യുജിസി ഫെലോഷിപ് തുക വർധിപ്പിച്ചു : ജെആർഎഫ് 6000 രൂപ കൂട്ടി, എസ്ആർഎഫിന് 7000 രൂപ വർധിപ്പിച്ചു

ന്യൂഡൽഹി; ജെആർഎഫ് (ജൂനിയർ റിസർച് ഫെലോഷിപ്) ഉൾപ്പെടെ യുജിസിയുടെ വിവിധ ഫെലോഷിപ്പുകളുടെ തുക വർധിപ്പിച്ചു. ജെആർഎഫ് മാസം 6000 രൂപ വർധനയോടെ 37,000 രൂപയാക്കി. സീനിയർ റിസർച് ഫെലോഷിപ് 7000 രൂപ കൂട്ടി 42,000 ആക്കി.

കഴിഞ്ഞ മാസം 20നു ചേർന്ന യുജിസി യോഗത്തിലെ തീരുമാനത്തിന് ഇക്കൊല്ലം ജനുവരി ഒന്നു മുതൽ മുൻകാല പ്രാബല്യമുണ്ട്. കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിനു (ഡിഎസ്ടി) കീഴിലുള്ള ജൂനിയർ / സീനിയർ റിസർച് ഫെലോകളുടെ സ്റ്റൈപൻഡ് നേരത്തേ കൂട്ടിയിരുന്നു. ഇതോടെ സയൻസ്, ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസസ് മേഖലകളിലെ ഗവേഷക വിദ്യാർഥികൾക്കെല്ലാം ഉയർന്ന തുക ലഭിക്കും.

അതേസമയം, ഡോ. ഡി.എസ്.കോഠാരി പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്, വനിതാ, എസ്‌സി/ എസ്ടി ഗവേഷകർക്കുള്ള ഡോ. എസ്.രാധാകൃഷ്ണൻ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് എന്നിവയിലെ വർധന നിലവിലുള്ളവർക്കു മാത്രമാകും ലഭിക്കുകയെന്നു യുജിസി അറിയിച്ചു.

Advertisement