ഭൂമിയിൽ ‘നിഴൽ വീഴ്ത്താതെ’ മുംബൈ നഗരം; വൈറലായി ചിത്രങ്ങളും വീഡിയോയും

മുംബൈ: ഇന്ത്യയുടെ വ്യാവസായിക തലസ്ഥാന നഗരമായ മുംബൈയിൽ ഇന്നലെ സൂര്യന് താഴെയുള്ള ഒരു വസ്തുവിനും നിഴലുകൾ ഉണ്ടായിരുന്നില്ല. പതിവിൽ നിന്നും വ്യത്യസ്തമായി സ്വന്തം നിഴൽ പോലും നഷ്ടപ്പെട്ടപ്പോഴാണ് പലരും ഇത് തിരിച്ചറിഞ്ഞത്. സൂര്യൻ ഉദിച്ചുയർന്നാൽ അതിന് താഴെയുള്ള സകല വസ്തുക്കളുടെയും നിഴൽ ഭൂമിയിൽ വീഴ്ത്തുമെന്നത് പകൽ പോലെ വ്യക്തമാണ്. എന്നാൽ, ചില ദിവസങ്ങളിൽ നിഴലുകൾ പോലും അപ്രത്യക്ഷമാകും. ഇത്തരം ദിവസങ്ങളെയാണ് ‘നിഴലില്ലാ ദിനം’ അഥവാ ‘സീറോ ഷാഡോ ഡേ’ എന്ന് വിശേഷിപ്പിക്കുന്നത്. മുംബൈയിൽ അത്തരമൊരു ദിവസമായിരുന്നു ഇന്നലെ.

വർഷത്തിൽ രണ്ട് തവണയാണ് ഈ കൗതുകകരമായ പ്രതിഭാസം അനുഭവവേദ്യമാവുക. അത്തരം സന്ദർഭങ്ങളിൽ, സൂര്യൻ ആകാശത്ത് അതിൻറെ പാരമ്യത്തിലെത്തുന്നു. ഇതുമൂലം ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് നിഴലുകൾ അപ്രത്യക്ഷമാകുന്നു. ഓരോ വസ്തുവിൻറെയും നിഴലുകളുടെ നീളം നഗ്നനേത്രങ്ങൾക്ക് അദൃശ്യമാകുന്ന രീതിയിൽ കുറയ്ക്കുന്ന തരത്തിലായിരിക്കും അപ്പോൾ സൂര്യൻറെ സ്ഥാനം. മറ്റ് ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്വന്തം നിഴലുപോലും കാണാതായതോടെ നിരവധി ആളുകൾ ചിത്രങ്ങളും വീഡിയോകളും പകർത്തി തങ്ങളുടെ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചു.

+23.5 നും -23.5 ഡിഗ്രി അക്ഷാംശത്തിനും ഇടയിലുള്ള സ്ഥലങ്ങളിൽ സീറോ ഷാഡോ ദിനം ആചരിക്കാമെന്ന് ആസ്‌ട്രോണമിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പബ്ലിക് ഔട്ട്‌റീച്ച് ആൻറ് എജ്യുക്കേഷൻ കമ്മിറ്റി അറിയിച്ചു. ഈ പ്രതിഭാസം സംഭവിക്കുന്നത് വ്യത്യസ്ത സ്ഥലങ്ങളിൽ, അവയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം അനുസരിച്ചായിരിക്കും. ഭൂമി കൃത്യമായി നിവർന്ന് നിൽക്കുകയല്ലെന്ന് നമ്മൾ പഠിച്ചിട്ടുണ്ട്. മറിച്ച്, ഭൂമിയുടെ ഭ്രമണ അച്ചുതണ്ട് സൂര്യന് ചുറ്റുമുള്ള ഭ്രമണപഥത്തിൻറെ തലവുമായി താരതമ്യപ്പെടുത്തുമ്പോൾ 23.5 ഡിഗ്രിയിൽ ചരിഞ്ഞിരിക്കുകയാണ്. ഈയൊരു പ്രത്യേകയുള്ളത് കൊണ്ട്, ഭൂമി സൂര്യനെ ഭ്രമണം ചെയ്യുന്നതിനിടെ ഭൂമിശാസ്ത്രപരമായ സ്ഥാനം അനുസരിച്ച് വർഷത്തിൽ രണ്ട് തവണ നിഴലില്ലാ പ്രതിഭാസം ഭൂമിയിൽ പല സ്ഥലങ്ങളിൽ പല കാലങ്ങളിലായി അനുഭവപ്പെടുന്നു. വരുന്ന ജൂലൈ 28 നും മുംബൈക്കാർക്ക് ഈ അപൂർവ്വ പ്രതിഭാസം വീണ്ടും ആസ്വദിക്കാം. മെയ് ഒൻപതിന് ഹൈദരാബാദിലും എപ്രിൽ 25 ന് ബെംഗളൂരുവിലും ഈ പ്രതിഭാസം അനുഭവവേദ്യമായിരുന്നു.

Advertisement