ഭൂമി ചരിയുന്നു; ഈ നൂറ്റാണ്ടിന്റെ അവസാനത്തിൽ ചരിവ് കൂടും: വിനയായി ഭൂഗർഭജല ചൂഷണം, കാത്തിരിക്കുന്നു വൻ ആപത്ത്

ഭൂമി ഒരേ സമയം സൂര്യനെ ചുറ്റുകയും സ്വയം കറങ്ങുകയും ചെയ്യുന്ന ഗ്രഹമാണ്. ഭൂമി സൂര്യനെ ചുറ്റുന്ന പാതയെ ഓർബിറ്റ് അഥവാ പരിക്രമണ തലം എന്ന് വിളിക്കുന്നു. ഭൂമി സ്വയം കറങ്ങുന്നതിനെ കണക്കാക്കാൻ ഗവേഷകർ ഉപയോഗിക്കുന്നത് ഒരു സാങ്കൽപ്പിക അച്ചുതണ്ടാണ്. ഈ അച്ചുതണ്ടിന് ചെറിയ ചരിവ് വന്നതായി ശാസ്ത്രജ്ഞർ പറയുന്നു. നിലവിൽ തൊണ്ണൂറ് ഡിഗ്രിയിൽ അല്ല ഭൂമിയുടെ കറക്കമെന്നാണ് കണ്ടെത്തൽ.

ഭൂമിയുടെ ചരിവ് കണക്കാക്കുന്നത് അതിന്റെ ഭ്രമണ അച്ചുതണ്ടും പരിക്രമണ തലവും തമ്മിലുള്ള കോണിന്റെ അളവ് അനുസരിച്ചാണ്. നിലവിൽ 23.5 ഡിഗ്രിയാണ് ഭൂമിയുടെ ചരിവ്. പക്ഷെ ഈ ചരിവ് സ്ഥിരതയുള്ള ഒന്നല്ല. കഴിഞ്ഞ 40,000 വർഷത്തിനിടയിൽ 22.1 ഡിഗ്രി മുതൽ 24.5 ഡിഗ്രി വരെ വ്യത്യസ്ത അളവുകളിൽ ഭൂമി ചരിഞ്ഞ് കറങ്ങിയിട്ടുണ്ട്. ഈ വ്യത്യാസം സ്വാഭാവികമായി സംഭവിച്ചതാണെങ്കിൽ ഇപ്പോൾ മനുഷ്യരുടെ ഇടപെടലിലൂടെയും ഭൂമിയുടെ ചരിവിന് മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. ഇത് ആശങ്കയുണ്ടാക്കുന്നവയാണ്.

ഭൂമിയുടെ ചരിവും കാലാവസ്ഥയും

ഭൂമിയുടെ ചരിവ് ഋതുക്കൾ വ്യത്യസ്ത കാലങ്ങളിലായി അനുഭവപ്പെടാൻ കാരണമാകുന്നു. ഈ ചരിവിന്റെ അഭാവത്തിൽ എല്ലാ കാലത്തും ഭൂമിയുടെ ഒരു പ്രദേശത്ത് മാത്രമാകും സൂര്യപ്രകാശം നേരിട്ട് പതിയ്ക്കുക. ചരിവ് മൂലമാണ് ഉത്തരാർധത്തിലേക്കും ദക്ഷിണാർധത്തിലേക്കും വ്യത്യസ്ത സമയങ്ങളിലായി സൂര്യപ്രകാശം എത്തുന്നതും, ഇതിലൂടെ ഇവിടങ്ങളിൽ വ്യത്യസ്ത ഋതുക്കൾ അനുഭവപ്പെടുന്നതും.

ഭൂമിയുടെ ചരിവിൽ മാറ്റമുണ്ടായാൽ കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ സംഭവിക്കും. ചിലയിടങ്ങളിൽ മഴയും ചിലയിടങ്ങളിൽ കൊടുംവെയിലും അനുഭവപ്പെടാൻ കാരണമാകും. കൂടാതെ സമുദ്രജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനും ഭൂമിയുടെ ചരിവിലുണ്ടാകുന്ന മാറ്റം കാരണമാകുമെന്നും ഗവേഷകർ പറയുന്നു.

ഭൂമിയിലെ ജനസംഖ്യ വർധിച്ചതോടെ, നഗരങ്ങൾ വ്യാപിച്ചതോടെ ജല ഉപയോഗത്തിലും ഗണ്യമായ വർധനവ് സംഭവിക്കുകയാണ്. ഭൂമിയിലെ മിക്ക നഗരങ്ങളുടയും ഭൗമോപരിതലത്തിൽ ജലമില്ലാത്ത അവസ്ഥയാണ്. ഭൂഗർഭജലമാണ് ഇവിടത്തെ ഏക ആശ്രയം. കൃഷിക്കും വ്യാവസായിക ആവശ്യങ്ങൾക്കുമെല്ലാം മനുഷ്യർ വലിയ അളവിൽ ഭൂഗർഭജലം ഊറ്റിയെടുക്കുന്നു. ഇത് ഭൂമിയിലെ നിലവിലെ ആവാസവ്യവസ്ഥയുടെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിക്കുന്നതായി വിദഗ്ധർ പറയുന്നു.

1993 മുതൽ 2010 വരെയുള്ള കാലയളവിൽ 2,150 ജിഗാ ടൺ വെള്ളമാണ് മനുഷ്യർ ഭൂമിക്കടിയിൽ നിന്ന് ഊറ്റിയെടുത്തത്. ഇത്രയും വെള്ളം സമുദ്രത്തിലേക്ക് എത്തിയാൽ അത് ഏകദേശം ആറ് മില്ലി മീറ്റർ സമുദ്രജലനിരപ്പ് വർധിപ്പിക്കും. ഭൂഗർഭജലം ഊറ്റൽ കേവലം ജലക്ഷാമവുമായി മാത്രം ബന്ധപ്പെട്ട് നിൽക്കുന്നില്ല. ഭൂമിയിലെ നിലവിലുള്ള ചരിവിനെ പോലും സാരമായി ബാധിക്കുന്ന പ്രതിഭാസമാണ് ഈ ഭൂഗർഭജലമൂറ്റൽ.

