ഇന്ത്യയിലെ 5ജി ഡേറ്റാ പാക്കിന്റെ ചെലവ് ഇങ്ങനെ

റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെലുമാണ് ഇന്ത്യയില്‍ 5ജി സേവനം തുടങ്ങിയത്. ഇരു കമ്പനികളും 5ജി ഹാന്‍ഡ്‌സെറ്റുള്ള 4ജി വരിക്കാര്‍ക്ക് അധിക ചാര്‍ജില്ലാതെ 5ജി അതിവേഗ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.

നിലവിലെ പാക്കില്‍ അധിക സ്പീഡ് നല്‍കിയാണ് 5ജി സേവനം തുടങ്ങിയത്. ഇപ്പോഴിതാ ഇന്ത്യയിലെ ആദ്യത്തെ 5ജി ഡേറ്റാ പാക്കിന്റെ വില വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ജിയോ. ഇത് ഒരു ആഡ്ഓണ്‍ പാക്ക് ആണ്. കുറഞ്ഞ ജിയോ പ്രീപെയ്ഡ് പ്ലാനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 5ജി സേവനം ലഭ്യമാക്കാനാണിത്. ജിയോയുടെ വെബ്‌സൈറ്റിലും മൈ ജിയോ ആപ്പിലും പാക്ക് കാണാം.

∙ 61 രൂപയ്ക്ക് 6 ജിബി 5ജി ഡേറ്റ

ഇന്ത്യയിലെ ആദ്യത്തെ 5ജി പാക്കിന് 61 രൂപയാണ് വില. അതായത് 61 രൂപയ്ക്ക് 6 ജിബി 5ജി ഡേറ്റ ലഭിക്കും. ഇതോടൊപ്പം കുറഞ്ഞ പ്ലാനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 5ജിയിലേക്ക് അപ്‌ഗ്രേഡും ചെയ്യാം. ഈ പാക്കിന് കാലാവധി ഇല്ല. അതായത്, ഇപ്പോള്‍ ഉപയോഗിക്കുന്ന പ്ലാന്‍ തീരുന്നതു വരെ കാലാവധി കിട്ടും. ജിയോയുടെ 119 രൂപ, 149 രൂപ, 179 രൂപ, 199 രൂപ, 209 രൂപ പ്ലാനുകള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് പുതിയ പാക്ക് ഉപയോഗിച്ച് 5ജി ലഭ്യമാക്കുക. അതേസമയം, ജിയോയുടെ 239 രൂപയോ അതിലധികമോ ഉള്ള ആക്ടീവ് പ്ലാനുകള്‍ ഉപയോഗിക്കുന്നവരെല്ലാം ഓട്ടമാറ്റിക്കായി 5ജിയിലേക്ക് എത്തുന്നതിനാല്‍ അവര്‍ ഈ പാക്കിനെക്കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ല.

∙ പുതിയ പാക്ക് ആര്‍ക്ക്?

ജിയോയുടെ 5ജി സേവനം ലഭ്യമായ പ്രദേശത്തുള്ളവർക്ക് 61 രൂപ പാക്ക് ചാര്‍ജ് ചെയ്യാം. ഇതിനുപുറമെ ജിയോയുടെ വെല്‍കം ഓഫർ ക്ഷണം കിട്ടിയവര്‍ക്കുമാണ് 61 രൂപ പാക്ക് ഉപയോഗിച്ച് 5ജി സേവനം നേടാന്‍ സാധിക്കുക. ഉപയോക്താവിന് 5ജി ഫോണും വേണം. അതേസമയം, ഇത് ഒരു സ്റ്റാന്‍ഡ് എലോണ്‍ പ്ലാനല്ല എന്നും ഓര്‍ത്തിരിക്കണം. അതായത് കോളുകളോ വാലിഡിറ്റിയോ എസ്എംഎസോ ഈ പാക്കിനൊപ്പമില്ല. നിലവിലുള്ള, വില കുറഞ്ഞ പ്ലാനുകള്‍ ഉപയോഗിക്കുന്ന വരിക്കാര്‍ക്കാണ് ഇത് പ്രയോജനപ്പെടുക. ജിയോ ആപ്പില്‍ 5ജി അപ്‌ഗ്രേഡ് സെക്‌ഷനിലാണ് പുതിയ 61 രൂപ പാക്ക് കാണാനാകുന്നത്.

Advertisement