27.6 C
Kollam
Monday 21st September, 2026 | 05:21:12 PM
Home Uncategorized ശാസ്താംകോട്ട പഞ്ചായത്തിലെ സാമ്പത്തിക തട്ടിപ്പ്; വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്

ശാസ്താംകോട്ട പഞ്ചായത്തിലെ സാമ്പത്തിക തട്ടിപ്പ്; വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്

ശാസ്താംകോട്ട: ശാസ്താംകോട്ട ഗ്രാമപഞ്ചായത്തില്‍ താത്ക്കാലിക ജീവനക്കാരനായ ഡിവൈഎഫ്‌ഐ നേതാവ് 22 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു.ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗങ്ങളായ തുണ്ടില്‍ നൗഷാദ്,പി.നൂര്‍ദീന്‍ കുട്ടി,പനപ്പെട്ടി അനില്‍,റിയാസ് പറമ്പില്‍ എന്നിവര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവായത്.ഉടന്‍ തന്നെ വിജിലന്‍സ് പ്രാഥമികാന്വേഷണം നടത്തും.2024-25, 2025-26 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഉപയോഗിച്ച് നിര്‍വ്വഹണം നടത്തിയ വിവിധ പദ്ധതികളിലാണ് ക്രമക്കേടും പണാപഹരണവും നടന്നിട്ടുള്ളത്.കരാര്‍ വ്യവസ്ഥയില്‍ പ്രോജക്ട് അസിസ്റ്റന്റായ ഡിവൈഎഫ്‌ഐ കുന്നത്തൂര്‍ പഞ്ചായത്ത് മേഖലാ സെക്രട്ടറി കുന്നത്തൂര്‍ കരിന്തോട്ടുവ എബിന്‍ ഭവനത്തില്‍ എബിന്‍.കെ.ഷിബു (32) ആണ് തട്ടിപ്പ് നടത്തിയത്.ഐസിഐസി ബാങ്കിന്റെ ശാസ്താംകോട്ട ബ്രാഞ്ചിലെ മാതാവിന്റെ അക്കൗണ്ടിലേക്കാണ് ഇയ്യാള്‍ പണം മാറ്റിയത്.ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് ഉപയോഗിച്ച് നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് തുക അനുവദിക്കുന്ന ഇ ഗ്രാം സ്വരാജ്
പി.എഫ്.എം.എസ് പോര്‍ട്ടില്‍ കൃത്രിമം നടത്തി ഗുണഭോക്താവായി കാണിച്ചാണ് മാതാവിന്റെ അക്കൗണ്ടിലേക്ക് ലക്ഷങ്ങള്‍ മാറ്റിയത്.പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയില്‍ ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്ത എബിന്‍ ഇപ്പോള്‍ റിമാന്റിലാണ്.ഇ ഗ്രാം സ്വരാജ് പോര്‍ട്ടലില്‍ ബെനിഫിഷറികളുടെ വിവരം എന്‍ട്രി വരുത്തി പേയ്‌മെന്റ് അപ്രൂവ് ചെയ്യുന്നതിന് പോര്‍ട്ടലിലെ അഡ്മിന്‍ /മേക്കര്‍ ആയ പഞ്ചായത്ത് സെക്രട്ടറിയുടെയും ചെക്കറായ പഞ്ചായത്ത് പ്രസിഡന്റിന്റെയും ഡിജിറ്റല്‍ ഒപ്പുകള്‍ ഉപയോഗിച്ചാണ് എബിന്‍ തട്ടിപ്പ് നടത്തിയത്.2020 -25 കാലഘട്ടത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഗീതയും നിലവില്‍ ഇസഡ് ആന്റണിയുമാണ്.സെക്രട്ടറിയും പ്രസിഡന്റും തങ്ങളുടെ ഡിജിറ്റല്‍ ഒപ്പുകള്‍ എബിന് നല്‍കിയതാണ് തട്ടിപ്പിന് കാരണമായത്.ഇതിനാല്‍ തട്ടിപ്പ് നടന്ന കാലയളവിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍ത്തെതിരെയും നിയമ നടപടി ഉറപ്പാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.