Home Blog Page 1015

കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണാ ജോർജിന് പരിക്കേറ്റു

കണ്ണൂർ: കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണാ ജോർജിന് പരിക്കേറ്റു. ജില്ലയിലെ ഔദ്യോഗിക പരിപാടികൾക്ക് ശേഷം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനിടയിലാണ് സംഭവം. റെയിൽവേ സ്റ്റേഷന്‍റെ പ്രധാന കവാടത്തിന് സമീപം വെച്ച് കരിങ്കൊടി പ്രതിഷേധവുമായി പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു.

തുടർന്ന് സ്റ്റേഷൻ പ്ലാറ്റ്‌ഫോമിലേക്ക് മന്ത്രി കയറുന്നതിനിടെ പ്രതിഷേധക്കാർ വാഹനത്തിന് മുന്നിലേക്ക് ചാടിവീഴുകയും ഇത് വലിയ സംഘർഷാവസ്ഥയിലേക്ക് നയിക്കുകയും ചെയ്തു. ഈ ഉന്തും തള്ളിനുമിടയിലാണ് മന്ത്രിയുടെ കഴുത്തിനും കൈയ്ക്കും പരിക്കേറ്റത്. പ്ലാറ്റ്‌ഫോമിലേക്ക് കയറുന്നതിനിടയിൽ ആരുടെയോ കൈമുട്ട് കൊണ്ട് ഇടിച്ചതിനെത്തുടർന്നാണ് കഴുത്തിന് പരിക്കേറ്റതെന്നാണ് പ്രാഥമിക വിവരം.

രാവിലെ മുതൽ തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ മന്ത്രിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. റെയിൽവേ സ്റ്റേഷന് സമീപം യൂത്ത് ലീഗ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചെങ്കിലും റെയിൽവേ സ്റ്റേഷനുള്ളിൽ കെ.എസ്.യു പ്രവർത്തകർ പ്രതിഷേധിക്കുമെന്ന കാര്യത്തിൽ പൊലീസിന് മുൻകൂട്ടി സൂചന ലഭിച്ചിരുന്നില്ല.

പൊലീസിന്‍റെ കണ്ണുവെട്ടിച്ച് സ്റ്റേഷനുള്ളിൽ നിലയുറപ്പിച്ച പ്രവർത്തകർ പൊടുന്നനെ കരിങ്കൊടിയുമായി മന്ത്രിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. പരിക്കേറ്റതിനെത്തുടർന്ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ വി.ഐ.പി വിശ്രമമുറിയിൽ എത്തിയ മന്ത്രിയുടെ ആരോഗ്യനില പരിശോധിച്ച ശേഷം തിരുവനന്തപുരത്തേക്കുള്ള യാത്ര റദ്ദാക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് കൂടുതൽ പരിശോധനകൾക്കായി മന്ത്രിയെ കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

കമ്മിഷൻ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ആംബുലൻസ് ഡ്രൈവർമാർ രോഗികളെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു നൽകുന്നതായി ആരോഗ്യ മന്ത്രി

തിരുവനന്തപുരം. കമ്മിഷൻ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ആംബുലൻസ് ഡ്രൈവർമാർ രോഗികളെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു നൽകുന്നതായി ആരോഗ്യ മന്ത്രി വീണ ജോർജ്.
പതിനായിരം രൂപ വരെ ഇത്തരത്തിൽ കമ്മിഷന്നായി ഡ്രൈവർമാർക്ക് ലഭിക്കുന്നുണ്ട്. രോഗികളുടെ ബില്ലിൽ നിന്നാണ് ഈ തുക ഈടാക്കുന്നത് എന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

