Home Blog Page 1014

മലയാള സിനിമയ്ക്ക് മഹാനടനെ സമ്മാനിച്ച പത്തനംതിട്ടയ്ക്ക് ഒരു മഹാനടിയെക്കൂടി,വീണാ ജോര്‍ജിനെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

പത്തനംതിട്ട. കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ പരിക്കേറ്റ ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. മലയാള സിനിമയ്ക്ക് മഹാനടനെ സമ്മാനിച്ച പത്തനംതിട്ടയ്ക്ക് ഒരു മഹാനടിയെക്കൂടി സമ്മാനിച്ചിരിക്കുന്നുവെന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ലാലേട്ടന്റെ വിരലുകളും കണ്‍പീലികളും വരെയാണ് അഭിനയിക്കുന്നതെങ്കില്‍ വീണച്ചേച്ചിയുടെ പിടലിയും കയ്യിലെ വട്ടച്ചൊറി വലുപ്പത്തിലെ മുറിവും വരെ അഭിനയിക്കും. മന്ത്രിയെ അകലെ നിന്ന് കരിങ്കൊടി കാണിച്ച് പിടലി ഉളുക്കിച്ച കെഎസ് യു പ്രവര്‍ത്തകര്‍ക്ക് എതിരെ വധശ്രമത്തിന് കേസ് എടുത്ത ശ്രീ വിജയന്റെ പൊലീസ് മറ്റൊരു വിസ്മയം ആവുകയാണെന്നും പോസ്റ്റില്‍

മന്ത്രി സ്‌കൂളില്‍ പഠിച്ച കാലത്ത് മോണോ ആക്ടില്‍ പങ്കെടുത്ത ഫോട്ടോയുള്‍പ്പെടെ മികച്ച മന്ത്രി നടി എന്ന തലക്കെട്ടിലാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്. പോസ്റ്റിന് താഴെ ധാരാളം ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. രാഹുലിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ നിറയുകയാണ്.

രക്തസാക്ഷി പരിവേഷം ഉണ്ടാക്കാൻ ശ്രമം,പ്രശ്നമില്ലാതെ നടന്നു പോയ ആളെ ഐസിയുവിൽ ആക്കി, ആരോഗ്യവകുപ്പിൻ്റെ അവസ്ഥ ഇത്

കണ്ണൂര്‍. ആരോഗ്യമന്ത്രിയുടെ കയ്യിലെ പോറൽ നേരത്തെ ഉള്ളതെന്നും .ഒന്നാമത് പ്ലാറ്റ് ഫോമിൽ നിന്ന് മന്ത്രി നടന്നു മൂന്നാമത് പ്ലാറ്റ്ഫോമിൽ എത്തിയെന്നും സുവർണ്ണാവസരം മുതലെടുത്തുവെന്നും എ എൻ ഷംസീറിൻ്റെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നുവെന്നും കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡൻറ് പി. മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.

പ്രശ്നമില്ലാതെ നടന്നു പോയ ആളെ ഐസിയുവിൽ ആക്കി. ആരോഗ്യവകുപ്പിൻ്റെ അവസ്ഥ ഇതാണ്.പരിയാരത്ത് പോയിരുന്നെങ്കിൽ. മന്ത്രി വെൻ്റിലേറ്ററിൽ ആയേനെ. രക്തസാക്ഷി പരിവേഷം ഉണ്ടാക്കാൻ ശ്രമം നടക്കുന്നു. മാന്യമായ കരിങ്കൊടി പ്രതിഷേധം ആണ് നടത്തിയത്.

