കോടികളുടെ ക്രമക്കേട്, നെടുവത്തൂർ സഹകരണബാങ്ക് സെക്രട്ടറിയെയും മുൻ മാനേജർമാരെയും സസ്പൻഡ് ചെയ്തു

Advertisement

കൊട്ടാരക്കര : കോടികളുടെ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് നെടുവത്തൂർ സഹകരണബാങ്ക് സെക്രട്ടറിയെയും മുൻ മാനേജർമാരെയും സസ്പൻഡ് ചെയ്തു. സഹകരണ വകുപ്പിന്റെയും വിജിലൻസിന്റയും അന്വേഷണത്തിൽ ബാങ്കിൽ വലിയ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസിന്റെയും സഹകരണ വകുപ്പ് ജോ.രജിസ്ട്രാറുടെയും നിർദ്ദേശപ്രകാരമാണ് സെക്രട്ടറി കെ.അശോക് കുമാർ, മുൻ മാനേജർമാരായിരുന്ന ആർ.സുജിത്ത്, ജയരാജ് എന്നിവരെ ഭരണസമിതി സസ്പെൻഡ് ചെയ്തത്.

മാനേജർമാരായിരുന്ന ഇരുവരെയും നേരത്തെ സസ്പെൻഡ് ചെയ്തിരുന്നുവെങ്കിലും പിന്നീട് തസ്തികയിൽ തരംതാഴ്ത്തി തിരിച്ചെടുത്തിരുന്നതാണ്. വലിയ ക്രമക്കേടുകൾ അന്വേഷണത്തിൽ കണ്ടെത്തിയിട്ടും ഭരണസമിതി പിരിച്ചുപിടുകയോ ജീവനക്കാർക്കെതിരെ ഉചിതമായ നടപടി കൈക്കൊള്ളുകയോ ഉണ്ടായില്ലെന്നുകാട്ടി പൊതു പ്രവർത്തകൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ നടപടിയില്ലാത്തതിൽ വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി ബന്ധപ്പെട്ട വകുപ്പുകൾക്ക് നോട്ടീസ് അയച്ചതോടെയാണ് സെക്രട്ടറി കെ.അശോക് കുമാർ, ജീവനക്കാരായ ആർ.സുജിത്ത്, ജയരാജ് എന്നിവരെ ഭരണസമിതി സസ്പൻഡ് ചെയ്തത്. ഭരണസമിതിയുൾപ്പടെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ടാണ് പൊതു പ്രവർത്തകൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ബാങ്കിൽ സ്ഥിരനിക്ഷേപം, ചിട്ടി നടത്തിപ്പ്, സ്വർണ്ണപണയം, നിത്യപ്പിരിവ് വായ്പ എന്നിവയിൽ വലിയ ക്രമക്കേടുകളുള്ളതായാണ് കണ്ടെത്തൽ.

രണ്ടു കോടിയോളം രൂപയുടെ ക്രമക്കേടുകളാണ് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയത്. മിക്ക ഭരണസമിതി അംഗങ്ങളും ജീവനക്കാരും ബിനാമി പേരിൽ വായ്പകളും ചിട്ടികളും എടുത്തിട്ടുള്ളതായി സഹകരണ വകുപ്പിന്റെ സിക്സ്റ്റി ഫൈവ്(65) അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സ്ഥിര നിക്ഷേപങ്ങൾക്ക് വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് വായ്പയായും നിക്ഷേപം പൂർണമായും പിൻവലിച്ചതും കണ്ടെത്തിയിരുന്നു. കോടികളുടെ വെട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് ബ്രാഞ്ച് മാനേജർമാരായികുന്ന സുജിത്തിനെയും സന്തോഷിനെയും 2017-ൽ സസ്പൻഡ് ചെയ്തിരുന്നു. പണം തിരിച്ചടച്ചെന്ന രേഖയുണ്ടാക്കി ഇവരെ തിരിച്ചെടുത്തു. പിന്നീട് ഇതിലെ സന്തോഷ് മരണപ്പെട്ടതോടെ ക്രമക്കേടുകളെല്ലാം സന്തോഷിന്റെ പേരിലാക്കി ഭരണസമിതി കൈയ്യൊഴിഞ്ഞു.

 മരണപ്പെട്ട സന്തോഷിന്റെ കുടുംബം പണം തിരിച്ചടച്ചുവെങ്കിലും ആശ്രിത നിയമനത്തിനായി ശ്രമിച്ചപ്പോൾകൂടുതൽ പണം ആവശ്യപ്പെട്ടതായും ആരോപണമുയർന്നു. യമുന ഗോപാലകൃഷ്ണൻ പ്രസിഡന്റായിരുന്ന വേളയിലാണ് കൂടുതൽ ക്രമക്കേടുകൾ കണ്ടെത്തിയത്. പിന്നീട് പി.എസ്.സുരേഷ് കുമാർ പ്രസിഡന്റായി വന്നപ്പോഴും ക്രമക്കേടുകൾ നടന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. എട്ടു വർഷമായി ബാങ്ക് പ്രവർത്തനത്തിൽ അഴിമതി ഉള്ളതായാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. കോടതി നോട്ടീസ് അയച്ചതോടെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് രക്ഷപെടാനുള്ള നീക്കമാണ് ഭരണസമിതി നടത്തുന്നതെന്നാണ് ആരോപണം. സി.പി.ഐയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്ക് ഭരിക്കുന്നത്

Advertisement

1 COMMENT

Comments are closed.