സ്വകാര്യ ആശുപത്രികൾ ബിസിനസ്‌ ലോബികളുടെ താല്പര്യങ്ങൾക്ക് അനുസരിച്ചു ആണ് പ്രവർത്തിക്കുന്നത് എന്ന്
പലകുറി ആവർത്തിക്കുന്നത് ആരോഗ്യ മന്ത്രി ഇന്നലെ ആരോപണത്തിന്റെ മൂർച്ച കൂട്ടി. കോഴഞ്ചേരിയിൽ നടന്ന പൊതുപരിപാടിയിലാണ്
സംസ്ഥാനത്തെ ആംബുലൻസ് ഡ്രൈവർമാർക്ക് എതിരെ മന്ത്രി വീണ ജോർജ് തുറന്നു അടിച്ചത്. രോഗികളെ എത്തിക്കുന്നതിൽ
പതിനായിരം രൂപ വരെ കമ്മീഷൻ ഇനത്തിൽ ലഭിക്കുണ്ടെന്നും സ്വകാര്യ ആശുപത്രിയിലെ
ഡോക്ടർമാർ ആണ് തന്നോട് ഇത് പറഞ്തെന്നും വീണ ജോർജ് വെളുപ്പെടുത്തി.

സ്വകാര്യ ആശുപത്രികൾ ആംബുലൻസ് ഡ്രൈവർമാർക്ക് നൽകുന്ന ഈ കമ്മീഷൻ തുക
രോഗികളുടെ കൈയിൽ നിന്നാണ് ഈടാക്കുന്നത് എന്ന് ആരോഗ്യ മന്ത്രി ആരോപിച്ചു.

മരുന്ന് കമ്പനികൾ സ്വകാര്യ ആശുപത്രിയിൽ വലിയ നിക്ഷേപം നടത്തുന്നു എന്നാണ് മന്ത്രിയുടെ മറ്റൊരു വെളിപ്പെടുത്തൽ

മന്ത്രിയുടെ വെളിപ്പെടുത്തൽ സമൂഹ മാധ്യമങ്ങളിൽ അടക്കം വലിയ ചർച്ചക്ക് ആണ് വഴിവെച്ചിരിക്കുന്നത്. ഇത്രയും ഗുരുതരമായ കാര്യം ശ്രദ്ധയിൽ പെട്ടിട്ടും എന്ത് നടപടി ആരോഗ്യ മന്ത്രി സ്വീകരിച്ചു എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചോദിച്ചു. കുറ്റം കണ്ടാല്‍ പ്രസംഗിച്ച് നടക്കുകയാണോ നടപടി സ്വീകരിക്കുകയല്ലേ ഭരണാധികാരികള്‍ വേണ്ടതെന്നും സതീശന്‍ ചോദിച്ചു.

തൃശ്ശൂരിലും രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങി

കൂർക്കഞ്ചേരി. തൃശ്ശൂരിലും രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങി. അഞ്ചുവർഷം മുമ്പ് നടന്ന സംഭവത്തിൽ അന്വേഷണം ഇപ്പോൾ. മരിച്ച രോഗിക്ക് തെളിവെടുപ്പിന് ഹാജരാകാൻ ആരോഗ്യവകുപ്പിന്റെ നോട്ടീസ്. ഓട്ടോ ഡ്രൈവർ ആയ കൂർക്കഞ്ചേരി സ്വദേശി ജോസഫ് പോളിന്റെ വയറ്റിലാണ് അഞ്ചുവർഷം മുമ്പ് കത്രിക മറന്നുവെച്ചത്. ജോസഫ് പോള്‍ പിന്നീട് സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ കത്രിക നീക്കി

2025ൽ ജോസഫ് പോൾ മരിച്ചു. കഴിഞ്ഞ 17 ആണ് തെളിവ് നൽകാൻ ആവശ്യപ്പെട്ട് ആരോഗ്യവകുപ്പിന്റെ കത്ത് ലഭിച്ചത്

കെട്ടിടനമ്പര്‍ അനുവദിക്കുന്നതിന് 15 ലക്ഷം കൈക്കൂലി വാങ്ങി,കാറിലിരുന്ന് ലാപ്‌ടോപ്പിലൂടെ നമ്പര്‍ അനുവദിച്ച പഞ്ചായത്ത് ഓവര്‍സിയര്‍ക്ക് സംഭവിച്ചത്

കാക്കനാട്: കെട്ടിടനമ്പര്‍ അനുവദിക്കുന്നതിന് 15 ലക്ഷം കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍. വടവുകോട്-പുത്തന്‍കുരിശ് പഞ്ചായത്ത് ഓവര്‍സിയറായ കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ടി. ദീപേഷ് കുമാര്‍ (40) ആണ് കൊച്ചി വിജിലന്‍സ് സംഘത്തിന്റെ കെണിയില്‍ വീണത്.

