ശനിയുടെ വളയങ്ങൾ അപ്രത്യക്ഷമാകുന്നു! 2025 മുതൽ ഭൂമിയിൽ നിന്നു കാണാനാകില്ല

ഭൂമി കഴിഞ്ഞാൽ ഏറ്റവും പെട്ടെന്ന് തിരിച്ചറിയാനൊക്കുന്ന ഗ്രഹമാണ് ശനി. ചുറ്റും കറങ്ങുന്ന വലയങ്ങളാണ് ഇതിന്റെ പ്രധാനകാരണം.

ഹിമവും പാറക്കഷ്ണങ്ങളും ഉൾപ്പെടുന്ന വസ്തുക്കളാണ് ശനിഗ്രഹത്തെ വലയങ്ങൾ പോലെ കറങ്ങുന്നത്. 2025 മുതൽ ഭൂമിയിൽ നിന്ന് ടെലിസ്‌കോപ്പുകളിലൂടെ ശനിയുടെ വലയങ്ങൾ കാണാനൊക്കില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഭൂമിയുമായി ഒൻപത് ഡിഗ്രി ആംഗിളിൽ ചരിഞ്ഞാണ് ശനിയുള്ളത്. എന്നാൽ ഈ ചരിവ് കുറഞ്ഞുവരികയാണ്. അടുത്തവർഷത്തോടെ ഈ ചരിവ് 3.7 ഡിഗ്രി ആയിമാറും.

എന്നാൽ 2025 ആകുന്നതോടെ ശനിയുടെ ചരിവ് മാറും. ഇതോടെ വലയങ്ങൾ നേർത്ത ഒരു വരപോലെ ഭൂമിയിൽ നിന്ന് അനുഭവപ്പെടുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇതത്ര ദൃശ്യമായിരിക്കില്ല. 2032 വരെ ഈ സ്ഥിതി തുടരും. സവിശേഷ രൂപമുള്ള ഗ്രഹമാണ് ശനി (സാറ്റേൺ). അമോണിയയാണ് പ്രധാന വാതകം. ഉൾഭാഗത്തെ താപനില 21,000 ഡിഗ്രി സെൽഷ്യസ്.11 ഭൗമമണിക്കൂറുകളാണ് ശനി ദിവസത്തിന്റെ ദൈർഘ്യം. ശനിയുടെ ഏറ്റവും വലിയ പ്രത്യേകതയാണു വലയങ്ങൾ. വലിയ ഐസുകട്ടികളും പാറക്കഷണങ്ങളും ഗ്രഹത്തിനു ചുറ്റും കറങ്ങുന്നതുമൂലമാണ് വലയങ്ങൾ രൂപപ്പെട്ടത്. ശനിയിൽ ഇടയ്ക്കിടെ ഇടിമിന്നലുണ്ടാകും. അപ്പോൾ അന്തരീക്ഷത്തിൽ കാർബൺ കണങ്ങൾ കൂടിച്ചേർന്ന് വജ്രങ്ങളായി താഴേക്കു വീഴും. വജ്രമഴ!.

ഗ്രഹത്തെ നിരീക്ഷിക്കാനായി പോയ ദൗത്യങ്ങളിൽ കസീനി വളരെ പ്രശസ്തമായിരുന്നു. എന്നാൽ ഈ ദൗത്യം ഇപ്പോൾ നിലവിലില്ല. ശനിഗ്രഹത്തിന് 145 ചന്ദ്രൻമാരുണ്ട്. 24 ചന്ദ്രൻമാരെയാണ് ശനിയുടെ സ്വാഭാവിക ഉപഗ്രഹങ്ങളായി കണ്ടെത്തിയിട്ടുള്ളത്. ഇക്കൂട്ടത്തിൽ മിമാസ്, എൻസെലാദസ്, തെത്തീസ്, ഡിയോൺ, റിയ, ലാപ്പറ്റസ്, ഹൈപ്പേരിയോൺ, ടൈറ്റൻ എന്നിവയാണ് ഏറ്റവും വലിയ ചന്ദ്രൻമാർ. ഇക്കൂട്ടത്തിൽ തന്നെ ഏറ്റവും വലുപ്പമുള്ള ചന്ദ്രനാണ് ടൈറ്റൻ.

വ്യാഴത്തിന്‌റെ ചന്ദ്രനായ ഗാനിമീഡ് കഴിഞ്ഞാൽ സൗരയൂഥത്തിലെ ഏറ്റവും വലുപ്പമുള്ള ചന്ദ്രൻകൂടിയാണ് ടൈറ്റൻ. നമ്മുടെ അറിവിൽ ശക്തമായ അന്തരീക്ഷമുള്ള ഒരേയൊരു ചന്ദ്രനായ ടൈറ്റന് വേറെയും സവിശേഷതകളുണ്ട്, ഭൂമി കഴിഞ്ഞാൽ ഉപരിതലത്തിൽ സ്ഥിരമായ ജലാശയങ്ങളുള്ള ഇടമാണ് ടൈറ്റൻ.ഭൂമിയുടെ ചന്ദ്രനേക്കാൾ ഒന്നരയിരട്ടി വലുപ്പമുള്ള ടൈറ്റനിൽ നാസയുടെ ഹൈജൻസ് ദൗത്യം ഇറങ്ങിയിരുന്നു. ഈ ചന്ദ്രനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്നു വെളിവായി. ഐസും പാറകളും നിറഞ്ഞ ഉപരിതലമാണ് ടൈറ്റനുള്ളതെന്നും അന്നു വെളിവായി. ശനിയുടെ ആറാമത്തെ വലിയ ചന്ദ്രനായ എൻസെലാദസും ശാസ്ത്രീയ സർക്കിളുകളിൽ വളരെ പ്രശസ്തമാണ്. കട്ടിയേറിയ ഹിമ പുറന്തോടുള്ള ഈ ഉപഗ്രഹത്തിന്‌റെ പുറന്തോടിനുള്ളിൽ സമുദ്രമാണ്. ഇതിൽ ജീവനുണ്ടാകാനുള്ള സാധ്യതയും ശാസ്ത്രജ്ഞർ മുന്നോട്ടുവയ്ക്കുന്നു.

Advertisement