മൂന്ന് സിറ്റിംഗ് എംഎൽഎമാരെ മത്സരിപ്പിക്കാൻ സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ധാരണ, കുഞ്ഞുമോന് ഭാഗ്യം വീണ്ടും

കൊല്ലം. മൂന്ന് സിറ്റിംഗ് എംഎൽഎമാരെ മത്സരിപ്പിക്കാൻ സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ധാരണ. എല്ലാ മണ്ഡലങ്ങളിലും ഒറ്റ പേര് മാത്രം. ഇരവിപുരത്ത് എം നൗഷാദ് തന്നെ. രണ്ട് ടേം പൂർത്തിയാക്കിയ എം നൗഷാദിനെ മത്സരിപ്പിക്കുന്നതിൽ അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റിയുടെത്. കൊട്ടാരക്കരയിൽ കെഎൽ ബാലഗോപാൽ, ചവറയിൽ ഡോ സുജിത്ത് വിജയൻപിള്ള എന്നിവരുണ്ടാകും

കൊല്ലത്ത് എം മുകേഷിന് ഇളവില്ല. കൊല്ലത്ത് ജില്ലാ ആക്ടിംഗ് സെക്രട്ടറി എസ് ജയമോഹനനെയും കുണ്ടറയിൽ എസ് എൽ സജികുമാറിനെയും മത്സരിപ്പിക്കാൻ ധാരണ.തീരുമാനം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ. നിർദ്ദേശം സംസ്ഥാന കമ്മിറ്റിക്ക് സമർപ്പിക്കും. അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റിയുടേത്

കുന്നത്തൂർ സീറ്റ് ഏറ്റെടുക്കണമെന്ന പാർട്ടി നിർദേശം യോഗത്തിൽ ചർച്ചയായില്ല.സിറ്റിംഗ് എംഎൽഎ കോവൂർ കുഞ്ഞുമോനെ ഇപ്പോൾ പിണക്കേണ്ടതില്ല എന്നായിരുന്നു യോഗത്തിൽ എം. വി.ഗോവിന്ദന്റെ നിർദ്ദേശം

പ്രൊഫ. ജി.ശങ്കരപ്പിള്ള അനുസ്മരണവും നാടകാവതരണവും നടന്നു

ശാസ്താംകോട്ട.കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിൽ പ്രൊഫ. ജി.ശങ്കരപ്പിള്ള അനുസ്മരണം നടന്നു. പ്രശസ്ത നാടകചിന്തകനും സംവിധായകനുമായ ഡോ. രാജാവാര്യർ ‘ജി.ശങ്കരപ്പിള്ള: എഴുത്തും ജീവിതവും’ എന്ന വിഷയത്തിൽ അനുസ്മരണ പ്രഭാഷണം നടത്തി.

മലയാളനാടകവേദിയെ നവീകരിച്ച നാടകകൃത്താണ് ജി.ശങ്കരപ്പിള്ള എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രിൻസിപ്പൽ ഡോ. കെ.എസ്. അനിൽകുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ. ടി. മധു സ്വാഗതം പറഞ്ഞു. ഡോ. ആർ.എസ്. രാജീവ് പ്രൊഫ ജി.ശങ്കരപ്പിള്ളയെ അനുസ്മരിച്ച് സംസാരിച്ചു. മലയാളം വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെൻ്റുകൾ പ്രൊഫ. വി. മഹേശ്വരി വിതരണം ചെയ്തു. മലയാളനാടകവേദിയെ ആസ്പദമാക്കി കേരളത്തിലെ വിവിധ സർവ്വകലാശാലകളിലെ ഗവേഷകരെ പങ്കെടുപ്പിച്ച് നടത്തിയ പ്രബന്ധരചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനവിതരണം പ്രൊഫ. പി. വിജയൻ പിള്ള നിർവ്വഹിച്ചു.

ഈ വർഷത്തെ ശ്രീകോവിൽ കാവ്യപുരസ്കാര വിതരണവും ചടങ്ങിനോടനുബന്ധിച്ച് നടന്നു. കോളേജ് വിദ്യാർത്ഥികൾക്കിടയിൽ സംഘടിപ്പിച്ച മലയാള കവിതാരചനമത്സരത്തിൽ ആദ്യ മൂന്ന് സ്ഥാനം നേടുന്നവർക്കാണ് പുരസ്കാരം നൽകുന്നത്. മൂന്ന് വർഷമായി നൽകുന്ന ഈ പുരസ്കാരം മലയാളവിഭാഗം അധ്യാപകനായിരുന്ന പ്രൊഫ. പി. ഭാസ്കരൻ നായർ അദ്ദേഹത്തിൻ്റെ ശ്രീകോവിൽ എന്ന ആദ്യ കവിതാസമാഹാരം പ്രസിദ്ധീകരിച്ചതിൻ്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയതാണ്. പുരസ്കാരവിതരണം ഡോ. രാജാവാര്യർ നിർവ്വഹിച്ചു.