കൊച്ചി സ്വദേശിയായ ബിസിനസുകാരന്‍ 16 കോടി ചെലവില്‍ കരിമുകളില്‍ 55,000 സ്‌ക്വയര്‍ഫീറ്റില്‍ വലിയ ഗോഡൗണ്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം കെട്ടിട നമ്പറിനായി അപേക്ഷിച്ചിരുന്നു. പരിശോധിക്കാനെത്തിയ ഓവര്‍സിയര്‍ ദീപേഷ് പ്ലാന്‍ സമര്‍പ്പിച്ചതില്‍നിന്ന് വ്യത്യസ്തമായി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി അനുമതി നല്‍കാന്‍ തയ്യാറാകാതെ മടങ്ങി. ഇതിനുശേഷം ദീപേഷിനെ വിളിച്ച പരാതിക്കാരനോട് കാക്കനാട് വരാന്‍ പറഞ്ഞു. 20 ലക്ഷം രൂപ നല്‍കിയാല്‍ കെട്ടിടനമ്പര്‍ ഇടാമെന്നായിരുന്നു വാഗ്ദാനം. പലതവണ നടത്തിയ വിലപേശലിനൊടുവില്‍ 15 ലക്ഷത്തില്‍ ഉറപ്പിച്ചു.

കാക്കനാട് തെങ്ങോട് താമസിക്കുന്ന ദീപേഷ് പരാതിക്കാരനോട് ചൊവ്വാഴ്ച രാത്രി ഏഴരയ്ക്ക് കലക്ടറേറ്റിനടുത്ത് വരാന്‍ പറഞ്ഞു. അഞ്ചുലക്ഷം രൂപ പണമായും ബാക്കി പത്തുലക്ഷം ചെക്കായും ആവശ്യപ്പെട്ടു. ഈ വിവരം പരാതിക്കാരന്‍ വിജിലന്‍സിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് നോട്ടിലും ചെക്കിലും വിജിലന്‍സ് രാസപൊടി തളിച്ചശേഷം കൈമാറി. കാറിലെത്തിയ രൂപേഷ് പരാതിക്കാരനെ വണ്ടിയില്‍ കയറ്റി, പണം എണ്ണിത്തിട്ടപ്പെടുത്തിയശേഷം കാറിലിരുന്ന് ലാപ്‌ടോപ്പിലൂടെ കെട്ടിടനമ്പര്‍ അനുവദിക്കുകയായിരുന്നു. പിന്നാലെ വിജിലന്‍സ് ഡിവൈ.എസ്.പി. ടി.എം. വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം കാറില്‍നിന്ന് ദീപേഷിനെ പിടികൂടി. രക്ഷപ്പെടാന്‍ ശ്രമിച്ച ദീപേഷിനെ നിരവധി ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് പിടികൂടിയത്.

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതിന് ഭിന്നശേഷിക്കാരന് ക്രൂരമര്‍ദനം

കൊച്ചി. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതിന് ഭിന്നശേഷിക്കാരന് ക്രൂരമര്‍ദനം. കൊച്ചി പനമ്പള്ളി നഗറിലെ ലോഡ്ജിലാണ് സംഭവം. അമല്‍ദേവിനെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് യുവതി ഉള്‍പ്പെടുന്ന നാലംഗ സംഘം ക്രൂരമായി മര്‍ദിച്ചത്. യുവതിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതോടെ ക്രൂരമായി മര്‍ദിച്ചെന്നാണ് എഫ്‌ഐആര്‍. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.

