വാർത്താനോട്ടം

Advertisement

2024 ഏപ്രിൽ 30 ചൊവ്വ

🌴കേരളീയം🌴

🙏 സംസ്ഥാനത്ത് 71.27 ശതമാനം വോട്ട് രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയവരും അവശ്യസേവനവിഭാഗങ്ങള്‍ക്കായി ഒരുക്കിയ വോട്ടര്‍ ഫെസിലിറ്റഷേന്‍ കേന്ദ്രങ്ങളിലെത്തി(വിഎഫ്‌സി) വോട്ട് രേഖപ്പെടുത്തിയവരും ഇതില്‍ ഉള്‍പ്പെടും.

🙏 പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കാന്‍ ദുരന്തനിവാരണ അതോറിറ്റി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പായ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചതിനാലാണ് തീരുമാനം.

🙏 സംസ്ഥാനത്ത് വരും ദിവസങ്ങളിലും കൊടും ചൂട് തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിപ്പ്. പാലക്കാട് ജില്ലക്ക് പുറമെ തൃശൂര്‍ ജില്ലയിലും ഉഷ്ണ തരംഗം സ്ഥിരീകരിച്ചതായി മന്ത്രി കെ രാജന്‍. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നലെ പുറപ്പെടുവിച്ച താപനില കണക്കുപ്രകാരം പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില സാധാരണയേക്കാള്‍ 5 മുതല്‍ 5.5 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ രേഖപ്പെടുത്തി.

🙏 കണ്ണൂര്‍ ജില്ലയിലെ ചെറുകുന്ന് പുന്നച്ചേരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം. കാര്‍ യാത്രികരാണ് മരിച്ച അഞ്ച് പേരും. കാസര്‍കോട് കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തില്‍ കെ.എന്‍.പത്മകുമാര്‍ (59), കാസര്‍കോട് ഭീമനടി മണ്ഡപം കമ്മാടത്ത് ചൂരിക്കാട്ട് സുധാകരന്‍ (52), സുധാകരന്റെ ഭാര്യ അജിത (35), സുധാകരന്റെ ഭാര്യാപിതാവ് പുത്തൂര്‍ കൊഴുമ്മല്‍ കൃഷ്ണന്‍ (65) അജിതയുടെ സഹോദരന്‍ അജിത്തിന്റെ മകന്‍ ആകാശ് (9) എന്നിവരാണു മരിച്ചത്.

🙏 ഇ.പി.ജയരാജന് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയെന്നും, ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇപി വിവാദത്തില്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ ജയരാജന് നിര്‍ദ്ദേശം നല്‍കിയെന്നും അദ്ദേഹം അറിയിച്ചു.

🙏 മുതലപ്പൊഴിയില്‍ ഇന്നലെ മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തില്‍ കേരളാ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. മുതലപ്പൊഴിയില്‍ പ്രഖ്യാപിച്ച പരിഹാരങ്ങള്‍ അടിയന്തരമായി നടപ്പാക്കണം. അല്ലെങ്കില്‍ പ്രതിഷേധം സംഘടിപ്പിക്കും. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാഴായി എന്നും അസോസിയേഷന്‍ വിമര്‍ശിച്ചു.

🙏 സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റില്‍ മാറ്റം. മെയ് 2 മുതല്‍ റോഡ് ടെസ്റ്റിന് ശേഷമായിരിക്കും ‘എച്ച്’ ടെസ്റ്റ്. റോഡ് ടെസ്റ്റിലും മാറ്റമുണ്ടായിരിക്കും. വിശദമായ സര്‍ക്കുലറിറക്കുമെന്ന് ഗതാഗത കമ്മീഷണര്‍ അറിയിച്ചു. പുതിയ ട്രാക്കൊരുക്കി ടെസ്റ്റ് നടത്താനുള്ള സൗകര്യങ്ങള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് നിര്‍ദ്ദേശം.

