക്കും മുമ്പേയാണ്, സഭാ കവാടത്തില്‍ പ്രതിപക്ഷ പ്രതിഷേധം അരങ്ങേറിയത്.

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം അപകടകരമായ അവസ്ഥയിലേക്കാണ് പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. എല്ലാ പ്രതികളും പുറത്തിറങ്ങുകയും, ഇനിയും അകത്തു പോകേണ്ട പ്രതികള്‍ പുറത്തു നില്‍ക്കുകയുമാണ്. ബാക്കിയുള്ള പ്രതികളിലേക്ക് കൂടി അന്വേഷണം പോകുന്നില്ല എന്നത് അപകടകരമാണ്. ആ പ്രതികള്‍ സിപിഎമ്മിനും സര്‍ക്കാരിനും ഏറ്റവും വേണ്ടപ്പെട്ട പ്രതികളാണ്. വിഡി സതീശന്‍ ആരോപിച്ചു.

ആ പ്രതികളിലേക്ക് പോയാല്‍ സര്‍ക്കാര്‍ തന്നെ തകര്‍ന്നുവീഴും എന്ന തിരിച്ചറിവില്‍, മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണത്തില്‍ അനധികൃത ഇടപെടല്‍ നടത്തുകയാണെന്ന് വിഡി സതീശന്‍ ആരോപിച്ചു. ഹൈക്കോടതിയും സുപ്രീംകോടതിയും ജാമ്യം നിഷേധിച്ച പ്രധാന പ്രതികള്‍ വരെ സ്റ്റാറ്റിയൂട്ടറി ജാമ്യം നേടി പുറത്തു വരികയാണ്. ഒരു അന്വേഷണവും നടക്കുന്നില്ല. തൊണ്ടിമുതല്‍ കണ്ടെത്തിയിട്ടില്ല. തെളിവുകള്‍ ശേഖരിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

കേരളത്തിലെ പ്രതിപക്ഷ നേതാക്കളെ ഇതുപോലെ അധിക്ഷേപിച്ച കാലം ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. സ്പീക്കര്‍ അവര്‍ക്ക് എല്ലാ അവസരവും നല്‍കുന്നു. പ്രതിപക്ഷം പ്രതിഷേധിക്കുന്നതിനിടെ, പ്രതിപക്ഷ നേതാവിനെയും പ്രതിപക്ഷ അംഗങ്ങളെയും അധിക്ഷേപിക്കാന്‍ ചോദ്യോത്തര വേളയ്ക്കിടെ അഞ്ചു മന്ത്രിമാര്‍ക്കാണ് സ്പീക്കര്‍ അവസരം കൊടുത്തത്. പ്രതിപക്ഷ പ്രതിഷേധത്തിനിടെ വാച്ച് ആന്റ് വാര്‍ഡാണ് പ്രകോപനം ഉണ്ടാക്കിയത്. അഞ്ചുവര്‍ഷത്തിനിടെ പ്രതിപക്ഷം നിയമസഭയില്‍ ഒരു അക്രമവും കാണിച്ചിട്ടില്ല. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട, അക്രമം കാണിച്ചവരെ ഒപ്പം ഇരുത്തിക്കൊണ്ടാണ് ഭരണപക്ഷം യുഡിഎഫിനെ ആക്ഷേപിക്കുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.

260 വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സെറ്റുകള്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി

ന്യൂഡല്‍ഹി: ദീര്‍ഘദൂര റെയില്‍ യാത്രകള്‍ക്ക് മെച്ചപ്പെട്ട സുരക്ഷയും യാത്രാസുഖവും നല്‍കാനായി 260 വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സെറ്റുകള്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ അസമില്‍ നിന്ന് ബംഗാളിലേക്ക് മാത്രമാണ് വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസുള്ളത്. വരുന്ന സാമ്പത്തിക വര്‍ഷം കൂടുതല്‍ സര്‍വീസിനെത്തും.

ബെംഗളൂരു ആസ്ഥാനമായുള്ള ബിഇഎംഎല്‍, ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്), സാങ്കേതിക പങ്കാളികള്‍ എന്നിവര്‍ ചേര്‍ന്നാണ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ വികസിപ്പിക്കുന്നത്. പ്രോട്ടോടൈപ്പ് വികസനം, പരീക്ഷണങ്ങള്‍, തുടര്‍ന്ന് സീരീസ് പ്രൊഡക്ഷന്‍ എന്നിങ്ങനെ ഘട്ടംഘട്ടമായാണ് പദ്ധതി നടപ്പിലാക്കുക.