കൊല്ലം സ്വദേശിയായ ഇയാള്‍ കലൂരിലാണ് താമസിക്കുന്നത്. യുവാവിനെ സുഹൃത്തായ സ്ഫ്‌നയാണ് ലോഡ്ജിലേക്ക് വിളിച്ചു വരുത്തുന്നത്. ഇവര്‍ തമ്മില്‍ ഒരുമാസമായി ഇന്‍സ്റ്റാഗ്രാം വഴി പരിചയത്തിലായിരുന്നു. ഇവര്‍ തമ്മിലുള്ള ചാറ്റിങ്ങ് യുവതിയുടെ മറ്റൊരു സുഹൃത്ത് കാണുകയും അതില്‍ പ്രകോപിതനായ ഇയാള്‍ യുവതി വഴി ഭിന്നശേഷിക്കാരനായ യുവാവിനെ റൂമിലേക്ക് വിളിച്ചു വരുത്തുകയുമായിരുന്നു. ഇവരുടെ മറ്റ് മൂന്ന് സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു.

ഇവിടെ വച്ച് തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് മര്‍ദനമേല്‍ക്കുകയായിരുന്നുവെന്നാണ് യുവാവിന്റെ മൊഴി. യുവതിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും ടോര്‍ച്ച് വച്ച് മര്‍ദിച്ചുവെന്നും പരാതിയില്‍ പറയുന്നു. അമല്‍ദേവിന്റെ നഗ്‌ന ദൃശ്യങ്ങള്‍ പ്രതികള്‍ പകര്‍ത്തുകയും ചെയ്തു. ഇയാള്‍ക്ക് വാരിയെല്ലിന് പൊട്ടലുണ്ടായിട്ടുണ്ട്. ഭിന്നശേഷിക്കാരുടെ സംഘടന വഴി നല്‍കിയ പരാതിയെ തുടര്‍ന്ന് കേസെടുത്ത കടവന്ത്ര പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് പുറമേ കണ്ടാലറിയുന്ന മൂന്ന് പേര്‍ക്കുമെതിരേ കേസെടുത്തിട്ടുണ്ട്. ഒളിവില്‍ പോയ സഫ്‌നയ്ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

അഴിമതിക്കേസിൽ പിടിയിലായ ഖനി വകുപ്പ് ഉദ്യോഗസ്ഥന്റെ ഫ്ലാറ്റിൽ നിന്ന് വിജിലൻസ് സംഘം പിടിച്ചെടുത്തത് നാല് കോടി

ഒഡീഷയിൽ അഴിമതിക്കേസിൽ പിടിയിലായ ഖനി വകുപ്പ് ഉദ്യോഗസ്ഥന്റെ ഫ്ലാറ്റിൽ നിന്ന് വിജിലൻസ് സംഘം നാല് കോടി രൂപ പിടിച്ചെടുത്തു. മൈൻസ് ഡെപ്യൂട്ടി ഡയറക്ടറായ ദേബബ്രത മൊഹന്തിയുടെ ഭുവനേശ്വറിലെ ഫ്ലാറ്റിൽ നിന്നാണ് തുക കണ്ടെടുത്തത്. ട്രോളി ബാഗുകളിലും അലമാരകളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു പണമെന്നും അഴിമതി വിരുദ്ധ ഏജൻസി ഇതുവരെ നടത്തിയതിൽ വെച്ച് ഏറ്റവും വലിയ പണമിടപാട് വേട്ടയാണിതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.


കൽക്കരി വ്യാപാരിയിൽ നിന്ന് 30,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചൊവ്വാഴ്ച രാത്രിയാണ് വിജിലൻസ് മൊഹന്തിയെ കുടുക്കിയത്. ബിസിനസ് കാര്യങ്ങൾ എളുപ്പമാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. അറസ്റ്റിന് പിന്നാലെ മൊഹന്തിയുടെ ഭുവനേശ്വറിലെ ഫ്ലാറ്റ്, ഭദ്രക് ജില്ലയിലെ കുടുംബവീട്, കട്ടക്കിലെ ഓഫീസ് എന്നിവിടങ്ങളിൽ ഒരേസമയം പരിശോധന നടത്തി.