ഈ വർഷം ജൂൺ 15 ന് ജിയോഫിസിക്കൽ റിസർച്ച് ലറ്റേഴ്സ് എന്ന അമേരിക്കൻ ജിയോഫിസിക്കൽ യൂണിയന്റെ ശാസ്ത്രമാസികയിലാണ് ഭൂഗർഭജലവും ഭൂമിയുടെ ചരിവും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്നത്. ഈ പഠനത്തിൽ 1993 മുതൽ 2010 വരെയുള്ള ഭൂഗർഭജലത്തിന്റെ അളവിലെ കുറവും അത് ഭൂമിയുടെ ചരിവിൽ ഉണ്ടാക്കിയിട്ടുള്ള മാറ്റവും വിശദീകരിക്കുന്നുണ്ട്. 2016 ലാണ് ഭൂഗർഭജലത്തിന്റെ അളവിന് ഭൂമിയുടെ ചരിവിനെയും ഭ്രമണത്തെയും ബാധിക്കാൻ ശേഷിയുണ്ടെന്ന് ഗവേഷകർ കണ്ടെത്തിയത്. ഭൂഗർഭജലത്തിന്റെ വിതരണം ഭൂമിയുടെ കോണിനെ സ്വാധീനിക്കുന്നതിൽ നിർണായകമാണ്.

ഭൂഗർഭജലത്തിന്റെ അളവ് കുറയുന്നത് ഭൂമിയുടെ ചരിവിൽ വ്യത്യാസം വരുത്തുമെന്നും അതുവഴി ഭ്രമണത്തെയും ബാധിക്കുമെന്ന് ഗവേഷകർ വിശദീകരിക്കുന്നു. ധ്രുവപ്രദേശങ്ങളിലെ മഞ്ഞിന്റെ അളവിലുണ്ടായ മാറ്റം ഭൂമിയുടെ അച്ചുതണ്ടിനെ എങ്ങനെ ബാധിച്ചുവെന്നും ഈ പഠനത്തിൽ പറയുന്നു. അച്ചുതണ്ടിന്റെ സ്ഥാനംമാറുന്നത് ഉത്തര-ദക്ഷിണ ധ്രുവങ്ങൾ നീങ്ങുന്നതിന് കാരണമാകുന്നു. ധ്രുവചലനം(പോളാർ ഡ്രിഫ്റ്റ്) എന്ന ഈ പ്രതിഭാസം ആഗോളകാലാവസ്ഥയെ ബാധിക്കും. ആഗോളതാപനം, ധ്രുവചലനങ്ങൾക്ക് കാരണമാകുന്നുവെന്ന് നേരത്തേ കണ്ടെത്തിയിട്ടുണ്ട്.

ഇത്രയധികം കുറവ് ഭൂഗർഭജലത്തിൽ ഉണ്ടായത് ഭൂമിയുടെ ചരിവിനെയും ബാധിച്ചു. ഈ കാലയളവിൽ ഭൂമിയുടെ ചരിവിനുണ്ടായ മാറ്റം ഏതാണ്ട് കിഴക്ക് ദിശയിലേക്കായി 80 സെന്റിമീറ്ററാണ്. അതായത് വർഷത്തിൽ ഏതാണ്ട് 4.3 സെന്റിമീറ്റർ എന്ന രീതിയിലാണ് ഈ ചരിവ് സംഭവിച്ചിരിക്കുന്നത്. ഇതേ രീതിയിൽ ഭൂഗർഭജല ചൂഷണം തുടർന്നാൽ ഈ നൂറ്റാണ്ടിന്റെ അവസാനം ആകുമ്പോഴേക്കും ചരിവ് ഏതാണ്ട് നാല് മീറ്റർ എത്തുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. അത്ര വലിയ ചരിവ് സംഭവിച്ചാൽ അത് ഭൂമിയിലെ കാലാവസ്ഥ രീതികളെ ബാധിക്കും.

നിലവിലെ സാഹചര്യത്തിൽ പല രാജ്യങ്ങളും ഭൂഗർഭജലം ഊറ്റുന്നത് കുറയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. ഇത് ഫലപ്രദമായി നടപ്പാക്കിയാൽ ഒരു പക്ഷെ ഭൂമിയുടെ ചരിവിലുണ്ടാകുന്ന മാറ്റത്തിലും അതിന് അനുസൃതമായ പ്രതിഫലനം ഉണ്ടായേക്കും. ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവിലുണ്ടാകുന്ന മാറ്റം സ്വാഭാവികമായി സംഭവിക്കുന്നത് കൂടിയാണെന്ന് കൊറിയിയലെ സോൾ ദേശീയ സർവ്വകലാശാല ഭൗമശാസ്ത്രജ്ഞനായ കി-വിയോൻ സിയോ പറയുന്നു. എന്നാൽ നിലവിലുണ്ടായിട്ടുള്ള മാറ്റത്തിന്റെ വേഗത അസ്വാഭാവികമാണ്. ഇത് കാലാവസ്ഥാ പ്രതിസന്ധികളിലെ ഏറ്റവും വലിയ പ്രതിസന്ധിയാക്കി മാറ്റുന്നുവെന്ന് സിയോ ചൂണ്ടിക്കാട്ടി.

Advertisement