റെയില്‍വേ ശൃംഖലയിലെ യാത്രാനുഭവം, പ്രവര്‍ത്തനക്ഷമത, സുരക്ഷ എന്നിവ മെച്ചപ്പെടുത്തുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ആവശ്യം പരിഗണിച്ച് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സെറ്റുകള്‍ ഘട്ടംഘട്ടമായി യാത്രാ സര്‍വീസുകളിലെത്തും. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വന്ദേഭാരത് സ്ലീപ്പറിനായി ആവശ്യമുണ്ട്. കേരളം ഉള്‍പ്പെടെ ഇവ പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തിലാണ് നിര്‍മാണ ജോലികള്‍ വേഗത്തിലാക്കിയത്.

പുതിയ ട്രെയിന്‍ സെറ്റുകളില്‍ ജെര്‍ക്ക് രഹിത കപ്ലറുകള്‍, ആന്റി-ക്ലൈംബറുകള്‍, അപകടം കുറയ്ക്കാന്‍ സഹായിക്കുന്ന കവച് സുരക്ഷാ സംവിധാനം എന്നിവയുള്‍പ്പെടെ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുണ്ട്. ഫയര്‍ ബാരിയര്‍ ഡോറുകളും തീപ്പിടുത്തം കണ്ടെത്താനും അണക്കാനുമുള്ള എയറോസോള്‍ സംവിധാനങ്ങളും സിസിടിവി കവറേജും ഇതില്‍പ്പെടുന്നു.

ഊര്‍ജ്ജ കാര്യക്ഷമതയ്ക്കായി റീജനറേറ്റീവ് ബ്രേക്കിംഗ് സംവിധാനം, മണിക്കൂറില്‍ 180 കിലോമീറ്റര്‍ ഡിസൈന്‍ വേഗതയും 160 കിലോമീറ്റര്‍ പ്രവര്‍ത്തന വേഗതയും, ഉയര്‍ന്ന ആക്‌സിലറേഷന്‍ എന്നിവയും ഈ ട്രെയിനുകളുടെ സവിശേഷതകളാണ്. ഓട്ടോമാറ്റിക് പ്ലഗ് ഡോറുകള്‍, പൂര്‍ണ്ണമായി അടച്ച വിശാലമായ ഗാംഗ്വേകള്‍, കേന്ദ്രീകൃതമായി നിരീക്ഷിക്കുന്ന കോച്ച് സംവിധാനങ്ങള്‍ എന്നിവ യാത്രാസുഖം വര്‍ദ്ധിപ്പിക്കും.

കേരളത്തിലേക്ക് ഒന്നില്‍ കൂടുതല്‍ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന സര്‍വീസുകളാണ് സാധ്യത. ഘട്ടങ്ങളായിട്ടാകും ഇവ എത്തുക എന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ വന്ദേഭാരത് എക്‌സ്പ്രസുകളുടെ എണ്ണം കൂട്ടണമെന്ന കേരളത്തിന്റെ ആവശ്യവും വൈകാതെ പരിഗണിക്കപ്പെടുമെന്നാണ് കരുതുന്നത്.

ഏറെക്കാലമായി കാത്തിരിക്കുന്ന ശബരി റെയിൽവേ പദ്ധതി യാഥാർത്ഥ്യമാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കേരളം ഏറെക്കാലമായി കാത്തിരിക്കുന്ന ശബരി റെയിൽവേ പദ്ധതി യാഥാർത്ഥ്യമാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി ചെലവിന്റെ പകുതി വിഹിതം വഹിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്നും ഇതിനായി 1905 കോടി രൂപ കേരളം നൽകുമെന്നും പിണറായി വിജയൻ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ അറിയിച്ചു. കേന്ദ്ര ബജറ്റിൽ പദ്ധതിയെ കുറിച്ച് യാതൊരു പരാമർശവും ഇല്ലാതിരുന്ന സ്ഥാനത്താണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

മലയോര മേഖലയുടെ പ്രതീക്ഷകളെ ഉണർത്തുന്ന ശബരി റെയിൽ പദ്ധതിക്ക് ഇക്കുറി കേന്ദ്ര സർക്കാർ പണം അനുവദിക്കുമെന്നായിരുന്നു കരുതിയത്. എന്നാൽ ബജറ്റിൽ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെ സംസ്ഥാന മന്ത്രിസഭ പദ്ധതിയുടെ ഭാഗമായി സംസ്ഥാന വിഹിതം എന്ന നിലയിൽ ഇത്രയും വലിയ തുക നൽകാൻ അംഗീകരിച്ചത്. കിഫ്‌ബി മുഖേനയാവും പദ്ധതിക്കുള്ള കേരളത്തിന്റെ വിഹിതം കണ്ടെത്തുക.