പരിശോധനയിൽ ഉദ്യോഗസ്ഥന്റെ ഓഫീസിലെ മേശയ്ക്കുള്ളിൽ നിന്ന് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ കൂടി കണ്ടെടുത്തു. കൂടാതെ ഭുവനേശ്വറിൽ രണ്ട് നിലയുള്ള ആഡംബര വീടും 130 ഗ്രാം സ്വർണ്ണവും ഇയാൾക്ക് സ്വന്തമായുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. 2022-ൽ ഒരു അസിസ്റ്റന്റ് എൻജിനീയറുടെ വീട്ടിൽ നിന്ന് 3.4 കോടി രൂപ പിടിച്ചെടുത്തതായിരുന്നു ഇതിന് മുൻപത്തെ റെക്കോർഡ്.

പഞ്ചായത്ത് ഉദ്യോഗസ്ഥൻ കൈക്കൂലിയായി വാങ്ങിയത് 15 ലക്ഷം

കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ഉദ്യോഗസ്ഥൻ പിടിയിൽ. വടവുകോട്-പുത്തൻകുരിശ് പഞ്ചായത്തിലെ ബിൽഡിങ് ഇൻസ്പെക്ടർ ദീപേഷ് കുമാറാണ് പിടിയിലായത്. ഗോഡൗണിന് നമ്പർ ഇട്ടുനൽകുന്നതിനാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. 20 ലക്ഷം രൂപയാണ് കൈക്കൂലിയായി ദീപേഷ് ആവശ്യപ്പെട്ടത്. 


പിന്നീടത് 15 ലക്ഷമാക്കി കുറയ്ക്കുകയായിരുന്നു. കാര്യം പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചതിനെ തുടര്‍ന്ന് വിജിലൻസ് നല്‍കിയ 15 ലക്ഷം രൂപ പരാതിക്കാരൻ ദീപേഷിന് കൈമാറിയത്. 10 ലക്ഷം രൂപയുടെ ചെക്കും, പണമായി 5 ലക്ഷവുമാണ് കൈമാറിയത്.


പണം കൈമാറുന്നതിനിടയാണ് വിജിലൻസ് സംഘമെത്തി ദീപേഷിനെ പിടികൂടിയത്. ഇയാളുടെ മിനിമം കൈക്കൂലി  5 ലക്ഷമാണെന്നാണ് വിവരം. ഏറെ നാളായി വിജിലൻസ് നീരിക്ഷണത്തിലായിരുന്നു ഇയാള്‍.  ദീപേഷിന്റെ സ്വത്ത് സമ്പാദനത്തിൽ അന്വേഷണം നടത്തും.

കോഴിക്കോട് വലിയങ്ങാടിയിൽ വീണ്ടും കെട്ടിടം തകർന്ന് അപകടം

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിൽ വീണ്ടും കെട്ടിടം തകർന്ന് അപകടം. സ്വകാര്യ വ്യക്തിയുടെ കെട്ടിടമാണ് തകർന്നത്. കെട്ടിടത്തിന് മുകളിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചിരിന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. കെട്ടിടത്തിന്റെ സൺ ഷെയ്ഡ് തകർന്ന് വീണാണ് അപകടമുണ്ടായത്.

കാലപ്പഴക്കമുള്ള നിരവധി കെട്ടിടങ്ങൾ വലിയങ്ങാടിയിലുണ്ട്. അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ പെട്ടെന്നൊരു പരിഹാരം വേണമെന്നാണ് പ്രദേശവാസിളുടെ ആവശ്യം.

കഴിഞ്ഞ ദിവസം വലിയങ്ങാടിയിൽ മറ്റൊരു കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചിരുന്നു. കോർപറേഷന്റെ ഉടമസ്ഥതയിലുള്ള 60 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ സൺഷെയ്ഡ് സ്ലാബാണ് തകർന്ന് വീണത്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രണ്ടാം ദിവസവും കുടിവെള്ള പ്രതിസന്ധി

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുന്നു. വെള്ളമില്ലാത്തതിനാല്‍ ആയിരക്കണക്കിന് രോഗികളും സഹയാത്രികരും വലിയ ദുരിതം അനുഭവിക്കുകയാണ്. ടാങ്കറുകളില്‍ എത്തിച്ച വെള്ളം ബക്കറ്റുകളില്‍ ശേഖരിച്ച് വാര്‍ഡുകളിലെത്തിച്ചാണ് രോഗികളുടെ പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റുന്നത്.