ചടങ്ങിൽ ഭാഷാവിഭാഗം അധ്യക്ഷരായ ഡോ. മിനി ആർ. നായർ, ഡോ. എസ്. സുശാന്ത്, ഡോ. ധന്യ എൽ., ഓഫീസ് സൂപ്രണ്ട് ശ്രീജ ആർ. എന്നിവർ ശ്രദ്ധാഞ്ജലിയർപ്പിച്ച് സംസാരിച്ചു. മലയാളവിഭാഗം അധ്യാപകൻ ആത്മൻ എ.വി. നന്ദി പറഞ്ഞു. അനുസ്മരണത്തോടനുബന്ധിച്ച് ജി.ശങ്കരപ്പിള്ള എഴുതിയ ‘മൂന്ന് പണ്ഡിതന്മാരും പരേതനായ സിംഹവും’ എന്ന നാടകത്തിൻ്റെ അവതരണം നടന്നു. മലയാളവിഭാഗം അധ്യാപിക ലക്ഷ്മിപ്രഭ സംവിധാനം ചെയ്ത നാടകത്തിൽ മലയാളം വിദ്യാർത്ഥികളാണ് അഭിനയിച്ചത്. നാടകം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി.

കെ.സുകുമാരൻ നായർ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡൻ്റ്

ശാസ്താംകോട്ട:ശാസ്താംകോട്ട കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡൻ്റായി കെ.സുകുമാരൻ നായർ തെരഞ്ഞെടുക്കപ്പെട്ടു.കോൺഗ്രസ് കുന്നത്തൂർ മുൻ മണ്ഡലം പ്രസിഡൻ്റ്,ബ്ലോക്ക് പ്രസിഡൻ്റ് തുടങ്ങിയ പദവികളിൽ പ്രവർത്തിച്ചിരുന്നു.നിലവിൽ
ഡിസിസി ജനറൽ സെക്രട്ടറിയായ ഇദ്ദേഹം കുന്നത്തൂർ ഐവർകാല സ്വദേശിയാണ്.

മറ്റ് ഭരണസമിതി അംഗങ്ങൾ:ആർ.പങ്കജാക്ഷൻപിള്ള, സി.കെ പൊടിയൻ,ബിജുരാജൻ, വി.വേണുഗോപാല കുറുപ്പ്, വൈ.ഷാജഹാൻ,എസ്.സുഭാഷ്,സോമൻ പിള്ള,നസീറ,ലിസി.ജി,പി.കെ രവി,നാസില,അമീർ.

ഒരു കെഎസ്‌യുക്കാരനും മന്ത്രിയുടെ അടുത്തേക്ക് എത്തിയിട്ടില്ല,മന്ത്രി വീണാ ജോര്‍ജ്ജിനെ ആക്രമിച്ചുവെന്ന ആരോപണം തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