ഭൂമിയേറ്റടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്രത്തിന്റെ നിർബന്ധ ബുദ്ധി സംസ്ഥാനങ്ങളുടെ വികസന സ്വപ്‌നത്തിന്റെ ചിറകരിയുകയാണ് എന്നാണ് മുഖ്യമന്ത്രി ആരോപിക്കുന്നത്. മാത്രമല്ല എരുമേലിയിൽ നിന്നും പുനലൂർ വഴി വിഴിഞ്ഞവുമായി റെയിൽവേ ലൈനിനെ ബന്ധിപ്പിക്കുമെന്നും തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിൽ പിണറായി വിജയൻ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ സംസ്ഥാനത്തിന്റെ ദീർഘകാല സ്വപ്‌നമായ ശബരി റെയിൽ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി പദ്ധതിച്ചെലവിന്റെ പകുതി വിഹിതം സംസ്ഥാനം വഹിക്കുമെന്ന നിർണ്ണായക തീരുമാനത്തിന് മന്ത്രിസഭ ഇന്ന് അംഗീകാരം നൽകി. 3,810 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 1905 കോടി രൂപ കേരളം നൽകും. 27 വർഷത്തിലേറെയായി മുടങ്ങിക്കിടന്ന ഈ വികസന സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ കിഫ്ബി മുഖേന തുക കണ്ടെത്തി ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകിക്കഴിഞ്ഞു.

കേന്ദ്ര പദ്ധതികൾ നടപ്പിലാക്കാൻ പദ്ധതിച്ചെലവിന്റെ ഒരു വിഹിതം സംസ്ഥാനം വഹിക്കണമെന്ന കേന്ദ്രത്തിന്റെ നിർബന്ധ ബുദ്ധി നമ്മുടെ വികസന സ്വപ്‌നങ്ങളുടെ ചിറകരിയുകയാണ്. ശബരിപാതയുടെ കാര്യത്തിലും ഇതേ അവസ്ഥ തുടർന്നതിനാലാണ് പകുതി വിഹിതം സർക്കാർ ഏറ്റെടുക്കുന്നത്. മലയോര മേഖലയുടെ വികസനക്കുതിപ്പിന് വേഗം കൂട്ടുന്ന ഈ പദ്ധതി എരുമേലിയിൽ നിന്ന് പുനലൂർ വഴി വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നു.

കേരളത്തിന്റെ സമഗ്രപുരോഗതിക്ക് ഊർജ്ജമാകുന്ന എല്ലാ പശ്ചാത്തല പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് പ്രതിജ്ഞാബദ്ധമായി ഇടപെടുകയാണ് എൽഡിഎഫ് സർക്കാർ. ശബരിപാതയുടെ പദ്ധതിച്ചെലവിന്റെ പകുതി വഹിക്കാനായി മന്ത്രിസഭ എടുത്ത തീരുമാനം ഈ നിശ്ചയദാർഢ്യത്തിന്റെ പ്രതിഫലനമാണ്.

തലസ്ഥാനത്തെ രക്തസാക്ഷി ഫണ്ട് വിവാദം; രക്തസാക്ഷി വിഷ്ണുവിന്‍റെ സഹോദരന്‍ വിനോദ് കോണ്‍ഗ്രസിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്തെ രക്തസാക്ഷി ഫണ്ട് വിവാദ ആരോപണം ഉന്നയിച്ച വിനോദ് കോൺഗ്രസിലേക്ക്. രക്തസാക്ഷി വിഷ്ണുവിൻ്റെ സഹോദരനും സിപിഎം ബ്രാഞ്ച് അംഗവുമായിരുന്നു വിനോദ്. വഞ്ചിയൂരിൽ കൊല്ലപ്പെട്ട വിഷ്ണുവിന്റെ രക്തസാക്ഷി ഫണ്ട് തട്ടിയെടുത്തതായി വിനോദ് ആരോപണം ഉന്നയിച്ചിരുന്നു. വിനോദും സുഹൃത്തുക്കളും ഇന്ന് കെപിസിസി പ്രസിഡൻ്റിൽ നിന്നും അംഗത്വം സ്വീകരിക്കും.

