ഒരേ സമയം 2 ബിരുദം: ഉടൻ നടപ്പാക്കണമെന്ന് യുജിസി

ഉന്നതവിദ്യാഭ്യാസരംഗത്തെ അടിസ്ഥാനസൗകര്യക്കുറവും യോഗ്യത നേടാൻ ആഗ്രഹിക്കുന്നവരുടെ വർധനയും പരിഗണിച്ച്, ലഭ്യമായ സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനുള്ള പല വഴികളും 2020 ലെ ദേശീയ വിദ്യാഭ്യാസനയത്തിന്റെ പശ്ചാത്തലത്തിൽ യുജിസി ആവിഷ്കരിച്ചിട്ടുണ്ട്. വിദൂരവിദ്യാഭ്യാസം, ഓൺലൈൻ പഠനം എന്നിവയ്ക്കു പുറമേ വിദ്യാർഥിക്ക് ഒരേ സമയം 2 കോഴ്സുകൾ പഠിക്കാവുന്ന സമ്പ്രദായവും യുജിസി ആവിഷ്കരിച്ചു.

അതിനുള്ള മാർഗരേഖ വൈസ് ചാൻസലർമാർക്കും കോളജ് പ്രിൻസിപ്പൽമാർക്കും കഴിഞ്ഞ ഏപ്രിൽ 13ന് അയച്ചുകൊടുത്ത്, നടപ്പാക്കാൻ ആവശ്യപ്പെട്ടിരുന്നു. പടിപടിയായുള്ള നടപടിക്രമങ്ങൾ ഉടൻ ആവിഷ്കരി‌ച്ച്, വിദ്യാർഥികൾക്ക് അവസരം നൽകാൻ സെപ്റ്റംബർ 30ന് ഓർമപ്പെടുത്തുകയും ചെയ്തു. പക്ഷേ, സ്കൂൾ ലിവിങ് സർട്ടിഫിക്കറ്റും മൈഗ്രേഷൻ സർട്ടിഫിക്കറ്റും ഇല്ലാതെ പ്രവേശനം നടത്തില്ലെന്ന കാരണത്താൽ, വിദ്യാർഥികൾ പ്രയാസപ്പെടുന്നതായി യുജിസിയുടെ ശ്രദ്ധയിൽപെട്ടു. ഇനിയും വൈകിക്കാതെ നടപടികൾ വേഗം കൈക്കൊള്ളാൻ ഇക്കഴിഞ്ഞ 10ന് വീണ്ടും നിർദേശം നൽകിയിട്ടുണ്ട്.

മാർഗരേഖ ഇങ്ങനെ

∙ വിദ്യാർഥി ഒരേസമയം 2 ഫുൾ–ടൈം അക്കാദമിക് പ്രോഗ്രാമുകൾ ക്ലാസ്മുറിയിൽത്തന്നെ പഠിക്കുക (ഓവർലാപ്പില്ലാതെ ടൈംടേബിൾ തയാറാക്കിയിരിക്കും). അല്ലെങ്കിൽ, ഒരു വിഷയം ഫുൾ–ടൈമായും മറ്റേത് ഓപ്പൺ ഡിസ്റ്റൻസ് ലേണിങ് (ഒഡിഎൽ) അഥവാ ഓൺലൈൻ ആയും പഠിക്കാം. ആവശ്യമെങ്കിൽ രണ്ടു വിഷയവും ഒഡിഎൽ / ഓൺലൈൻ എന്ന രീതിയിലുമാകാം

∙ യുജിസി / ബന്ധപ്പെട്ട കൗൺസിൽ / കേന്ദ്രസർക്കാർ അംഗീകാരമുള്ള സ്ഥാപനങ്ങൾക്കു മാത്രമായിരിക്കും ഡിഗ്രി, ഡിപ്ലോമ പ്രോഗ്രാമുകൾ നടത്താൻ അനുവാദം. അംഗീകാരവുമായി ബന്ധപ്പെട്ട എല്ലാ നിബന്ധനകളും ഈ പദ്ധതിയിലും പാലിക്കണം.

∙ യുജിസി വിജ്ഞാപനത്തിനു മുൻപ് ഈ രീതിയിൽ ഏതെങ്കിലും അക്കാദമിക പ്രോഗ്രാം ആരംഭിച്ചിട്ടുണ്ടെങ്കിൽ, അതിന് അംഗീകാരം ലഭിക്കില്ല.

∙ പിഎച്ച്ഡി പ്രോഗ്രാമുകൾക്ക് ഈ പദ്ധതി ഉണ്ടായിരിക്കില്ല.

Advertisement