കൊച്ചി. കണ്ണൂരില്‍ കെ എസ് യു പ്രവര്‍ത്തകര്‍ ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ്ജിനെ ആക്രമിച്ചുവെന്ന ആരോപണം തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മന്ത്രിക്കെതിരെ കയ്യേറ്റം ഉണ്ടായെന്നത് ആരോപണം മാത്രമാണെന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്. പ്രതിഷേധ സ്ഥലത്ത് മൂന്നോ നാലോ കെ.എസ്.യുക്കാരും 35 പൊലീസുകാരുമാണ് ഉണ്ടായിരുന്നത്. പുറത്തുവന്ന ദൃശ്യങ്ങള്‍ പ്രകാരം ഒരു കെഎസ്‌യുക്കാരനും മന്ത്രിയുടെ അടുത്തേക്ക് എത്തിയിട്ടില്ല. സംഭവത്തില്‍ പ്രാഥമികമായ അന്വേഷണം നടത്തിയിട്ടുണ്ട്. മന്ത്രിക്കെതിരെ കൈയേറ്റമുണ്ടായിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കാന്‍ ഒരു മടിയുമില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു. മന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം തുടരുമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ആരോഗ്യ മന്ത്രിക്ക് പരിക്കേറ്റു എന്ന് പറയുന്നത് അതേപടി വിശ്വസിക്കാനാകില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. മന്ത്രിയെ പരിക്കേല്‍പിക്കുന്നതിന്റെ ദൃശ്യം കണ്ടിട്ടില്ല. ആരും മന്ത്രിയെ കൈ കൊണ്ട് സ്പര്‍ശിക്കുന്നതോ പരിക്കേല്‍പ്പിക്കുന്നതോ പരിക്കോ താന്‍ ദൃശ്യങ്ങളില്‍ കണ്ടിട്ടില്ല. പരിക്കേറ്റിട്ടുണ്ടോ എന്ന് തനിക്ക് പറയാനാകില്ലെന്നും അതെല്ലാം പരിശോധിക്കണമെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.

അക്രമം ഉണ്ടായെന്ന വാദം തള്ളി കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും രംഗത്തെത്തി. മന്ത്രിക്ക് പരിക്കേറ്റുവെന്നത് സിപിഐഎം വ്യാഖ്യാനം മാത്രമാണ്. ‘മന്ത്രി രക്തസാക്ഷി പരിവേഷം അണിയുകയാണ്. പ്രവര്‍ത്തകരുടെ പ്രതിഷേധം ഒരിക്കലും മന്ത്രിയെ കയ്യേറ്റം ചെയ്യുന്ന നിലയിലേക്ക് മാറിയിട്ടില്ലെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്നും കെഎസ് യു സംസ്ഥാന പ്രസിഡന്റ് മാധ്യമങ്ങളോട് പ്രതികരിച്ചു. ജനാധിപത്യ രാജ്യത്ത് പ്രതിഷേധങ്ങള്‍ സ്വാഭാവികമാണ്. മന്ത്രിയെ കയ്യേറ്റം ചെയ്തിട്ടില്ല. പ്രതിഷേധിക്കുക മാത്രമാണ് ചെയ്തത്. ആരോഗ്യമേഖല വെന്റിലേറ്ററായി കിടക്കുമ്പോള്‍ മന്ത്രിക്കെതിരെ പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്നും അലോഷ്യസ് പ്രതികരിച്ചു.

വീണാ ജോർജിനെതിരായ പ്രതിഷേധത്തിൽ അഞ്ച് കെഎസ്‍യു പ്രവർത്തർ കസ്റ്റഡിയിൽ

കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധത്തിൽ അഞ്ച് കെഎസ്‍യു പ്രവർത്തർ കസ്റ്റഡിയിൽ. ജില്ലാ പ്രസിഡന്‍റ് എം.സി അതുൽ ഉൾപ്പെടെ ഉള്ളവരാണ് കസ്റ്റഡിയിലെടുത്തത്. കണ്ണൂർ ടൗൺ പൊലീസാണ് കസ്റ്റഡിയിലെടുത്തത്.

അതേസമയം, മന്ത്രിയുടേത് അഭിനയമാണെന്ന് കെഎസ്‍യു ആരോപിച്ചു. നാടകം കളിച്ച് അനുകമ്പ പറ്റാനാണ് മന്ത്രിയുടെ ശ്രമമെന്ന് സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവിയർ പറഞ്ഞു. പ്രവർത്തകർ ആരും മന്ത്രിയെ കയ്യേറ്റം ചെയ്തിട്ടില്ല. ഇക്കാര്യം ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്നും അലോഷ്യസ് പറഞ്ഞു. മന്ത്രിയാണ് പ്രകോപനം ഉണ്ടാക്കിയതെന്നും വീണാ ജോർജ് കലോത്സവ കാലങ്ങളിലെ അഭിനയം ഇനിയും മറന്നിട്ടില്ലെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ ജനീഷ് പറഞ്ഞു.

