വ്യാജ ഡിഗ്രി വിവാദം: നിഖിൽ 3 വർഷവും പഠിച്ചു, പരീക്ഷയുമെഴുതിയെന്ന് കേരള സർവകലാശാല വിസി

തിരുവനന്തപുരം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ നിർണായക വെളിപ്പെടുത്തലുമായി കേരള സർവകലാശാല വിസി മോഹൻ കുന്നമ്മൽ. നിഖിൽ തോമസ് 2017 മുതൽ 2020 വരെ മൂന്ന് വർഷവും കായംകുളം എംഎസ്എം കോളേജിൽ പഠിച്ചിരുന്നുവെന്നും പരീക്ഷയെഴുതിയിരുന്നുവെന്നും മോഹൻ കുന്നുമ്മൽ വ്യക്തമാക്കി. നിഖിലിന്റെ ഡിഗ്രി സർട്ടിഫിക്കറ്റ് പരിശോധിക്കാൻ രജിസ്ട്രാറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ കലിംഗ സർവകലാശാലയോടും പരിശോധിക്കാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

കായംകുളം എംഎസ്എം കോളേജിൽ നിന്ന് അവസാനത്തെ സെമസ്റ്റർ വരെ പരീക്ഷയെഴുതിയിട്ടുണ്ട്. അറ്റന്റൻസ് ഇല്ലാതെ പരീക്ഷയെഴുതാൻ കഴിയില്ല. 2018-19 വർഷത്തിലാണ് യൂണിവേഴ്സിറ്റി യൂണിയൻ ജോയിന്റ് സെക്രട്ടറിയായിരുന്നത്. 2017 മുതൽ 2020 വരെ മൂന്ന് വർഷം പ്രതിവർഷ കോഴ്സാണ് ചെയ്തത്. അവിടെ ഫസ്റ്റ് ക്ലാസിൽ പാസായെന്നാണ് സർവകലാശാലയിൽ സമർപ്പിച്ച രേഖ. എന്നാൽ ഇവിടെ പഠിച്ച കാലത്ത് പല പേപ്പറുകളും അദ്ദേഹത്തിന് കിട്ടിയിട്ടില്ല.

ഇപ്പോൾ കലിംഗ സർവകലാശാലയിൽ സെമസ്റ്റർ വൈസാണ് പഠനം. അന്നെങ്ങനെ എന്ന് അറിയില്ല. ബികോം, ബികോം ഹോണേർസ് എന്നിങ്ങനെ രണ്ട് വിഷയമാണ് അവിടെയുള്ള ഡിഗ്രിയെന്നാണ് വെബ്സൈറ്റിൽ പറയുന്നത്. അന്നെങ്ങനെയെന്ന് അറിയില്ല. ബാങ്കിങ് ഫിനാൻസ് ബികോം ഹോണേർസ് കോഴ്സാണ്. എന്നാൽ ബികോം ബാങ്കിങ് ഫിനാൻസ് എന്ന രേഖയാണ് ഹാജരാക്കിയത്. ഇക്കാര്യങ്ങളിൽ വ്യക്തത തേടേണ്ടതുണ്ട്. കേരള സർവകലാശാലയുടെ കൈയ്യിൽ പരീക്ഷയെഴുതിയെന്നും തോറ്റിട്ടുണ്ടെന്നും രേഖയുണ്ട്. കലിംഗ സർവകലാശാലയുടെ ബികോമിന് കേരള സർവകലാശാലയുമായി എലിജിബിളാണെന്ന അംഗീകാരമാണ് നൽകിയത്. കലിംഗ സിലബസും കേരളയുടെ സിലബസും നോക്കിയാണ് ഈ തീരുമാനം എടുക്കുന്നത്.

കായംകുളം കോളേജിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. ആ കോളേജിൽ മൂന്ന് വർഷം പഠിച്ച് തോറ്റ കുട്ടി ബികോം പാസായെന്ന രേഖ കാണിച്ചപ്പോൾ പരിശോധിച്ചില്ല. അതിനാൽ കോളേജിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. കോളേജിന്റെ ഭാഗത്ത് ഗുരുതരമായ പിഴവാണ്. കലിംഗ സർവകലാശാല സർട്ടിഫിക്കറ്റ് നൽകിയില്ലെന്ന് പറഞ്ഞാൽ വിവരം പൊലീസിനെ അറിയിക്കും. അതല്ല കലിംഗ സർവകലാശാലയുടെ ഭാഗത്താണ് തെറ്റെങ്കിൽ വിവരം യുജിസിയെ അറിയിക്കുമെന്നും വിസി വ്യക്തമാക്കി. വ്യാജ സർട്ടിഫിക്കറ്റായിരിക്കാം എന്നാണ് നിഗമനമെന്നും അദ്ദേഹം വ്യക്തമാക്കി.

റായ്പൂരിലും കായംകുളത്തും എങ്ങനെ ഒരേ സമയം പഠിച്ചുവെന്നതിൽ സംശയങ്ങളുണ്ട്. അദ്ദേഹം കേരള സർവകലാശാലയിൽ പരീക്ഷയെഴുതണമെങ്കിൽ ഇവിടെ അറ്റന്റൻസ് വേണം. അദ്ദേഹത്തിന് ഇന്റേണൽ മാർക്ക് ലഭിക്കണം. അദ്ദേഹത്തിന് ഇന്റേണൽ മാർക്ക് ലഭിച്ചിട്ടുണ്ട്. അത് നൽകുന്നത് പഠിപ്പിക്കുന്ന അധ്യാപകരാണ്. അതിനാൽ നിഖിൽ തോമസ് കേരളാ സർവകലാശാലയിൽ പഠിച്ചിട്ടുണ്ടെന്നത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് വ്യാജ സർട്ടിഫിക്കറ്റാണെങ്കിൽ പ്രശ്നം വേഗത്തിൽ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement