നിഖിൽ തോമസ് കലിംഗ യൂണിവേഴ്സിറ്റിയിൽ പഠിച്ചിട്ടില്ലെന്ന് സർവ്വകലാശാല,എസ്എഫ്ഐ വാദങ്ങൾ പൊളിയുന്നു

Advertisement

തിരുവനന്തപുരം.കായംകുളം എംഎസ്എം കോളേജിലെ വ്യാജ ഡിഗ്രി വിവാദത്തിൽ എസ്എഫ്ഐ വാദങ്ങൾ പൊളിയുന്നു. എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് കലിംഗ യൂണിവേഴ്സിറ്റിയിൽ പഠിച്ചിട്ടില്ലെന്ന് സർവ്വകലാശാല രജിസ്ട്രാർ അറിയിച്ചു. സർട്ടിഫിക്കറ്റ് വ്യാജമെന്ന് കേരള സർവ്വകലാശാലയും സ്ഥിരീകരിച്ചു. നിഖിലിനും എംഎസ്എം കോളേജിനുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേരള സർവ്വകലാശാല വിസി ഡോ. മോഹനനൻ കുന്നുമ്മൽ പറഞ്ഞു.

എംഎസ്എം കോളേജിൽ എംകോം അഡ്മിഷൻ നേടിയ നിഖിൽ തോമസിൻറെ ഡിഗ്രി സർട്ടിഫിക്കറ്റ് ഒർജിനലെന്നും, കലിംഗ, കേരള സർവ്വകലാശാലകളിൽ പഠിച്ചത് വ്യത്യസ്ത സമയങ്ങളിലെന്നുമായിരുന്നു എസ്എഫ്ഐ വാദം. എന്നാൽ നിഖിൽ കലിംഗയിൽ പഠിച്ചിട്ടുതന്നെയില്ലെന്നാണ് യൂണിവേഴ്സിറ്റി രജിസ്ട്രാറുടെ പ്രതികരണം.

സർട്ടിഫിക്കറ്റ് വ്യാജമെന്ന് സ്ഥിരീകരിച്ച കേരള യൂണിവേഴ്സിറ്റി, നിഖിലിനും എംഎസ്എം കോളേജിനുമെതിരെ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. കലിംഗയിൽ പഠിച്ചെന്ന് പറയുന്ന കാലയളവിൽ നിഖിൽ എംഎസ്എമ്മിൽ വിദ്യാർഥിയാണ്. മൂന്ന് വർഷം പഠിച്ച് തോറ്റ വിദ്യാർഥി മറ്റൊരു സർട്ടിഫിക്കറ്റുമായെത്തിയപ്പോൾ കോളേജ് അന്വേഷിച്ചിക്കാത്തത് ഗുരുതര പിഴവെന്ന് യൂണിവേഴ്സിറ്റി വിസി ഡോ. മോഹനനൻ കുന്നുമ്മൽ.

എംഎസ്എം കോളേജിന് സർവ്വകലാശാല കാരണംകാണിക്കൽ നോട്ടീസ് നൽകും. വിവാദ അഡ്മിഷൻ റദ്ദാക്കുന്നതിനൊപ്പം നിഖിലിനെതിരെ പൊലീസിൽ പരാതി നൽകുമെന്നും കേരള സർവ്വകലാശാല അറിയിച്ചു.

Advertisement