അതേസമയം, മന്ത്രി വീണ ജോർജിന് പരിക്കേറ്റതിന് പിന്നാലെ സിപിഎം സംസ്ഥാനവ്യാപകമായി പ്രതിഷേധം നടത്തി. കണ്ണൂരിൽ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിന്റെയും പി ജയരാജന്റെയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പത്തനംതിട്ടയിലും പാലക്കാടും ഡിവൈഎഫ്ഐ മാർച്ചിനിടെ പ്രതിപക്ഷ നേതാവിന്റെ പോസ്റ്ററുകൾ വലിച്ചു കീറി.

ആരോഗ്യ മന്ത്രിക്ക് പ്രതിരോധം തീർക്കുമെന്ന് എസ്‍എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ് പറഞ്ഞു. തെരഞ്ഞെടുപ്പ് എടുത്തപ്പോൾ കേരളത്തിൽ സമാധാനം തകർക്കുകയാണ് ലക്ഷ്യം. കേരളത്തിലെ ആരോഗ്യരംഗത്തെ മോശപ്പെടുത്താനാണ് ശ്രമമെന്നും വിദ്യാർഥികളുടെ ഏതെങ്കിലും ആവശ്യത്തിന് വേണ്ടി കെഎസ്‌യു സമരം നടത്തിയിട്ടുണ്ടോ എന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദ് ചോദിച്ചു.

കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ പരിക്കേറ്റ് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഐസിയുവില്‍ കഴിയുന്ന ആരോഗ്യമന്ത്രി വീണാജോര്‍ജ്ജിനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി,സംസ്ഥാനവ്യാപക പ്രതിഷേധം

കണ്ണൂര്‍: കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ പരിക്കേറ്റ് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഐസിയുവില്‍ കഴിയുന്ന ആരോഗ്യമന്ത്രി വീണാജോര്‍ജ്ജിനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിക്കെതിരെയുള്ള ആക്രമണത്തില്‍ സിപിഎം പ്രതിഷേധ പ്രകടനം നടത്തി

സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ജയരാജന്‍, ടി.വി രാജേഷ്, എന്‍.ചന്ദ്രന്‍, ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, പി കെ ശ്യാമള ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു.

കെഎസ്യു -യൂത്ത് കോണ്‍ഗ്രസ് ആക്രമണം കോണ്‍ഗ്രസിന്റെ ഹീന രാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ആരോഗ്യമന്ത്രിയെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചത്. അവിടെ ഉണ്ടായത് ഏതെങ്കിലും പ്രതിഷേധ പ്രകടനമല്ലഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണ്. പ്ലാറ്റ്‌ഫോമിലേക്ക് നടക്കുമ്പോഴാണ് മന്ത്രി ആക്രമിക്കപ്പെട്ടത്. ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യമേഖലയാണ് കേരളത്തിലേത്. അത് എല്ലാ ഔദ്യോഗിക ഏജന്‍സികളും അംഗീകരിച്ചതുമാണ്. എന്നിട്ടും ചില സംഭവങ്ങള്‍ പര്‍വതീകരിച്ച് അതില്‍ ഒരുതരത്തിലും ഉള്‍പ്പെട്ടിട്ടില്ലാത്ത മന്ത്രിക്കെതിരെ ആക്രമണം നടത്തുന്നതിനെ രാഷ്ട്രീയമായിട്ടല്ല, രാഷ്ട്രീയ ആഭാസമായിട്ടാണ് കാണാന്‍ കഴിയുക. തങ്ങളുടെ അനുയായികളെ കയറൂരി വിട്ട് നാട്ടിലെ ക്രമസമാധാനം തകര്‍ക്കാമെന്നോ കലാപം ഉണ്ടാക്കാമെന്നോ കോണ്‍ഗ്രസ് നേതൃത്വം കരുതരുത്. ഇതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിന്റെയും യുഡിഎഫ് മുന്നണിയുടെയും നേതൃത്വത്തിന് തന്നെയാണ്. തീര്‍ത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് രാഷ്ട്രീയത്തെ മലീമസമാക്കുന്ന അവരുടെ ശൈലിയുടെ പ്രതിഫലനമാണ് കെഎസ്യു അക്രമികളിലൂടെ പുറത്തുവന്നത്. ഇത് അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

സംഭവത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിപിഎം. കണ്ണൂരില്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷും മുതിര്‍ന്ന നേതാവ് പി ജയരാജനും എംഎല്‍എമാരുള്‍പ്പെടെയുള്ളവരും പ്രതിഷേധപ്രകടനം നടത്തി. തിരുവനന്തപുരത്ത് ഡിവൈഎഫ് ഐ പ്രവര്‍ത്തകള്‍ പന്തംകുളത്തി പ്രകടനം സംഘടിപ്പിച്ചു.

പാലക്കാട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തില്‍ കോണ്‍ഗ്രസിന്റെ ബോര്‍ഡുകള്‍ ഉള്‍പ്പെടെ തകര്‍ത്തു. എസ്എഫ്‌ഐ പ്രവര്‍ത്തകരും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. എസ്എഫ്‌ഐ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയങ്ങാടിയിലും പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. കെഎസ്‌യു വിനെതിരേയും കോണ്‍ഗ്രസിനെതിരേയും മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം.

അതിനിടെ, കണ്ണൂരിലെ സംഭവത്തില്‍ കെഎസ് യു പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍ എടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. അതുല്‍, യാസീന്‍, മുബാസ്, അക്ഷയ്, ബിദുല്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവർക്കെതിരെ വധശ്രമത്തിന് കേസെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

എന്നാല്‍, പ്രതിഷേധക്കാര്‍ മന്ത്രിയെ ആക്രമിച്ചിട്ടില്ലെന്നാണ് പ്രതിപക്ഷ നേതാക്കളുടെ പ്രതികരണം. മന്ത്രിക്കെതിരെ കയ്യേറ്റം ഉണ്ടായെന്നത് ആരോപണം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു

Advertisement

വിജയ് ദേവരകൊണ്ടയ്ക്കും രശ്മിക മന്ദാനയ്ക്കും വിവാഹ മംഗളാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഫെബ്രുവരി 26ന് നടക്കുന്ന വിജയ് ദേവരകൊണ്ടയ്ക്കും രശ്മിക മന്ദാനയ്ക്കും വിവാഹ മംഗളാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചടങ്ങിലേക്കുള്ള ക്ഷണത്തിന് നന്ദി പറഞ്ഞു കൊണ്ട് മോദി വിജയ് ദേവരകൊണ്ടയുടെ മാതാപിതാക്കൾക്ക് അയച്ച കത്തിലാണ് താരങ്ങൾക്ക് വിവാഹാശംസകൾ നേർന്നത്. വിജയ്‌യുടെ മാതാപിതാക്കളായ മാധവിയേയും ഗോവർധൻ റാവു ദേവരകൊണ്ടയേയും അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്ത് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
‘വ്യാഴാഴ്ച നടക്കുന്ന വിജയ്- രശ്മിക വിവാഹത്തിലേക്ക് ക്ഷണിച്ചതിൽ സന്തോഷമുണ്ട്. സന്തോഷകരവും മംഗളകരവുമായ അവസരത്തിൽ ദേവരകൊണ്ട- മന്ദാന കുടുംബത്തിന് ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും’, പ്രധാനമന്ത്രി കുറിച്ചു. ‘വിജയ്‌യുടേയും രശ്മികയുടേയും ജീവിതത്തിലെ മനോഹരമായ പുതിയ അധ്യായത്തിന്റെ തുടക്കമാണിത്.
ഏഴ് ചുവടുകൾ ഒന്നിച്ചുവെക്കുമ്പോൾ ജീവിതകാലം മുഴുവൻ സുഹൃത്തുക്കളായി തീരുന്നുവെന്ന ഉദാത്തചിന്ത ഉൾക്കൊണ്ടു കൊണ്ട് ദമ്പതികൾ ജീവിതം തുടങ്ങട്ടെ. സ്‌നേഹവും അടുപ്പവും കൊണ്ട് ദൈവികമായി എഴുതപ്പെട്ട ജീവിതത്തിന്റെ അധ്യായം വെള്ളിത്തരയിൽ അവർ സൃഷ്ടിച്ച മാന്ത്രികതയെ മറികടക്കുമെന്നതിൽ സംശയമില്ല’, അദ്ദേഹം പറഞ്ഞു. ‘വരും ദിവസങ്ങളും മാസങ്ങളും വർഷങ്ങളും അവരുടെ സ്വപ്‌നങ്ങളാലും അവയുടെ സഫലീകരണത്താലും നിറയട്ടെ.
പരസ്പരം തിരിച്ചറിഞ്ഞ് സ്‌നേഹത്തോടെ ഉത്തരവാദിത്തങ്ങൾ പങ്കുവെക്കാനും, പോരായ്മകളെ സ്വീകരിക്കാനും, ശക്തികളിൽനിന്ന് പഠിക്കാനും, യഥാർഥ പങ്കാളികളായി ജീവിതത്തിലുടനീളം യാത്ര ചെയ്യാനും അവർക്ക് കഴിയട്ടെ. ഈ സുപ്രധാന അവസരത്തിൽ ദമ്പതിമാർക്കും കുടുംബങ്ങൾക്കും എന്റെ അനുഗ്രഹങ്ങളും ആശംസകളും’, മോദി കൂട്ടിച്ചേർത്തു.