🙏 സംസ്ഥാനത്ത് ഭൂരിപക്ഷം സീറ്റുകള്‍ എല്‍ഡിഎഫിന് ലഭിക്കുമെന്ന് എംവി ഗോവിന്ദന്‍. വടകരയില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടായിയെന്നും ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് കിട്ടിയെന്നും ഗോവിന്ദന്‍ പറഞ്ഞു. രാജ്യത്ത് മതനിരപേക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷ. തൃശ്ശൂരില്‍ ബിജെപി മൂന്നാം സ്ഥാനത്താവും.

🇳🇪 ദേശീയം 🇳🇪

🙏 ബിജെപിക്കെതിരെ വിമര്‍ശനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ഡല്‍ഹി പോലീസിന് ഉപയോഗിച്ച് തന്നെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുകയാണ് ബിജെപി. എന്ത് വന്നാലും ഭയപ്പെടില്ലെന്നും തെലങ്കാനയില്‍ മോദിയെയും അമിത് ഷായെയും കോണ്‍ഗ്രസ് തറ പറ്റിക്കുമെന്നും രേവന്ത് റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

🙏 ബീഹാറിലെ ബെഗുസാരായിയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനിടെ അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ടു. സംഭവത്തിന്റെ വീഡിയോ വാര്‍ത്ത ഏജന്‍സികള്‍ പുറത്തുവിട്ടു. പൈലറ്റിന്റെ സമയോചിത ഇടപെടലിലൂടെ വന്‍ അപകടം ഒഴിവായിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

🙏 ലൈംഗിക പീഡന കേസില്‍ ഉള്‍പ്പെട്ട ഹാസന്‍ എംപിയും സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയെ പാര്‍ട്ടിയില്‍ നിന്നു സസ്പെന്‍ഡ് ചെയ്യുമെന്ന് ജനതാദള്‍ (എസ്) കര്‍ണാടക അധ്യക്ഷന്‍ കുമാരസ്വാമി അറിയിച്ചു. പ്രജ്വല്‍ സ്വയം ചിത്രീകരിച്ച, ഒട്ടേറെ സ്ത്രീകള്‍ ഉള്‍പ്പെട്ട ആയിരക്കണക്കിനു ലൈംഗിക ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണീ നടപടി.

🙏 കര്‍ണാടകയില്‍ ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന സ്ഥലങ്ങളില്‍ 9 -10 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മോദി സര്‍ക്കാരിന്റെ പരാജയമാണ് ഇതിന് കാരണം. മുസ്ലീം സംവരണങ്ങളെക്കുറിച്ചുള്ള മോദിയുടെ പരാമര്‍ശങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സിദ്ധരാമയ്യ പറഞ്ഞു.

🇦🇽 അന്തർദേശീയം 🇦🇴

🙏 കാനഡയില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച ചടങ്ങില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. കാനഡയില്‍ വിഘടനവാദത്തിനും തീവ്രവാദത്തിനും അക്രമത്തിനും അവസരം നല്‍കുന്നതിന് തെളിവാണിതെന്ന് ഇന്ത്യ വിമര്‍ശിച്ചു.

🏏കായികം🏏

🙏 ഐഎസ്എല്‍ സെമി ഫൈനല്‍ ആദ്യപാദത്തില്‍ നേടിയ തകര്‍പ്പന്‍ വിജയത്തിനു പിന്നാലെ രണ്ടാം പാദ മത്സരത്തിലും എഫ്‌സി ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍. രണ്ടാംപാദ സെമിയില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു മുംബൈയുടെ വിജയം.

🙏 ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഏഴ് വിക്കറ്റിന്റെ ആധികാരിക ജയം. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുക്കാനേ സാധിച്ചുള്ളു.

🙏മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത 33 പന്തില്‍ 68 റണ്‍സെടുത്ത ഫിലിപ് സാള്‍ട്ടിന്റെ കരുത്തില്‍ 16.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

Advertisement