ഇന്നലെ ഉച്ചയോടെ തുടങ്ങിയ കുടിവെള്ള വിതരണം തകരാര്‍ ഇന്നും തുടരുകയായിരുന്നു. പൈപ്പ് ലൈന്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ വെള്ളക്ഷാമം ഉണ്ടാകാമെന്ന മുന്നറിയിപ്പ് ആശുപത്രി അധികൃതര്‍ നേരത്തെ നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെ രാവിലെ തന്നെ പ്രശ്നം പരിഹരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, രാവിലെ പൈപ്പുകളില്‍ വെള്ളമെത്താത്തത് രോഗികളെ വീണ്ടും പ്രതിസന്ധിയിലാക്കി.

ടാങ്കര്‍ വെള്ളം എത്തിച്ചെങ്കിലും ആവശ്യത്തിന് ലഭിക്കാത്തതിനാല്‍ പലരും സ്വന്തം ബക്കറ്റുകള്‍ വാങ്ങി വെള്ളം ശേഖരിച്ച് വാര്‍ഡുകളിലെത്തിക്കേണ്ട സാഹചര്യം ഉണ്ടായി. പൈപ്പ് ലൈന്‍ പണി നടക്കുന്നതറിഞ്ഞിട്ടും ദിവസേന ആയിരങ്ങള്‍ എത്തുന്ന ആശുപത്രിയില്‍ ബദല്‍ കുടിവെള്ള സംവിധാനം ഒരുക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

സുധ നേരിട്ടത് ക്രൂരമർദ്ദനമെന്ന് റിപ്പോർട്ട്

കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ, കൊല്ലപ്പെടുന്നതിന് മുൻപായി സുധ നേരിട്ടത് ക്രൂരമർദ്ദനമെന്ന് റിപ്പോർട്ട്. പ്രതി ഷാജി യുവതിയുടെ മുഖത്ത് നിരവധി തവണ മുഷ്ടിചുരുട്ടി ഇടിച്ചുവെന്നും യുവതി ബഹളം വച്ചതോടെ വായും മൂക്കും അമർത്തിപ്പിടിച്ചും ക്രൂരത കാട്ടിയെന്നും പൊലീസ് കണ്ടെത്തി. ഇത്തരത്തിൽ മുഖത്തിടിയേറ്റ് കരിങ്കലില്ലേക്ക് തെറിച്ചുവീണാണ് യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത് എന്നും പൊലീസ് കണ്ടെത്തി.

ആസൂത്രിതമായ ഒരു കൊലപാതകമല്ല ഇത് എന്നാണ് പൊലീസ് പറയുന്നത്. തന്റെ കുടുംബം തകർക്കുമെന്ന യുവതിയുടെ ഭീഷണിയായിരുന്നു പ്രതിയെ കൊലയ്ക്ക് പ്രേരിപ്പിച്ചത്. ഇരുവരും തമ്മിൽ തർക്കം നടന്നിരുന്നു. പിന്നാലെയുണ്ടായ കയ്യാങ്കളിക്കിടെ ഷാജി യുവതിയുടെ വായും മൂക്കും അമർത്തിപ്പിടിച്ചു. അപ്പോഴാണ് സുധ മരിച്ചത്. പ്രതി ഷാജിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

ഷാജിയും സുധയും കുടുംബസുഹൃത്തുക്കൾ കൂടിയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുള്ളയാളാണ് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ഷാജി. ഇയാൾക്ക് സുധയുടെ കുടുംബവുമായി ഏറെക്കാലമായി അടുത്ത ബന്ധമുണ്ടായിരുന്നു. വിവാഹമോചിതയായ സുധയും ഷാജിയും ഇടയ്ക്കിടെ കാണാറുണ്ടായിരുന്നു എന്നും പൊലീസ് പറയുന്നു. അത്തരത്തിൽ ഒരു കണ്ടുമുട്ടലാണ് പിന്നീട് കൊലപാതകത്തിൽ കലാശിച്ചത്.