സിയറ തിരിച്ചെത്തും 2025 ല്‍, ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച് ടാറ്റ

Advertisement

ഇന്ത്യൻ എസ്‌യുവി വിപണിയിലെ തലതൊട്ടപ്പനായ ടാറ്റ സിയറയുടെ തിരിച്ചു വരവിന് കളമൊരുങ്ങുന്നു. 2020 ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച വാഹനത്തിന്റെ പ്രൊഡക്ഷൻ മോഡലിനോട് അടുത്തു നിൽക്കുന്ന പതിപ്പാണ് 2023 ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ ടാറ്റ അവതരിപ്പിച്ചത്. 2020 മോഡലിന് സൂയിസൈഡ് ഡോറുകളായിരുന്നെങ്കിൽ ഇപ്പോൾ അവതരിപ്പിച്ച മോഡലിന് സാധാരണ ഡോറുകളാണ്.

ഇന്ത്യയിൽ വികസിപ്പിച്ച് നിർമിച്ച ആദ്യ എസ്‍യുവിയായ സിയറയുടെ നിർമാണം 2000 ലാണ് ടാറ്റ അവസാനിപ്പിച്ചത്. 1991–ൽ പുറത്തിറങ്ങിയ സിയറയുടെ സ്മരണാർഥം അതുമായി സാമ്യമുള്ള ഡിസൈനോടെയാണ് ടാറ്റ ഇ–സിയറയുടെ കൺസെപ്റ്റും ഒരുക്കിയിരിക്കുന്നത്.

തങ്ങളുടെ പുതിയ വാഹനമായ ആൾട്രോസ് നിർമിച്ചിരിക്കുന്ന ആൽഫാ പ്ലാറ്റ്ഫോമിൽ തന്നെയാണ് പുതിയ സിയറയുടെയും നിർമാണമെന്നാണ് സൂചന. സിയറയുടെ മറ്റു സാങ്കേതിക വിവരങ്ങൾ ടാറ്റ പുറത്തുവിട്ടില്ല. 2025 ൽ പുതിയ വാഹനം വിപണിയിലെത്തുമെന്നാണ് ടാറ്റ അറിയിക്കുന്നത്. ഇലക്ട്രിക് പതിപ്പ് കൂടാതെ പെട്രോൾ എൻജിനുമായി വാഹനം എത്തുമെന്നാണ് പ്രതീക്ഷ.

Advertisement