ഫണ്ട് തിരിമറിയിൽ നടപടി നേരിട്ട മുൻ ലോക്കൽ സെക്രട്ടറിയെ സിഐടിയു ജില്ലാ സെക്രട്ടറിയാക്കിയതിൽ പ്രതിഷേധവുമായി വിനോദ് കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു. രക്തസാക്ഷി കുടുംബത്തോട് പാർട്ടി നീതി കാണിച്ചില്ലെന്നും ഇനി സിപിഎമ്മിനൊപ്പം ഇല്ലെന്ന് ജില്ലാ കമ്മിറ്റി ഓഫീസ് ബ്രാഞ്ച് അംഗം കൂടിയായ വിനോദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മന്ത്രി വി ശിവൻകുട്ടി ഇടപെട്ടാണ് നടപടി നേരിട്ട നേതാവിന് പുതിയ പദവി നൽകിയതെന്നാണ് ആക്ഷേപം.

സിപിഎമ്മിന്റെ വഞ്ചിയൂർ ബ്രാഞ്ച് അംഗമായിരുന്ന വിഷ്ണു തിരുവനന്തപുരം കൈതമുക്കിൽ 2008 ഏപ്രിൽ ഒന്നിനാണ് കൊല്ലപ്പെട്ടത്. ആർഎസ്എസ് പ്രവർത്തകർ പ്രതികളായ കേസിൽ 2022ൽ എല്ലാവരെയും ഹൈക്കോടതി വെറുതെവിട്ടു. വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാൻ പിരിച്ച ഫണ്ടിൽ തിരിമറി നടത്തി നടപടി നേരിട്ട നേതാവിന് വീണ്ടും പദവികൾ നൽകിയതിലാണ് പാർട്ടി അംഗം കൂടിയായ സഹോദരൻ എതിർപ്പ് പരസ്യമാക്കി രം​ഗത്തെത്തിയത്.

വഞ്ചിയൂർ ലോക്കൽ കമ്മിറ്റി വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാൻ പത്ത് ലക്ഷം രൂപ ഫണ്ട് പിരിച്ചു. അഞ്ച് ലക്ഷം രൂപ ലോക്കൽ സെക്രട്ടറി സ്വന്തം നിലയിൽ പിൻവലിച്ചെന്ന് വർഷങ്ങൾക്ക് ശേഷം പരാതിയെത്തി. പാർട്ടി അന്വേഷണവും നടപടിയും വന്നു. നടപടി നേരിട്ടയാളെ തിരിച്ചെടുക്കാൻ ഉന്നത ഇടപെടലുണ്ടായെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇയാളെ സിഐടിയു ജില്ലാ സെക്രട്ടറിയാക്കി എന്നാണ് ആരോപണം. സ്പോർട്സ് കൗൺസിലിൽ താത്കാലിക പരിശീലകനായിരുന്നു വിനോദ്. അതിൽ നിന്ന് ഒഴിവാക്കിയതും നിരാശയായി. ഇതോടെയാണ് പാർട്ടി ബന്ധം ഉപേക്ഷിക്കാനുള്ള തീരുമാനം.

ഉണ്ണികൃഷ്ണന്‍ പോറ്റി പുറത്തിറങ്ങുമോ?; ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധി

കൊല്ലം:ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പ്രസ്താവിക്കും.

കൊല്ലം വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. എസ്‌ഐടി റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും വിധി. കട്ടിളപ്പാളി കേസില്‍ അറസ്റ്റിലായി 90 ദിവസം പിന്നിട്ടതിനാല്‍ സ്വാഭാവിക ജാമ്യം ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ജാമ്യാപേക്ഷയില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു. ദ്വാരപാലക കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. കേസില്‍ എസ്‌ഐടി ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. സ്വര്‍ണക്കൊള്ളയില്‍ മൂന്ന് പ്രതികള്‍ ഇതിനോടകം ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു.

മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനും മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിനും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. എന്നാല്‍ റിമാന്‍ഡിലായി 43-ാം ദിവസം മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ്.ശ്രീകുമാറിന് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കോടതി ജാമ്യം നല്‍കി.