ബാറിൽ ‘ഗ്ലാസ്മേറ്റ്സ്’, ഓട്ടോയിലിരുന്നും മദ്യപാനം; വിരമിച്ച പട്ടാളക്കാരൻറെ സ്വർണമാല പൊട്ടിച്ചു, പിടി വീണു!

Advertisement

തിരുവനന്തപുരം: ബാറിൽ വച്ച് കണ്ട സൗഹൃദത്തിൽ വിരമിച്ച സൈനികനെ മദ്യംകുടിപ്പിച്ച് ബോധം കെടുത്തി കഴുത്തിൽ കിടന്ന ഒന്നര പവൻ മാല പൊട്ടിച്ച യുവാവ് അറസ്റ്റിൽ. തച്ചോണം മുല്ലക്കര സ്വദേശി അനീഷിനെ(35) യാണ് പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തത്. പൊട്ടിച്ചെടുത്ത സ്വർണമാല യുവാവ് വിറ്റിരുന്നു. ഈ മാസം ആറാം തീയതിയാണ് സംഭവം നടന്നത്.

മുൻ സൈനികൻ നഗരത്തിലെ ഒരു ബാറിൽ മദ്യപിച്ചിരിക്കുമ്പോൾ പ്രതിയായ അനീഷ് അടുത്ത് ചെന്ന് സ്വയം പരിചയപ്പെടുകയും സൌഹൃദം ഉണ്ടാക്കുകയുമായിരുന്നു. തുടർന്ന് രണ്ട് പേരും അന്നേ ദിവസം വിവിധ സ്ഥലങ്ങളിൽ ഓട്ടോറിക്ഷയിൽ പോയി മദ്യപിക്കുകയും ചെയ്തു. ഒടുവിൽ സൈനികൻറെ ബോധം നഷ്ടപ്പെട്ടതോടെ ഓട്ടോ റിക്ഷയിൽ വച്ച് മാല പൊട്ടിച്ചെടുക്കുകയായിരുന്നു. മാലയുടെ ഒരു ഭാഗം ഓട്ടോയിൽ തന്നെ ഉപേക്ഷിച്ചു. ബാക്കി അനീഷ് എടുത്ത് കല്ലറയിലെ ജുവല്ലറിയിൽ കൊണ്ടു പോയി വിൽക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മാല മോഷണം പോയത് അല്ല പൊട്ടിപ്പോയതാണെന്ന് വരുത്തിതീർക്കാനായാണ് പ്രതി ഒരു ഭാഗം ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ചത്. ഇക്കാര്യം അനീഷ് പൊലീസിനോട് സമ്മതിച്ചു. മാല വിറ്റ ജ്വല്ലറിയിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് വടത്തി. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Advertisement