വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദം: കായംകുളം എംഎസ്എം കോളെജിനെതിരേ അച്ചടക്ക നടപടിക്ക് സാധ്യത

തിരുവനന്തപുരം: എസ്എഫ്ഐ നേതാവായിരുന്ന നിഖില്‍ തോമസിന്‍റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കായംകുളം എംഎസ്എം കോളെജിനെതിരേ അച്ചടക്ക നടപടിക്ക് സാധ്യത. വിവാദവുമായി ബന്ധപ്പെട്ട് കേരള സര്‍വകലാശാല നിര്‍ദേശിച്ചതുപ്രകാരം കോളെജ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് സൂചന. പ്രാഥമിക പരിശോധനയില്‍ കോളെജിന്‍റെ വിശദീകരണം സ്വീകാര്യമല്ലെന്നാണ് സര്‍വകലാശാല അധികൃതരുടെ നിലപാട്. അതേസമയം ലഭിച്ച വിശദീകരണം സംബന്ധിച്ച് നിയമോപദേശം തേടാന്‍ സര്‍വകലാശാല തീരുമാനിച്ചിട്ടുണ്ട്. ഇതിന് ശേഷമായിരിക്കും അടുത്ത നടപടിക്രമങ്ങളിലേക്ക് കടക്കുക. ഈ സാഹചര്യത്തില്‍ അടുത്ത സിന്‍ഡിക്കേറ്റ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിക്കും.

സംഭവം വിവാദമായതിന് തൊട്ടുപിന്നാലെ കോളെജ് അധികൃര്‍ വിശദീകരണം നല്‍കിയിരുന്നെങ്കിലും തുടര്‍ന്ന് വിവാദത്തില്‍ സര്‍വകലാശാല നടത്തിയ അന്വേഷണത്തിന്‍റെ ഭാഗമായി കൂടുതല്‍ വിശദീകരണം ആവശ്യപ്പപ്പെടുകയായിരുന്നു. കോളെജ് പ്രിന്‍സിപ്പാള്‍, കോമേഴ്‌സ് വകുപ്പ് മേധാവി, വിവരവാകാശ ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്കെതിരേയായിരിക്കും നടപടിയെന്നാണു സൂചന. രണ്ടുദിവസം മുമ്പാണ് കായംകുളം എംഎസ്എം കോളെജ് സര്‍വകലാശാലക്ക് വിശദീകരണം നല്‍കിയിരുന്നത്. അതേസമയം നിലവിലെ ചട്ടങ്ങള്‍ പ്രകാരം സര്‍വകലാശാലക്ക് നേരിട്ട് നടപടി എടുക്കാന്‍ തടസമുണ്ടെന്നിരിക്കെ ഇരുവര്‍ക്കുമെതിരേ അച്ചടക്ക നടപടിയെടുക്കണമെന്ന ശിപാര്‍ശ കോളെജ് മാനേജര്‍ക്ക് സര്‍വകലാശാല നല്‍കും.

തുടര്‍ന്ന് നടപടി സ്വീകരിച്ച വിവരം സര്‍വകലാശാലയെ അറിയിക്കാനും കോളെജ് മാനേജ്‌മെന്‍റിനോട് സര്‍വകലാശാല ആവശ്യപ്പെടും. കലിംഗ സര്‍വകലാശാലയുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി നിഖില്‍ തോമസ് എംഎസ്എം കോളെജില്‍ ബിരുദാനന്തര ബിരുദ കോഴ്‌സിന് പ്രവേശനം നേടിയതായി കണ്ടണ്ടെത്തിയതിനെ തുടര്‍ന്ന് പ്രവേശനം സര്‍വകലാശാല റദ്ദാക്കിയിരുന്നു. നിഖില്‍ തോമസ് കലിംഗ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയല്ലെന്നും സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും കലിംഗ സര്‍വകലാശാല അധികൃതര്‍ കേരള സര്‍വകലാശാലയോട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമാണ് കേരള സര്‍വലാശാല നടപടി സ്വീകരിച്ചിരുന്നത്.

Advertisement