അശ്ലീല ഉള്ളടക്കം സംപ്രേഷണം ചെയ്തു: അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകളെ വാർത്താ വിതരണ മന്ത്രാലയം നിരോധിച്ചു

ന്യൂഡൽഹി: അശ്ലീല ഉള്ളടക്കം സംപ്രേഷണം ചെയ്തതിന് അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകളെ വാർത്താ വിതരണ മന്ത്രാലയം നിരോധിച്ചു.

മൂഡ്എക്സ് വിഐപി, കോയൽ പ്ലേപ്രോ, ഡിജിമൂവി പ്ലക്സ്, ഫീൽ, ജുഗ്‌നു എന്നീ പ്ലാറ്റ്ഫോമുകളെയാണ് നിരോധിച്ചത്. അശ്ലീലവും മോശവുമായ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്തതിന് കഴിഞ്ഞ വർഷം ജൂലൈയിലും ആപ്പുകളും വെബ്‌സൈറ്റുകളും കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു.

പ്ലാറ്റ്‌ഫോമുകൾക്കെതിരെ ലഭിച്ച നിരവധി പരാതികളെത്തുടർന്നാണ് നിരോധനം ഏര്‍പ്പെടുത്തിയത്. കൃത്യമായ നടപടിക്രമങ്ങൾ പാലിച്ച ശേഷമാണ് പൂട്ടിട്ടതെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

ഡിജിറ്റൽ ഇടങ്ങളിലെ നിയമവിരുദ്ധവും ഹാനികരവുമായ ഉള്ളടക്കങ്ങളെ നിയന്ത്രിക്കുന്ന, ഇൻഫർമേഷൻ ടെക്നോളജി ആക്ട്, ഇൻഫർമേഷൻ ടെക്നോളജി (ഇന്റർമീഡിയറി ഗൈഡ്‌ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) റൂൾസ്, 2021 (IT Rules, 2021) എന്നിവയിലെ വ്യവസ്ഥകൾ പ്രകാരമാണ് നടപടി സ്വീകരിച്ചത്.

ഒടിടി പ്ലാറ്റ്‌ഫോമുകൾ നിലവിലുള്ള നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മന്ത്രാലയം 2025 ഫെബ്രുവരിയിൽ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. എന്നിട്ടും ഈ പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കത്തിൽ ലൈംഗികച്ചുവയുള്ള സംഭാഷണങ്ങളും നഗ്നതാ പ്രദർശനവും അശ്ലീല ദൃശ്യങ്ങളും ഉൾപ്പെട്ടിരുന്നതായാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം നിരോധിച്ച അഞ്ച് പ്ലാറ്റ്‌ഫോമുകളും ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.